Current Date

Search
Close this search box.
Search
Close this search box.

ഹിന്ദു-മുസ്ലിം ഐക്യം ഊട്ടിയുറപ്പിച്ച സംഭാഷണം

വർഷം 2018. പുതിയ അധ്യായന വർഷമാരംഭിച്ച് ഏതാനും ദിവസങ്ങൾ ആകുന്നേയുള്ളൂ. പെട്ടന്നൊരു ദിവസം അപ്രതീക്ഷിതമായി ഒരു ഫോൺകോൾ എന്നെത്തേടിയെത്തി. മീററ്റിലെ ഒരു സ്കൂളിന്റെ പ്രധാനധ്യാപികയായിരുന്നു മറ്റേ അറ്റത്ത്. തന്റെ സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമിടെയിൽ അനിയന്ത്രിതമായി വർധിച്ച് വരുന്ന സാമൂഹ്യധ്രുവീകരണത്തിന്റെ ഭീകരതയെ കുറിച്ചുള്ള ആശങ്കകളായിരുന്നു അവരുടെ സംസാരം മുഴുവനും.

”ഹിന്ദു, മുസ്ലിം സമുദായക്കാരായ വിദ്യാർഥികൾ പഠിക്കുന്ന നമ്മുടെ കലാലയത്തിൽ മതം ഇതുവരെ പ്രശ്നവത്കരിക്കപ്പെട്ടില്ല, എന്നാൽ സമൂഹത്തിലെ വിഷം ചീറ്റലുകൾ സാരമായി വിദ്യാർഥികളെ ബാധിച്ച് തുടങ്ങിയിരിക്കുന്നു. എന്താണിതിനൊരു പ്രതിവിധി? ഗദ്ഗദത്തോടെ അവർ പറഞ്ഞു നിർത്തി.

ഏതാനും ദശാബ്ദങ്ങളോളം കുട്ടികളുടെ കൗൺസിലറായി പ്രവർത്തിച്ച അനുഭവസമ്പത്ത് നേടിയടുത്തത് കൊണ്ടാകാം. അവരുടെ ആശങ്ക എനിക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചു. ക്ലാസ്മുറികളിലെ അരികുവത്കരണം കരിയറിന്റെ ആദ്യ നാളുകളിൽ തന്നെ ഞാൻ നേരിട്ട് മനസ്സിലാക്കിയിരുന്നു.

സ്കൂളിൽ വർഗീയത പ്രകടിപ്പിക്കപ്പെടുന്നതെങ്ങനയാണെന്ന് ഞാനവരോട് അന്വേഷിച്ചു. ഹിന്ദു മതവിശ്വാസികളായ വിദ്യാർഥികൾ നീരസമുളവാക്കുന്ന പേരുകളിൽ മുസ്ലിം വിദ്യാർഥികളെ അഭിസംബോധനം ചെയ്യുമ്പോൾ കലിപൂണ്ട മുസ്ലിം വിദ്യാർഥികൾ തിരിച്ചും പ്രതികാര ബുദ്ധിയോടെ പ്രതികരിക്കും, അനന്തരം അനിയന്ത്രിതമായ കലഹത്തിലാണ് പ്രശ്നം കലാശിക്കുന്നത്. വീടുകളിൽ കണ്ടും കേട്ടും ശീലിക്കുന്ന കാര്യങ്ങളാണ് വിദ്യാർഥികൾ സ്കൂളുകളിൽ ആവർത്തിക്കുന്നതെന്നതിനാൽ ഇത്തരം അനിഷ്ട സംഭവങ്ങൾ പതിവായി മാറിയിരിക്കുകയാണ്. വിദ്യാർഥികളെ ഒരു പരിധി വരെ അടക്കി നിർത്താമെന്ന് കരുതാം പക്ഷേ ഇത്തരം പ്രവർത്തനങ്ങൾ കൺമുന്നിൽ കണ്ടിട്ടും നടപടിയെടുക്കാതെ വഴക്ക് ആസ്വദിക്കുന്ന അധ്യാപകരെ നമ്മളങ്ങനെ പറഞ്ഞു മനസ്സിലാക്കും?

പ്രധാനധ്യാപികയുടെ ആശങ്ക അക്ഷരാർഥത്തിൽ ശരിയായിരുന്നു. ദിനേന വിദ്യാർഥികളോട് സഹവസിക്കുന്ന അധ്യാപകർ ശിഷ്യരിലുണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. മതതീവ്രത വെച്ചു പുലർത്തുന്ന സ്വഭാവക്കാരായ അധ്യാപകർ തന്റെ ക്ലാസിനെ ഒന്നടങ്കം മതഭ്രാന്തരാക്കുമെന്ന കാര്യത്തിൽ സംശയമില്ല.

കൂലങ്കശമായ ചിന്തകൾക്കും ചർച്ചകൾക്കുമൊടുവിൽ സ്കൂളിലെ മുഴുവൻ അധ്യാപകർക്കുമായി ശില്പശാല സംഘടിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ‘ഒരുത്തമ തലമുറയെ വാർത്തെടുക്കാമെന്ന ശീർഷകത്തോടെ എല്ലാ അധ്യാപകർക്കും പ്രത്യേക ക്ഷണമയക്കാനും ഞങ്ങൾ മറന്നില്ല. ചിന്തോദ്ദീപകവും വിനോദ പൂർണ്ണവുമായ ദിവസമായിരിക്കുമതെന്ന് ഞങ്ങളവർക്ക് വാക്കുകൊടുത്തു. ശിൽപശാലാ ദിവസം മുഴുവൻ അധ്യാപകരും സ്കൂളിലെ ഏറ്റവും വലിയ ഹാളിൽ ഒത്തുകൂടി. ഏതാനും ചില കായിക വിനോദങ്ങൾക്കും ഐസ് ബ്രേക്ക് സെഷനുകൾക്കും ശേഷം കൂട്ടമായിരുന്ന് സ്വന്തം ജീവിത ലക്ഷ്യങ്ങളെ കുറിച്ചാലോചിച്ച് നോക്കാൻ ഞങ്ങളവരോടാവശ്യപ്പെട്ടു. കുട്ടിയായിരുന്നപ്പോൾ സ്വന്തം അധ്യാപകരിൽ നിന്ന് നിങ്ങളെന്താണാഗ്രഹിച്ചിരുന്നതെന്ന് കൂടി ഞങ്ങളവരോട് തിരക്കി.

വളരെ പെട്ടന്ന് തന്നെ ഉത്തരങ്ങൾ വന്നു തുടങ്ങി. ‘സനേഹം, സഹനം, ഒഴിവ് സമയം, കുറഞ്ഞ ഹോം വർക്കുകൾ’ തുടങ്ങി നിരവധി ഉത്തരങ്ങൾ ഹാളിൽ മുഴങ്ങി.

‘വിഭാഗീയതയോ പക്ഷപാതിത്വമോ അരുത്’ മറ്റു പലകാര്യങ്ങൾ ചൂണ്ടിക്കാണിച്ചപ്പോഴും പലരുമാവർത്തിച്ച ഏക മറുപടിയായിരുന്നു അത്. പഠിച്ച് കൊണ്ടിരിക്കെ തങ്ങളുടേതല്ലാത്ത കാരണങ്ങളുടെ പേരിൽ മറ്റുള്ളവരുടെ മുമ്പിൽ അപഹാസ്യരാക്കപ്പെടുന്നതിന്റെ വേദന പലരുടേയും മനസ്സിൽ മുറിപ്പാട് സമ്മാനിച്ചതിനാലാകാം അത്തരമൊരു ആവശ്യം പലപ്പോഴായി ഹാളിൽ മുഴങ്ങിക്കേട്ടത്. നമ്മളാവശ്യപ്പെട്ട ഉത്തരം ലഭിച്ചതോടെ ശിൽപശാലയുടെ പ്രധാന അജണ്ടയിലേക്ക് ഞങ്ങൾ കടന്നു.

ഹാളിന് മധ്യത്തിലായി എഴുന്നേറ്റ് നിന്ന പ്രധാനധ്യാപിക എല്ലാ അധ്യാപകരോടും ജോഡികളായി ഇരിക്കാൻ ആവശ്യപ്പെട്ടു. ഒരു മുസ്ലിം അധ്യാപികയും ഹിന്ദു അധ്യാപികയുമായിരുന്നു ഓരോ കൂട്ടത്തിലുമുണ്ടായിരുന്നത്. ഓരോ ജോഡികളും നിശ്ചിത ചോദ്യങ്ങൾ പരസ്പരം ചോദിക്കുകയെന്നതായിരുന്നു ഓരോ സംഘങ്ങൾക്കും ഏൽപ്പിക്കപ്പെട്ട ദൗത്യം. അന്നേ ദിവസം നൽകിയ ചേദ്യാവലിയിൽ ചിലത് ഇങ്ങനെയാണ്:

കുട്ടിക്കാലത്ത് നിങ്ങൾക്കുണ്ടായ ഏറ്റവും സന്തോഷകരമായ ഓർമ്മയെന്താണ്?
ശുഭദിനമെന്നത് കൊണ്ട് നിങ്ങളെന്താണ് അർഥമാക്കുന്നത്?
ആരാണ് നിങ്ങളുടെ മാതൃകാവ്യക്തിത്വം?
എന്ത് കാര്യമാണ് നിങ്ങളെ കൂടുതൽ വിഷമിപ്പിക്കുന്നത്?
എന്താണ് നിങ്ങളെ കൂടുതൽ സന്തോഷിപ്പിക്കുന്നത്?
നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമെന്താണ്?
ഇരുവരുടേയും ഉത്തരങ്ങൾ സാഗൂതം ശ്രദ്ധിക്കാനും പരസ്പരം മനസ്സിലാക്കാനും കൂടി നമ്മളവരോട് ആവശ്യപ്പെട്ടിരുന്നു.
‘ആവശ്യത്തിലേറെ സമയം ഉപയോഗിച്ചോളൂ, സംഭാഷണം പരമാവധി ആസ്വദിക്കുക’ ഈ രണ്ടു കാര്യങ്ങൾ മാത്രമായിരുന്നു തുടക്കത്തിൽ നമ്മളവരോട് പറഞ്ഞുവെച്ചത്.

സംഭാഷണങ്ങൾ ആരംഭിച്ചതോടെ മുറിയിലെ അന്തരീക്ഷം പൊടുന്നനെ മാറി. സ്വന്തം വിശേഷങ്ങൾ പങ്കുവെക്കാനും നല്ലകഥകൾ സംസാരിക്കാനും എല്ലാവരും അത്യധികം ഇഷ്ടപ്പെട്ടിരുന്നു.
സംഭാഷണമാരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ മുറിയിൽ ചിരിപടർന്നു. വർത്തമാനങ്ങൾക്കിടെയിലെ അത്ഭുതം കൂറലും മറ്റു ഭാവവ്യത്യാസങ്ങളും ഓരോ അധ്യാപകരുടേയും മുഖത്ത് മിന്നിമറയുന്നുണ്ടായിരുന്നു. പതിയെ പതിനഞ്ച് മിനുട്ട് കടന്നുപോയി. രസകരമായ സംസാരങ്ങൾക്കിടെ ഒരുമണിക്കൂർ കഴിഞ്ഞത് പോലും അവർ തിരിച്ചറിഞ്ഞില്ല. അപ്പോഴേക്കും ചിലർ സംഭാഷണം നിർത്തി മറ്റു പലകാര്യങ്ങളും സംസാരിച്ച് തുടങ്ങിയിരുന്നു. എന്നാൽ മറ്റു ചിലരാകട്ടെ അപ്പോഴും സംഭാഷണം അവസാനിപ്പിച്ചിരുന്നില്ല. ഒടുവിൽ ആക്ടിവിറ്റി നിർത്തിവെക്കാൻ ഞങ്ങളാവശ്യപ്പെട്ടു.

ഇപ്പോൾ എന്ത് തോന്നുന്നു?, ഞങ്ങളധ്യാപകരോട് ചോദിച്ചു.
കൊള്ളാം, ഞങ്ങൾ നന്നായി ആസ്വദിച്ചുവെന്നായിരുന്നു പലരും മറുപടി നൽകിയത്.
നിങ്ങൾക്കെത്രപേർക്ക് പുതിയ കൂട്ടുകാരെ കണ്ടെത്താൻ കഴിഞ്ഞു? ഹാളിലെ മുഴുവൻ ആളുകളും ചെറുചിരിയോടെ കൈ ഉയർത്തിക്കാണിച്ചു. ഏറ്റവുമൊടുവിലായി ഞങ്ങളവരോട് തിരക്കി;
നിങ്ങൾക്കിടെയിൽ വല്ല അപാകതയും സംഭവിച്ചാൽ പരസ്പരം സഹായിക്കാൻ സർവ്വരും തയ്യാറാണോ? എല്ലാ അധ്യാപകരും ഏക സ്വരത്തിൽ കൈകൾ ഉയർത്തിയപ്പോൾ, കൂട്ടത്തിൽ അൽപം പ്രായം ചെന്ന അധ്യാപകൻ എഴുന്നേറ്റ് നിന്നു സംസാരിച്ചു തുടങ്ങി; ‘ഞങ്ങളുടെ സന്തോഷവും പ്രതീക്ഷകളും ദുഖങ്ങളും ഭയവും ഒന്നു തന്നെയാണ്. നമ്മൾക്കിടെയിലെ മനുഷ്യത്വവും സമാനതകളും കാണുമ്പോഴാണ് ഓരോ വ്യക്തിയും പരസ്പരം സഹായിക്കേണ്ടതിന്റ ആവശ്യകത കൂടുതൽ മനസ്സിലാകുന്നത്. ഞങ്ങളിൽ പലരുടേയും മാതൃകാവ്യക്തിത്വങ്ങൾ ഞങ്ങളുടെ അധ്യാപകരായിരുന്നു. ശിഷ്യർക്കൊരുത്തമ മാതൃകയായിത്തീരാനാണ് ഞങ്ങളിപ്പോൾ ഏറെ ആഗ്രഹിക്കുന്നത്’.

ശില്പശാല അവസാനിച്ച ശേഷം, ആ അധ്യാപകൻ എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു; ‘വ്യത്യസ്ത മതസ്ഥരെ ഉൾപ്പെടുത്തി സംഘം സൃഷ്ടിച്ചത് മനപൂർവ്വമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു, മനുഷ്യ സ്നേഹത്തിന് മതം തടസ്സമല്ലെന്ന് താങ്കൾ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു.

നാല് വർഷങ്ങൾക്ക് മുമ്പാണ് ഈ സംഭവം നടക്കുന്നത്. രണ്ടു വർഷത്തെ ലോക്ഡൗൺ പല നഷ്ടങ്ങൾ വരുത്തിയപ്പോഴും അന്നേ ദിവസം ഉണ്ടാക്കിയെടുത്ത സൗഹൃദ ബന്ധങ്ങൾ ഇന്നും സുദൃഢമായി തന്നെ നിലനിൽക്കുന്നുണ്ട്. സാധാരണ ദിവസങ്ങൾ അധ്യാപകരിൽ ഉണ്ടാക്കിയെടുക്കുന്ന മാറ്റങ്ങൾ സർവ്വ സാധാരണമാണ്. പക്ഷേ രാജ്യം കണ്ട ഏറ്റവും ഹീനമായ സാമുദായിക കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ട ഒരു സംസ്ഥാന നഗരമായ മീററ്റിലെ സ്കൂൾ വിദ്യാർഥികളും അധ്യാപകരും ഭരണഘടനയിൽ സംക്ഷിപ്തമായ മതേതരമൂല്യങ്ങൾ സംരക്ഷിക്കാനായി പോരാടുന്നത് എന്ത് സുന്ദരമായ കാഴ്ചയാണ്.

വിവ: ആമിർ ശഫിൻ

Related Articles