Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ വിഷയത്തില്‍ അറബ് നേതാക്കള്‍ വായ തുറന്നേ പറ്റൂ

ഇസ്രായേലിന്റെ ഗസ്സ യുദ്ധത്തിലുള്ള അറബ് സര്‍ക്കാരുകളുടെ പ്രതികരണം മുന്‍പത്തെ നാല് യുദ്ധങ്ങളിലെയും പോലെ ദുര്‍ബലവും ക്ഷീണവും തന്നെയായിരുന്നു. എന്നാല്‍ ഇസ്രായേലിന്റെ മുന്‍കാല ആക്രമണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈ വംശഹത്യ – അവസാനിപ്പിച്ചില്ലെങ്കില്‍ മുഴുവന്‍ അറബ് ലോകത്തിനും അത് അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ഗസ്സയിലെ രണ്ടര ദശലക്ഷം ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അറബ് പൊതുജനം തെരുവിലിറങ്ങി പ്രഖ്യാപിച്ചതിന് ശേഷമാണ് അറബ് നേതാക്കള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അറബ് പ്രശ്നങ്ങളില്‍ ഫലസ്തീന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുണ്ടെങ്കിലും, കേവല ജല്‍പനങ്ങളും ക്ലീഷേകളും മാത്രമാണ് അവരിൽ നിന്ന് കൂടുതലും പുറത്ത്‍വരുന്നത്.

ഒക്ടോബര്‍ 11ന് കൈറോവില്‍ ചേര്‍ന്ന അറബ് ലീഗ് യോഗത്തില്‍ ഇരു ഭാഗത്തും സാധാരണക്കാരെ ലക്ഷ്യമിടുന്നതിനെയാണ് അറബ് വിദേശകാര്യ മന്ത്രിമാര്‍ അപലപിച്ചത്. അധിനിവേശക്കാരെയും അധിനിവേശത്തിനിരയായവരെയും, ഫലസ്തീന്‍ പ്രതിരോധ സംഘത്തെയും അധിനിവേശ സൈന്യത്തെയും ഒരുപോലെയാണ് അവര്‍ സമീകരിച്ചത്. അക്രമാസക്തമായ വംശീയ ഉന്മൂലനത്തിലൂടെ 1948 ലെ നക്ബയെ (ദുരന്തം) ഇസ്രായേല്‍ വീണ്ടും പുനരാവിഷ്ക്കരിക്കുമ്പോൾ സമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ അവ്യക്തമായാണ് സംസാരിച്ചത്.

470 ഓളം ഫലസ്തീനികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഒക്ടോബര്‍ 17-ന് അല്‍-അഹ്ലി ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണം, അറബ്അന്തര്‍ദേശീയ പൊതുജനങ്ങളെ രോഷാകുലരാക്കി, ഇത് അറബ് ഭരണകൂടങ്ങളെ കുറച്ചുകൂടി ദൃഢനിശ്ചയത്തോടെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, ഒക്ടോബര്‍ 7ലെ രണ്ട് വിഭാഗത്തിന്റെയും ആക്രമണങ്ങളെയും അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പ്രമേയം പാസാക്കാന്‍ യു.എന്‍ അംഗരാജ്യങ്ങളെ പ്രേരിപ്പിക്കുന്നതില്‍ അറബ് വിദേശകാര്യ മന്ത്രിമാര്‍ വിജയിച്ചു.

പ്രമേയം വീര്യം  കുറഞ്ഞതും ദുർബലവുമാണെങ്കിലും, അന്താരാഷ്ട്ര സമൂഹത്തിനുള്ളില്‍ ഇസ്രായേല്‍ ഒറ്റപ്പെടാന്‍ ഇത് കാരണമായി. എന്നാല്‍ ഇസ്രായേല്‍ അധികാരികള്‍ അതിനെ പാടെ അവഗണിച്ചു, ‘ലോകം അതിന് എന്താണ് വേണ്ടതെന്ന് പറയുന്നു, ഇസ്രായേല്‍ ചെയ്യേണ്ടത് ചെയ്യുന്നു’ എന്ന തത്വമാണ് മുന്നോട്ടു പോകുന്നത്.

അവര്‍ നിസ്സംഗതയോടെ ഗസ്സ മുനമ്പില്‍ വിനാശകരമായ കര ആക്രമണം നടത്തി, പ്രദേശത്തെ ടെലികമ്മ്യൂണിക്കേഷന്‍ 36 മണിക്കൂര്‍ വിച്ഛേദിക്കുകയും കൂടുതല്‍ മരണവും നാശവും വിതക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ഫലസ്തീനികളുടെ കഷ്ടപ്പാടുകളോട് വേണ്ടത്ര പ്രതികരിക്കാന്‍ കഴിയാത്ത രീതിയില്‍ ഉദാസീനവും ബലഹീനവുമായ അറബ് രാഷ്ട്രങ്ങള്‍ അങ്ങേയറ്റം വിഭജിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇസ്രായേല്‍ വിശ്വസിക്കുന്നത്.

അത് തെറ്റല്ല, ഹാ, കഷ്ടം

ഫലസ്തീന്‍ ലക്ഷ്യത്തിനുള്ള ഔദ്യോഗിക അറബ് പിന്തുണ കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. 1979-ല്‍ ഇസ്രായേലുമായി സമാധാന ഉടമ്പടി ഒപ്പിടാനുള്ള ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ തീരുമാനത്തോടെയാണ് ഇതിന് തുടക്കമായത്. മൂന്ന് വര്‍ഷത്തിന് ശേഷം, ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പി.എല്‍.ഒ) രാജ്യത്ത് നിന്ന് പുറത്താക്കുകയും ലെബനാനില്‍ ഹിസ്ബുള്ളയുടെയും ഫലസ്തീനില്‍ ഹമാസിന്റെയും ആവിര്‍ഭാവത്തിന് വഴിയൊരുക്കുകയും ചെയ്ത ലെബനാനിലെ ഇസ്രായേല്‍ അധിനിവേശം തടയാന്‍ ആരും ശ്രമിച്ചില്ല.

തുടര്‍ന്നുള്ള നാല് പതിറ്റാണ്ടുകളില്‍, അറബ് ഭരണകൂടങ്ങള്‍ക്ക് ഫലസ്തീന്‍ ലക്ഷ്യത്തിന് പിന്നില്‍ അണിനിരക്കുന്നതിൽ താല്‍പര്യം കുറഞ്ഞുവരുന്നതായാണ് കണ്ടത്. ഇറാഖ്-ഇറാന്‍ സംഘര്‍ഷം, കുവൈത്തിലെ ഇറാഖ് അധിനിവേശം, യു.എസ് നേതൃത്വത്തിലുള്ള രണ്ട് ഗള്‍ഫ് യുദ്ധങ്ങള്‍, 2011ലെ അറബ് വസന്ത വിപ്ലവത്തെ തുടര്‍ന്നുള്ള ഒന്നിലധികം ആഭ്യന്തര യുദ്ധങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി യുദ്ധങ്ങളാല്‍ അറബ് ലോകം തകര്‍ന്നടിഞ്ഞു.

ഇന്ന് അറബ് നേതാക്കള്‍ ഫലസ്തീനു വേണ്ടി ശബ്ദമുയര്‍ത്താന്‍ തയ്യാറായേക്കാം, എന്നാല്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ ഇതിനെക്കുറിച്ച് കൃത്യമായി സംസാരിക്കാന്‍ പ്രാപ്തിയുള്ളൂ. അവര്‍ പറയുന്നത് പ്രാവര്‍ത്തികമാക്കാനും അന്ത് പിടുരാനും സ്വാധീനിക്കാനും അവര്‍ക്കാവുന്നില്ല. സത്യം പറഞ്ഞാല്‍, അറബ് നേതാക്കള്‍ക്ക് അവരുടെ മധ്യത്തിലുള്ള കൊളോണിയല്‍ അധിനിവേശമെന്ന നിലയില്‍ ഇസ്രായേലിനോട് വിയോജിപ്പുണ്ട്. എന്നാല്‍ അവരുടെ പൗരന്മാരുടെ കഷ്ടപ്പാടുകളോടുള്ള പോലെ തന്നെ ഫലസ്തീനികളുടെ ദുരവസ്ഥയിലും അവര്‍ നിസ്സംഗത പുലര്‍ത്തുകയാണ്. വാസ്തവത്തില്‍, ഇസ്രായേല്‍ ഫലസ്തീനികളെ കൈകാര്യം ചെയ്തതുപോലെ ചില ഭരണകൂടങ്ങളും അവരുടെ ജനങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ട്. അവരില്‍ പലരും ഫലസ്തീന്‍ അവകാശങ്ങള്‍ക്കായി സംസാരിച്ചത്, അവരുടെ ജനങ്ങളുടെ കണ്ണില്‍ ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് നിയമ സാധുതയുണ്ടായത് കൊണ്ടാണ്.

അറബ് ബലഹീനത മറ്റ് പ്രാദേശിക കളിക്കാര്‍ക്ക് -ഇറാനും തുര്‍ക്കിയും- അറബ് ചെലവില്‍ മേഖലയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന് വഴി തുറന്നു. ഇത് പ്രാദേശിക സങ്കീര്‍ണ്ണതയുടെയും വിഭജനത്തിന്റെയും മറ്റൊരു തട്ട് സൃഷ്ടിക്കുന്നു. ഇറാന്റെ ആഴത്തിലുള്ള സ്വാധീനവും നിരവധി അറബ് രാജ്യങ്ങളിലെ അശ്രദ്ധമായ നയങ്ങളും കൂടുതല്‍ അമേരിക്കന്‍ പിന്തുണയ്ക്ക് പകരമായി ഇസ്രായേലുമായി പരസ്യമായി സഖ്യമുണ്ടാക്കാന്‍ ചില ഭ്രാന്തന്‍ ഭരണകൂടങ്ങളെ പ്രേരിപ്പിച്ചു.

എന്നാല്‍ ഇസ്രായേലിനോ അമേരിക്കക്കോ അവരുടെ സുരക്ഷ ഉറപ്പുനല്‍കാന്‍ കഴിയില്ല അല്ലെങ്കില്‍ തയ്യാറല്ല എന്നത് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഇസ്രയേലുമായുള്ള അവരുടെ പുതിയ പങ്കാളിത്തത്തിന് തുരങ്കം വയ്ക്കാനും അവരെ ഒരു പ്രാദേശിക യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനും ഉദ്ദേശിച്ച് ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്ക് ഈ ഭരണകൂടങ്ങള്‍ ഇറാനെയും ഹമാസിനെയും നിശ്ശബ്ദമായി കുറ്റപ്പെടുത്തുന്നുണ്ട്.

ഫലസ്തീന്‍ ജനതയ്ക്ക് അസഹനീയമായ യാതനകള്‍ അടിച്ചേല്‍പ്പിച്ച് പ്രദേശത്തെ യുദ്ധത്തിലേക്ക് തള്ളിവിടാന്‍ ഇറാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഹമാസിന്റെ ശ്രമങ്ങളാണന്ന് ഭരണകൂടങ്ങള്‍ കരുതുന്നതിനെ ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാരുമായി ബന്ധപ്പെട്ട മതപ്രഭാഷകരും പത്രപ്രവര്‍ത്തകരും പണ്ഡിതന്മാരും അപലപിച്ചു. എന്നാല്‍ അത്തരം നിലപാടുകള്‍ അറബ് പൊതുജനാഭിപ്രായത്തെ സ്വാധീനിച്ചിട്ടില്ല.

ഇസ്രയേലിന്റെ ക്രൂരതക്കെതിരെ പ്രതിഷേധിക്കാനും ഫലസ്തീന്‍ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുന്നത് തടയാന്‍ അന്താരാഷ്ട്ര ഇടപെടലിന് ആഹ്വാനം ചെയ്യാനും അറബികള്‍ അവര്‍ക്ക് അനുവദിച്ചിടത്തെല്ലാം കൂട്ടത്തോടെ തെരുവിലിറങ്ങി. നടപടികളൊന്നും സ്വീകരിച്ചില്ലെങ്കില്‍ പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയായേക്കാവുന്ന ജനകീയ പ്രക്ഷോഭമായി പ്രതിഷേധം മാറിയേക്കാം. ഇസ്രായേല്‍ ഗസ്സയെ നശിപ്പിക്കുകയും ഫലസ്തീനിയന്‍ കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയും കൂട്ടക്കൊല നടത്തുകയും ചെയ്യുന്നത് തുടരുമ്പോള്‍, കനത്ത പൊതു സമ്മര്‍ദ്ദത്തിന് വിധേയരാകുന്നതിന് മുമ്പ് ഇസ്രായേലിന്റെ അറബ് പങ്കാളികള്‍ അവരുടെ സാധാരണവല്‍ക്കരണവും സഹകരണ കരാറുകളും പുനഃപരിശോധിക്കണം.

ഈ സാധാരാണവത്കരണത്തിനെതിരായ പ്രക്രിയ ഫലസ്തീന്‍ അതോറിറ്റിയില്‍ നിന്ന് തന്നെ ആരംഭിക്കണം, ഇസ്രയേലുമായുള്ള ബന്ധം നിലനിര്‍ത്താനുള്ള അറബ് രാജ്യങ്ങളുടെ നിര്‍ബന്ധം അവരുടെ സൈനിക അധിനിവേശം വര്‍ദ്ധിപ്പിക്കാനും ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കുന്നത് ത്വരിതപ്പെടുത്താനും അനുവദിച്ചു. പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ ഭരണകൂടം ഇസ്രായേല്‍ സര്‍ക്കാരുമായുള്ള ബന്ധം വിച്ഛേദിക്കാനും വെസ്റ്റ്ബാങ്കില്‍ നാശം വിതയ്ക്കുന്ന ഇസ്രായേല്‍ സൈന്യത്തില്‍ നിന്നും കുടിയേറ്റക്കാരില്‍ നിന്നും തങ്ങളുടെ സിവിലിയന്മാരെ സംരക്ഷിക്കാനുമുള്ള പ്രവര്‍ത്തനം തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

എന്ത് തന്നെ വന്നാലും ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ അറബ് നേതാക്കള്‍ ഒന്നിക്കണം. കാരണം, അറബ്, ഫലസ്തീന്‍ അവകാശങ്ങള്‍ക്ക് അനുകൂലമായി ഒരേ സ്വരത്തില്‍ യോജിച്ച് സംസാരിക്കുന്നതിലൂടെ മാത്രമേ അവര്‍ക്ക് അറബ് കാര്യങ്ങളില്‍ ഇസ്രായേലി ആക്രമണവും വിദേശ ഇടപെടലും തടയാന്‍ കഴിയൂ.

 

അവലംബം: അല്‍ജസീറ

വിവ: പി.കെ സഹീര്‍ അഹ്‌മദ്

 

 

 

Related Articles