Current Date

Search
Close this search box.
Search
Close this search box.

സമ്പത്തും വിജ്ഞാനവും

money-knowledge.jpg

വിജ്ഞാനം അത് നേടിയവനില്‍ ഉണ്ടാക്കുന്ന സ്വാധീനം ഒരു പ്രവാചക വചനം വളരെ മനോഹരമായി വിശദീകരിക്കുന്നുണ്ട്. വിജ്ഞാനത്തോടും സമ്പത്തിനോടുമുള്ള നിലപാടിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ തിരുമേനി നാലായി തരം തിരിക്കുന്നു. നബി(സ) പറയുന്നു: ഈ ലോകത്ത് നാല് വിഭാഗങ്ങളാണുള്ളത്. അല്ലാഹു സമ്പത്തും അറിവും നല്‍കിയിട്ടുള്ള വിഭാഗം. അവന്‍ അതില്‍ അല്ലാഹുവെ സൂക്ഷിക്കുകയും കുടുംബബന്ധം ചേര്‍ക്കുകയും അതില്‍ അല്ലാഹുവിന് അവകാശമുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ഇതാണ് ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം. അല്ലാഹു അറിവ് നല്‍കുകയും എന്നാല്‍ സമ്പത്ത് നല്‍കാതിരിക്കുകയും ചെയ്തിട്ടുള്ള വിഭാഗം. അവര്‍ ആത്മാര്‍ഥമായി പറയും: എനിക്ക് സമ്പത്തുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ചെലവഴിക്കുന്നത് പോലെ ഞാനും ചെലവഴിക്കുമായിരുന്നു. അവര്‍ രണ്ടു പേര്‍ക്കും തുല്യ പ്രതിഫലമാണ്. അല്ലാഹു സമ്പത്ത് നല്‍കുകയും അറിവ് നല്‍കാതിരിക്കുകയും ചെയ്ത വിഭാഗം. അറിവില്ലാതെ തോന്നിയ പോലെ അവന്‍ തന്റെ സമ്പത്ത് ചെലവഴിക്കുന്നു. അതില്‍ അല്ലാഹുവെ സൂക്ഷിക്കാത്ത അവന്‍ കുടുംബബന്ധം ചേര്‍ക്കുന്നില്ല. അതില്‍ അല്ലാഹുവിന് അവകാശമുണ്ടെന്നും അവന്‍ മനസ്സിലാക്കുന്നില്ല. ഏറ്റവും നീചമായ സ്ഥാനമാണത്. അല്ലാഹു സമ്പത്തും വിജ്ഞാനവും നല്‍കാത്ത വിഭാഗം. അവന്‍ പറയും: എനിക്ക് സമ്പത്തുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ (അറിവില്ലാത്ത സമ്പന്നന്‍) പോലെ ഞാനും ചെലവഴിക്കുമായിരുന്നു. അവരിരുവരുടെയും പാപഭാരം തുല്യമായിരിക്കും. (അഹ്മദ്, തിര്‍മിദി)

മേല്‍പറയപ്പെട്ട ഹദീസില്‍ വിജ്ഞാനം കൊണ്ടുദ്ദേശിക്കുന്നത് ഉള്‍ക്കാഴ്ച്ചയും അടിയുറച്ച ബോധ്യവുമാണ്. അതിന്റെ ഉടമക്ക് അത് വഴി തെളിയിച്ച് കൊടുക്കുകയും പ്രതിബദ്ധങ്ങള്‍ വ്യക്തമാക്കി കൊടുക്കുകയും ചെയ്യുന്നു. സമ്പത്ത് ഒരു ലക്ഷ്യമല്ല മാര്‍ഗം മാത്രമാണെന്ന് അവന്റെ വിജ്ഞാനം അവന് അറിയിച്ച് കൊടുക്കുന്നു. അതില്‍ അല്ലാഹുവിന് അവകാശമുണ്ടെന്നും താന്‍ അതിന്റെ കൈകാര്യ കര്‍ത്താവ് മാത്രമാണെന്നും അവന്‍ മനസ്സിലാക്കുന്നു. അതുകൊണ്ടു തന്നെ അവന്‍ അതില്‍ അല്ലാഹുവെ സൂക്ഷിക്കുന്നു. അതുപയോഗിച്ച് സ്വന്തത്തിനും സഹജീവികള്‍ക്കും നന്മകള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ ഏറ്റവും ശ്രേഷ്ഠമായ പദവിക്ക് അവന്‍ അര്‍ഹനാവുന്നു.

സമ്പത്തില്ലെങ്കിലും വിജ്ഞാനം നേടിയിട്ടുള്ളവരാണ് രണ്ടാമത്തെ വിഭാഗം. സമ്പത്ത് ചെലവഴിക്കാനോ ദാനധര്‍മങ്ങള്‍ ചെയ്യാനോ അവര്‍ക്ക് കഴിയുന്നില്ല. എന്നാല്‍ ആത്മാര്‍ഥമായ ഉദ്ദേശ്യത്തിലൂടെ അല്ലാഹുവിന്റെ പ്രതിഫലത്തിന് അവര്‍ അര്‍ഹരാവുന്നു. ഉദ്ദേശ്യം (നിയ്യത്ത്) എന്നത് മനസ്സില്‍ മിന്നിമറയുന്ന നൈമിഷികമായ തോന്നലുകളല്ല. മറിച്ച് മനസ്സില്‍ ആഴ്ന്നിറങ്ങുന്നവയാണവ. അങ്ങനെ ഉദ്ദേശ്യമുള്ള വ്യക്തി എപ്പോഴും അതിനെ കുറിച്ച് സ്വപ്‌നം കാണുന്നവനും അതിനായി ആഗ്രഹിക്കുന്നവനുമായിരിക്കും. പ്രവര്‍ത്തിക്കാനുള്ള മനസ്സിന്റെ സന്നദ്ധതയാണ് നിയ്യത്ത്. അതുകൊണ്ട് തന്നെ പ്രവര്‍ത്തിച്ചവന് ലഭിക്കുന്നതിന് സമാനമായ പ്രതിഫലത്തിന് അവനും അര്‍ഹനായി തീരുന്നു എന്നാണ് ഹദീസ് പഠിപ്പിക്കുന്നത്.

വിജ്ഞാനം ലഭിക്കാത്ത സമ്പത്ത് നല്‍കപ്പെട്ടിട്ടുള്ളവരാണ് മൂന്നാമത്തെ വിഭാഗം. ദൈവഭയമുണ്ടാക്കുകയും ഉള്‍ക്കാഴ്ച്ച നല്‍കുകയും ചെയ്യുന്ന ഉപകാരപ്രദമായ വിജ്ഞാനം ലഭിക്കാത്തവരാണ് ഈ വിഭാഗം. ഉയര്‍ന്ന സാക്ഷ്യപത്രങ്ങളും ഡിഗ്രികളുമെല്ലാം ഉണ്ടെങ്കിലും ഇത്തരക്കാര്‍ ഏറ്റവും മോശപ്പെട്ട ആളുകളായിരിക്കും. ശരിയായ ജ്ഞാനത്തിന്റെ അഭാവമാണ് ഈ അവസ്ഥയിലേക്ക് അവരെ എത്തിക്കുന്നത്. തന്റെ സമ്പത്തില്‍ അല്ലാഹുവിന് അവകാശമുണ്ടെന്ന ബോധ്യം അവനുണ്ടായിരിക്കുകയില്ല. അതുകൊണ്ടു തന്നെ അതുപയോഗിച്ച് നന്മകള്‍ പ്രവര്‍ത്തിക്കുകയോ അല്ലാഹുവെ സൂക്ഷിക്കുകയോ അവന്‍ ചെയ്യുന്നില്ല. അവന്റെ സമ്പത്തും ഐശ്വര്യവും അവനെ സംബന്ധിച്ചടത്തോളം നാശഹേതുവായിരിക്കും. അതില്ലാതിരിക്കലായിരുന്നു അവന് ഉത്തമം. സ്വര്‍ഗത്തിലേക്കുള്ള പാഥേയമായി അവന് നല്‍കപ്പെട്ടത് നരകത്തിലേക്കുള്ള പാഥേയമായി മാറുന്നുവെന്നത് ദുഖകരമാണ്.

സമ്പത്തും വിജ്ഞാനവും നല്‍കപ്പെടാത്തവരാണ് നാലാമത്തെ വിഭാഗം. അജ്ഞതയിലും മനസ്സിന്റെ അന്ധതയിലുമാണ് അവന്‍ ജീവിക്കുന്നത്. സമ്പത്തുണ്ടായിരുന്നെങ്കില്‍ അറിവില്ലാത്ത സമ്പന്നനെ പോലെ ദേഹേച്ഛകള്‍ക്കനുസരിച്ച് തനിക്കും തോന്നിയ പോലെ അത് ചെലവഴിക്കാമായിരുന്നു എന്ന ചിന്തയായിരിക്കും അവരിലുണ്ടാവുക.  അവരിരുവര്‍ക്കും ഒരേ പദവിയും തുല്യമായ പാപഭാരവുമായിരിക്കുമെന്നാണ് നബി തിരുമേനി വിവരിച്ചു തരുന്നത്.  ഇഹലോകവും പരലോകവും നഷ്ടമായ മഹാവിഡ്ഢിയാണ് അവന്‍. ഇഹലോകത്ത് ദാരിദ്ര്യവും പരലോകത്ത് അല്ലാഹുവിന്റെ ശിക്ഷക്കും പാത്രമാവുന്ന അവനാണ് ഏറ്റവും വലിയ ദൗര്‍ഭാഗ്യവാന്‍.

ഈ ഹദീസിന് അനുബന്ധമെന്നോണം മഹാനായ ഇബ്‌നുല്‍ ഖയ്യിം പറയുന്നു: രണ്ട് തരം സന്തുഷ്ടരുണ്ട്. വിജ്ഞാനവും അതനുസരിച്ചുള്ള പ്രവര്‍ത്തനവുമാണ് അവരുടെ സന്തോഷത്തിന്റെ കാരണം. ദൗര്‍ഭാഗ്യവാന്‍ രണ്ട് തരമുണ്ട്. അജ്ഞതയും അതിനെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുമാണ് അവരുടെ ദൗര്‍ഭാഗ്യത്തിന്റെ കാരണം. മുഴുവന്‍ സന്തോഷവും മടങ്ങുന്നത് വിജ്ഞാനത്തിലേക്കും അതനുസരിച്ചുള്ളവയിലേക്കുമാണ്; എല്ലാ ദൗര്‍ഭാഗ്യവും അജ്ഞതയിലേക്കും അതിന്റെ ഫലങ്ങളിലേക്കും.

മൊഴിമാറ്റം: നസീഫ്‌

Related Articles