Current Date

Search
Close this search box.
Search
Close this search box.

ശത്രുവിനെ സഹായികുന്നവര്‍

കാലത്ത് എഴുനേറ്റു നോക്കുമ്പോള്‍ കുറെ മെസ്സേജുകള്‍ വന്നു കിടക്കുന്നു. അധികവും പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടതാണ്. അതില്‍ ഒന്നിങ്ങനെയായിരുന്നു.

“ അസ്സലാമു അലൈക്കും ,
മഹല്ല് കമ്മറ്റിയുടെ അറിവിലേക്ക്.
2019 ജൂലൈ 31ന് കേന്ദ്ര സർക്കാർ ഒരു സർക്കുലർ ഇറക്കിയ വിവരം അറിഞ്ഞിരിക്കുമല്ലോ.
ഈ സർക്കുലർ പ്രകാരം നമ്മുടെ പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ആധാർ കാർഡ് മുതലായവ നമ്മുടെ പൗരത്വം തെളിയിക്കുന്നതിന് മതിയായ രേഖകളല്ല.
ഈ അവസരത്തിൽ പൗരത്വം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം.
ഒന്നാമതായി വോട്ട് ചെയ്യാൻ കഴിയില്ല.
സഥലം വാങ്ങാനോ വിൽക്കാനോ കഴിയില്ല.
സർക്കാറിന്റെ ഒരു ആനുകൂല്യവും ലഭിക്കുകയില്ല
ഇതിലും ഭീകരം ചിലപ്പോൾ മരണം വരെ തടവറയിൽ കഴിയേണ്ടി വന്നേക്കാം……………………………………………….” മെസ്സേജ് നീണ്ടു പോകുന്നു.

ആരാണ് ഇത്തരം മെസ്സേജുകള്‍ പടച്ചു വിടുന്നത് എന്നറിയില്ല. അത് പടച്ചു വിടുന്നവരുടെ മനസ്സില്‍ മറ്റു പലതുമുണ്ട്. ഒന്ന് സമുദായത്തെ ഭയപ്പെടുത്തി ഒറ്റപ്പെടുത്തുക. മുസ്ലിം ഒഴികെ മറ്റെല്ലാവരെയും അംഗീകരിച്ചു എന്നത് കൊണ്ട് തന്നെ പ്രതികരണം മുസ്ലിം വിഭാഗത്തില്‍ നിന്ന് മാത്രമായി ചുരുങ്ങും എന്നവര്‍ പ്രതീക്ഷിക്കുന്നു. ഇനി മുസ്ലിംകളെ നിയമം അംഗീകരിക്കാനുള്ള മാനസിക അവസ്ഥയിലേക്ക് കൊണ്ട് വരിക എന്നതാണ് അടുത്ത പടി. ഇത്തരം പോസ്റ്റുകള്‍ കാര്യമറിയാതെ പിന്തുടുരന്നവരും അവരെ സഹായിക്കലാണ്.
“Propaganda” എന്നത് ഒരു രീതിയാണ്‌. information, especially of a biased or misleading nature, used to promote a political cause or point of view. എന്നാണ് അതിനു നല്‍കിയിട്ടുള്ള വ്യാഖ്യാനം. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്‌ വേണ്ടി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക എന്നതാണു അത് കൊണ്ട് ഉദ്ദേശം. പ്രവാചക കാലത്തും അത് നാം കണ്ടതാണ്. “ ഈയാളുകള്‍ സമാധാനത്തിന്റെയോ ഭീതിയുടെയോ ഒരു വാര്‍ത്ത കിട്ടിയാല്‍ അതു കൊട്ടിഘോഷിക്കുന്നു. എന്നാല്‍, അത് ദൈവദൂതന്നും സമൂഹത്തിലെ ഉത്തരവാദപ്പെട്ടവര്‍ക്കും എത്തിച്ചുകൊടുത്തിരുന്നുവെങ്കില്‍, സത്യാവസ്ഥ ഗ്രഹിക്കാന്‍ കഴിവുള്ളവര്‍ കാര്യം മനസ്സിലാക്കുമായിരുന്നു അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍, (നിങ്ങളുടെ ദൗര്‍ബല്യങ്ങള്‍ മൂലം) അല്‍പം ചിലരൊഴിച്ച് നിങ്ങളെല്ലാം പിശാചിന്റെ പിന്നാലെ പോകുമായിരുന്നു.”

സൂറ നിസാഇലെ ഈ വചനം ഇങ്ങിനെ വിശദീകരിക്കപ്പെടുന്നു “ ഒരു സന്ദിഗ്ധഘട്ടമായതുകൊണ്ട് ധാരാളം കിംവദന്തികളും കേട്ടുകേള്‍വികളും സര്‍വത്ര പ്രചരിച്ചിരുന്നു. തന്നിമിത്തം മദീനത്തും പരിസരത്തും ഭീതിയും വിഭ്രാന്തിയും പരക്കെ ബാധിച്ചിരുന്നു. അടിസ്ഥാനരഹിതവും അതിശയോക്തിപരവുമായ അപായ വൃത്താന്തങ്ങളാണ് ചിലപ്പോള്‍ കേള്‍ക്കുക. ചിലപ്പോള്‍ സമര്‍ഥരായ ചില ശത്രുക്കള്‍ യഥാര്‍ഥമായ ഒരു വിപത്ത് മറച്ചുപിടിക്കാന്‍, അപായം നീങ്ങിയെന്ന വാര്‍ത്തയും കൊണ്ടുവരും. മുസ്‌ലിംകളെ അശ്രദ്ധയിലും അജാഗ്രതയിലും തള്ളിവിടുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. ബഹളപ്രിയരായ ആളുകള്‍ ഇത്തരം കിംവദന്തികളില്‍ വളരെ തല്‍പരരായിരുന്നു. ഇസ്‌ലാമും അനിസ്‌ലാമും തമ്മിലുള്ള സംഘട്ടനത്തിന്റെ ഗൗരവവും, ദുഷ്പ്രവാദങ്ങള്‍ പ്രചരിക്കുന്നതിനാല്‍ ഉളവായേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും മനസ്സിലാക്കാത്ത ആളുകളായിരുന്നു അവര്‍. കാതില്‍ വന്നലക്കുന്ന ഏത് ശബ്ദവും നാടുനീളെ പറഞ്ഞുപരത്തുക അവര്‍ക്കൊരു ഹരമായിരുന്നു. ഇത്തരക്കാരായ ആളുകളെ ഈ സൂക്തത്തില്‍ അല്ലാഹു കണക്കിന് താക്കീത് ചെയ്തിരിക്കുന്നു. കിംവദന്തികള്‍ പ്രചരിപ്പിക്കാതിരിക്കുക, വല്ല വര്‍ത്തമാനവും കേട്ടാല്‍ അത് നബി(സ) തിരുമേനിയെയും ഉത്തരവാദപ്പെട്ടവരെയും അറിയിച്ച് മൗനമവലംബിക്കുക. എങ്കില്‍ വാര്‍ത്തകളുടെ സത്യാവസ്ഥ നിരീക്ഷണം ചെയ്ത് മനസ്സിലാക്കാന്‍ പ്രാപ്തരായവര്‍ വേണ്ട നടപടികളെടുത്തുകൊള്ളും- ഇതാണവര്‍ക്ക് നല്‍കപ്പെട്ട നിര്‍ദേശം.”

വ്യക്തിയുടെയും സമൂഹത്തിന്റെയും മേല്‍ മാനസിക മേധാവിത്വം നേടുക എന്നതാണ് ശത്രു എന്നും ആഗ്രഹിക്കുന്നത്. ഭയപ്പെടുത്തി ഒതുക്കി നിര്‍ത്തുക എന്നതാണ് അതിനവര്‍ എന്നും സ്വീകരിച്ച വഴി. നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ അവസാനിച്ചിട്ടില്ല അതിനു മുമ്പ് തന്നെ അത് അംഗീകരിക്കാന്‍ മാനസികമായി തയ്യാറാകുന്ന സമുദായത്തിന്റെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. ഈ ഭേദഗതിയെ തന്നെ നിരാകരിക്കുക എന്നതാണ് മുസ്ലിം സമുദായം ഒന്നിച്ചു പറയുന്നത്. അതിനിടയില്‍ സന്ദേഹം പരത്താന്‍ ശത്രു കൈക്കൊള്ളുന്ന നിലപാടുകളെ നാം തള്ളിക്കലെഞ്ഞേ മതിയാകൂ.

Related Articles