Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം; ഖറദാവി, ഗെല്ലസ് കെപ്ൾ സംവാദം ( 2 – 3 )

സെപ്തംബർ 11 ന്റെ അക്രമണത്തിന്റെ ചുരുളുകളഴിച്ചുള്ള സംസാരം തുടരുകയായിരുന്നു ശൈഖ് ഖറദാവി. അദ്ദേഹം പറഞ്ഞു:’ഈ സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടു പോലും ആർക്കും തന്നെ ബിൻ ലാദനാണ് ഈ ഗൂഢാലോചനകളൊക്കെ നടത്തിയത് എന്ന വാദത്തിനുള്ള വ്യക്തമായ തെളിവുകൾ കണ്ടെത്താനായില്ല. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു, പിന്നീട് ഈ തീവ്രവാദം നടത്തിയെന്ന് ആരോപിക്കപ്പെടുന്നവരിൽ ചിലർ നിരപരാധികളാണെന്നും അവരുടെ രേഖകൾ വ്യാജമാണെന്നും വ്യക്തമായി. അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുദ്ധങ്ങളുടെ അന്താരാഷ്ട്രവൽക്കരണം മാത്രമല്ല, താലിബാൻ സർക്കാരിന്റെ ഒരു ഭാഗവുമായി ചേർന്ന് ബിൻ ലാദനാണ് ഈ ക്രിമിനൽ പ്രവർത്തനത്തിന്റെ സൂത്രധാരണം നടത്തിയതെന്നും കുറ്റം ചെയ്തതെന്നുമുള്ള അനുമാനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അന്താരാഷ്ട്രവൽക്കരണത്തിനും ഞാൻ ഇതിനകം വ്യക്തിപരമായി ആഹ്വാനം ചെയ്തിട്ടുണ്ട്. എന്തുകൊണ്ട്? ഒരു രാജ്യത്തെ മുഴുവൻ നശിപ്പിക്കാനും അതിന്റെ നഗരങ്ങളിൽ ബോംബിടാനും നിരപരാധികളെ ശിക്ഷിക്കാനും പ്രസിഡന്റ് ബുഷ് തീരുമാനിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്?

സെപ്തംബർ 11ന് എന്താണ് സംഭവിച്ചതെന്ന് ഇരകളിൽ പലരും കേട്ടിട്ടില്ലെന്നും ഉസാമ ബിൻ ലാദൻ എന്ന സൗദി പൗരനെക്കുറിച്ച് അവർക്കറിയില്ലെന്നും ഞങ്ങൾക്കുറപ്പുണ്ടായിരുന്നു. സോവിയറ്റുകൾ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പാലങ്ങളും ഡാമുകളും നശിപ്പിച്ചതിനുശേഷം ശിലായുഗത്തിന് സമാനമായ അവസ്ഥയിലാണ് ഭൂരിഭാഗം ഗ്രാമീണ അഫ്ഗാനികളും ജീവിക്കുന്നതെന്നും ഇത് കൃഷിയെ തടസ്സപ്പെടുത്തുകയും ജനങ്ങളെ പട്ടിണിക്കിടുകയും ചെയ്യുന്നുവെന്നും വ്യക്തമായി. ശൈഖ് ഖറദാവി കൂട്ടിച്ചേർത്തു:’അമേരിക്കൻ എംബസിയിലെ ഒരു പ്രതിനിധി ദിവസങ്ങൾക്കു മുമ്പ് എന്നെ സന്ദർശിക്കുകയും നിങ്ങളിരുന്ന സ്ഥലത്തു തന്നെ ഇരിക്കുകയും ചെയ്തിരുന്നു. ഞാനദ്ദേഹത്തോടു പറഞ്ഞു- ബിൻ ലാദനെ വകവരുത്താനും താലിബാനിൽ നിന്ന് പ്രതികാരമെടുക്കാനും നിങ്ങൾ നാൽപത് ബില്യൺ ഡോളർ ചെലവഴിച്ചു. ആ തുക മുഴുവൻ ഒരു ഫലവുമില്ലാതെ നഷ്ടമായെന്നും ഞാൻ വിശ്വസിക്കുന്നു. പിന്നീട് ഒബാമയുടെ കാലത്ത് നിങ്ങൾ അദ്ദേഹത്തെ കൊന്നതോടെ അയാളെ ഒരു പ്രതീകമാക്കി മാറ്റി. പ്രതീകങ്ങൾ മരണപ്പെടുന്നുമില്ല’.

അതിനിടയിൽ കയറി കെപ്ൾ ഒരു ചോദ്യമുന്നയിച്ചു. ‘ബിൻ ലാദന്റെ വിഷയം അവിടെ നിൽക്കട്ടെ. താലിബാന്റെ രാഷ്ട്രീയ നീക്കങ്ങളെ നിങ്ങളെങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ട്. കാലത്തിനൊപ്പം സഞ്ചരിക്കാതെ ഇപ്പോഴും ഖുർആന്റെയും ഹദീസിന്റെയും അക്ഷരംപ്രതിയുള്ള വ്യാഖ്യാനങ്ങൾ അവലംബിച്ച് ഒരു വിഭാഗത്തിന്റെ രാഷ്ട്രീയമെങ്ങനെയാണ് നടക്കുന്നതെന്ന് നമുക്ക് മനസ്സിലാവുന്നില്ല.’ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു:’അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെമേലുള്ള കമ്മ്യൂണിസ്റ്റ് സോവിയറ്റ് അധിനിവേശകാലത്ത്, മുസ്‌ലിംകളുടെ ഒരു പ്രദേശം അവിശ്വാസികളായ ഒരു കൂട്ടർ കയ്യടക്കുന്നു എന്ന നിലക്ക് മുസ് ലിം ലോകം മുഴുവൻ ആ അധിനിവേശത്തെ അപലപിക്കുകയായിരുന്നു. ആക്രമണകാരികളെ ചെറുക്കുന്ന അഫ്ഗാൻ മുജാഹിദീൻ വിഭാഗങ്ങൾക്കൊപ്പം ഞങ്ങൾ തീർച്ചയായും ഉണ്ടായിരുന്നു, റബ്ബാനി, ഹെക്മത്യാർ, അബ്ദുൽ റസൂൽ സയ്യാഫ്, യൂനുസ് ഖാലിസ് തുടങ്ങിയ അവരുടെ നേതാക്കളെ ഞങ്ങൾക്ക് അറിയാമായിരുന്നു, അറബികളും മറ്റുമായുള്ള ആയിരക്കണക്കിന് മുസ് ലിം യുവാക്കൾ പോലും അവരുടെ അഫ്ഗാൻ സഹോദരങ്ങളെ പിന്തുണയ്ക്കാൻ സന്നദ്ധരായി. ഫലം അഫ്ഗാൻ വിജയം നേടി എന്നതായിരുന്നു. എങ്കിലും, ശത്രുക്കൾക്കെതിരെ വിജയം വരിച്ചെങ്കിലും സ്വന്തത്തിനെതിരെ വിജയിക്കാൻ അവർക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം. ഭിന്നിപ്പും കലഹങ്ങളും നിരന്തരം അവരിൽ ഉണ്ടാവുകയും യുദ്ധത്തെക്കാൾ വിനാശകരമായ ഒരു ആഭ്യന്തരകലഹത്തിലേക്ക് അത് വഴിവെക്കുകയും ചെയ്തു.’

‘ആ ആഭ്യന്തരയുദ്ധത്തിനിടയിൽ, ഒരു വിദ്യാർഥി പ്രസ്ഥാനം പെഷവാറിലെ ഖുർആൻ സ്‌കൂളുകളിൽ വളർന്നു. സ്വയംസായുധരായി, മുജാഹിദീങ്ങളെ വീണ്ടും ഒന്നിപ്പിക്കാനും വിവിധ വിഭാഗങ്ങളോട് എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം വികസിപ്പിക്കാനും അവർ തുടങ്ങി. സംഘർഷം അവസാനിപ്പിക്കാൻ അല്ലാഹു അവരെ സഹായിച്ചു. തുടർന്ന് ഈ യുവാക്കൾ രാജ്യത്തിന്റെ വിഭവങ്ങളുടെ 90% ത്തിലും കൈവെക്കുകയും മുസ്‌ലിംകളുടെ രക്തത്തിൽ തങ്ങളുടെ ആശയം കുത്തിവയ്ക്കുകയും ചെയ്തു. ഞാൻ അവരെ അടുത്തറിഞ്ഞപ്പോഴൊക്കെ മനസ്സിലായത്, അവരിൽ ഭൂരിഭാഗവും പുരാതന ഇസ് ലാമിക ഗ്രന്ഥങ്ങൾ മാത്രം വായിച്ച, രാജ്യകാര്യങ്ങൾ നടത്തുന്നതിനോ അധികാരം പ്രയോഗിക്കുന്നതിനോ യാതൊരു പരിചയവുമില്ലാത്ത ആളുകളാണെന്ന് മനസ്സിലായി. ഇത് അഫ്ഗാനിസ്ഥാന്റെ ഭാവിയെക്കുറിച്ച് എന്നെ ഭയപ്പെടുത്തുന്നു.’

ഇടയ്ക്ക് ഞാൻ കയറി അൽപം ചേർത്തു പറഞ്ഞു: യുഎസ് വിദേശനയം അഫ്ഗാനിസ്ഥാനെ ഉന്നം വയ്ക്കുന്നത് ഇന്നുമുതലല്ല, മറിച്ച് മുൻപേയുള്ളതാണ്. 1952 മുതൽ 1960 വരെ രണ്ട് ടേമുകളിൽ പ്രസിഡന്റായിരുന്ന ഡൈ്വറ്റ് ഡി. ഐസൻഹോവർ അമേരിക്കൻ പത്രപ്രവർത്തകൻ സ്റ്റീഫൻ അംബ്രോസിന്റെ സഹായത്തോടെ 1960 ൽ പുറത്തിറക്കിയ ഓർമക്കുറിപ്പിൽ പറയുന്നു, ‘ഞങ്ങളുടെ കണ്ണുകൾ ഇറാഖിലും അഫ്ഗാനിസ്ഥാനിലുമാണ്, കാരണം അവർ പടിഞ്ഞാറിനെ ഭയപ്പെടുത്തുകയും അതിന്റെ ആധിപത്യത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഇസ് ലാമിക ഐക്യത്തിന്റെ ശൃംഖലയിലെ ഏറ്റവും ശക്തമായ രണ്ട് കണ്ണികളാണ്.’ ‘ഇതെല്ലാം അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ വൃത്തികെട്ട അധിനിവേശത്തെ ന്യായീകരിക്കുന്നില്ല. ഇത് ഒരു വലിയ സൈനിക, രാഷ്ട്രീയ ശക്തിയാണ്. കാരണം, അധിനിവേശം ഒരു പ്രശ്‌നത്തെയും പരിഹരിക്കുന്നില്ല, അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നില്ല, ഒരു സ്വതന്ത്ര മാതൃരാജ്യം കെട്ടിപ്പടുക്കുന്നില്ല.’ ശൈഖ് ഖറദാവി കൂട്ടിച്ചേർത്തു.

ഞാൻ അവരെ അടുത്തറിഞ്ഞപ്പോഴൊക്കെ മനസ്സിലായത്, അവരിൽ ഭൂരിഭാഗവും പുരാതന ഇസ് ലാമിക ഗ്രന്ഥങ്ങൾ മാത്രം വായിച്ച, രാജ്യകാര്യങ്ങൾ നടത്തുന്നതിനോ അധികാരം പ്രയോഗിക്കുന്നതിനോ യാതൊരു പരിചയവുമില്ലാത്ത ആളുകളാണെന്ന് മനസ്സിലായി. ഇത് അഫ്ഗാനിസ്ഥാന്റെ ഭാവിയെക്കുറിച്ച് എന്നെ ഭയപ്പെടുത്തുന്നു.’

ശേഷം, അമേരിക്കൻ സൈന്യത്തിൽ താലിബാനെതിരെ പോരാടുന്ന അമേരിക്കൻ മുസ് ലിംകളോടുള്ള തന്റെ നിലപാടിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഗൾഫ് യുദ്ധത്തിന്റെ വിഷയത്തിൽ ഇക്കാര്യം സംഭവിച്ചിട്ടുണ്ടെന്നും അമേരിക്കൻ, ബ്രിട്ടീഷ് സൈന്യങ്ങളിലെ ഉദ്യോഗസ്ഥരിൽ മുസ് ലിംകൾ ഉണ്ടായിരുന്നതിനാൽ ചിന്തകനായ മിസ്റ്റർ മുഹമ്മദ് സലിം അൽ അവാ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നുമാണ് ശൈഖ് മറുപടി നൽകിയത്. മുസ് ലിമിനെ അവഹേളിക്കുന്നത് അധാർമികമാണെന്നും മുസ് ലിംകളോട് യുദ്ധം ചെയ്യുന്നത് ദൈവനിന്ദയാണെന്നും കൊലയാളിയും കൊല്ലപ്പെട്ടവരും നരകത്തിലാണെന്നും പ്രസ്താവിച്ച പ്രവാചക ഹദീസ് പ്രകാരം ഒരു മുസ് ലിമിനോട് യുദ്ധം ചെയ്യുന്നത് അനുവദനീയമല്ല എന്നതാണ് മതത്തിന്റെ അടിസ്ഥാനമെന്ന് ശൈഖ് ഖറദാവി പറഞ്ഞു. സ്വഹാബികളിൽ ഒരാൾ, കൊല്ലപ്പെട്ടവനും നരകത്തിലാണോ എന്ന് അത്ഭുതത്തോടെ ചോദിച്ചപ്പോൾ, അതെയെന്നും അവനും യുദ്ധത്തിന് തയ്യാറായിരുന്നു എന്നുമായിരുന്നു നബി തങ്ങളുടെ മറുപടി.

അദ്ദേഹം തുടർന്നു, ‘ഇക്കാര്യത്തിൽ ഞാൻ ഫിഖ്ഹ് വെച്ച് കൃത്യമായ ഒരു അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്, കാരണം ആ മുസ് ലിം സൈനികൻ ഒരു അമേരിക്കൻ പൗരൻ കൂടിയാണ്, ഈ വിഷയത്തിൽ നിന്ന് കുറഞ്ഞ കേടുപാടുകളോടെ അവന് രക്ഷപ്പെടാൻ കഴിയും. ഉത്തരവുകൾ അനുസരിക്കാതിരിക്കാനല്ല. കാരണം, അത് വലിയ ദോഷമാവും അദ്ദേഹത്തിന് വരുത്തിവെക്കുക.’ ഇതിനിടെ, എഴുപതുകളിൽ വിയറ്റ്‌നാമീസിനെതിരെയുള്ള പോരാട്ടത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച അമേരിക്കൻ മുസ് ലിം ബോക്‌സർ മുഹമ്മദ് അലി ക്ലേയെപ്പോലെ നിലപാട് സ്വീകരിക്കാമെന്ന് ഞാനിടപെട്ടു പറഞ്ഞു. കാരണം, വിയറ്റ്‌നാമിനെതിരായ തന്റെ രാജ്യത്തിന്റെ യുദ്ധം നിയമവിരുദ്ധമായിരുന്നു എന്ന തന്റെ നിലപാട് വ്യക്തമാക്കിയ ആ ധീര ബോക്‌സർ ‘മനഃസാക്ഷിയുടെ എതിർപ്പ്'(Conscience’s objection) എന്ന നിയമംവഴി ജയിൽവാസം അനുഭവിക്കുകയായിരുന്നു.

മുഹമ്മദലി ക്ലേയുടെ നിലപാട് അദ്ദേഹത്തെ സത്യത്തിൽ വിശുദ്ധനാക്കുകയാണ് ചെയ്യുന്നതെന്ന് ഞാൻ വിശദീകരിച്ചു, കാരണം, തന്റെ ജന്മനാട്ടിൽ വിയറ്റ്‌നാമുകാരെ കൊല്ലുന്നതിൽ തന്റെ പങ്കാളിത്തം തന്റെ മനഃസാക്ഷിക്കും മതവിശ്വാസത്തിനും വിരുദ്ധമാണെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അതേകാരണങ്ങളാൽ വിയറ്റ്‌നാം യുദ്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ച മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഉദാഹരണവും ഞാൻ ചൂണ്ടിക്കാട്ടി. ആ സംഭാഷണം പിന്നീട് ‘രാജ്യദ്രോഹം’ എന്ന വിഷയത്തിലേക്ക് നീങ്ങി. രാജ്യദ്രോഹത്തിന്റെ അർഥത്തെക്കുറിച്ച് ഖറദാവി പറഞ്ഞു: ‘നമ്മുടെ ഇന്നത്തെ ഇസ് ലാമിക സമൂഹം രണ്ട് പ്രധാന പ്രതിസന്ധികളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. അതിൽ ആദ്യത്തേത് 1990 ഓഗസ്റ്റ് 2 ന് രാത്രി സദ്ദാം ഹുസൈന്റെ ഇറാഖ് അധിനിവേശത്തോടെ ആരംഭിച്ചു. രണ്ടാമത്തേത് 2001 സെപ്റ്റംബർ 11 ന് ന്യൂയോർക്കിലും വാഷിംഗ്ടണിലും നടന്ന ഭീകരാക്രമണത്തോടെ പൊട്ടിപ്പുറപ്പെട്ടു. ( തുടരും )

 

വിവ. മുഹമ്മദ് ശാക്കിർ മണിയറ

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles