തെഹ്റാന്: ഇറാനു മേല്‍ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം നിരുപാധികം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറാന് വിദേശകാര്യ മന്ത്രി ജവാദ് മുഹമ്മദ് ശരീഫ് രംഗത്ത്. ഇറാനു മേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം ബൈഡന് കീഴിലുള്ള പുതിയ ഭരണകൂടം പന്‍വലിക്കണമെന്നും ആണവ കരാറിലേക്ക് മടങ്ങുന്നതിന് മുന്‍പ് ഇറാനില്‍ നിന്നും ഇളവുകള്‍ നേടാനുള്ള ഏതൊരു ശ്രമവും കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തെ അപകടത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഉപരോധം നീക്കിയാല്‍ ഇറാന് ആണവ കരാറുമായി പൂര്‍ണമായി സഹകരിക്കും. എന്നാല്‍, ഇറാന്റെ പ്രാദേശിക നയങ്ങള്‍ അമേരിക്കയുമായി ചര്‍ച്ച ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പരമാവധി സമ്മര്‍ദ്ദം’ എന്ന ട്രംപിന്റെ പരാജയപ്പെട്ട നയം അവസാനിപ്പിച്ച് മുന്‍ഗാമി ഉപേക്ഷിച്ച ഇടപാടിലേക്ക് മടങ്ങുക വഴി യു എസ് പ്രസിഡന്റ് ജോ ബൈഡന് തന്റേതായ മികച്ച പാത തിരഞ്ഞെടുക്കാനാകും. അദ്ദേഹം അങ്ങനെ ചെയ്യുകയാണെങ്കില്‍, ആണവ കരാറിന് കീഴിലുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതകള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിലേക്ക് ഇറാനും മടങ്ങും. പകരം അമേരിക്ക ഇളവുകള്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ ഈ അവസരം നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.