Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന്റെ അധ്യാപന രീതികള്‍

വിദ്യാഭ്യാസ സമ്പ്രദായം അനുദിനം പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഗുണാത്മകമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും അത് ഏറ്റവും ക്രിയാത്മകമായി പ്രയോഗവല്‍കരിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ഥ വിശ്വസി. ഏറ്റവും മികച്ച അധ്യാപകന്‍ ആര്? അധ്യാപനത്തിന്റെ സവിശേഷതകള്‍, അധ്യാപന രീതികള്‍ എന്നിവയെ കുറിച്ചെല്ലാം വ്യത്യസ്തമായ ചര്‍ച്ചകള്‍ നടന്നുവരുന്നു. ഇവയില്‍ ഗുണാത്മകമായ പലതും പ്രവാചകന്റെ മാതൃക അധ്യാപനത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്നതാണ്.

അധ്യാപകന്റെ വ്യത്യസ്ത ബോധനമാര്‍ഗങ്ങളും നൈപുണ്യത്തെയും ആശ്രയിച്ചാണ് വിദ്യാര്‍ഥി അത് സ്വാംശീകരിക്കുന്നത്. ക്ലാസിലെ ചലനങ്ങള്‍, പരസ്പര ഇടപെടലുകള്‍, അധ്യാപനത്തിന് ഉപയോഗിക്കുന്ന സോഴ്‌സുകളും ഉപകരണങ്ങളും, അധ്യാപന രീതി, ക്രിയാത്മകമായി ചിന്തിക്കാനുതകുന്ന പ്രോല്‍സാഹനങ്ങള്‍ തുടങ്ങിയവ കഌസ് വിജയപ്രദമാകുവാന്‍ വളരെ അനിവാര്യമാണ്. ഓരോരുത്തരുടെയും സവിശേഷത തിരിച്ചറിഞ്ഞു അനുയോജ്യമായ ചോദ്യങ്ങള്‍ അവരോട് ചോദിക്കുക എന്നത് ക്ലാസ് ഇടപെടലുകളില്‍ വളരെ പ്രദാനമാണ്. പഠനപ്രക്രിയയും അധ്യാപനവും ഫലപ്രദമാക്കാനുള്ള ഉത്തമമാര്‍ഗമാണ് ഇത്തരം ചോദ്യങ്ങള്‍.
പ്രവാചകന്‍ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളിലും അണികളില്‍ തന്റെ ആശയം പ്രചരിപ്പിക്കുന്നതിലും വ്യത്യസ്തമായ പഠന രീതികള്‍ അവലംബിച്ചതായി കാണാം. പ്രവാചകന് അധ്യാപനത്തില്‍ ഉപയോഗിക്കാനുള്ള ഹിക്മത്ത് നല്‍കിയതായി (2; 151, 3:164) ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. ഖുര്‍ആനിന്റെ തന്നെ ചോദ്യങ്ങളും തെറ്റുകള്‍ തിരുത്തുന്ന ശൈലിയും വിജ്ഞാനം പകര്‍ന്നു നല്‍കുന്ന ശൈലിയും പ്രവാചകനുള്ള മാതൃകയായിരുന്നു.

ഇസ്‌ലാമിക വിദ്യാഭ്യാസ രീതികളും സമ്പ്രദായങ്ങള്‍ പഴഞ്ചനും കാലഘട്ടത്തിലെ വളര്‍ച്ചക്ക് അനുഗുണമല്ലാത്തതുമാണെന്ന് പൊതുവെ വിമര്‍ശന വിധേയമാവാറുണ്ട്. യഥാര്‍ഥത്തില്‍ മറ്റുവിഷയങ്ങളിലേതെന്ന പോലെ വിദ്യാഭ്യാസ രംഗത്തും അധ്യാപന രംഗത്തും വിശുദ്ധ ഖുര്‍ആന്റെയും പ്രവാചക സരണിയെയും കൈവെടിഞ്ഞതാണ് ഇത്തരം അധപതനത്തിന് കാരണമെന്ന് മനസ്സിലാക്കാം.

പ്രവാചകന്‍ തന്റെ അനുചരന്മാര്‍ക്ക് കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ഉപയോഗിച്ച ചില മാര്‍ഗങ്ങള്‍ പരിശോധിക്കാം.
1. കഥയിലൂടെ ആശയപ്രചാരണം
പഠിതാക്കളുടെ പൂര്‍ണശ്രദ്ധപതിയാനും വിശ്വാസസംഹിതകള്‍ അവരുടെ ഹൃദയങ്ങളില്‍ ഊട്ടിയുറപ്പിക്കാനും കഥാകഥനത്തിന്റെ രീതി പ്രവാചകന്‍  ഉപയോഗിച്ചതായി കാണാം. പാപങ്ങളുടെ പാഴ്‌ചേറിലമര്‍ന്ന ഒരു അടിമ ദൈവത്തിലേക്ക് പശ്ചാത്തപിച്ചു മടങ്ങുമ്പോള്‍ അല്ലാഹുവിനുണ്ടാകുന്ന സന്തോഷത്തെ കുറിച്ച് പ്രവാചകന്‍ വിവരിക്കുന്നു
‘ നിങ്ങളില്‍ ഒരാള്‍ തന്റെ ഒട്ടകപ്പുറത്ത് മരുഭൂമിയില്‍ കൂടി സഞ്ചരിക്കുകയായിരുന്നു. (ഒരിടത്ത് വിശ്രമിക്കുമ്പോള്‍) ആ ഒട്ടകം നഷ്ടപ്പെട്ടു.  ഭക്ഷണവും വെള്ളവും ആ ഒട്ടകമാണ് ചുമന്നിരുന്നത്.  ഒട്ടകത്തെ തെരഞ്ഞു കണ്ടു പിടിക്കാനുള്ള ശ്രമങ്ങള്‍ പരാചയപ്പെട്ടു നിരാശ പൂണ്ടു ഒരു മരത്തണലില്‍  കിടക്കുമ്പോഴതാ  ഒട്ടകം മുമ്പില്‍ നില്‍ക്കുന്നു.  അതിന്റെ മൂക്ക് കയര്‍ പിടിച്ചു സന്തോഷാധിക്യത്താല്‍  അവന്‍ പറഞ്ഞു :’ അല്ലാഹുവേ , നീ എന്റെ അടിമയും ഞാന്‍ നിന്റെ നാഥനുമാണ്’.  സന്തോഷാധിക്യത്താല്‍  നാക്ക് പിഴച്ചു പോയതാണ്.  ഇയാള്‍ക്കുണ്ടായതിനേക്കാള്‍ സന്തോഷം തന്റെ ദാസന്‍ പശ്ചാത്തപ്പിക്കുംപോള്‍ അല്ലഹുവിനുണ്ടായിതീരും.’ (മുസ്‌ലിം)
കഥാകഥനത്തിലൂടെ വലിയ ആശയങ്ങള്‍ അനുയായികളിലേക്ക് പ്രവാചകന്‍ പകര്‍ന്നുനല്‍കുന്നത് കാണാം. ‘
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു നായ ദാഹം കാരണം നനഞ്ഞ മണ്ണ് തിന്നുന്നത് ഒരു മനുഷ്യന്‍ കണ്ടു. ഉടനെ ആ മനുഷ്യന്‍ തന്റെ ഷൂ എടുത്തു വെള്ളം കോരിയിട്ട് ആ നായക്ക് ദാഹം മാറുന്നതുവരെ കുടിക്കാന്‍ കൊടുത്തു. അക്കാരണത്താല്‍ അല്ലാഹു അവനോട് നന്ദികാണിക്കുകയും അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. (ബുഖാരി. 1. 4. 174).  ഈ സംഭവം ഉദ്ദരിക്കുന്നതിലെ ലക്ഷ്യം ഉടന്‍ അണികള്‍ ചോദിക്കുന്ന ചോദ്യത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. ഇതര ജീവജാലങ്ങളോട് ദയകാണിക്കുന്നതിനും പ്രതിഫലമുണ്ടോ പ്രവാചകരെ എന്നായിരുന്നു അവരുടെ ചോദ്യം. എല്ലാ ജീവികളോടും ദയകാണിക്കേണ്ടതുണ്ട് എന്നായിരുന്നു പ്രവാചക പ്രതികരണം.
വിദ്യാഭ്യാസത്തിന്റെ ഉദ്ധിഷ്ട ലക്ഷ്യമനുസരിച്ച് ഈ ശൈലി ക്രിയാത്മകമായി നമുക്ക് വികസിപ്പിക്കാന്‍ അനായാസം കഴിയുന്നതാണ്.

2. ചോദ്യോത്തര ശൈലി
തന്റെ ശിഷ്യന്മാരിലേക്ക് ജിജ്ഞാസയുണര്‍ത്തുന്ന ചോദ്യങ്ങളെറിഞ്ഞുകൊടുത്തു ബൗദ്ധികമായി അത് സ്വീകരിക്കുവാന്‍ പ്രാപ്തമാക്കുന്ന ശൈലി പ്രവാചകന്‍ സ്വീകരിച്ചതായി കാണാം. പ്രവാചകന്റെ അടുക്കല്‍ ഒരിക്കല്‍ ജിബ്‌രീല്‍  വിശ്വാസം, ഇഹ്‌സാന്‍, അന്ത്യദിനം എന്നിവയെക്കുറിച്ച് ചോദിച്ച സംഭവം ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. പക്ഷെ ജിബ്‌രീല്‍ ഈ കാര്യങ്ങള്‍ ചോദിച്ചത് ഇവയെപ്പറ്റി തനിക്ക് അറിയാത്തതുകൊണ്ടായിരുന്നില്ല; മറിച്ച് അനുയായികളെ ഇവയെപ്പറ്റി ബോധ്യപ്പെടുത്താനായിരുന്നു. ഈ സംഭവത്തിന് ശേഷം പ്രവാചകന്‍ പറഞ്ഞത് ‘ജിബ്‌രീല്‍ ആയിരുന്നു അതെന്നും നിങ്ങളെ പഠിപ്പിക്കുന്നതിനായാണ് അദ്ദേഹം വന്നത്’എന്നുമാണ്.

3. പഠനോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ശൈലി
പ്രവാചക അധ്യാപനത്തില്‍ വ്യത്യസ്ത ടീച്ചിംങ്ങ് എയ്ഡ് ഉപയോഗിച്ചുള്ള അധ്യാപന രീതി നമുക്ക് വായിച്ചെടുക്കാം. അല്ലാഹുവിന്റെ നേര്‍മാര്‍ഗവും പിശാചിന്റെ ഭിന്ന വഴികളും മനസ്സിലാക്കാന്‍ അവിടുന്ന് ചിത്രം വരച്ചുപഠിപ്പിക്കുകയുണ്ടായി. ഒരു നേര്‍രേഖ വരച്ചു. അവിടുന്ന് പറഞ്ഞു: ഇത് അല്ലാഹുവിന്റെ വഴിയാകുന്നു. പിന്നീട് അതിന്റെ വലതും ഇടതും വശങ്ങളില്‍ വ്യത്യസ്ത വരകള്‍ വരച്ച് അവിടുന്ന് പറഞ്ഞു: ഇത് വിഭിന്ന വഴികളാകുന്നു. ഓരോ വഴിയിലും അതിലേക്ക് ക്ഷണിക്കുന്ന പിശാചുക്കളായിരിക്കും. തുടര്‍ന്ന് അദ്ദേഹം ഈ ഖുര്‍ആന്‍ വാക്യം ഓതി. ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിന്തുടരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ചുകളയും (6:153) (അഹ്മദ്). ഖുര്‍ആന്‍ സൂക്തം ചിത്രം വരച്ചു വിശദീകരിച്ചു എന്നു വേണമെങ്കിലും ഇതിനെപ്പറ്റി പറയാവുന്നതാണ്.

4. പ്രവര്‍ത്തന മാതൃക
ഇത് രണ്ട് വിധത്തിലുണ്ടാകും. ഒന്ന്: അധ്യാപകന്‍ വിദ്യാര്‍ഥികളോട് പറയുന്നതും പഠിപ്പിക്കുന്നതും സ്വന്തം ജീവിതത്തില്‍ നടപ്പാക്കി മാതൃക കാണിക്കുക. ഇത് ഏറ്റവും ശക്തമായ സ്വാധീനമാണ് വിദ്യാര്‍ഥികളുടെ ജീവിതത്തിലുണ്ടാക്കുന്നത്. ഇത്തരം മാതൃകാധ്യാപകരെ വിദ്യാര്‍ഥികള്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിനു പുറമെ അവര്‍ എന്നും വിദ്യാര്‍ഥികളുടെ മനസ്സില്‍ നിറഞ്ഞുനില്ക്കുകയും ചെയ്യും. ജീവിത വഴിയില്‍ ഈ വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഈ മാതൃകാധ്യാപകന്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് അവര്‍ ഓര്‍ത്തെടുക്കുകയും അത് ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇത് ഏതൊരധ്യാപകനെ സംബന്ധിച്ചും അങ്ങേയറ്റം നിര്‍വൃതിദായകമാണ്. രണ്ട്: അധ്യാപകന്‍ പറയുന്നതും പഠിപ്പിക്കുന്നതും ചെയ്ത് കാണിച്ചുകൊടുക്കുക. ഇത് മേല്പറഞ്ഞതുപോലെ ജീവിതത്തില്‍ നടപ്പാക്കുന്നതിനു പുറമെ, തല്ക്കാലം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മനസ്സിലാകാന്‍ വേണ്ടി ചെയ്തുകാണിച്ചുകൊടുക്കുന്ന രീതിയാണ്. ഇതിന് കേവലമായ വാക്കുകളേക്കാള്‍ സ്വാധീനമുണ്ടാകുമെന്നതാണ് കാരണം. ഇത് രണ്ടിനും നബി തിരുമേനി(സ)യുടെ ജീവിതത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ കാണാവുന്നതാണ്.

ഒന്നാമത് പറഞ്ഞ മാതൃകാജീവിതത്തിലൂടെയുള്ള അധ്യാപനത്തിന് നബി(സ)യുടെ ജീവിതത്തില്‍ നിന്ന് പ്രത്യേകം ഉദാഹരണങ്ങള്‍ ഉദ്ധരിക്കേണ്ടതില്ല. കാരണം, അവിടുത്തെ ജീവിതം അല്ലാഹു തന്നെ പരിചയപ്പെടുത്തുന്നതുപോലെ ഉസ്‌വത്തുന്‍ ഹസന അഥവാ ഉത്തമമാതൃകയായിരുന്നു. അവിടുന്ന് എല്ലാ നന്മകളുടെയും വിളനിലമായിരുന്നു. മനുഷ്യജീവിതത്തില്‍ എന്തെല്ലാം നന്മകളുണ്ടോ അതെല്ലാം അവിടുന്ന് തന്റെ ജീവിതത്തില്‍ നടപ്പാക്കിയിരുന്നു. തിന്മകളായിട്ടുള്ള ഒന്നും അവിടുന്ന് വര്‍ജിക്കാതിരുന്നിട്ടില്ല. സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും അവിടുന്ന് ഒരുപോലെ മാതൃകയാണ്. വ്യക്തികുടുംബ തലങ്ങളിലും അവിടുന്ന് മാതൃക തന്നെ. ജീവിതത്തിന്റെ ഏതെങ്കിലും ഒരു മേഖല അദ്ദേഹത്തിന്റെ ഉത്തമ മാതൃകയില്ലാത്തതായിട്ടില്ല. ആരാധനാകര്‍മങ്ങള്‍, കുടുംബജീവിതം, ഔദാര്യം, വിനയം, വിരക്തി തുടങ്ങി എല്ലാ കാര്യങ്ങളിലും മാതൃകതന്നെ. പുറമെ, മദീനയില്‍ പള്ളി പണിതപ്പോള്‍ അതില്‍ സഹചരന്മാരോടൊപ്പം ഇഷ്ടിക ചുമന്നും ജോലിയെടുത്തും ആവേശം പകര്‍ന്നുകൊണ്ട് കവിത ആലപിച്ചും അവിടുന്ന് പങ്കുചേര്‍ന്നു. ഇതുപോലെ ഖന്‍ദഖ് യുദ്ധത്തിന്റെ ഭാഗമായി മദീനക്ക് ചുറ്റും കിടങ്ങ് കുഴിച്ചപ്പോള്‍ അതിലും അവിടുന്ന് എല്ലാവരെയും പോലെ പങ്കുചേര്‍ന്നു. അല്ല, അനുചരന്മാര്‍ക്ക് നേതൃത്വം നല്കിക്കൊണ്ട് തന്നെ അവിടുന്ന് പങ്കുചേരുകയുണ്ടായി.

രണ്ടാമതു പറഞ്ഞ, ചെയ്തുകാണിച്ചുകൊടുക്കലിന്റെ രീതിക്ക് ഉദാഹരണമാണ് തയമ്മുമിന്റെ രൂപം പഠിപ്പിച്ചത്. നബി(സ്വ) ഇരു കൈകളും മണ്ണിലടിച്ചു കൈയിലെ പൊടി ഊതിക്കളഞ്ഞ് അതുകൊണ്ട് മുഖവും കൈപ്പത്തികളും തടവിക്കാണിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു: ഇങ്ങനെ മതി’ (ബുഖാരി). വുളുവിന്റെ രൂപം ചോദിച്ചുവന്ന ആള്‍ക്ക്, വുളുവിന്റെ രൂപം ആദ്യാന്തം കാണിച്ചുകൊടുത്തുകൊണ്ട് അവിടുന്ന് പറഞ്ഞു. ഇങ്ങനെയാണ് വുളു. ഇതില്‍ ഏറ്റുകയോ കുറക്കുകയോ ചെയ്യുന്നവന്‍ തെറ്റു ചെയ്തു. (അബൂദാവൂദ്, നസാഇ)

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles