Current Date

Search
Close this search box.
Search
Close this search box.

“കശ്മീർ ഫയൽസ്” – അർദ്ധ സത്യങ്ങളുടെയും അസത്യങ്ങളുടെയും കഥ

മതന്യൂനപക്ഷങ്ങൾക്കെതിരെ തെറ്റിദ്ധാരണ പരത്തുകയും വിദ്വേഷം സൃഷ്ടിക്കുകയും ചെയ്യുകയെന്നതാണ് വിഭാഗീയ ദേശീയതയുടെ മുഖ്യ ആയുധം. കാലങ്ങളായി തുടരുന്ന ഈ പ്രക്രിയയ്ക്ക് ഒരു പുതിയ ആയുധം കൂടി കൈവന്നിരിക്കുകയാണ്. “കശ്മീർ ഫയൽസ്” എന്ന പുതിയ സിനിമയാണ് മതവർഗീയതയുടെ വിഷം പുരട്ടി ഇവർ കളത്തിലിറക്കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരായ തെറ്റിദ്ധാരണകളും,അർദ്ധസത്യങ്ങളും, അസത്യങ്ങളും ചേർത്തുണ്ടാക്കിയ ഈ സിനിമ നിലനിൽക്കുന്ന സാഹചര്യത്തെ കൂടുതൽ സങ്കീർണതകളിലേക്ക് തള്ളിവിടുകയാണ്.

മതന്യൂനപക്ഷങ്ങൾക്കെതിരായ മുദ്രാവാക്യങ്ങളോ തെറ്റിദ്ധാരണകളോ നമുക്ക് പുതിയ സംഭവമല്ല. വർഗീയത കുത്തിനിറച്ച ആസൂത്രിത ചരിത്രരചനയിൽ നിന്നാണ് ഇവ പിറവിയെടുക്കുന്നത് . ഇവിടെയുണ്ടായിരുന്ന മുസ്ലീം രാജാക്കന്മാർ ഹിന്ദുക്കളെ പീഡിപ്പിക്കുന്നവരും ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുന്നവരും, ബലപ്രയോഗത്തിലൂടെ ഇസ്ലാം അടിച്ചേൽപ്പിക്കുന്നവരുമായി ദീർഘകാലം നിലനിന്നിരുന്നു എന്നും മുസ്‌ലിംകൾ വ്രതമനുഷ്ഠിക്കുന്നതിനാൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമോ എന്ന നിർമ്മിത ഭയം പ്രചരിച്ചും ചരിത്രം പിറന്നു. അമേരിക്കൻ മാധ്യമങ്ങൾ ആവിഷ്‌കരിച്ച ഇസ്ലാമിക ഭീകരത എന്ന വാചകം ഇത്തരം ഭൂരിപക്ഷ പ്രചരണങ്ങൾക്ക് കൊഴുപ്പു കൂട്ടുകയും ചെയ്യുകയുണ്ടായി.

ലൗ ജിഹാദിന്റെ പേരിൽ മുസ്ലീം യുവാക്കളെ മർദിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന തരത്തിലുള്ള വെറുപ്പായിരുന്നു ഇവയുടെയൊക്കെ ഫലം. ധർമ്മ സദസുകളിൽ വിശുദ്ധ സന്യാസിമാർ നൽകിയ വംശഹത്യയുടെ ആഹ്വാനമായിരുന്നു ഇതിന്റെ പരിസമാപ്തി. പ്രധാനമന്ത്രി ഇതിനായി ബോധപൂർവമായ മൗനം പാലിക്കുകയും ചെയ്തു. 1990-ലെ പണ്ഡിറ്റുകളുടെ പലായനത്തിന്റെ കുറ്റം കശ്മീരി മുസ്ലീങ്ങളുടെ മേൽ ചുമത്താനും നാഷണൽ കോൺഫറൻസ്, കോൺഗ്രസ് തുടങ്ങിയ പാർട്ടികളെ കുറ്റപ്പെടുത്താനുമാണ് ‘കശ്മീർ ഫയൽസ്’ (കെഎഫ്) ശ്രമിക്കുന്നത്. മാത്രമല്ല കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങൾ തിരഞ്ഞെടുത്ത് ചിത്രീകരിക്കുകയും അതിന്റെ പോയിന്റ് ചൂണ്ടിക്കാണിക്കാൻ കള്ളക്കഥകളെ കൂട്ടുപിടിക്കുന്നത് കാര്യങ്ങളെ കൂടുതൽ വ്യക്തമാക്കി തരുന്നു.

കർഫ്യൂ സമയത്തെ ഒരു സീനിൽ സ്കൂൾ പെൺകുട്ടികളെ സ്കൂൾ യൂണിഫോമിൽ കാണിക്കുന്നു! അന്തരിച്ച സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ ഇത് ചൂണ്ടിക്കാണിക്കുകയും സിനിമയിൽ കള്ളക്കഥകളുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു. “കശ്മീർ ഫയൽസ് സിനിമയിൽ പല തെറ്റായ കാര്യങ്ങളും കാണിച്ചിട്ടുണ്ട് ” എന്നാണ് ഒമർ അബ്ദുള്ള ചിത്രത്തിന്റെ പക്ഷപാതത്തെ വിലയിരുത്തിക്കൊണ്ട് പറഞ്ഞത്. കശ്മീരി പണ്ഡിറ്റുകൾ താഴ്‌വര വിട്ടപ്പോൾ ഫാറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയായിരുന്നില്ല. ജഗ് മോഹൻ ആയിരുന്നു അന്ന് ജമ്മു കശ്മീർ ഗവർണർ.കേന്ദ്രം ഭരിച്ചിരുന്നത് വി.പി സിങ്ങിന്റെ സർക്കാറും.“എന്തുകൊണ്ട് വിപി സിങ്ങിന്റെ സർക്കാരിനെയും ബിജെപിയെയും സിനിമയിൽ കാണിച്ചില്ല? വസ്തുതകളുമായി നീതി പുലർത്താതെ കളിക്കുന്നത് ശരിയല്ല, കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങളിൽ ഞങ്ങളും അപലപിക്കുന്നു ,എന്നാൽ കശ്മീരി മുസ്ലീങ്ങൾക്കും സിഖുകാർക്കും നഷ്ടപ്പെട്ടത് ജീവൻ തന്നെയായിരുന്നില്ലേ? തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങൾ അബ്ദുള്ള ചോദിക്കുന്നുണ്ട്.

കാശ്മീരിയത്തിന്റെ (വേദാന്ത്, ബുദ്ധമത, സൂഫി പാരമ്പര്യങ്ങളുടെ സമന്വയം) (നൂറുദ്ദീൻ നൊറാനി അല്ലെങ്കിൽ നൂദ് ഋഷി, ലാൽ ദേദ് എന്നിവരുടെ നാട്) നാടായിരുന്നു കാശ്മീർ. അന്യവൽക്കരണത്തിന്റെ വേദനയിൽ മുങ്ങിപ്പോയ അത് ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ജീവൻ അപഹരിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കശ്മീരിലെ മഹാരാജ ഹരിസിംഗ് സ്വതന്ത്രനായി തുടരാനാണ് തീരുമാനിച്ചത്. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായതിനാൽ ജമ്മു& കാശ്മീർ പാക്കിസ്ഥാനുമായി ലയിക്കണമെന്ന് ജിന്ന അന്ന് ആഗ്രഹിച്ചു. പാകിസ്ഥാൻ അയച്ച ഗോത്രവർഗക്കാരെ അന്ന് പാക് സൈന്യം പിന്തുണയ്ക്കുകയും ചെയ്തു. ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഹരിസിംഗിന്റെ പ്രതിനിധിയും കാശ്മീരിലെ പ്രമുഖ പാർട്ടിയായ നാഷണൽ കോൺഫറൻസിന്റെ പ്രസിഡന്റുമായ ഷെയ്ഖ് അബ്ദുള്ള പാക്കിസ്ഥാന്റെ ആക്രമണത്തെ നേരിടാൻ ഇന്ത്യൻ സൈന്യത്തെ അയക്കാൻ ഇന്ത്യൻ സർക്കാരിനെ സമീപിച്ചു.

സൈന്യത്തെ അയക്കാമെന്ന് ഇന്ത്യ സമ്മതിച്ചു, പ്രതിരോധം, ആശയവിനിമയം, കറൻസി, വിദേശകാര്യങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാ അധികാരങ്ങളും കശ്മീർ അസംബ്ലിക്ക് നൽകിയ ആർട്ടിക്കിൾ 370 ന്റെ സമ്പൂർണ്ണ സ്വയംഭരണാധികാരത്തോടെ കശ്മീർ ഇന്ത്യയിലേക്ക് ലയിക്കും എന്നതായിരുന്നു കരാർ. ഇന്ത്യൻ സൈന്യം പാകിസ്ഥാൻ സൈന്യത്തിന്റെ മാർച്ച് തടഞ്ഞെങ്കിലും അപ്പോഴേക്കും കശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം പാകിസ്ഥാൻ കൈവശപ്പെടുത്തിയിരുന്നു. വിഷയം യുഎന്നിലേക്ക് പോയപ്പോൾ, കാശ്മീരിന് സ്വതന്ത്രമായി തുടരാം അല്ലെങ്കിൽ ഇന്ത്യയിലോ പാക്കിസ്ഥാനിലോ ലയിക്കാമെന്ന സ്വാതന്ത്ര്യം നൽകി കശ്മീരിൽ ഹിതപരിശോധന നടത്തണമെന്നായിരുന്നു യുഎൻ വിധി. ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിലാണ് ഹിതപരിശോധന നടത്തേണ്ടിയിരുന്നത്. പാകിസ്ഥാൻ ആക്രമണം ഒഴിയുമെന്നും പ്രദേശത്തെ സൈനിക സാന്നിധ്യം ഇന്ത്യ കുറയ്ക്കുമെന്നുമായിരുന്നു വ്യവസ്ഥ. എന്നാൽ പാകിസ്ഥാൻ ആക്രമണം ഉപേക്ഷിച്ചില്ല, ഹിതപരിശോധന നടക്കുകയുമുണ്ടായില്ല.

മതേതരത്വത്തിന്റെ താരങ്ങളായി താൻ കരുതിയ ഗാന്ധിയും നെഹ്‌റുവും ഷെയ്ഖ് അബ്ദുള്ളയെ ആഴത്തിൽ ആകർഷിച്ചു. ഗാന്ധിജിയെ ഗോഡ്‌സെ കൊലപ്പെടുത്തിയതും ശ്യാമ പ്രസാദ് മുഖർജി കാശ്മീർ നിർബന്ധിതമായി ഇന്ത്യയിലേക്ക് ലയിപ്പിക്കാൻ നിർബന്ധിച്ചതും ഷെയ്ഖ് അബ്ദുള്ളയെ ഞെട്ടിച്ചു. ഈ സമയത്താണ് പ്രവേശനത്തെക്കുറിച്ചുള്ള പുനരാലോചനകളിലേക്ക് അദ്ദേഹം കടന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പതിനേഴ് വർഷക്കാലം ജയിലിൽ കഴിയേണ്ടി വരികയും ചെയ്തു. ഇതാണ് കശ്മീരിൽ അന്യവൽക്കരണ പ്രക്രിയയ്ക്ക് തുടക്കമിട്ടത്. സ്വയംഭരണാവകാശം ചവിട്ടിമെതിക്കപ്പെട്ടതോടെ ഈ പ്രക്രിയ കൂടുതൽ തീവ്രമായി. 1965-ൽ കശ്മീരിന്റെ പ്രധാനമന്ത്രി പദവി മുഖ്യമന്ത്രിയായും സദർ-ഇ-രിയാസത്ത് ഗവർണറായും മാറ്റി.

ഒറ്റപ്പെട്ട യുവാക്കൾ തങ്ങളുടെ പ്രതിഷേധം ആരംഭിക്കുകയും ആവശ്യാനുസരണം ശക്തമാക്കുകയും ചെയ്തു. ആയുധങ്ങൾ നൽകുന്നതിൽ പാകിസ്ഥാൻ അവരെ കൈയയഞ്ഞ് സഹായിച്ചു. കശ്മീരിയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആദ്യ പ്രതിഷേധം. അഫ്ഗാനിസ്ഥാനിലെ റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ അൽ ഖ്വയ്ദ-താലിബാനെ ഉയർത്താനുള്ള അമേരിക്കൻ പദ്ധതി നട്ടുപിടിപ്പിച്ച സിയ ഉൾ ഹഖിന്റെ ഇസ്ലാമികവൽക്കരണവും റാഡിക്കൽ ഇസ്ലാമിന്റെ ഉയർച്ചയും മൂലം തീവ്ര ഇസ്ലാം പ്രദേശത്ത് ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി.

1980-കളുടെ അവസാനത്തിൽ, തീവ്രവാദികൾ തങ്ങളുടെ ട്രാക്ക് കശ്മീരിയത്തിൽ നിന്ന് ഇന്ത്യാ വിരുദ്ധതയിലേക്കും പിന്നീട് ഹിന്ദു വിരുദ്ധതയിലേക്കും മാറ്റി. രാഷ്ട്രീയ സ്ഥാപനങ്ങളുടെ ഈ കൈമാറ്റി ക്കളിക്കിടെ തൊഴിലില്ലായ്മയും സാമ്പത്തിക പുരോഗതിയും കാരണം യുവാക്കൾ അസംതൃപ്തരായി. മഖ്ബുൽ ഭട്ടിനെ തൂക്കിലേറ്റിയതിന് ശേഷം നിരവധി യുവാക്കൾ തീവ്രവാദ പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോയി. ജെ.കെ.എൽ.എഫ് പ്രധാനമായും കശ്മീരിയത്തിനെയും ആസാദിയെയും കുറിച്ചാണ് സംസാരിച്ചത്, ഹിസ്ബുൾ മുജാഹിദ്ദീൻ ക്രമേണ കൂടുതൽ പ്രബലമായിത്തീരുകയും വൈകാതെ അത് പാകിസ്ഥാൻ അനുകൂലവും ഹിന്ദു വിരുദ്ധവുമായ കുപ്പായങ്ങളണിയാൻ തുടങ്ങി.

ഇന്ത്യൻ അനുകൂല ഘടകങ്ങളടങ്ങിയ മൗലാന മസൂദ്, അബ്ദുൾ ഗനി, വാലി അഹമ്മദ് ഭട്ട് എന്നിവരുടെ കൊലപാതകങ്ങളാണ് പ്രാഥമികമായി അരങ്ങേറിയത്. ഗുലാംനബി ആസാദിന്റെ അനന്തരവനെ തട്ടിക്കൊണ്ടുപോയി. അതിനു പിറകെ ആദരണീയനായ ഡോക്ടറും ചിന്തകനുമായ അബ്ദുൾ ഗുരു കൊല്ലപ്പെട്ടു.ആഭ്യന്തര മന്ത്രിയും മുഫ്തി മുഹമ്മദ് സയീദിന്റെ മകളുമായ റൂബിയ സയീദിനെ തട്ടിക്കൊണ്ടുപോകുകയുണ്ടായി.. വി പി സിംഗ് ഗവൺമെന്റ് ഭീകരവാദികളെ സംബന്ധിച്ച രേഖകളിൽ ഒപ്പുവെക്കുകയും നിരവധി അപകടകരമായ തീവ്രവാദികളെ മോചിപ്പിക്കുകയും അന്തരീക്ഷം വഷളാക്കുകയും ചെയ്തു. മഖ്ബൂൽ ഭട്ടിന് വധശിക്ഷ വിധിച്ചു ജഡ്ജി നീലകണ്ഠ് ഗഞ്ചൂ. ബിജെപി നേതാവ് ടികലാൽ തക്ലൂ, പ്രേംനാഥ് ഭട്ട് (മാധ്യമപ്രവർത്തകൻ) എന്നിവർ ക്രൂരമായി കൊല്ലപ്പെട്ടു. പണ്ഡിറ്റുകൾക്ക് നേരെ തീവ്രവാദികൾ തോക്കെടുത്തു. താഴ്‌വര വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം പള്ളികളിൽ നിന്ന് ഭീഷണി മുഴക്കാൻ തുടങ്ങി. സമാനമായ ലഘുലേഖകളും പ്രത്യക്ഷപ്പെട്ടു. പണ്ഡിറ്റ് സമൂഹം ഭീതിയുടെ മുൾമുനയിൽ നിന്ന സമയമായിരുന്നു അത്.

ജഗ്‌മോഹൻ (19 ജനുവരി 1990) ഗവർണറായി വീണ്ടും നിയമിതനായതോടെ ഫാറൂഖ് അബ്ദുള്ള രാജിവച്ചു. അതേ രാത്രി തന്നെ സുരക്ഷാ സേന മുന്നൂറോളം പേരുടെ വീടുകളിൽ പരിശോധന നടത്തുകയും അവരെ നിഷ്‌കരുണം പോലീസ് സ്റ്റേഷനുകളിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങുകയും അവർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. ഗോ കടലിൽ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയിൽ അമ്പതോളം പ്രതിഷേധക്കാർ മരിച്ചു.

ഭീഷണി നേരിടുന്ന സമൂഹത്തിന് സംരക്ഷണം നൽകുകയും തീവ്രവാദികളെ നേരിടുകയും ചെയ്യുക എന്നതായിരുന്നു ഭരണകൂടത്തിന്റെ ചുമതല. എന്നാൽ ജഗ്‌മോഹൻ മറ്റൊരു വഴി സ്വീകരിച്ചു, പണ്ഡിറ്റുകൾ ജമ്മു ക്യാമ്പുകളിലേക്ക് സുരക്ഷിതമായി പുറത്തുകടക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. മുസ്‌ലിംകൾക്കെതിരെ ശക്തമായ അടിച്ചമർത്തൽ നടപടികൾ അഴിച്ചുവിടാൻ പണ്ഡിറ്റുകളിൽ നിന്ന് താഴ്‌വര സ്വതന്ത്രമാക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു എന്നായിരുന്നു കിംവദന്തി.

മുസ്‌ലിംകളുടെ കുടിയേറ്റത്തിന് എതിരായിരുന്നു പ്രാദേശിക മുസ്‌ലിംകൾ. പാകിസ്ഥാൻ പരിശീലനം ലഭിച്ച തീവ്രവാദികളെയും പ്രാദേശിക മുസ്ലീങ്ങളെയും വേർതിരിച്ചറിയേണ്ടതുണ്ട്. എന്നാൽ മുസ്ലീങ്ങളും പണ്ഡിറ്റുകൾക്കെതിരാണെന്ന് അന്ന് ജഗ്മോഹൻ സാമാന്യവൽക്കരിക്കുകയാണുണ്ടായത്, ഈ സാമാന്യവൽക്കരണം തന്നെയാണ് സിനിമയിലും കാണുന്നത്. മൂന്നര ലക്ഷം പണ്ഡിറ്റുകൾ കുടിയേറിയതോടെ ഏകദേശം അൻപതിനായിരം മുസ്ലീങ്ങൾക്കും നാടുവിടേണ്ടി വന്നു. ഇതിനെ വംശഹത്യ എന്ന് വിളിക്കാമോ? തീവ്രവാദികൾ നടത്തിയ കൊലപാതകങ്ങളിൽ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് (ആർടിഐ അന്വേഷണം- 27/11/2021) – 89 പണ്ഡിറ്റുകളും, മറ്റുള്ളവർ 1635 (മുസ്ലിംകൾ പ്രധാനമായും സിഖുകാരും സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരും)മാണ് കൊല ചെയ്യപ്പെട്ടത് .

സിനിമ നിർമ്മിച്ച രീതി മുസ്ലീം വിരുദ്ധ ഹിസ്റ്റീരിയ സൃഷ്ടിക്കുന്നതാണ്. ആയിരക്കണക്കിന് മുസ്ലീങ്ങളെയും നെല്ലി, മുംബൈ, ഗുജറാത്ത്, ഡൽഹി) സിഖുകാരെയും (ഡൽഹി) കൂട്ടക്കൊല ചെയ്യുന്നത് ഇന്ത്യൻ ജനത കണ്ടതാണ്. ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ചുള്ള ‘പെർസാനിയ’എന്ന സിനിമ ഗുജറാത്തിൽ പ്രദർശിപ്പിക്കാൻ അനുവദിച്ചില്ല.ആ സിനിമ നമ്മെ ചിന്തിപ്പിക്കുകയും അനാവശ്യ പ്രേരണകൾ നൽകാതിരിക്കുകയും ചെയ്തിരുന്നു. എന്നാൽ ‘കാശ്മീർ ഫയൽസ്’ എന്ന ഈ സിനിമ ഹിന്ദുക്കൾക്കെതിരായ അക്രമം തിരഞ്ഞെടുത്ത് കാണിക്കുകയും പ്രാദേശിക മുസ്ലീങ്ങളെ അതിൽ സഹകാരികളായി അവതരിപ്പിക്കുകയും ചെയ്യുന്നു. പാതി സത്യവും അസത്യവും ചേർന്നു! സിനിമാ ഹൗസുകളിലെ പ്രതികരണങ്ങൾ ഏറെ ഭയപ്പെടുത്തുന്നതാണ്. ജനക്കൂട്ടം അപകടകരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നു. അർദ്ധ സത്യത്തെയും ചില അസത്യങ്ങളെയും അടിസ്ഥാനമാക്കി, വിദ്വേഷം വളർത്തുന്ന, ഏകപക്ഷീയമായ ഇത്തരം സിനിമകൾ നമുക്ക് ആവശ്യമുണ്ടോ എന്ന ചോദ്യമാണ് ഉയർന്നു വരേണ്ടത്.

ഒമർ അബ്ദുള്ളയുടെ വീക്ഷണത്തിൽ “1990-ലും അതിനുശേഷവും ഉണ്ടായ വേദനയും കഷ്ടപ്പാടും പഴയപടിയാക്കാനാവില്ല. കാശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷിതത്വബോധം അവരിൽ നിന്ന് തട്ടിയെടുത്ത് താഴ്‌വര വിട്ടുപോകേണ്ടിവന്നത് നമ്മുടെ കശ്മീരിയത്ത് സംസ്കാരത്തിന് കളങ്കമാണ്. വിഭജനം സുഖപ്പെടുത്താനുള്ള വഴികൾ നമ്മൾ കണ്ടെത്തേണ്ടതുണ്ട്, അവ ഒരിക്കലും കൂട്ടിച്ചേർക്കരുത് ” എന്നാണ്.

1990ന് ശേഷം പതിനാലു വർഷത്തോളമായി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിലിരിക്കുന്നു. നേരത്തെ മൻമോഹൻ സിംഗ് സർക്കാർ പണ്ഡിറ്റുകൾക്കായി നിരവധി പദ്ധതികൾ ആരംഭിച്ചിരുന്നു, അവരെ പുനരധിവസിപ്പിക്കാൻ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ എന്താണ് ചെയ്തത് എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. അവരെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നത് തികച്ചും ന്യായമല്ല. അക്രമത്തിനിരയായ പണ്ഡിറ്റുകൾക്കും മറ്റുള്ളവർക്കും നീതി നൽകുകയും പുനരധിവസിപ്പിക്കുകയും ചെയ്യുക എന്നതാണ് നാമിപ്പോൾ ചെയ്യേണ്ട കാര്യം.

മൊഴിമാറ്റം:മുജ്തബ മുഹമ്മദ്‌

Related Articles