Current Date

Search
Close this search box.
Search
Close this search box.

റബാ കൂട്ടക്കൊല : സമയമെടുത്താലും ഒരുനാൾ നീതി പുലരുക തന്നെ ചെയ്യും

ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കൂട്ടക്കൊലയുടെ പത്താം വാർഷികമായിരുന്നു ഇക്കഴിഞ്ഞ 2023 ഓഗസ്റ്റ് 14 ന്. കെയ്‌റോയിലെ റബായിൽ വെച്ച് നടന്ന ഈ ക്രൂരതകളെ കുറിച്ച് എല്ലാ തെളിവുകൾ ഉണ്ടായിട്ടും നീതി ലഭിക്കാതിരിക്കുന്നത് ഖേദകരമാണ്. ദൃക്‌സാക്ഷി വിവരണങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്തിനടക്കം ഈ മാസം പുറത്തിറങ്ങിയ ഡോക്യുമെന്ററി ഉൾപ്പെടെ അനവധി തെളിവുകൾ പകലുപോലെ തെളിഞ്ഞിട്ടും ഭരണകൂടം നിഷ്ക്രിയ സമീപനമാണ് പുലർത്തുന്നത്.

മുസ്‌ലിം ബ്രദർഹുഡിന്റെ നേതാവായ പ്രസിഡന്റ് മുഹമ്മദ് മുർസിയെ ജൂലൈയിൽ ഈജിപ്ഷ്യൻ സൈന്യം അധികാരത്തിൽ നിന്നും പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ റബാ സ്ക്വയറിൽ ഒത്തുകൂടിയത്. ഏകദേശം 85,000 ആളുകളാണ് അന്ന് രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിനെതിരെ പ്രതിഷേധിച്ച് രംഗത്ത് വന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി അവർ ഗംഭീര റാലിയാണ് നടത്തിയത്. 2013 ഓഗസ്റ്റ് 14 ന് ഈജിപ്ഷ്യൻ സുരക്ഷാ സൈന്യം സ്ക്വയർ വളഞ്ഞ് പ്രതിഷേധക്കാരെ തുരത്തി ഓടിക്കുകയായിരുന്നു.

മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം റാബയിലെ ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ പറഞ്ഞതിന് തൊട്ടുപിന്നാലെ സുരക്ഷാ സേന ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കാൻ തുടങ്ങി. ഒരുപാട് സമയം നീണ്ടു നിന്ന സംഘർഷത്തിനൊടുവിൽ ആയിരത്തിലധികം ജനങ്ങൾ മരിച്ചുവെന്നാണ് കണക്ക്.

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം
ഈജിപ്തിലെ സൈനിക നടപടി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യത്തിന് തുല്യമാണ് എന്നാണ് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറഞ്ഞത്. 200 ലധികം സാക്ഷികളെ അഭിമുഖം നടത്തിയ അവർ 188 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അവർ ഇതിനെ മാനവാരാശിയോടുള്ള അതിക്രമമാണെന്ന് അഭിപ്രായപ്പെട്ടത്. ആധുനിക ചരിത്രത്തിലെ ഏറ്റവും മോശമായ ആൾക്കൂട്ട കൊലപാതകങ്ങളിൽ ഒന്നായാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്.

കൂട്ടക്കൊലയെക്കുറിച്ചുള്ള മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകളെ ഈജിപ്ഷ്യൻ സർക്കാർ “പക്ഷപാതപരം” എന്നാണ് വിശേഷിപ്പിച്ചത്. കൂടുതൽ അന്വേഷണം ആവശ്യമുണ്ടോ എന്ന ഡിഡബ്ല്യു ചോദ്യങ്ങളോട് അവർ മൗനം പാലിക്കുകയായിരുന്നു.

സർക്കാറിന്റെ ഭാഗത്ത് നിന്ന് കാര്യമായ പിന്തുണ ലഭിക്കാത്തത് കാരണം കൂട്ടക്കൊലയെക്കുറിച്ച് ഈജിപ്ത് സ്വന്തമായി അന്വഷിക്കാൻ തീരുമാനിച്ചു. 2013 അവസാനം രൂപീകരിച്ച വസ്തുതാന്വേഷണ സമിതിയും രാജ്യത്തെ മനുഷ്യാവകാശങ്ങൾക്കായുള്ള ദേശീയ കൗൺസിലുമാണ് കുറ്റകൃത്യത്തെ സംബന്ധിച്ച് അന്വേഷിച്ചത്. ആയുധധാരികളായ സൈന്യം നിരായുധരായ റാബായിലെ പ്രതിഷേധക്കാർക്ക് നേരെ അതിക്രമം അഴിച്ചു വിടുകയായിരുന്നു എന്നാണ് രണ്ട് സമിതിയുടെയും അവലോകനം. അവരുടെ മുന്നൊരുക്കം മനസ്സിലാക്കി പ്രതിരോധ സംവിധാനങ്ങൾ സജ്ജീകരിക്കുന്നതിൽ അവർക്ക് വീഴ്ചപറ്റിയതും മരണസംഖ്യ വർദ്ധിക്കാൻ കാരണമായി.

2013 ജൂലൈയിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് മുഹമ്മദ് മുർസിയെ നിലവിലെ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുടെ നേതൃത്വത്തിലുള്ള സൈന്യവും പ്രതിപക്ഷ പാർട്ടികളും മതനേതാക്കളും അടങ്ങുന്ന സഖ്യം അട്ടിമറിക്കുകയായിരുന്നു. ഈജിപ്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് മുഹമ്മദ് മുർസി.

2013 ജൂലൈയിൽ ഈജിപ്ഷ്യൻ ഭരണഘടന താൽക്കാലികമായി നിർത്തിവച്ചത് മുതൽ 2016 ൽ പാർലമെന്റ് വീണ്ടും വിളിച്ചുകൂട്ടുന്നത് വരെ ഡ്യൂട്ടി സമയത്ത് ആവശ്യമായ നടപടി കൈകൊള്ളാൻ മുതിർന്ന സൈനിക നേതാക്കൾക്ക് ജുഡീഷ്യൽ പ്രതിരോധം ഉറപ്പ് വരുത്തുന്ന ബിൽ 2018 ൽ ഈജിപ്ത് പാർലമെന്റ് പാസാക്കി.

തുടർന്ന് 2021 ൽ ഈജിപ്ത് സ്വന്തം ഭരണഘടനാ നിയമങ്ങളിലെ നിയന്ത്രണങ്ങളിൽ ഭേദഗതികൾ അംഗീകരിച്ചു. ഈ ഭേദഗതി പ്രകാരം ഏതെങ്കിലും അന്താരാഷ്ട്ര കോടതിയോ ട്രൈബ്യൂണലോ ഒരു ദിവസം ഈജിപ്ത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നഷ്ടപരിഹാരത്തിന് ഉത്തരവിടുകയും ചെയ്താൽ തീരുമാനം എസ്‌സി‌സിക്ക് തിരികെ കൈമാറും. അവരാണ് പിന്നെ ഈ പ്രാദേശിക കോടതി വിധി ശരിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്.

നീതിക്കായുള്ള അന്താരാഷ്ട്ര പോരാട്ടം
ഭരണകൂടം ഈ അതിക്രമത്തോട് പൂർണ്ണമായും നിരുത്തരവാദിത്ത സമീപനമാണ് പുലർത്തിയത്. തൽഫലമായി, ഈജിപ്ഷ്യൻ ജനത അന്താരാഷ്ട്ര രംഗത്ത് നീതിക്കായുള്ള പോരാട്ടം തുടർന്ന് കൊണ്ടിരുന്നു. എന്നാൽ അന്നും കാര്യമായ വിജയം ഉണ്ടായില്ല.

റബാ കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ സംഘടനകൾ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ അതിനോട് അനുഗുണമായി അവർ പ്രതികരിച്ചിട്ടില്ല. ജനങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ തീർപ്പ് കൽപ്പിക്കാൻ രൂപീകൃതമായ ആഫ്രിക്കൻ യൂണിയന്റെ ജുഡീഷ്യൽ വിഭാഗമായ ആഫ്രിക്കൻ കോടതിയെ ഈജിപ്ത് പൂർണ്ണമായും അംഗീകരിച്ചിട്ടില്ല എന്നതായിരുന്നു കാരണം.

2014 ൽ ഈജിപ്ഷ്യൻ അഭിഭാഷകരും, സ്ഥാനഭ്രഷ്ടനായ പ്രസിഡന്റ് മുർസി അംഗമായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയും റബായിൽ നടന്ന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണം ആവശ്യപ്പെടുന്നവർ ഈജിപ്ഷ്യൻ സർക്കാരിന്റെ നിയമാനുസൃത പ്രതിനിധികളല്ലെന്ന് പറഞ്ഞ് ഐസിസി അവരെ നിരസിക്കുകയായിരുന്നു.

2015 ൽ ഈജിപ്ഷ്യൻ സൈനിക കമാൻഡറായ മഹ്മൂദ് ഹെഗാസി യുകെയിൽ നടന്ന ആയുധ വ്യാപാര മേള സന്ദർശിച്ചപ്പോൾ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിക്ക് വേണ്ടി വാദിച്ച അഭിഭാഷകർ ബ്രിട്ടീഷ് പോലീസിനോട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹെഗാസിക്ക് പ്രത്യേക നയതന്ത്ര സംവിധാനം ഉള്ളതിനാൽ പോലീസ് അഭ്യർത്ഥന നിരസിക്കുകയായിരുന്നു.

“അതിനാൽ നിങ്ങൾക്ക് അവശേഷിക്കുന്ന ഒരേയൊരു സാധ്യത ഐക്യരാഷ്ട്രസഭയുടെ വിവിധ സംഘടനകൾ നടത്തുന്ന അന്വേഷണങ്ങളാണ്.” ലണ്ടൻ ആസ്ഥാനമായുള്ള നിയമാവകാശ സംഘടനയായ റെഡ്രസിന്റെ ഡയറക്ടറായ റൂപർട്ട് സ്കിൽബെക്ക് പറഞ്ഞു.

‘സാർവത്രിക അധികാരപരിധി’ സഹായിക്കുമോ?
മറ്റൊരു രാജ്യത്ത് യുദ്ധക്കുറ്റങ്ങൾ ചെയ്ത വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യാൻ അധികാരികൾക്ക് അനുമതി നൽകുന്ന സംവിധാനമാണ് സാർവത്രിക അധികാരപരിധി. അത്തരം ഘട്ടങ്ങളിൽ നടപടി കൈകൊള്ളുന്ന രാജ്യവുമായി അവർക്കോ അവരുടെ കുറ്റകൃത്യങ്ങൾക്കോ ​​ബന്ധമുണ്ടെന്നത് പരിഗണിക്കാറില്ല.

എന്നാൽ കുറ്റകൃത്യം നടന്ന രാജ്യത്തെ ഭരണകൂടം അവരെ ശിക്ഷിക്കാൻ സന്നദ്ധരാവുകയും അതിന് അനിവാര്യമായ നടപടിക്രമങ്ങൾ കൈകൊള്ളുകയും ചെയ്താൽ അവർക്ക് തന്നെയാണ് ആ വിഷയത്തിൽ അധികാരമുണ്ടാവുക.

“ഈ കേസിലെ സാർവത്രിക അധികാരപരിധി വളരെ ബുദ്ധിമുട്ടാണ് എന്നതാണ് യാഥാർത്ഥ്യം. കാരണം ഈജിപ്തിൽ നിന്ന് അക്രമകാരികളെ കൈമാറാനുള്ള സാധ്യത വിരളമാണ്” എന്ന് സ്കിൽബെക്ക് DW യോട് പറഞ്ഞു. പ്രതികളുടെ അസാന്നിധ്യത്തിൽ വിചാരണ നടത്താൻ കോടതി സന്നദ്ധമാകാത്തതും ഇതിന് തടസ്സമാണ്.

സാർവത്രിക അധികാരപരിധിയുടെ വിളനിലമായ വിശേഷിപ്പിക്കപ്പെടുന്ന ജർമ്മനിയിൽ പോലും ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർക്കെതിരെ കേസ് ഉണ്ടാകാൻ സാധ്യതയില്ല.

ഒന്നാമതായി നിയമപരമായി നോക്കുമ്പോൾ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്. ബെർലിൻ ആസ്ഥാനമായുള്ള യൂറോപ്യൻ സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ ആൻഡ് ഹ്യൂമൻ റൈറ്റ്സിലെ ഇന്റർനാഷണൽ ക്രൈംസ് ആൻഡ് അക്കൗണ്ടബിലിറ്റി പ്രോഗ്രാമിന്റെ ഡയറക്ടർ ആൻഡ്രിയാസ് ഷൂല്ലർ വിശദീകരിച്ചു.

സാർവത്രിക അധികാരപരിധി ഉപയോഗിച്ച് സിറിയൻ യുദ്ധക്കുറ്റവാളികളെ ജർമ്മനി അടുത്തിടെ പ്രോസിക്യൂട്ട് ചെയ്തത് പ്രധാനമായും ഈ സംഘടനയുടെ പ്രേരണ കൊണ്ടായിരുന്നു. ജർമ്മനിയിലെ സാക്ഷികൾ, തെളിവുകൾ, കുറ്റവാളികൾ, രാഷ്ട്രീയ സ്വാധീനം എന്നിവ കാരണമാണ് സിറിയൻ യുദ്ധക്കുറ്റവാളികൾക്കെതിരായ കേസ് മുന്നോട്ട് പോയത്.

എന്നാൽ ഇത് സിറിയൻ കേസ് പോലെയല്ല. സിറിയൻ സർക്കാരുമായി നയതന്ത്ര ബന്ധങ്ങളൊന്നും അവർക്ക് ഉണ്ടായിരുന്നില്ല. പക്ഷ, ഈജിപ്തിന് അന്താരാഷ്ട്ര തലത്തിൽ രാഷ്ട്രീയ പിന്തുണയുണ്ട്. അതിനാൽ ഈ കേസുകൾ ഏറ്റെടുക്കാൻ ആരും ശരിക്കും തയ്യാറല്ല. ഇതിന് ക്രിത്യമായ ലക്ഷ്യത്തോടെയുള്ള അന്വേഷണവും നീതി നടപ്പിലാക്കാൻ ക്രിയാത്മകമായ പ്രവർത്തനവും ആവശ്യമാണ്.

രാഷ്ട്രീയ സാഹചര്യം കാരണം ചില പാശ്ചാത്യ രാജ്യങ്ങൾ മറ്റ് രാജ്യങ്ങൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നില്ലെന്നും റെഡ്രസ് സ്കിൽബെക്ക് കൂട്ടിച്ചേർത്തു. ഉക്രെയ്ൻ, സുഡാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളോടുള്ള അന്താരാഷ്ട്ര താൽപ്പര്യം മാറിയെന്നും ഷുല്ലർ വിശ്വസിക്കുന്നുണ്ട്.

ഹ്യൂമൻ റൈറ്റ്‌സ് വാച്ചിലെ മുതിർന്ന ഗവേഷകനായ അമർ മാഗ്ദിക്കും സമാനമായ അഭിപ്രായമാണുള്ളത്. “ഈജിപ്തിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവഗണിക്കപ്പെടുന്നതിന്റെ പ്രധാന കാരണം മേഖലയിലെ രാഷ്ട്രീയ സംഘർഷം തന്നെയാണ്. കാരണം സിറിയ, യെമൻ, ലിബിയ എന്നിവിടങ്ങളിൽ ആഭ്യന്തരയുദ്ധം ഉൾപ്പെടെയുള്ള അനവധി പ്രശ്നങ്ങൾ നടമാടിയത് അക്കാലത്താണ്.

ഈജിപ്തിനെക്കുറിച്ചുള്ള മനോഭാവത്തിലെ മാറ്റങ്ങൾ
എന്നിരുന്നാലും, റബാ കേസിൽ ഒരു ദിവസം നീതി നടപ്പാക്കാൻ കഴിയുമെന്ന് ഇപ്പോഴും ചെറിയ പ്രതീക്ഷകൾ നിലനിൽക്കുന്നുണ്ട്. കാരണം ഈജിപ്ഷ്യൻ ഗവൺമെന്റിന് ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഭാഗവാക്കാകാൻ കഴിഞ്ഞിരുന്നു.

2013ലെ സൈനിക അട്ടിമറിക്ക് തൊട്ടുപിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് നിയമപരമായ പല തീരുമാനങ്ങളും ഉണ്ടായത്. അക്കാലത്ത്, ഈജിപ്ഷ്യൻ സർക്കാർ എങ്ങനെ ഈ പ്രതിസന്ധി മറികടക്കുമെന്ന് ഓർത്ത് അന്താരാഷ്ട്ര സമൂഹം അനിശ്ചിതത്വത്തിലായിരുന്നു. കാരണം അന്ന് സൈനിക അട്ടിമറിയെ പിന്തുണക്കുന്ന വലിയൊരു വിഭാഗം ഈജിപ്തിൽ ഉണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ പത്ത് കൊല്ലത്തിനിടയിൽ ഭരണകൂടം നടപ്പിലാക്കിയ മാനവികതയെ ഹനിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ഈജിപ്ഷ്യൻ ജനത ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്.

അന്താരാഷ്ട്ര സംഘടനകൾ ചരിത്രത്തിൽ നീതിക്കായി നടത്തിയ പ്രവർത്തനങ്ങളെല്ലാം സമയമെടുത്താണ് വിജയിച്ചത്.
റുവാണ്ട, കംബോഡിയ, യുഗോസ്ലാവിയ, രണ്ടാം ലോകമഹായുദ്ധം എന്നിവിടങ്ങളിലെ കുറ്റകൃത്യങ്ങൾ പരിശോധന നടത്തി തെളിയിക്കാൻ കാലപരിധി എടുത്തിരുന്നു.

സാധാ കൊലപാതക കുറ്റങ്ങൾ തന്നെ വിചാരണ ചെയ്ത് ശിക്ഷ നടപ്പിലാക്കാൻ രണ്ട് വർഷമെങ്കിലും വേണ്ടിവരും. അങ്ങനെ നോക്കുമ്പോൾ ഇതൊരു സാധാരണ സമയപരിധിയാണ്. കേവലമായ കാട്ടിക്കൂട്ടലുകൾക്കപ്പുറം ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് ആവശ്യം.

വിവ : നിയാസ് അലി

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles