Current Date

Search
Close this search box.
Search
Close this search box.

‘രണ്ടാം ഭാര്യ’ പ്രസക്തമാവുന്നത്

SECOND-WIFE.jpg

മനുഷ്യ മനുസ്സ് നിഗൂഢ ലോകമാണ്. അല്ലാഹുവിന് മാത്രമെ അതിന്റെ സത്തയെക്കുറിച്ച് കൃത്യമായി അറിയൂ. വിവിധ മനുഷ്യരുടെ മനസ്സുകള്‍ വ്യത്യസ്തമായിരിക്കും. ഒന്ന് തന്നെ പല സമയങ്ങളിലും മാറ്റങ്ങള്‍ക്ക് വിധേയവുമാണ്. അത് ഒരിക്കലും സ്ഥിരമല്ല. പുതിയ കാര്യങ്ങളും, വികാരങ്ങളും അഭിപ്രായങ്ങളും അതിലേക്ക് കടന്ന് വരുന്നു. ചുറ്റുമുള്ളവരുമായുള്ള ഇടപാടുകളുമായും, സഹവര്‍ത്തിത്വവുമായുമാണ് ഇവ ബന്ധപ്പെടുന്നത്.

ജനങ്ങള്‍ക്ക് ചുറ്റുമുള്ള ജീവിതം മാറിക്കൊണ്ടേയിരിക്കുകയും, അതനുസരിച്ച് അവരുടെ പ്രതികരണവും മാറിക്കൊണ്ടിരിക്കും. ജീവിതം സദാ മാറുന്നതും, ചഞ്ചലവുമാണെന്ന് ചുരുക്കം. ആന്തരിക മനസ്സില്‍ സംഭവിക്കുന്ന ഈ മാറ്റങ്ങളെക്കുറിച്ച് അല്ലാഹുവിന് മാത്രമാണ് സൂക്ഷ്മമായി അറിയാനാവുക. അതിനാലാണ് അല്ലാഹു ഇപ്രകാരം പറയുന്നത് ‘നിങ്ങളറിയുക, അല്ലാഹു നിങ്ങളുടെ മനസ്സിലുള്ളവ അറിയുന്നവനാണ്, അതിനാല്‍ അവനെ നിങ്ങള്‍ സൂക്ഷിക്കുക’ (അല്‍ബഖറ 235)

അങ്ങനെയുള്ള നാഥന്‍ മനുഷ്യ മനസ്സുകളെ പ്രയാസപ്പെടുത്തുകയോ, വിഷമിപ്പിക്കുകയോ ചെയ്യുകയില്ല. അല്ലാഹു കാരുണ്യവാനാണ്. തന്റെ ജീവിതത്തില്‍ സംഭവിച്ച, ശരിയോ തെറ്റോ ആവാന്‍ സാധ്യതയുള്ള ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിന്റെ പേരില്‍ കഷ്ടപ്പെട്ട്, അതിന്റെ ഇരയായി ജീവിക്കണമെന്ന് അല്ലാഹു ശഠിക്കുകയില്ലല്ലോ.

ഇണയെ തെരഞ്ഞെടുക്കുകയെന്നത് നേരത്തെ സൂചിപ്പിച്ച ആന്തരിക മനസ്സുമായി ബന്ധപ്പെട്ട കാര്യമാണ്. വിവിധ കാലത്തും, വ്യക്തികളിലും വിവിധങ്ങളായ പല മാനദണ്ഡങ്ങളുമായിരിക്കും ഈ വിഷയത്തിലുണ്ടാവുക. ചിലപ്പോള്‍ ഇണയെ തെരഞ്ഞെടുക്കുകയും, ലഭിച്ചതില്‍ അവന്‍ സന്തോഷവാനാവുകയും ചെയ്യും. പിന്നീട് ജീവിതത്തില്‍ മറ്റ് പല സാഹചര്യങ്ങളും കടന്ന് വരും. അതോടെ മാനസിക സംഘര്‍ഷത്തിലും, അസ്വസ്ഥതയിലുമായിരിക്കും അവന്റെ ജീവിതം. തന്റെ നിലവിലുള്ള ജീവിത സാഹചര്യവും, താന്‍ ആഗ്രഹിക്കുന്ന, മുന്‍ഗണന നല്‍കുന്ന മറ്റ് താല്‍പര്യവും തമ്മിലായിരിക്കും ആ പോര്. അതോടെ അവന്‍ മറ്റൊരു വിവാഹത്തിന് മുന്നോട്ട് വന്നേക്കാം. രണ്ടാം ഭാര്യയെന്നത് ഇസ്‌ലാമില്‍ നിഷിദ്ധമല്ലാത്ത, അവസരമാണ്. അതൊരു മോശത്തരമായോ, രണ്ടാംകിടയായോ ഇസ്‌ലാം വിലയിരുത്തുന്നില്ല.

മനുഷ്യ മനസ്സിന് അല്ലാഹു നല്‍കിയ കാരുണ്യത്തിന്റെ ഒരു പ്രകടരൂപമാണ് രണ്ടാം വിവാഹമെന്നത്. പ്രയാസകരമായ, പ്രതിസന്ധിയനുഭവിക്കുന്ന സന്ദര്‍ഭത്തില്‍ അല്ലാഹു നല്‍കിയ അത്താണിയാണത്. അവനാവശ്യമുള്ള നൈര്‍മല്യവും, ലാളനയും നല്‍കി മാനസിക സൗഖ്യം നല്‍കാന്‍ അവള്‍ക്കായേക്കും.

ഒരു കുഞ്ഞിക്കാല്‍ കാണാന്‍ കഴിയാത്ത, നിഷ്‌കളങ്കമായ പുഞ്ചിരി കേള്‍ക്കാത്ത ഒരു കുടുംബത്തെക്കുറിച്ച് ചിന്തിച്ച് നോക്കൂ. അവര്‍ ജീവിതകാലം മുഴുവന്‍ ദുഖിതരായി കഴിയണമെന്നാണോ ന്യായം? തന്റെ കരളിന്റെ കഷ്ണമായ പിഞ്ചു പൈതലിന്റെ കൈ പിടിക്കാതെ, അവനെ കൊഞ്ചിക്കാതെ മരിക്കാനാണോ ആ ദമ്പതികള്‍ തീരുമാനിക്കേണ്ടത്?

അല്ല എന്ന് തന്നെയാണ് ഭൂരിപക്ഷം പേരും പറയുക. പക്ഷെ അവരുടെ അടുത്ത് മറ്റൊരു പരിഹാരവുമുണ്ട്. ആദ്യ ഭാര്യയെ വിവാഹമോചനം നടത്തുക. അവളുടെ വികാരത്തെ വ്രണപ്പെടുത്താതിരിക്കുക. അങ്ങനെ, അവള്‍ ചെയ്യാത്ത തെറ്റിന് അവളെ ശിക്ഷിക്കുക. എത്ര ലളിതമായ ആശയം!

നമുക്ക് അല്ലാഹുവിന്റെ ഔദാര്യത്തിലേക്കും, കാരുണ്യത്തിലേക്കും മടങ്ങാം. സന്താനമില്ലാത്തതിന്റെ പേരില്‍ പ്രയാസപ്പെടുന്ന ആദ്യ ഭാര്യക്ക് കൂടുതല്‍ വേദന നല്‍കി അവളെ ഒറ്റക്ക് ജീവിക്കാന്‍ വിടുന്നത് കാരുണ്യവാനായ അല്ലാഹു അനുവദിക്കുമോ? അവളെ തന്റെ ജീവിതത്തിന്റെ മധുരിതമായ ഘട്ടം കഴിച്ച് കൂട്ടിയ ഭര്‍ത്താവിന്റെ ഓരത്ത് നിന്ന് അടര്‍ത്തി മാറ്റുന്നത് നീതിയാണോ?

അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു ഭാര്യ, തന്റെ ഭര്‍ത്താവ് വര്‍ഷങ്ങളോളം എന്റെ കൂടെ ക്ഷമിക്കുകയും, സന്താനത്തിന് വേണ്ടി ലഭിക്കാവുന്ന എല്ലാ വൈദ്യപരിശോധനകള്‍ നടത്തുകയും ചെയ്തതായി മനസ്സിലാക്കുന്നു. അയാള്‍ നല്ല മനുഷ്യനാണെന്നും, ഹൃദയത്തില്‍ തന്നെ താലോലിക്കുന്നുവെന്നും അവള്‍ ഉറപ്പിക്കുന്നു. കുഞ്ഞില്ലാത്തതിന്റെ വിഷമം അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയോ, പങ്ക് വെക്കുകയോ ചെയ്യുന്നില്ലെങ്കില്‍ പോലും അല്ലാഹു സൃഷ്ടിച്ച ആ ആഗ്രഹവും അഭിവാഞ്ജയും മനസ്സില്‍ നിന്ന് പറിച്ച് മാറ്റാന്‍ കഴിയില്ലെന്ന് അവള്‍ മനസ്സിലാക്കുന്നു. ഭര്‍ത്താവിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് അല്ലാഹു അനുവദനീയമായ മാര്‍ഗം നിശ്ചയിച്ചിരിക്കെ ആ ഭാര്യ വിവാഹമോചനം ആവശ്യപ്പെടുമോ?

രണ്ടാം വിവാഹമെന്ന മാര്‍ഗം അല്ലാഹു നിഷിദ്ധമാക്കിയില്ല എന്നത് അവന്റെ അനുഗ്രഹങ്ങളില്‍പെട്ടതാണ്. മാത്രമല്ല, ആദ്യഭാര്യയെ വിവാഹമോചനം നടത്താന്‍ നിര്‍ദ്ദേശിച്ചില്ല അവന്‍. കാരണം അല്ലാഹു ഉദ്ദേശിക്കുന്ന മഹത്തായ കാരുണ്യത്തിന് വിഘാതമാവുന്ന കാര്യമാണ് അത്.

ആദ്യഭാര്യയുടെ വികാരത്തെ മാനിക്കണമെന്ന് ഇക്കാലത്ത് മുറവിളികൂട്ടുന്നവരാണ് അവളുടെ ഒന്നാം നമ്പര്‍ ശത്രു. അവര്‍ മനസ്സിലാക്കേണ്ടത്, അവരേക്കാള്‍ അവളോട് കാരുണ്യമുള്ളവനാണ് അല്ലാഹു എന്ന കാര്യമാണ്. രണ്ടാം ഭാര്യയെ തെരഞ്ഞെടുക്കുന്നതിന് സഹകരിച്ച, അതിനെ അനുകൂലിച്ച ധാരാളം വിശ്വാസിനികളെ നമ്മുടെ പരിസരത്ത് തന്നെ കാണാവുന്നതാണ്. തന്റെ കൂടെയുള്ളവളുടെ സന്താനങ്ങളെ പരിപാലിക്കുന്ന, അവരില്‍ സന്തോഷം കണ്ടെത്തുന്ന, കൊഞ്ചിക്കുന്ന ഒട്ടേറെ പേരെ നമുക്ക് അറിയാവുന്നതുമാണ്.

നമ്മുടെ മനസ്സിലുള്ള പ്രയാസങ്ങളെയും, അസ്വസ്ഥതകളെയും അകറ്റാന്‍ ഏറ്റവും ലളിതമായ വഴി കാര്യങ്ങളെ ഹലാല്‍, ഹറാം എന്ന അടിസ്ഥാനങ്ങളില്‍ പരിഗണിക്കുകയെന്നതാണ്. അല്ലാഹു വിശ്വാസികളോട് പറയുന്നത് ഇപ്രകാരമാണല്ലോ ‘അഥവാ, നിങ്ങളവരെ വെറുക്കുന്നുവെങ്കില്‍ അറിയുക: നിങ്ങള്‍ വെറുക്കുന്ന പലതിലും അല്ലാഹു ധാരാളം നന്മ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവാം.’ (നിസാഅ് 19)

വിശ്വാസിയുടെ വികാരമോ, താല്‍പര്യമോ അല്ല പ്രഥമ പരിഗണനീയമായത്. അവന് അനുഗുണമായത് സമയത്തിനനുസരിച്ച് അല്ലാഹു അവനിലെത്തിക്കുന്നതാണ്. അവനത് പ്രയാസകരമായി അനുഭവപ്പെട്ടാല്‍ പോലും. രണ്ടാം വിവാഹമെന്ന ആശയത്തെ ആദ്യഭാര്യ എതിര്‍ത്തെന്ന് വരും. അല്ലാഹു അവള്‍ക്ക് നല്‍കിയ ഏറ്റവും മഹത്തായ നന്മയായിരിക്കും ഇണയുടെ പുതിയ തീരുമാനം. അവള്‍ അല്ലാഹുവിന്റെ വചനം പാരായണം ചെയ്യുമ്പോള്‍ പിശാചിന്റെ ദുര്‍ബോധനത്തെ അകലെ എറിയും. എന്നിട്ട് അവള്‍ മനസ്സില്‍ പ്രഖ്യാപിക്കും ‘അല്ലാഹുവാണ് നന്നായി അറിയുന്നവന്‍, നിങ്ങള്‍ക്ക് ഒന്നും തന്നെ അറിയില്ല’ (അല്‍ബഖറ 216). അതോടെ ആ മനസ്സ് ശാന്തമാവും. മനസ്സ് അല്ലാഹുവിന്റെ നന്മയാഗ്രഹിച്ച് അടങ്ങിയിരിക്കും. അതോടെ അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ അവള്‍ക്ക് മുന്നില്‍ തുറക്കപ്പെടും. തനിക്ക് പിറക്കാതെ പോയ, തന്റെ രക്തത്തില്‍ നിന്ന് ജനിക്കാത്ത, തന്റെ പുന്നാരയെ മതിവരോളം കണ്ട്, താലോലിച്ച് അവള്‍ സന്തോഷിക്കും. കാല്‍തെന്നി വീഴുമ്പോള്‍ തന്റെ കൈപിടിക്കുന്ന, തന്റെ ദുഖങ്ങളിലും, വേദനകളിലും ആശ്വസിപ്പിക്കുന്ന വരദാനമായി കുഞ്ഞിനെ കാണും.

അവള്‍ക്കിപ്പോള്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിന്റെ വേദനയല്ല ഉള്ളത്. കാരുണ്യത്തിന്റെയും വാല്‍സല്യത്തിന്റെയും സന്തോഷമാണുള്ളത്.

അതല്ല, ഇവയെല്ലാം മാറ്റിവെച്ച്, ഭാര്യയെ ഭയന്ന്, അല്ലെങ്കില്‍ അവളെ സന്തോഷിപ്പിക്കാന്‍ വേണ്ടി തന്റെ വേദന കടിച്ചമര്‍ത്തി, മറ്റൊരു വിവാഹം കഴിക്കാത്ത ഇണയെയാണോ ഇവര്‍ ആഗ്രഹിക്കുന്നത്? മനസ്സില്‍ ഭാര്യയെ ശപിക്കുന്നവളും, നിവൃത്തികേടു കൊണ്ട് അവരോട് സഹകരിക്കുന്നവരും, രഹസ്യമായി കാമുകിമാരില്‍ അഭയം തേടുന്നവരും അവരിലുണ്ട്. എന്നിട്ടും അവര്‍ ആദ്യഭാര്യയുടെ വികാരം മാനിച്ചവരും, വ്രണപ്പെടുത്താതെ താലോലിക്കുന്നവരുമായി സമൂഹത്തില്‍ വിലയിരുത്തപ്പെടുന്നു. മറ്റ് ചിലപ്പോള്‍ അയാള്‍ ആദ്യഭാര്യയറിയാത്ത ഒരു പിതാവ് തന്നെയായിരിക്കും. അവളറിയാതെ തന്റെ മകനെ താലോലിക്കുകയും ലാളിക്കുകയും ചെയ്യുന്നു.

ആദ്യഭാര്യക്ക് വേണ്ടി അലമുറയിടുന്ന ഇവര്‍ക്ക് എന്ത് കൊണ്ട്, കാമുകിയോട് കൂടി ശയിക്കുന്നവരുടെ, അവിഹിത ബന്ധങ്ങളില്‍ ഏര്‍പെടുന്നവരുടെ വിലപിക്കുന്ന, കണ്ണീരൊലിപ്പിക്കുന്ന ഭാര്യമാര്‍ക്ക് വേണ്ടി ശബ്ദിച്ചുകൂടാ?

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Related Articles