Current Date

Search
Close this search box.
Search
Close this search box.

വെടിനിർത്തൽ കരാറുകൾ തിരസ്‍കരിക്കപ്പെട്ടതിൻ്റെ നാൾവഴികൾ

ഇസ്രായേലും സഖ്യ രാജ്യങ്ങളും ഫലസ്തീനിലെ രാഷ്ട്രീയ പ്രതിരോധ സംഘടനയായ ഹമാസിനെ തീവ്രവാദികളെന്നു മുദ്ര കുത്തി, വെറുപ്പിന്റെ കണ്ണോടെ കാണാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.1400 ഇസ്രായേലി ഭടന്മാരെ കൊന്നുകൊണ്ട് ഒക്ടോബര്‍ ഏഴിന് നടത്തിയ മിന്നല്‍ നീക്കത്തിന് ശേഷം പ്രത്യേകിച്ചും ഈയൊരു ചിത്രീകരണം വളരെ വ്യാപകമായിരുന്നു. ഹമാസിനെ ഇസിലുമായും നാസികളുമായും താരതമ്യപ്പെടുത്തി ,ഈ ഫലസ്തീനിയന്‍ ഗ്രൂപ്പിനെ നിര്‍മാര്‍ജനം ചെയ്യണമെന്ന് ശാഠ്യം പിടിച്ച്, ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പകരം വീട്ടാന്‍ ഇസ്രായേല്‍ സൈന്യത്തെ മുന്നില്‍ നിന്ന് നയിച്ചു. വംശഹത്യയെന്ന് പലരും വിശേഷിപ്പിച്ച, ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിയില്‍ 25000 ഫലസ്തീനികളാണ് ഇത് വരെ മരണപ്പെട്ടിരിക്കുന്നത് .23 ലക്ഷം ജനങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടിരിക്കുന്നു. വംശഹത്യക്കെതിരെ സൗത്താഫ്രിക്ക ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരിക്കുന്നു. ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രായേല്‍, ഒഴിച്ചുകൂടാനാവാത്ത ഭീഷണിയായി ഹമാസിനെ അവരോധിക്കുകയും അവരുടെ ഉന്മൂലനത്തിനായി അലമുറയിടുകയും ചെയ്യുന്നു.

എന്നിട്ടും, ഇസ്രായേലിനെ നിയമാനുസൃത പ്രദേശമായി അംഗീകരിച്ചു, ദ്വിരാഷ്ട്ര പരിഹാരത്തെ ഉയര്‍ത്തിക്കാണിക്കുന്ന രീതിയില്‍ 1988 ചാര്‍ട്ടര്‍ പരിഷ്‌കരിക്കാനായി ഹമാസ് തുനിഞ്ഞിരുന്നു. ഇസ്രായേല്‍ ഹമാസിനെ നിലനില്‍ക്കാന്‍ ഇനി അനുവദിക്കില്ലെന്നും, ദ്വിരാഷ്ട്ര പരിഹാരത്തെ തള്ളിപ്പറഞ്ഞതിനാലുമായിരുന്നു ഇത്തരമൊരു നീക്കത്തിന് ഹമാസ് മുതിര്‍ന്നത്.

ഇസ്രായേലി സേനയെ പിന്‍വലിക്കുന്നതിനും, ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിനും, ഗാസയിലെ ഹമാസ് ഭരണത്തിന് അംഗീകാരം നല്‍കുന്നതിനും പകരമായി, യുദ്ധം അവസാനിപ്പിച്ച് തങ്ങള്‍ തടവിലാക്കിയ 100 ലധികം തടവുകാരെ മോചിപ്പിക്കാമെന്നുള്ള ഹമാസിന്റെ നിര്‍ദ്ദേശം നെതന്യാഹു ഇക്കഴിഞ്ഞ ഞായറാഴ്ച നിരസിച്ചിരുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കുകയാണെങ്കില്‍, വെടി നിര്‍ത്തലിന് തങ്ങള്‍ തയ്യാറാണെന്ന് ഇസ്രായേല്‍ അധികാരികളോട് വര്‍ഷങ്ങളോളം ഫലസ്തീനിലെ പ്രധാന പ്രതിരോധ സംഘങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അതിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം നടത്താം.

ദീര്‍ഘകാല വെടിനിര്‍ത്തല്‍ കരാറില്‍ ഹമാസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് വാദിച്ചുകൊണ്ട് ഇസ്രായേല്‍ ആ വാഗ്ദാനങ്ങളെല്ലാം നിരസിച്ചു.കൂടാതെ പോരാട്ടത്തില്‍ നിന്നുള്ള ഹ്രസ്വകാല വിരാമങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ആത്മാര്‍ത്ഥതയില്ലാത്തതും അവ തന്ത്രപരമായി ചിതറിപ്പോയ സായുധ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഹമാസിന് സഹായകമാകാന്‍ ഇടയുണ്ടെന്നും ഇസ്രായേല്‍ വാദിച്ചിരുന്നു. ഞായറാഴ്ച ആയിരുന്നു അവസാനമായി ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറിനോട് മുഖം ചുളിച്ചത്.

ഹമാസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളുടെ ഒരു ടൈംലൈന്‍

1988: സംഘടന സ്ഥാപിതമായി ഒരു വര്‍ഷത്തിനുശേഷം, ഹമാസ് നേതാവ് മഹ്‌മൂദ് അല്‍-സഹര്‍, അന്തരിച്ച ഇസ്രായേല്‍ ഉദ്യോഗസ്ഥരായ യിത്സാക്ക് റാബിന്‍, ഷിമോണ്‍ പെരസ് എന്നിവരെ കാണുകയും 1967-ലെ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് ഒരു സന്ധിക്ക് പകരമായി പിന്മാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഹമാസ് അതിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് നിര്‍മ്മിക്കുന്നതിന് മുമ്പായിരുന്നു ഇത്.കൂടാതെ, ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശവും അവരുടെ ഭൂമിയിലേക്ക് മടങ്ങാനുള്ള അവകാശവും പ്രഥമമായി അംഗീകരിക്കണമെന്ന വ്യവസ്ഥയില്‍, 1988-ല്‍ ഹമാസ് സ്ഥാപകന്‍ ഷെയ്ഖ് അഹമ്മദ് യാസിന്‍ തന്നെ ഇസ്രായേലുമായി ചര്‍ച്ച നടത്താനുള്ള സന്നദ്ധത കാണിച്ചിരുന്നു.

1994: ഇസ്രായേല്‍ സൈനികനായ നാച്ച്ഷോണ്‍ വാച്ച്സ്മാനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ശേഷം, ഹമാസ് ഇസ്രായേലിനോട് സന്ധി വാഗ്ദാനം ചെയ്തിരുന്നു.ഒരു വര്‍ഷം മുമ്പ്, വെസ്റ്റ് ബാങ്ക്, ഗാസ സ്ട്രിപ്പ്, കിഴക്കന്‍ ജറുസലേം എന്നിവ ഉള്‍പ്പെടുന്ന ഫലസ്തീന്‍ രാഷ്ട്രത്തിന് വേണ്ടിയുള്ള നിര്‍ദ്ദേശം പലസ്തീന്‍ അതോറിറ്റി (പിഎ) അംഗീകരിച്ചിരുന്നു. ഹമാസും ആ നിര്‍ദേശം അംഗീകരിച്ചിരുന്നു.

1995:അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ പിന്‍വാങ്ങാനുള്ള അതേ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഹമാസ് വീണ്ടും 10 വര്‍ഷത്തെ ഉടമ്പടി നിര്‍ദ്ദേശിച്ചു.

1996:ജനുവരിയില്‍ ഹമാസ് സൈനിക നേതാവ് യഹ്യ അയ്യാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് ശേഷം, പ്രസ്ഥാനം മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.

1997: സെപ്റ്റംബര്‍: ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ വെച്ച് ഹമാസ് രാഷ്ട്രീയ നേതാവ് ഖാലിദ് മെഷാലിനെ വധിക്കാന്‍ ശ്രമിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, പ്രസ്ഥാനം ഇസ്രായേലിനോട് 10 വര്‍ഷത്തെ വെടിനിര്‍ത്തല്‍ വാഗ്ദാനം ചെയ്തു.

ഒക്ടോബര്‍: ഇസ്രായേല്‍ ജയിലില്‍ നിന്ന് മോചിതനായ ശേഷം ഹമാസ് സ്ഥാപകന്‍ യാസിന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു.

നവംബര്‍: ഹമാസ് വീണ്ടും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശിച്ചു. ഫലസ്തീന്‍ സിവിലിയന്മാരെ ലക്ഷ്യം വയ്ക്കുന്നത് ഇസ്രായേല്‍ നിര്‍ത്തിയാല്‍, ഇസ്രായേലി സിവിലിയന്മാര്‍ക്കെതിരായ ആക്രമണം അവസാനിക്കുമെന്ന് ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു.

1999: 1967 ലെ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ പിന്‍വാങ്ങിയ സാഹചര്യത്തില്‍, യാസിന്‍ മറ്റൊരു വെടിനിര്‍ത്തല്‍ വാഗ്ദാനം മുന്നോട്ടുവെച്ചിരുന്നു . യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ക്ക് അയച്ച കത്തില്‍, ഇസ്രായേല്‍ പിന്‍വാങ്ങല്‍, ജനവാസ കേന്ദ്രങ്ങള്‍ ഒഴിപ്പിക്കല്‍, ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കല്‍ എന്നിവയ്ക്ക് പകരമായി എല്ലാ ശത്രുതകളും അവസാനിപ്പിക്കാമെന്ന് ഹമാസ് സമ്മതിച്ചിരുന്നു.

2003: ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ പിന്‍വാങ്ങണമെന്ന വ്യവസ്ഥയില്‍ ഡിസംബറില്‍ യാസിന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. നാല് മാസത്തിന് ശേഷം ഇസ്രായേല്‍ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു.

2004: യാസീന്റെ പിന്‍ഗാമിയും ഹമാസിന്റെ സഹസ്ഥാപകനുമായ അബ്ദുല്‍ അസീസ് അല്‍-റാന്റിസി വീണ്ടും 10 വര്‍ഷത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശിച്ചു. യാസിനിനെ കൊലപ്പെടുത്തി ഒരു മാസത്തിനുശേഷം ഇസ്രായേല്‍ അസീസിനെയും കൊലപ്പെടുത്തി.

2006: പിഎല്‍ഒ അംഗീകരിച്ച അന്തിമ പരിഹാരത്തിലൂടെ ഫലസ്തീന്‍ ജനതയുടെ സമ്പൂര്‍ണ്ണവും നിയമാനുസൃതവുമായ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഇസ്രായേല്‍ പ്രതിജ്ഞാബദ്ധമാവുകയാണെങ്കില്‍ , 10 വര്‍ഷത്തെ വെടിനിര്‍ത്തലിന് തങ്ങള്‍ തയ്യാറാണെന്ന് ഹമാസ് പറഞ്ഞിരുന്നു.

2007: ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഇസ്മായില്‍ ഹനിയേ 1967 ലെ അതിര്‍ത്തിക്കുള്ളില്‍ പലസ്തീന്‍ രാഷ്ട്രത്തിനായുള്ള ഗ്രൂപ്പിന്റെ ആഹ്വാനം ആവര്‍ത്തിച്ചു.

2008: ഹമാസ് നേതാവ് മെഷാല്‍ വീണ്ടും 10 വര്‍ഷത്തെ വെടിനിര്‍ത്തല്‍ വാഗ്ദാനം ചെയ്തു.അത് ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം ആവര്‍ത്തിച്ചു.

2014: ഇസ്രായേല്‍ ഉപരോധം നീക്കുന്നതിനും ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിനും പകരമായി ഹമാസും പലസ്തീന്‍ ഇസ്ലാമിക് ജിഹാദും 10 വര്‍ഷത്തെ വെടിനിര്‍ത്തല്‍ വാഗ്ദാനം ചെയ്തു.

2015: ഉപരോധം നീക്കുന്നതിന് പകരമായി ഹമാസ് ദീര്‍ഘകാല വെടിനിര്‍ത്തല്‍ നിര്‍ദ്ദേശിച്ചു.

2017: 1967-ലെ അതിര്‍ത്തിയില്‍ ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കുന്നതായി പ്രഖ്യാപിച്ച് ഹമാസ് അതിന്റെ പുതുക്കിയ ചാര്‍ട്ടര്‍ അവതരിപ്പിച്ചു.

ഹമാസ് 1988 ലെ ചാര്‍ട്ടര്‍ പരിഷ്‌കരിച്ചു

1948-ല്‍ തിരിച്ചെടുക്കാന്‍ കഴിയാതെ പോയ ഫലസ്തീന്‍ പ്രദേശങ്ങളും ഭൂമിയും വിഭവങ്ങളും പിടിച്ചെടുക്കാനാണ് ,1967-ലെ ഇസ്രായേല്‍ സൈനിക അധിനിവേശത്തിന് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം, 1987-ല്‍ ഹമാസ് പ്രസ്ഥാനം ഉടലെടുത്തത് .

1967 നും 1987 നും ഇടയില്‍ അരലക്ഷത്തിലധികം ഫലസ്തീനികള്‍ അറസ്റ്റ് ചെയ്യപ്പെടുകയും, അവര്‍ക്ക് ഇസ്രായേല്‍ സൈനിക കോടതികളില്‍ വിചാരണ നേരിടേണ്ടി വരികയും ചെയ്തു.ഏകദേശം 1,500 പലസ്തീന്‍ വീടുകള്‍ തകര്‍ക്കപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ നിര്‍ബന്ധിതമായി നാടുകടത്തപ്പെട്ടു.

2006-ലെ ഗാസയിലെ തിരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചതിന് ശേഷം, പിഎയും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും (പിഎല്‍ഒ) എടുത്ത എല്ലാ തീരുമാനങ്ങളെയും , 1967-ലെ അതിര്‍ത്തിയിലെ സംസ്ഥാനത്തെയും, പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്ന് ഹമാസ് നേതാവ് ഹനിയേ തുറന്നു പറഞ്ഞു. ഇസ്രായേലിന് അറബ് അംഗീകാരം നല്‍കിയതിന് പകരമായി,1967-ല്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ സേനയെ പിന്‍വലിക്കാനും,1948 മുതല്‍ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് തങ്ങള്‍ പലായനം ചെയ്ത വീടുകളിലേക്ക് മടങ്ങാനുള്ള അവകാശത്തിനും,പരമാധികാര സ്വതന്ത്ര ഫലസ്തീന്‍ രൂപീകരണത്തിനും, ആഹ്വാനം ചെയ്ത 2002 ലെ അറബ് സമാധാന സംരംഭത്തെ ഹമാസ് നേതാക്കള്‍ പിന്തുണച്ചിരുന്നു.

സംഘര്‍ഷത്തില്‍ ഒരു ‘സത്യസന്ധതയുള്ള ദല്ലാള്‍’ എന്ന് ഹമാസിനെ വാഷിംഗ്ടണ്‍ ഒരു പോസ്റ്റിലൂടെ വിശേഷിപ്പിച്ചിട്ടും, ഹമാസിന്റെ വാഗ്ദാനങ്ങള്‍ ഇസ്രായേല്‍ ആവര്‍ത്തിച്ച് തള്ളിക്കളയുകയും അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ സഖ്യകക്ഷികള്‍ അവരെ അവഗണിക്കുകയും ചെയ്തു. ഫലസ്തീന്‍ പ്രതിരോധത്തിന്റെ ഉയര്‍ച്ചയും സമാധാനവുമെന്ന പുസ്തകത്തിന്റെ രചയിതാവ് താരീഖ് ബക്കോണി പറഞ്ഞുവെക്കുന്നതായി കാണാം ‘ഇസ്രായേല്‍ അധിനിവേശം തങ്ങളുടെ കുടിയേറ്റക്കാരെ ബാധിക്കാതിരിക്കുകയാണെങ്കില്‍ , ഒരു ഉടമ്പടി വാഗ്ദാനം ചെയ്യാനും സിവിലിയന്മാരെ ലക്ഷ്യം വയ്ക്കുന്നത് അവസാനിപ്പിക്കാനും തങ്ങള്‍ തയ്യാറാണെന്ന് ഹമാസ് എല്ലായ്പ്പോഴും പറഞ്ഞിരുന്നു’.

വെസ്റ്റ്ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലുടനീളം നൂറുകണക്കിന് കോട്ടകളുള്ള അനധികൃത സെറ്റില്‍മെന്റുകളിലും ഔട്ട്പോസ്റ്റുകളിലുമായി കുറഞ്ഞത് 750,000 ഇസ്രായേലികള്‍ താമസിക്കുന്നു.അവയില്‍ ഭൂരിഭാഗം കെട്ടിടങ്ങളും പൂര്‍ണ്ണമായോ ഭാഗികമായോ സ്വകാര്യ ഫലസ്തീന്‍ ഭൂമിയില്‍ നിര്‍മ്മിച്ചതാണ്.

2017-ല്‍, ഹമാസ് 1988-ലെ ചാര്‍ട്ടര്‍ ഔപചാരികമായി ഭേദഗതി ചെയ്തു.1967-ലെ അതിര്‍ത്തിയില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കേണ്ടതുണ്ടെന്ന പ്രഖ്യാപനമുണ്ടായിരുന്നു അതില്‍.മെഷാല്‍ പറഞ്ഞു ‘തുടക്കം മുതലേ ഹമാസിന്റെ നീക്കങ്ങള്‍ വളരെ കൃത്യമായിരുന്നു. ഞങ്ങള്‍ ഒരു മതപരമായ യുദ്ധത്തെ കാഴ്ചവെക്കുന്നില്ല’.

ഇസ്രായേല്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തിന്റെ സ്വഭാവം അതിന്റെ തുടക്കം മുതല്‍ ഹമാസ് മനസ്സിലാക്കിയിരുന്നു. അത് അവര്‍ ജൂതന്മാരായതുകൊണ്ടല്ല, മറിച്ച് അധിനിവേശക്കാരായതുകൊണ്ടാണ്.ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പുതിയ നയരേഖയെ ‘നുണകള്‍’ ആണെന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞു. ലോകത്തെ കബളിപ്പിക്കാനുള്ള ശ്രമമാണിതെന്ന് പറഞ്ഞ് നെതന്യാഹു, ഒരു വീഡിയോയില്‍ പ്രതീകാത്മകമായി ഹമാസ് മുന്നോട്ടുവച്ച രേഖ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു.

ഗാസയെ സംബന്ധിച്ചല്ല ഹമാസുമായോ അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഭരിക്കുന്ന ഫത്താഹ് പോലുള്ള മറ്റ് ഫലസ്തീന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായോ ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പിന് ഇസ്രായേല്‍ താല്‍പ്പര്യം കാണിച്ചിട്ടില്ലെന്ന് ചില വിശകലന വിദഗ്ധര്‍ പറയുന്നു.റാമല്ല ആസ്ഥാനമായുള്ള അനലിസ്റ്റായ സാരി ഒറാബി പറയുന്നു’ഇത് ഗസ്സയെ കുറിച്ചല്ല.യുദ്ധം ആരംഭിച്ചത് ഇസ്രായേലാണോ ഹമാസാണോ എന്നതിനെക്കുറിച്ചല്ല. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ദിവസേന കൊലപാതകങ്ങളും ആക്രമണങ്ങളും നടക്കുന്നു.അല്‍-അഖ്സ മസ്ജിദിലും ആക്രമണങ്ങള്‍ അരങ്ങേറുന്നു . തടവുകാരും ചെക്ക്പോസ്റ്റുകളും ഉണ്ട്.ഗാസയിലെ ജനങ്ങള്‍ അഭയാര്‍ത്ഥികളാണ്. അവര്‍ ഫലസ്തീന്‍ ജനതയില്‍ നിന്ന് ഒറ്റപ്പെട്ടു, വേര്‍പിരിഞ്ഞു താമസിക്കുന്നവരാണ്. ‘

1948-ല്‍ സയണിസ്റ്റ് മിലിഷ്യകളാല്‍ ഇന്നത്തെ ഇസ്രായേല്‍ സംസ്ഥാനത്തിലെ പല നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട അഭയാര്‍ത്ഥികളാണ് ഗാസയിലെ ജനസംഖ്യയുടെ ബഹുഭൂരിഭാഗവും. ചില അനലിസ്റ്റുകള്‍ 1993 ലും 1995 ലും ഇസ്രായേലും,അക്കാലത്ത് ഫലസ്തീന്‍ ജനതയുടെ പ്രതിനിധിയായിരുന്ന
ജഘഛ യും, തമ്മില്‍ ഒപ്പുവച്ച ഓസ്ലോ ഉടമ്പടിയുടെ പരാജയത്തിന് ഇസ്രായേലിനെ കുറ്റപ്പെടുത്തുന്നു.കിഴക്കന്‍ ജറുസലേം, വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ് എന്നീ അധിനിവേശ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിലേക്ക് നയിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു ഇടക്കാല, അഞ്ച് വര്‍ഷ ഭരണസമിതിയുടെ രൂപീകരണത്തിലേക്ക് ഈ കരാറുകള്‍ നയിച്ചു.

എന്നിരുന്നാലും, ഭരണം നിലവില്‍ വന്ന് 30 വര്‍ഷം കഴിഞ്ഞിട്ടും, ഇസ്രായേല്‍ അധിനിവേശത്തിനും അനധികൃത ഭൂമി കൈയേറ്റങ്ങള്‍ക്കും കുടിയേറ്റങ്ങള്‍ക്കും മുന്നില്‍ ഒരു രാഷ്ട്രം സൃഷ്ടിക്കുന്നതില്‍ പിഎ പരാജയപ്പെട്ടു. 2007ല്‍ പിഎയില്‍ നിന്ന് ഹമാസ് ഗാസയുടെ നിയന്ത്രണം ഏറ്റെടുത്തു.ഫലസ്തീനികള്‍ക്കിടയില്‍ ഓസ്ലോ ഉടമ്പടിക്ക് പ്രാഥമിക പിന്തുണ ഉണ്ടായിരുന്നിട്ടും , 1999-ഓടെ അന്തിമ സമാധാന ഉടമ്പടിയിലെത്തുന്നതില്‍ പരാജയപ്പെട്ടതും, നെതന്യാഹുവിന് കീഴില്‍ സെറ്റില്‍മെന്റ് പ്രോജക്ടുകള്‍ വളര്‍ന്നുവന്നതും പലരെയും നിരാശരാക്കി. 2010-ല്‍ ചോര്‍ന്ന ഒരു വീഡിയോയില്‍, ഓസ്ലോ ഉടമ്പടി വിജയിച്ചില്ലെന്ന് താന്‍ എങ്ങനെ ഉറപ്പാക്കിയെന്ന് നെതന്യാഹു വെളിപ്പെടുത്തിയിരുന്നു .

മാറിമാറി വന്ന ഗവണ്‍മെന്റുകള്‍ക്ക് കീഴിലുള്ള ഇസ്രായേല്‍ നയങ്ങള്‍, പിഎയെയും അതിന്റെ അഭിലാഷങ്ങളെയും തുരങ്കം വെക്കുന്നതായിരുന്നതിനാല്‍,ഓസ്ലോ ഉടമ്പടിയുടെ പ്രതീക്ഷകള്‍ നിരാശയായി മാറി.

ഇന്ന്, അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചിലയിടങ്ങളില്‍ മാത്രം PA യ്ക്ക് പരിമിതമായ ഭരണാധികാരമുള്ളൂ. അതേസമയം അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്ന, ഇസ്രായേലി സെറ്റില്‍മെന്റുകള്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും കുടിയേറ്റക്കാരുടെ ജനസംഖ്യ 1993-ലെ 250,000 നിന്ന് ഈ വര്‍ഷം 700,000-ത്തിലധികമായി വര്‍ദ്ധിച്ചിരിക്കുന്നു.

ബകോണി പറയുകയാണ്’ഇസ്രായേലികള്‍ക്ക് ഓസ്ലോ കരാര്‍ ആവശ്യമായിരുന്നു.കാരണം അങ്ങനെയാണ് ഒരു സമാധാന പ്രക്രിയയുടെ മുഖം നിലനിറുത്തിക്കൊണ്ട്,
അവര്‍ കോളനിവല്‍ക്കരണം നിലനിര്‍ത്തുന്നത് .ഹമാസ് ഇസ്രായേലികളുടെ മുമ്പില്‍ ഒരു കണ്ണാടി കാണിക്കുകയായിരുന്നു: നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അധിനിവേശം അവസാനിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍, അത് ഉടനെ അവസാനിപ്പിക്കുക.ഇസ്രായേല്‍ ഫലസ്തീനികളെ ജറുസലേമിന്റെയും വെസ്റ്റ് ബാങ്കിന്റെയും ഗാസയുടെയും കിഴക്കന്‍ ഭാഗത്ത് വിടുന്ന പക്ഷം, തങ്ങള്‍ സായുധ പ്രതിരോധം അവസാനിപ്പിക്കും.1993 ഓസ്ലോ ഉടമ്പടികള്‍ക്ക് പകരം അതായിരുന്നു ഹമാസിന്റെ വാഗ്ദാനം.

 

വിവര്‍ത്തനം : ഇബ്‌നു ബഷീര്‍ കാരിപറമ്പ്
Source : Al jazeera

Related Articles