Current Date

Search
Close this search box.
Search
Close this search box.

‘ഗസ്സ ഒരു അഗ്നിപര്‍വതമാണ് ‘

gaza0214.jpg

സയണിസ്റ്റ് ഭരണാധികാരികളില്‍ കുപ്രസിദ്ധനായ ജനറല്‍ ഇസ്ഹാഖ് റാബീന്‍ കഴിഞ്ഞാല്‍ ഫലസ്തീനിനോട് ഏറ്റവും വിദ്വേഷവും പകയുമുള്ളത് പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹുവിനാണ്. അടുത്ത പ്രഭാതം പുലരുമ്പോള്‍ ഗസ്സയെ കടല്‍ വിഴുങ്ങിയതായും, അവിടെ യാതൊരു അവശിഷ്ടവും ഇല്ലാതെ, എല്ലാവരും നശിച്ച് പോയതായും കാണണമെന്നാണ് ഇവരിരുവരും ആഗ്രഹിക്കുന്നത്. അത്രമാത്രം ഗസ്സ അയാളെ അസ്വസ്ഥനാക്കുകയും, ഉപദ്രവിക്കുകയും ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ അത് തീപ്പൊരിയും കണ്ണുകളില്‍ രക്തവുമൊഴുക്കിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ നാട്ടില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരെ ഭയപ്പെടുത്തുകയും, ഭരണകൂടത്തെ പരിഭ്രാന്തരാക്കുകയും ചെയ്തിരിക്കുന്നു. ഫലസ്തീന്റെ എല്ലാ പട്ടണങ്ങളിലും ഗസ്സയിലെ രക്തസാക്ഷിത്വം കൊതിക്കുന്ന പോരാളികളുണ്ട്. വടക്ക് നിന്നും തെക്ക് നിന്നും അവര്‍ ആക്രമണം നടത്തുന്നു . സൈന്യത്തെ അവരുടെ മാളങ്ങളിലും, കുടിയേറ്റക്കാരെ അവരുടെ കോട്ടകളിലും, സയണിസ്റ്റ് സംഘങ്ങളെ എല്ലായിടത്തും ചെന്ന് പോരാളികള്‍ ആക്രമിക്കുന്നു . രക്തം കൊണ്ടെഴുതിയെടുത്ത, രക്തസാക്ഷികളുടെ ആത്മാവിനാല്‍ കയ്യൊപ്പ് ചാര്‍ത്തിയ സന്ദേശമാണ് സയണിസ്റ്റ് അധികാരികള്‍ക്ക് അവര്‍ അയക്കുന്നത്. ഫലസ്തീന്‍ ഞങ്ങളുടെ ഭൂമിയാണ്, അത് ഞങ്ങളുടെ രാഷ്ട്രമാണ്, ഞങ്ങളുടെ പ്രപിതാക്കളുടെയും, പൂര്‍വികരുടെയും ജന്മസ്ഥലമാണ്, അത് ഞങ്ങളുടെ മാത്രം അവകാശമാണ് മറ്റാരുടെയുമല്ല, ഞങ്ങളുടെ മാത്രം ഉടമസ്ഥതയിലുള്ളതാണ്, ഞങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ പിന്‍തലമുറക്കും.. ആര്‍ക്കുമതില്‍ പങ്കില്ല, ആരുമത് ഞങ്ങള്‍ക്ക് വീതിച്ച് തരേണ്ടതില്ല, ഗസ്സാ നിവാസികള്‍ അഭിമാനികളും, പോരാളികളുമാണ്, അവര്‍ തങ്ങള്‍ വിട്ടേച്ച് പോകാന്‍ നിര്‍ബന്ധിതരായ പ്രിയപ്പെട്ട ഭൂമിയും, തകര്‍ക്കപ്പെട്ട ഗ്രാമവും മറക്കുകയില്ല, അവര്‍ക്ക് അതിന് പകരം മറ്റൊന്നും സ്വീകാര്യമല്ല, ഹൈഫയും, യാഫയും, റംലയും, ഉസ്ദൂദും അവരുടെ ഹൃദയങ്ങളില്‍ ഉറച്ചിരിക്കുന്നു. അവരുടെ മനോമുകുരങ്ങളില്‍ ഖുദ്‌സും, ഖളീറയും, അഫൂലയുമൊക്കെയാണ്. സുദൃഢമായ മതിലുകളുള്ള, ശക്തരായ കാവല്‍ക്കാരുള്ള ഉകാ അവരുടെ സ്മരണകളില്‍ അവശേഷിച്ച് കൊണ്ടിരിക്കും… പവിത്രമായ മണ്ണാണത്…. വ്യക്തമായ സത്യവും..

എന്നാല്‍ അധികാരക്കൊതിയനായ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു, കസേരയുറപ്പിക്കുന്നതിന് വേണ്ടി സര്‍വം ത്യജിച്ച് കൊണ്ടിരിക്കുകയാണ്. നിലവിലുള്ള സ്ഥാനം നഷ്ടപ്പെടുമെന്നതാണ് അയാളുടെ ആശങ്ക. അദ്ദേഹം കോപിഷ്ടനും, നിരാശനും ദുഖിതനുമാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. എപ്പോഴും പിരിമുറുക്കത്തോടയും, അസ്വസ്ഥതയോടും കൂടിയാണ് ജീവിക്കുന്നത്. ഗസ്സക്ക് മേല്‍ ആക്രമണം നടത്താനുള്ള തന്റെ തീരുമാനത്തിന്റെ ഉത്തരവാദിത്തം തന്റെ ഉപദേഷ്ടാക്കളുടെ തലയില്‍ കെട്ടിവെക്കുകയാണ് അദ്ദേഹം ചെയ്തത്. നിരുത്തരവാദപരമായ പ്രസ്താവനയുടെ പേരില്‍ വിദേശകാര്യമന്ത്രിയെ പഴിക്കുകയും ചെയ്തു. തനിക്കെതിരെ നില്‍ക്കുന്നതിന്റെ പേരില്‍ അന്താരാഷ്ട്ര സമൂഹത്തെയും ശകാരിച്ചു. തന്റെ സൈന്യത്തിന്റെ ദൗര്‍ബല്യം മുമ്പെ അറിയുന്നവനായിരുന്നു മുന്‍പ്രധിരോധ മന്ത്രി യഹൂദ് ബറാകെന്ന് ആരോപിച്ചു. തന്നെ പിന്തുണക്കാന്‍, തന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അയാള്‍ സന്നദ്ധനല്ലെന്നും നെതന്യാഹുവിന് അറിയാമായിരുന്നു. എന്നിട്ടും സൈനിക ഓപറേഷന്‍ തീരുമാനിക്കുകയായിരുന്നു അയാള്‍. തയ്യാറല്ലാത്ത സൈന്യത്തെ യുദ്ധത്തിന് പ്രേരിപ്പിക്കുകയും, നിര്‍ബന്ധിക്കുകയും ചെയ്തു. ചെറുത്ത് നില്‍പ് പോരാളികളുടെ ശക്തിയെക്കുറിച്ച് അയാള്‍ക്ക് ധാരണയുണ്ടായിരുന്നില്ല. ജഅ്ബരിയെ വധിച്ചത് ചെറുത്ത് നില്‍പ് പോരാളികളെ സ്വാധീനിക്കുമെന്നും, ദുര്‍ബലപ്പെടുത്തുമെന്നുമുള്ള അദ്ദേഹത്തിന്റെ കണക്ക് കൂട്ടല്‍ ഭീമാബദ്ധമായിരുന്നു. അവരുടെ റോക്കറ്റുകള്‍ ഇസ്രായേലില്‍ എത്തില്ല എന്ന അദ്ദേഹത്തിന്റെ ധാരണയും അസ്ഥാനത്താവുകയാണ് ചെയതത്. ഇസ്രായേലിന്റെ സുരക്ഷാക്രമീകരണങ്ങള്‍ സുഭദ്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം.

ചുരുക്കത്തില്‍ നെതന്യാഹു ഇപ്പോള്‍ കെണിയില്‍ വീണിരിക്കുകയാണ്. അദ്ദേഹത്തിന്റെ ബലവത്തായ കാലുകള്‍ വഴുതുകയും ഇടറിവീഴുകയും ചെയ്തിരിക്കുന്നു. അമ്പ് ഉന്നം പിഴക്കുകയും, വാള്‍ത്തല മൂര്‍ച്ചയറ്റ് പോവുകയും ചെയ്തു. ഇപ്പോള്‍ ഖേദത്താല്‍ വിരല്‍കടിക്കുകയാണയാള്‍. തന്റെ ഭാവികാര്യങ്ങളും അതിന്റെ പരിണിതിയെ കുറിച്ചും നന്നായി ഗ്രഹിക്കാനറിയാത്ത, തന്റെ മൂക്ക് വിട്ട് ചിന്തിക്കാനറിയാത്ത, അബദ്ധം മാത്രം പ്രവര്‍ത്തിക്കാനറിയുന്ന ഏതാനും പേരെയാണ് അദ്ദേഹം ചുമതലകള്‍ ഏല്‍പിച്ചത്. തങ്ങള്‍ക്ക് ചുറ്റുമുള്ള ലോകം ആകെ മാറിയിരിക്കുന്നുവെന്ന് അവര്‍ക്കറിയില്ല. ഫലസ്തീന്‍ ചെറുത്ത് നില്‍പ് പോരാളികള്‍ തങ്ങള്‍ വെച്ച വടത്തിനേക്കാള്‍ വലുതായിരിക്കുന്നുവെന്നും, അവരുടെ കയ്യില്‍ അധികാരവും ശക്തിയും കയ്യാമങ്ങളുമുണ്ടെന്നും, ദുര്‍ബലപ്പെടാത്ത മനക്കരുത്തുമുണ്ടെന്നും ഇവര്‍ വിസ്മരിച്ചിരിക്കുന്നു. സമയം പാഴായിരിക്കുന്നു, ഖേദം യാതൊരു പ്രയോജനവും ചെയ്യില്ല. അയാളുടെ പരിണിതി തന്റെ പൂര്‍വികനായ യഹൂദ് ഒല്‍മെര്‍ട്ടിന്റേതില്‍ നിന്ന് വ്യത്യസ്തമായിരിക്കില്ല. അവരെ രണ്ട് പേരെയും യോജിപ്പിക്കുന്ന ഘടകം അവര്‍ രണ്ട് പേരും പരാജിതരും നഷ്ടകാരികളും, പേടിത്തൊണ്ടന്മാരുമാണ് എന്നതായിരുന്നു. നേതൃത്വത്തിലേക്ക് മടങ്ങിവരാനാവശ്യമായ സമയം ഇനിയവര്‍ക്ക് ബാക്കിയില്ല. അവരുടെ ജനത ഇനി അവരില്‍ വിശ്വാസമര്‍പ്പിക്കുകയില്ല. എന്നല്ല, ഇനി അവര്‍ മടങ്ങി വന്നാല്‍ തന്നെ തങ്ങളുടെ പരാജയത്തില്‍ നിന്നും പാഠം പഠിക്കുന്നതിന് പകരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുക.

നെതന്യാഹു ഗസ്സയെ ശപിക്കുകയും, അവിടെയുള്ളവരെ വെറുക്കുകയും ചെയ്യുന്നവനാണ് എന്ന് അദ്ദേഹത്തിനോട് ഏറ്റവും അടുത്തവര്‍ പറയുന്നു. ഗസ്സാ നശിച്ച് പോവണമെന്നും, അവിടെയുള്ളവര്‍ മൃതിയടയണമെന്നുമാണ് അയാളുടെ ആഗ്രഹം. കീഴ്‌പെടാനറിയാത്ത, നിര്‍ഭയരായ, മരണത്തെ വെറുക്കാത്ത, ഉപരോധത്തില്‍ നിന്നും ശക്തിയുണ്ടാക്കിയ, ബഹിഷ്‌കരണത്തില്‍ നിന്നും വിജയത്തിലേക്ക് പറന്നു വന്നവരാണ് അവര്‍. ബലഹീനത അവരെ ഇരുത്തുകയോ, നിരാശ അവരെ ദുര്‍ബലരാക്കുകയോ, രക്തം അവരെ വേദനിപ്പിക്കുകയോ ഇല്ല.. വിപ്ലവങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനും, ഭരണകൂടങ്ങള്‍ തകരുന്നതിനും അവര്‍ കാരണമായിരിക്കുന്നു. അവര്‍ തങ്ങളുടെ ഭൂമിയെ ഖിബ്‌ലയാക്കി മാറ്റി, അറബികളും മുസ്‌ലിംകളുമായ, ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ജനങ്ങളിപ്പോള്‍ അങ്ങോട്ടാണ് തിരിഞ്ഞിരിക്കുന്നത്. അവിടെ നിന്ന് അവര്‍ അനുഗ്രഹം കാംക്ഷിക്കുകയും, പ്രതാപം പ്രതീക്ഷിക്കുയും, ശക്തികേന്ദ്രങ്ങള്‍ കണ്ടെത്തുകയുമാണ്. അതിന്റെ കവാടങ്ങള്‍ എല്ലാ അതിഥികള്‍ക്ക് മുന്നിലും തുറക്കപ്പെട്ടിരിക്കുന്നു. നാനാതുറകളില്‍ നിന്നും അവര്‍ അങ്ങോട്ട് ഒഴുകുന്നു. അവിടെയെത്താന്‍ യാത്രാ പ്രതിസന്ധികളും, വിഷമങ്ങളും താണ്ടുന്നു. ഗസ്സാ സന്തതികളുടെ കൂടെ ചേരാന്‍ അവര്‍ പ്രയാസങ്ങള്‍ സഹിക്കുന്നു.

തങ്ങള്‍ക്ക് മേല്‍ വന്നിറങ്ങിയ ശാപവും ദുശ്ശകുനവുമാണ് ഗസ്സയെന്ന് നെതന്യാഹുവിന് ബോധ്യപ്പെട്ടിരിക്കുന്നു. തങ്ങളുടെ നാശത്തെക്കുറിക്കുന്ന അപലക്ഷണമാണതെന്ന് അയാള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അവര്‍ തങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുക തന്നെ ചെയ്യും. ചങ്കുകളില്‍ മുള്ള് വെക്കുന്നതിനും, പദ്ധതികള്‍ തകര്‍ക്കുന്നതിനുമായി വഴിയില്‍ പ്രതിബന്ധം തീര്‍ക്കുകയും ചെയ്യും. കാലം മാറിക്കൊണ്ടേയിരിക്കുകയാണ്. സംഭവങ്ങളും കാലത്തിന്റെ വഴിക്ക് തന്നെയാണ്. പക്ഷെ പോരാളികളായ ഗസ്സ അഗ്നിപര്‍വത സ്‌ഫോടനത്തെയാണ് അനുസ്മരിപ്പിക്കുന്നത്. അത് ശക്തമായി പൊട്ടിത്തെറിച്ചേക്കാം, അതില്‍ നിന്ന് ലാവ പുറത്തേക്കൊഴുകിയേക്കാം. തീപ്പൊരികള്‍ ചിതറിയേക്കാം… ഗസ്സയില്‍ അവശേഷിക്കാന്‍ കൊതിക്കുന്ന എല്ലാ സയണിസ്റ്റുകളെയും അത് കരിച്ച് കളഞ്ഞേക്കാം..

നെതന്യാഹുവിന്റെ അന്ത്യത്തെ വിളിച്ചറിയിച്ച ഗസ്സ പ്രതാപിയാണ്. വിടവാങ്ങാന്‍ നെതന്യാഹുവിന്റെ മുന്നില്‍ കവാടം മലര്‍ക്കെ തുറന്നിരിക്കുകയാണിപ്പോള്‍. അദ്ദേഹത്തിനും, മറ്റുള്ളവര്‍ക്കും കൂടുതല്‍ സന്ദേശവും, ഭീഷണിയും കലര്‍ന്ന സ്വരമാണ് ഗസ്സയുടേത്. അവര്‍ പ്രതീക്ഷിക്കാത്ത, സങ്കല്‍പിക്കാനാവാത്ത, അവരുടെ ചാരന്മാരുടെ കണ്ണുകളെത്താത്ത ശക്തിയും നിശ്ചയദാര്‍ഢ്യവും അത് വിളിച്ചറിയിക്കുന്നു. അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഗസ്സയുടെ കവാടങ്ങളില്‍ തട്ടിയുടഞ്ഞിരിക്കുന്നു. അവരുടെ സഖ്യങ്ങള്‍ ചിന്നഭിന്നമായിരിക്കുന്നു. ഓല്‍മെര്‍ട്ടിന്റെ വഴിയല്ലാതെ നെതന്യാഹുവിന്റെ മുന്നില്‍ മറ്റൊന്നുമില്ല. ഗസ്സ ആക്രമിച്ച അയാള്‍ പൊടുന്നനെ സ്ഥാനഭ്രഷ്ടനായി. തലകുനിച്ച്, ബുദ്ധിയുടെ സമനിലതെറ്റി, കുറ്റവാളിയുടെ മുഖത്തോടെ, വിചാരണ ചെയ്യപ്പെട്ട് ഒടുവില്‍ കാലം അയാളെ ചുവരിന് പുറത്തേക്ക് തള്ളുകയാണുണ്ടായത്.

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Related Articles