Current Date

Search
Close this search box.
Search
Close this search box.

‘എനിക്ക് കഴിയുന്നവിധം മക്കൾക്ക് നീതി വാങ്ങിക്കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്’

ഫലസ്ത്വീനി കുഞ്ഞുങ്ങൾക്കുനേരെ ഇസ്രായിൽ സൈന്യം നടത്തിയ ക്രൂരതകൾ ഓർത്തെടുക്കുമ്പോൾ മറക്കാൻ പാടില്ലാത്ത പേരാണ് ഗസ്സക്കാരനായ ഗൈനക്കോളജിസ്റ്റ് ഇസുദ്ദീൻ അബുൽ ഐഷിന്റേത്. 2009 ജനുവരിയിൽ ഗസ്സയിൽ ഇസ്രായിൽ നടത്തിയ യുദ്ധത്തിൽ മൂന്നു പെൺമക്കളെയും മരുമകളെയും നഷ്ടപ്പെട്ടയാളാണ് ഈ ഡോക്ടർ.

ആരാണ് ഈ ഇസുദ്ദീൻ അബുൽ ഐഷ് എന്നറിയുമ്പോഴാണ് നാം ശരിക്കും അമ്പരന്നു പോവുക. ഇസ്രായിലി ആശുപത്രിയിൽ ജോലി ചെയ്ത ഗസ്സക്കാരനായ ആദ്യ ഡോക്ടറാണ് ഇദ്ദേഹം. ഹവാർഡ് സർവ്വകലാശാലയിൽ വിദ്യാഭ്യാസം നേടിയ ഈ ഭിഷഗ്വരൻ ഇസ്രായിലിലെ വിവിധ ആശുപത്രികളിൽ സേവമനുഷ്ഠിച്ചിട്ടുണ്ട്. തങ്ങളുടെ അമ്മമാരെയും പെങ്ങന്മാരെയും കുഞ്ഞുങ്ങളെയും സേവിച്ച ഡോക്ടർക്ക് ഇസ്രായേൽ സൈനികർ നൽകിയ ‘സമ്മാന’മായിരുന്നു അദ്ദേഹത്തിന്റെ മൂന്നു പ്രിയപ്പെട്ട മക്കളുടെ നിഷ്ഠൂരമായ കൊലപാതകങ്ങൾ. തന്റെ കൺമുന്നിൽ വെച്ച് നടന്ന ആ ദാരുണ സംഭവം 2013ൽ കറാച്ചി ലിറ്ററെച്ചർ ഫെസ്റ്റിവലിൽ അദ്ദേഹം വിവരിക്കുമ്പോൾ സദസ്സ് ഒന്നടങ്കം കണ്ണുകൾ തുടക്കുകയായിരുന്നു എന്നാണ് ‘ദി എക്സ്പ്രസ്സ് ട്രിബൂൺ’ ദിനപത്രം റിപ്പോർട്ട് ചെയ്തത്.

ഗസ്സയിൽ ഇസ്രായിൽ സൈന്യം താണ്ഡവമാടുമ്പോൾ ഒരു ഇസ്രായിലി ടെലിവിഷൻ ചാനലിന്റെ റിപ്പോർട്ടറോട് ഹീബ്രുവിൽ സംഭവങ്ങൾ വിവരിക്കുകയായിരുന്നു ഡോക്ടർ. പെട്ടെന്നാണ് വലിയ സ്‌ഫോടന ശബ്ദം കേട്ടത്. ‘ദൈവമേ, എന്റെ മക്കൾ…’ ഡോക്ടർ അബുൽ ഐഷിന്റെ അലർച്ചയാണ് പിന്നീട് മുഴങ്ങിയത്. ടെലിവിഷൻ കണ്ടുകൊണ്ടിരുന്നവരൊക്കെ ലൈവ് ആയി അത് കേട്ടു!

ഡോക്ടർ താമസിക്കുന്ന കെട്ടിട സമുച്ചയത്തിലേക്ക് ഇസ്രായിലി സൈന്യത്തിന്റെ പീരങ്കികളിൽനിന്ന് ഉതിർത്ത തീയുണ്ടകൾ അദ്ദേഹത്തിന്റെ പെൺമക്കളായ അയ (14), ബെസ്സാൻ (21), മയർ (15). മരുമകൾ നൂർ (17) എന്നിവരുടെ ജീവനെടുത്തു. മറ്റൊരു മകൾ പരിക്കുകളോടെ രക്ഷപ്പെട്ടു.

എട്ടു മക്കളുടെ സംരക്ഷണ ചുമതല തന്നിൽ ഏൽപിച്ച് ഈ ലോകത്തോട് വിട പറഞ്ഞ ഭാര്യയുടെ വിയോഗം ഉണ്ടാക്കിയ വേദനകളിൽനിന്ന് കരകയറുന്നതിന് ഇടയിലായിരുന്നു മറ്റൊരു ദുരന്തം ഡോക്ടറെ തേടിയെത്തിയത്. ലുക്കെമിയ ബാധിച്ച് 2008ൽ അദ്ദേഹത്തിന്റെ ഭാര്യ പിരിഞ്ഞിട്ട് കഷ്ടിച്ച് ഒരു വർഷം പോലും തികഞ്ഞിരുന്നില്ല.

മക്കളുടെ ഓർമകളുമായി കാനഡയിലെ ടൊറൊണ്ടോയിലേക്ക് കൂടു മാറിയെങ്കിലും ഡോ. ഇസുദ്ദീൻ അബുൽ ഐഷ് കഴിഞ്ഞ 12 വർഷമായി പോരാട്ടത്തിലായിരുന്നു. തന്റെ പൊന്നുമക്കളെ നിഷ്ഠൂരമായി കൊന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനുള്ള ഭഗീരഥ ശ്രമം തന്നെ നടത്തി അദ്ദേഹം. ഇസ്രായിലി കോടതിയിൽനിന്ന് നീതി കിട്ടില്ലെന്ന് അറിഞ്ഞു കൊണ്ടുതന്നെയായിരുന്നു പോരാട്ടം. അതു തന്നെ സംഭവിച്ചു. സൈന്യം നടത്തുന്ന സർവ്വ മനുഷ്യാവകാശ ലംഘനങ്ങളെയും രാജ്യതാൽപര്യത്തിനുവേണ്ടിയാണെന്ന് വിധിയെഴുതുന്ന സയണിസ്റ്റ് നിയമസംഹിത 2018ൽ അദ്ദേഹത്തിന്റെ ഹരജി തള്ളി. ഡോക്ടർ താമസിച്ച കെട്ടിടം ഹമാസ് പോരാളികളുടെ താവളമായിരുന്നുവെന്നും അത് തകർക്കാനുള്ള ശ്രമത്തിലാണ് കുട്ടികൾ കൊല്ലപ്പെട്ടതെന്നുമുള്ള സൈന്യത്തിന്റെ വാദം കോടതി ശരിവെച്ചു!

ഇതിലൊന്നും അൽഭുതമില്ലല്ലോ. അമേരിക്കൻ സമാധാന പ്രവർത്തക റെയ്ച്ചൽ കോറിയെ ടാങ്ക് കയറ്റി ചതച്ച് കൊന്ന ഇസ്രായിലി സൈനികരെ നിരപരാധികളും ടാങ്കിനു മുന്നിൽ പോയിനിന്ന കോറിയാണ് സംഭവത്തിന് ഉത്തരവാദിയെന്നും വിധിച്ചവരിൽനിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാമോ? ഇതു തന്നെയല്ലേ ഇക്കഴിഞ്ഞ മേയിൽ ഗസ്സയിലെ താണ്ഡവത്തിനിടയിൽ സയണിസ്റ്റ് ഭീകരർ ചെയ്തത്. അസോഷ്യേറ്റഡ് പ്രസ്, അൽ ജസീറ എന്നിവ ഉൾപ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങൾ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന കെട്ടിടം ബോംബിട്ട് തകർത്ത് അത് ഹമാസിന്റെ ആയുധപ്പുരയാണെന്ന പച്ചക്കള്ളം എഴുന്നള്ളിച്ചു.

കീഴ്‌ക്കോടതിയിലെ ജഡ്ജിമാർ സൈന്യത്തിന്റെ ക്രൂരതകളെ വെള്ളപൂശി വിധി പുറപ്പെടുവിച്ചിട്ടും നീതിക്കു വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാൻ ഡോകടർ തയ്യാറായില്ല. അദ്ദേഹം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. അതിന്റെ വാദം കേൾക്കാനാണ് ഡോക്ടർ ഇസുദ്ദീൻ അബുൽ ഐഷ് കാനഡയിൽ നിന്നെത്തിയത്.

ഇസുദ്ദീൻ അബൂലെയിഷിന്റെ മക്കൾ അന്ത്യ വിശ്രമം കൊള്ളുന്ന ഗസ്സയിലെ ഖബറിടം

“എന്റെ കുഞ്ഞുമക്കൾ എന്നോടൊപ്പം ഉള്ളതായി എനിക്ക് അനുഭവപ്പെടുന്നു. കോടതി വീണ്ടും അവരെ കൊല്ലരുതേയെന്നാണ് എന്റെ ആഗ്രഹ” മെന്നായിരുന്നു കോടതിക്കു പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ഡോക്ടർ പറഞ്ഞത്. മക്കളെ കൊന്ന ഇസ്രായിലി സൈനികർ ഖേദം പ്രകടിപ്പിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. പണത്തിന് അത്യാർത്തിയുള്ളതു കൊണ്ടല്ല നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. മക്കളുടെ ഓർമക്കായി സ്ഥാപിച്ച ‘ഡോട്ടേഴ്‌സ് ഫോർ ലൈഫ്’ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഫണ്ട് ആവശ്യമുണ്ട്. ഇസ്രായിൽ ഉൾപ്പെടെയുള്ള മിഡിലീസ്റ്റ് രാജ്യങ്ങളിലെ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നതാണ് ഫൗണ്ടേഷന്റെ പ്രധാന പ്രവർത്തനം.

ഇന്ന് സുപ്രീം കോടതി കേസ് പരിഗണനക്കെടുത്തപ്പോൾ ജഡ്ജിമാരുടെ മുന്നിൽ അദ്ദേഹം തന്റെ ആവശ്യം ഉന്നയിച്ചു. നീതി മാത്രമാണ് തനിക്ക് വേണ്ടതെന്ന് ഡോക്ടർ ആവർത്തിച്ചു. സൈനികർക്ക് വേണ്ടി ഹാജരായ പ്രതിരോധ മന്ത്രാലയത്തിന്റെ അഭിഭാഷകന് പറയാൻ ഉണ്ടായിരുന്നത് ‘തീവ്രവാദികൾ പ്രസ്തുത കെട്ടിടം താവളമാക്കിയിരുന്നു’വെന്ന പഴകിപ്പുളിച്ച ആരോപണവും.

‘എന്റെ വാദം തുറന്ന മനസ്സോടെ കേൾക്കണ’മെന്ന മൂന്നംഗ ബെഞ്ചിനു മുമ്പാകെയുള്ള അബുൽ ഐഷിന്റെ അഭ്യർഥനയോട് ജഡ്ജിമാരിൽ ഒരാളായ യിഷാക് അമിത് പ്രതികരിച്ചത് ഇങ്ങനെ: ‘ഇതൊരു ദുരന്തം തന്നെയാണ്. താങ്കളുടെ ദു:ഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു.’ കേസിൽ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് നീട്ടിവെച്ചാണ് കോടതി പിരിഞ്ഞത്.

‘എനിക്ക് കഴിയുന്നവിധം മക്കൾക്ക് നീതി വാങ്ങിക്കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്. അവരെ നേരിൽ കണ്ടുമുട്ടുന്നതുവരെ ഈ പോരാട്ടം തുടരും’ ഗസ്സയിൽ അന്ത്യവിശ്രമം കൊള്ളുന്ന മക്കളുടെ ഖബറിടം സന്ദർശിക്കാൻ തിരിക്കുന്നതിനു മുമ്പ് അബുൽ ഐഷ് പറഞ്ഞു.
I Shall Not Hate: A Gaza Doctor’s Journey on the Road to Peace and Human Dignity എന്ന പേരിൽ 2011ൽ ഓർമകുറിപ്പുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Articles