Current Date

Search
Close this search box.
Search
Close this search box.

അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ്

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് ഉന്നയിച്ച ‘ആശങ്കകള്‍’ ‘അനാവശ്യമായത് എന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു യു.എന്നിന്റെ ഇന്ത്യയിലെ സ്ഥിര പ്രതിനിധിയായ അരിന്ദാം ബാഗ്ചി. ലോകമെമ്പാടുമുള്ള പലരും ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പാഠങ്ങളില്‍ നിന്നും പഠിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അത് അനുകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അഭിമാനത്തോടെ അവകാശപ്പെട്ടു. ജനീവയിലെ മനുഷ്യാവകാശ കൗണ്‍സിലിന്റെ 55-ാമത് സെഷനില്‍ വെച്ചാണ് ടര്‍ക്ക് ഇന്ത്യയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. ഭരണകൂടം മാധ്യമപ്രവര്‍ത്തകരെയും വിമര്‍ശകരെയും ലക്ഷ്യമിടുന്നെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങളിലൂടെയും വിവേചനവും വര്‍ഗ്ഗീയതയും പ്രചരിപ്പിക്കുന്നെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഈ ആശങ്കകള്‍ തള്ളിക്കളഞ്ഞ അംബാസഡര്‍ ബാഗ്ചി ബഹുസ്വരത, വൈവിധ്യം, എല്ലാവരെയും ഉള്‍ക്കൊള്ളല്‍, തുറന്ന സമീപനം എന്നിവ ഇന്ത്യയുടെ ജനാധിപത്യ രാഷ്ട്രീയത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും കാതല്‍ ആണെന്നും മറുപടി പ്രഭാഷണം നടത്തി, ”എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്ന ശക്തമായ ജുഡീഷ്യറി ഉള്‍പ്പെടെ ഇവയ്‌ക്കെല്ലാം കടുത്ത സ്വതന്ത്രമായ സ്ഥാപനങ്ങളുടെ പിന്തുണയുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഇത് നയതന്ത്ര ഗര്‍വിന്റെ പാരമ്യമായിരുന്നു, പക്ഷേ ഇതൊന്നും യു.എസിനെയും ജര്‍മ്മനിയെയും ഇന്ത്യയെ വിമര്‍ശിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. തങ്ങളുടെ നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തിയ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെ യു.എസ് നിലപാട് തുടര്‍ന്നു. ‘ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള ഈ നടപടികള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്’ എന്നും
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഫലപ്രദമായി പ്രചാരണം നടത്തുന്നത് തടയുന്ന തരത്തില്‍ ഇന്‍കം ടാക്‌സ് വകുപ്പ് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരോപണങ്ങളും ഞങ്ങള്‍ക്കറിയാം. ഈ വിഷയങ്ങളില്‍ ഓരോന്നിനും ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികള്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു,’ എന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞത്.

‘ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും അടിസ്ഥാന ജനാധിപത്യ തത്വങ്ങളും ഈ വിഷയത്തില്‍ പ്രയോഗിക്കുമെന്ന് ഞങ്ങള്‍ അനുമാനിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.’ എന്നാണ് ജര്‍മ്മനിയുടെ വിദേശകാര്യ ഓഫീസിന്റെ വക്താവ് സെബാസ്റ്റ്യന്‍ ഫിഷര്‍ വിഷയത്തില്‍ പ്രതികരിച്ചത്. ഈ രണ്ട് രാജ്യങ്ങളുടെയും അഭിപ്രായങ്ങളോട് വിദേശകാര്യ മന്ത്രാലയം (MEA) ശക്തമായ എതിര്‍പ്പ് അറിയിക്കുകയും ഇത് തങ്ങളുടെ ആഭ്യന്തര കാര്യമാണെന്ന് ആവര്‍ത്തിക്കുകയുമാണ് ചെയ്തത്. യു.എസ് എംബസിയിലെ പൊതുകാര്യ വിഭാഗം മേധാവിയായ മുതിര്‍ന്ന യു.എസ് നയതന്ത്രജ്ഞ ഗ്ലോറിയ ബെര്‍ബെനയെയും വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചിരുന്നു. കെജ്രിവാളിന്റെ അറസ്റ്റിനെക്കുറിച്ചുള്ള ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ ജര്‍മ്മന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ജോര്‍ജ്ജ് എന്‍സ്വീലറെ വിളിച്ചുവരുത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷായിരുന്നു ഇതും.

പിന്നാലെ ഇന്ത്യക്കെതിരെ യു.എന്നും രംഗത്തെത്തി. തെരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ, രാഷ്ട്രീയവും പൗരാവകാശങ്ങളും ഉള്‍പ്പെടെ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും എല്ലാവര്‍ക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തില്‍ വോട്ടുചെയ്യാന്‍ കഴിയുമെന്നും ഞങ്ങള്‍ വളരെയധികം പ്രതീക്ഷ അര്‍പ്പിക്കുന്നതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കെജ്രിവാളിനെ അറസ്റ്റ് ചെയ്തും കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ‘രാഷ്ട്രീയ അശാന്തി’യെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ദുജാറിക് ഇങ്ങനെ പ്രതികരിച്ചത്.

പ്രമുഖ തെരഞ്ഞെടുപ്പ് നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമായ യോഗേന്ദ്ര യാദവിന്റെ വാക്കുകള്‍ ഞാന്‍ ഉദ്ധരിക്കാം: ”ഇതാ ഒരു സുരക്ഷിത തിരഞ്ഞെടുപ്പ് പ്രവചനം: 2024ലേത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വതന്ത്രവും നീതിയുക്തവും ഏറ്റവും കുറഞ്ഞ ദേശീയ തിരഞ്ഞെടുപ്പായിരിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള സമീപകാല സംഭവവികാസങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒടുവില്‍ അത് ഗുരുതരമായ വിട്ടുവീഴ്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പായി മാറുമോ അതോ സമ്പൂര്‍ണ പ്രഹസനമായി മാറുമോ എന്ന് ഞങ്ങള്‍ക്കറിയില്ല. എന്നിരുന്നാലും, ഈ തിരഞ്ഞെടുപ്പ് വിശ്വസനീയമായ ഒരു തിരഞ്ഞെടുപ്പിന്റെ ഏറ്റവും അവസാനത്തെതാകുമെന്ന് തീര്‍ച്ചയാണ്. ഇക്കാര്യത്തില്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ നമ്മുടെ അയല്‍രാജ്യങ്ങളിലേക്കും റഷ്യയെപ്പോലുള്ള വിദൂര അയല്‍രാജ്യങ്ങളിലേക്കും ഞങ്ങള്‍ ഒരു ചുവടുവെപ്പ് നടത്തുമെന്ന് ഉറപ്പാണ്… ഈ വരികള്‍ എഴുതുന്നത് എന്നെ വേദനിപ്പിക്കുന്നു. ഞാന്‍ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ സ്വയം നിയുക്ത അംബാസഡറാണ്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ഞാന്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു, കൂടാതെ നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ (ഇസിഐ) ശക്തമായി പ്രതിരോധിക്കുകയും ചെയ്തു.”

താഴെപറയുന്ന ചോദ്യങ്ങളും അതിനോടുമുള്ള പ്രതികരണവുമാണ് ഈ നീക്കത്തിന് പ്രേരിപ്പിച്ചത്:

1. ഇന്ത്യന്‍ പൗരന്മാര്‍ സാര്‍വത്രിക വോട്ടവകാശം ആസ്വദിക്കുന്നുണ്ടോ ?

ഒരു കണക്ക് പ്രകാരം, 2019-ല്‍ രാജ്യത്തുടനീളമുള്ള വോട്ടര്‍പട്ടികയില്‍ നിന്ന് ദശലക്ഷക്കണക്കിന് മുസ്ലീം, ദളിത് വോട്ടര്‍മാരെ കാണാതായിട്ടുണ്ട്. ക്രിസ്ത്യാനികളെയും ആഭ്യന്തര കുടിയേറ്റക്കാരെയും ഭവനരഹിതരെയും ഒഴിവാക്കിയതിനും സമാനമായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഏകദേശം 10 ദശലക്ഷത്തോളം വരുന്ന ജമ്മു കശ്മീരിലെ വോട്ടര്‍മാര്‍ക്ക് 2018 മുതല്‍ സംസ്ഥാന (ഇപ്പോള്‍ കേന്ദ്രഭരണ പ്രദേശം) നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല, തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള അവരുടെ അടിസ്ഥാന അവകാശം നിഷേധിക്കുന്നു.

അസമില്‍, ‘സംശയകരമായ വോട്ടര്‍മാര്‍’ (ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘ഡി-വോട്ടര്‍മാര്‍’ എന്ന് അടയാളപ്പെടുത്തിയത്), ഏകദേശം 100,000 എണ്ണമാണ്. ഇതില്‍ കൂടുതലും ബംഗാളി സംസാരിക്കുന്ന മുസ്ലീംകളാണ്.

ദേശീയ പൗരത്വ രജിസ്റ്ററില്‍ (NRC) നിന്ന് ഒഴിവാക്കപ്പെട്ട വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള 1.9 ദശലക്ഷം ആളുകള്‍ക്കും അവരുടെ വോട്ടവകാശം നിഷേധിക്കപ്പെടാനുള്ള സാധ്യതയുണ്ട്.

2. ഇ.വി.എം വോട്ടിംഗ് ജനാധിപത്യപരമാണോ ?

പേപ്പര്‍ ബാലറ്റിന് പകരം ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) പിഴവുകളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു. ഇവിഎമ്മുകളുടെ രൂപകല്‍പനയും പ്രയോഗവും സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ പരിശോധന ഫലങ്ങളും ഇതുവരെ പരസ്യമാക്കിയിട്ടില്ല.

വോട്ടര്‍ വെരിഫൈഡ് പേപ്പറും ഓഡിറ്റ് ട്രയലുകളും (VVPAT) ഇപ്പോള്‍ എല്ലാ ഇവിഎമ്മിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയും പൂര്‍ണ്ണ സ്വതന്ത്ര അവലോകനത്തിനായി തുറന്നുവെച്ചിട്ടില്ല. പോള്‍ ചെയ്ത വോട്ടുകള്‍ പരിശോധിക്കുന്നതിനോ ഓഡിറ്റ് ചെയ്യുന്നതിനോ പേപ്പര്‍ സ്ലിപ്പുകളുടെ എണ്ണം കണക്കാക്കുന്നതിനോ അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം പരസ്യമാക്കുന്നതിന് മുമ്പ് എണ്ണിയ വോട്ടുകളുമായി ഇത് ഒത്തുനോക്കുകയോ ചെയ്യുന്നില്ല.

ഇത് ഹാക്കിംഗിനെതിരെ യാതൊരു ഗ്യാരണ്ടിയും നല്‍കുന്നില്ല, ഹാക്കിംഗ്, കൃത്രിമത്വം, വ്യാജ വോട്ട് എന്നിവയ്ക്കെതിരായും യാതൊരു ഗ്യാരണ്ടിയും ഇത് നല്‍കുന്നില്ല. വിദഗ്ധരുടെ അഭിപ്രായത്തില്‍, എന്‍ഡ്-ടു-എന്‍ഡ് വെരിഫയ്ബിലിറ്റി ഇല്ലാത്തതിനാല്‍, നിലവിലെ ഇവിഎം-വിവിപാറ്റ് സംവിധാനം ശക്തമല്ല, അതിനാല്‍ ജനാധിപത്യ തിരഞ്ഞെടുപ്പിന് ഇത് യോജിച്ച രീതിയല്ല.

3. ഇന്ത്യന്‍ വോട്ടര്‍മാര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ തിരഞ്ഞെടുപ്പുണ്ടോ ?

അധികാരം ലഭിച്ചതുമുതല്‍, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളെ ആസൂത്രിതമായി ലക്ഷ്യമിടുന്നു, മാത്രമല്ല, എല്ലാ മേഖലയിലും അതിന്റെ സ്വാധീനശക്തി ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ക്രിമിനല്‍ കേസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

2014 മുതല്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചുമത്തിയ കേസുകളില്‍ 90 ശതമാനവും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയാണെന്ന് റിപ്പോര്‍ട്ടുണ്ട്. 2017 നും 2023 നും ഇടയില്‍, ഇലക്ടറല്‍ ബോണ്ട് സ്‌കീം (ഇബിഎസ്) വഴി എല്ലാ പാര്‍ട്ടികളും സമാഹരിച്ച 1.45 ബില്യണ്‍ ഡോളറില്‍ 800 മില്യണ്‍ ഡോളറും ഭരണകക്ഷിയായ ബി.ജെ.പിക്കാണ് ലഭിച്ചത്.

ഇബിഎസിന്റെ സുതാര്യമില്ലായ്മയും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് അതിന്റെ പ്രവര്‍ത്തനങ്ങളിലുള്ള നിയന്ത്രണവും കാരണമാണ് ഇത് സാധ്യമായത്. കോര്‍പറേറ്റ് കമ്പനികളെ ബ്ലാക്ക്മെയില്‍ ചെയ്യല്‍, എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ ദുരുപയോഗം എന്നിവ ഉപയോഗിച്ചാണ് ഈ സംഭാവനകള്‍ സ്വീകരിച്ചത് എന്നതിനും തെളിവുകളുണ്ട്.

4. ഇന്ത്യന്‍ വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ അറിഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ കഴിയുമോ ?

പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കി, സ്വതന്ത്രമായ വിവരങ്ങളുടെ ഇടം ഭരണകക്ഷി കുത്തകയാക്കുകയും വിവരങ്ങളുടെ സ്വതന്ത്രമായ ഒഴുക്ക് നിയന്ത്രിക്കുന്നതിന് ഇതിനകം വിപുലമായ അധികാരങ്ങള്‍ അവര്‍ ശക്തിപ്പെടുത്തുകയും ചെയ്തു.

ഇന്ത്യന്‍ മാധ്യമങ്ങളെയെല്ലാം ഭരണകക്ഷിയുമായി നേരിട്ട് രാഷ്ട്രീയ ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ട കുറച്ച് കോര്‍പ്പറേറ്റുകളുടെ കൈകളില്‍ കേന്ദ്രീകരിക്കുന്നു. അവരുടെ പദ്ധതികള്‍ ഭരണകക്ഷിയെ പരസ്യമായി പിന്തുണയ്ക്കുന്നതും പ്രതിപക്ഷത്തോട് ശത്രുത പുലര്‍ത്തുന്നതുമാണ്.

സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളിലും ഭരണകക്ഷിയെ അനുകൂലിക്കുന്ന സെലിബ്രിറ്റുകള്‍ തന്നെയാണ് ആധിപത്യം പുലര്‍ത്തുന്നത്. ബിജെപിയുടെ ഉന്നത നേതാക്കള്‍ നേതൃത്വം നല്‍കുന്ന ‘ഐടി സെല്‍’ ബോധപൂര്‍വം വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതായി പലപ്പോഴും ആരോപിക്കപ്പെടുന്നു.

തീവ്രവാദ വിരുദ്ധ നിയമങ്ങളും ദേശീയ സുരക്ഷാ നിയമങ്ങളും ഉള്‍പ്പെടെ ഉപയോഗിച്ച് സ്വതന്ത്ര മാധ്യമങ്ങളെയും വസ്തുതാന്വേഷണ പരിശോധകരെയും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ വേട്ടയാടുന്നത് ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ഭരണകക്ഷി മതധ്രുവീകരണം ഇരട്ടിപ്പിച്ചതായി കാണുന്നു.

മുസ്ലിംകള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമത്തിനായുള്ള നേരിട്ടുള്ള ആഹ്വാനങ്ങള്‍ തുടരുന്നു, കൂടാതെ ഓണ്‍ലൈനിലും വേദികളിലും സ്വാധീനമുള്ള നേതാക്കള്‍ വിദ്വേഷാഹാനങ്ങളും നടത്തുന്നു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ കടന്നുപോകുന്ന സാമുദായിക അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍, AI- അധിഷ്ടിത ഡീപ്‌ഫേക്കുകളും മറ്റ് സാങ്കേതികവിദ്യകളും ഉയര്‍ത്തുന്ന ഭീഷണികള്‍ ആശങ്കാജനകമാണ്.

5. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സ്വതന്ത്രവും വസ്തുനിഷ്ഠവുമാണോ ?

ഗണ്യമായ അധികാരങ്ങള്‍ ഉണ്ടായിരുന്നിട്ടും, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും മാതൃകാ പെരുമാറ്റച്ചട്ടങ്ങളും നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആഗ്രഹിക്കുന്നു. എങ്കിലും താഴെ പറയുന്ന ആരോപണങ്ങളില്‍ കമ്മീഷന്‍ ഉള്‍പ്പെട്ടിരിക്കുന്നു:

തിരഞ്ഞെടുപ്പ് ഷെഡ്യൂളും തീയതിയും പ്രഖ്യാപിക്കുന്നതിലുള്ള ഭരണകക്ഷിയോടുള്ള അനുകൂല പക്ഷപാതിത്വം.

മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) കര്‍ശനമായി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു, പ്രത്യേകിച്ച് ബിജെപിയുടെ ഉന്നത നേതാക്കള്‍ നടത്തുന്ന വര്‍ഗീയ തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ക്കെതിരായവ.

വോട്ടര്‍പട്ടികകളുടെ സമഗ്രത, EVM-VVPAT-കളിലെ എന്‍ഡ്-ടു-എന്‍ഡ് വെരിഫയബിലിറ്റിയുടെ അഭാവം എന്നിവയുള്‍പ്പെടെയുള്ള പ്രധാന ആശങ്കകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആശങ്കകളോട് പ്രതികരിക്കുന്നതിലുള്ള പരാജയം.

എക്സിക്യൂട്ടീവിന്റെ നിയന്ത്രണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ മാറ്റി. നിയമന പ്രക്രിയയിലെ സമീപകാല മാറ്റങ്ങള്‍ ഇസിഐയുടെ പൂര്‍ണ നിയന്ത്രണം ഭരണകക്ഷിക്ക് നല്‍കുന്നു.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഇതിനകം ദുര്‍ബലമായ സംവിധാനത്തിന് ഇത് ശരീരത്തിന്റെ പ്രഹരമാണ്, ഇത് മത്സരാര്‍ത്ഥികള്‍ക്ക് മത്സര ഗോദയില്‍ അസമത്വം ഉണ്ടാക്കുന്നു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ധൃതിപിടിച്ച രാജിയും പതിയ രണ്ട് പേരെ നിയമിച്ചതും 2024 ലെ പൊതുതെരഞ്ഞെടുപ്പ് ഭരണകക്ഷിക്ക് വിധേയരായ ഉദ്യോഗസ്ഥര്‍ നടത്തുമെന്ന ഭയത്തിന് കൂടുതല്‍ വിശ്വാസ്യത നല്‍കുന്നു.

ഒരു സ്വതന്ത്ര നിരീക്ഷക സംഘം ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ വശങ്ങളും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രതിവാരം അതിന്റെ ബുള്ളറ്റിനുകളും റിപ്പോര്‍ട്ടുകളും പുറത്തിറക്കുകയും ചെയ്യുന്നുണ്ട്. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ തിരഞ്ഞെടുപ്പ് അന്താരാഷ്ട്ര നിരീക്ഷണത്തിന് കീഴിലാണ്. ഇത്രയും ഖേദകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന് ഒരു പരിഹാസമാണ്.

(സിറ്റിസണ്‍സ് കമ്മീഷന്‍ ഓണ്‍ ഇലക്ഷന്‍സ് കോ-ഓര്‍ഡിനേറ്ററാണ് ലേഖകന്‍)

 

വിവ: പി.കെ സഹീര്‍ അഹ്‌മദ്
അലംബം: ദി വയര്‍

Related Articles