Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനെ ഒറ്റപ്പെടുത്താൻ ആഫ്രിക്കൻ യൂണിയന് സാധിക്കുമോ?

മനുഷ്യാവകാശ ലംഘനങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങള്‍ വകവെക്കാതെ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെയും പേരില്‍ ഇസ്രായേലെന്ന ജൂത രാഷ്ട്രം പലകുറി അപലപിക്കപ്പെട്ടെങ്കിലും, കഴിഞ്ഞ ഫെബ്രുവരി ഇസ്രായേലിന് വലിയ പരിക്കേല്‍പ്പിച്ച മാസമായിരുന്നു. ലോകമെമ്പാടുള്ള ജനാധിപത്യ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്ന കമ്പനികളെ കുറിച്ച വെളിപ്പെടുത്തലുകള്‍ മുതല്‍ ഇക്കഴിഞ്ഞയാഴ്ച അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ഹുവാറയില്‍ ഫലസ്തീനികള്‍ക്കെതിരെ സൈന്യത്തിന്റെ സഹായത്തോടെ നടത്തുന്ന അനധികൃത ഇസ്രായേല്‍ കുടിയേറ്റവും വേട്ടയും വരെ രാജ്യത്തിന്റെ ക്രൂരമായ മുഖം ലോകത്തിന് മുമ്പില്‍ വെളിപ്പെട്ട സമയമായിരുന്നു. രണ്ടാഴ്ച മുമ്പ്, എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയിലെ ആസ്ഥാനത്ത് നടന്ന ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയുടെ ഉദ്ഘാടന വേളയില്‍ ഇസ്രായേലെന്ന ജൂതരാഷ്ട്രം അപമാനിക്കപ്പെടുകയും ചെയ്തു. ഉച്ചകോടിയില്‍ പങ്കെടുത്ത ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ആഫ്രിക്കന്‍ ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാരോണ്‍ ബാര്‍ലിയെ പുറത്താക്കിയത് രാജ്യത്തിന് വലിയ പരിക്കാണേല്‍പിച്ചത്. ഇസ്രായേല്‍ ഉദ്യോഗസ്ഥരെ ഞങ്ങളുടെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന വിശദീകരണമാണ് ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മൂസ ഫക്കി നല്‍കിയത്.

ഇസ്രായേല്‍ അധിനിവേശത്തിനെതിരായ ന്യായമായ പോരാട്ടത്തിന് ഫലസ്തീന്‍ ജനതക്ക് പൂര്‍ണ പിന്തുണ അറിയിക്കുക മാത്രമല്ല, ഇസ്രായേല്‍ രാഷ്ട്രവുമായുള്ള പ്രത്യക്ഷവും പരോക്ഷവുമായുള്ള എല്ലാ വ്യാപാരവും ശാസ്ത്രീയവും സാംസ്‌കാരികവുമായ കൊടുക്കല്‍ വാങ്ങലുകളും അവസാനിപ്പിക്കുന്നതിന് എ.യു (African Union) അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉച്ചകോടിയുടെ സമാപനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിക്കപ്പെട്ട ഈ പ്രഖ്യാപനം ബി.ഡി.എസ് പ്രസ്ഥാനം (Boycott, Divestment and Sanctions) ഇസ്രായേലിനെതിരെ ഉയര്‍ത്തുന്ന ബഹിഷ്‌കരണം, നിക്ഷേപം പിന്‍വലിക്കല്‍, ഉപരോധം തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്. നിര്‍ദേശങ്ങള്‍ നടപ്പിലാവുകയാണെങ്കില്‍, ഇത് ഇസ്രായേല്‍ മാറ്റത്തിന്റെ തുടക്കമാകും. 1980കളില്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ഭരണവ്യവസ്ഥക്കെതിരെ നിലയുറപ്പിച്ച ആഫ്രിക്കക്ക് വംശീയ-മേധാവിത്വ രാഷ്ട്രത്തെ ഒറ്റപ്പെടുത്താനും അവക്ക് സമ്മര്‍ദ്ദം ചെലുത്താനും ഒരു ആഗോള പ്രസ്ഥാനത്തെ നയിക്കുകയെന്നത് പുതുമയുള്ള കാര്യമല്ല.

ആഫ്രിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധം സങ്കീര്‍ണമാണ്. അംഗരാജ്യങ്ങളുടെ വിദേശ നയങ്ങളിലും ഇസ്രായേലുമായുള്ള ബന്ധത്തിലും എ.യുവിന്റെ നിലപാട് എല്ലായ്‌പ്പോഴും ഒത്തുപോകുന്നതല്ല. അയല്‍രാജ്യങ്ങളായ അറബ് രാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്താനും തിരച്ചടിക്കാനും മുന്നോട്ടുവരുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ പുതിയ സ്വതന്ത്ര ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഇസ്രായേല്‍ അടുത്ത ബന്ധം വളര്‍ത്തിയെടുക്കുന്നതും പതിവാണ്. 1960കളില്‍ 1800ലധികം ഇസ്രായേല്‍ വിദഗ്ധരാണ് ഭൂഖണ്ഡത്തില്‍ വികസന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. 1972 ആയപ്പോഴേക്കും ബ്രിട്ടനേക്കാള്‍ കൂടുതല്‍ ആഫ്രിക്കന്‍ എംബസികള്‍ ഇസ്രായേല്‍ തുറന്നു.

എ.യുവിന്റെ മുന്‍രൂപമായിരുന്ന 1963ല്‍ സ്ഥാപിതമായ ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രിക്കന്‍ യൂണിറ്റിയിലെ 41 സ്വതന്ത്ര ആഫ്രിക്കന്‍ അംഗരാജ്യങ്ങളില്‍ 32 എണ്ണം ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചു. ഈ കാലയളവില്‍ ഈജിപ്തിന്റെ നേതൃത്വത്തില്‍ ഉത്തരാഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ അറബ് ഐക്യത്തിന് ആഫ്രിക്കയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വലിയ തോതിലുള്ള പരാജയമാണ് ഏറ്റുവാങ്ങിയത്. എന്നാല്‍, 1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തെ തുടര്‍ന്ന് ഈ മനോഭാവത്തില്‍ മാറ്റം വന്നു. യുദ്ധത്തോടുള്ള ആഫ്രിക്കന്‍ പ്രതികരണങ്ങള്‍ സമ്മിശ്രമായിരുന്നു. വര്‍ണവിവേചന രാഷ്ട്രങ്ങളായ ദക്ഷിണാഫ്രിക്ക, എത്യോപ്യ തുടങ്ങിയ ചില രാഷ്ട്രങ്ങള്‍ തുടക്കത്തില്‍ ഇസ്രായേലിന്റെ വിമര്‍ശകരായിരുന്നെങ്കിലും, പിന്നീട് ഇസ്രായേലിന് പിന്തുണ അറിയിച്ചു. ചില രാഷ്ട്രങ്ങള്‍ അറബ് രാഷ്ട്രങ്ങള്‍ക്കൊപ്പവും നിലയുറപ്പിച്ചു.

1972 മാര്‍ച്ചിനും 1973 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിനുമിടയില്‍ എട്ട് ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിച്ചു. ഒക്ടോബര്‍ യുദ്ധവും തുടര്‍ന്ന് ആഗോള എണ്ണവില കൂട്ടിയ അറബ് രാജ്യങ്ങളുടെ എണ്ണ ഉപരോധവും വലിയ മാറ്റം കൊണ്ടുവന്നു. നവംബറില്‍, മലാവി, ലെസോതോ, സ്വാസിലാന്റ്, മൗറീഷ്യസ് എന്നീ നാല് രാജ്യങ്ങളല്ലാത്ത മുഴുവന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും ഇസ്രായേലുമായുള്ള ബന്ധം ഉപേക്ഷിച്ചു. 1980കളിലും 1990കളിലും ബന്ധം പുനഃസ്ഥാപിച്ചിട്ടും, രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്രായേല്‍ നേടിയെടുത്ത പദവി ഒരിക്കലും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ ഭൂഖണ്ഡത്തിലെ 40ലധികം രാഷ്ട്രങ്ങളുമായി ഇസ്രായേലിന് നയതന്ത്ര ബന്ധമുണ്ട്. ഈ രാഷ്ട്രങ്ങളെല്ലാം ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് പുറത്താണ്.

വിവ: അർശദ് കാരക്കാട്

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles