Current Date

Search
Close this search box.
Search
Close this search box.

നാണയത്തുട്ടുകള്‍

attitude.jpg

ഒരു കുട്ടി ഒരു കടത്തിണ്ണയില്‍ ഇരിക്കുകയാണ്. അവന്റെ കാല്‍ചുവട്ടില്‍ ഒരു തൊപ്പിയുണ്ട്. അടുത്തായി ഒരു ബോര്‍ഡും. അതില്‍ എഴുതിയിരിക്കുന്നത്, ”ഞാന്‍ അന്ധനാണ്, എന്നെ സഹായിക്കൂ” എന്നാണ്. എന്നാല്‍ തൊപ്പിയില്‍ വളരെ കുറച്ച് നാണയത്തുട്ടുകള്‍ മാത്രമേ വീണിട്ടുള്ളൂ. അങ്ങനെയിരിക്കെ ഒരാള്‍ ആ കുട്ടിയുടെ അടുത്തേക്ക് വന്നു. തന്റെ കീശയില്‍ നിന്ന് കുറച്ച് നാണയത്തുട്ടുകള്‍ എടുത്ത് അവന്റെ തൊപ്പിയില്‍ ഇട്ടുകൊടുത്തു. അയാള്‍ ആ ബോര്‍ഡ് കയ്യിലെടുത്ത് മറുപുറത്ത് എന്തോ കുറിച്ചു. എന്നിട്ട് ബോര്‍ഡ് ആളുകള്‍ കാണത്തക്ക വിധത്തില്‍ വെക്കുകയും ചെയ്തു.

കുറച്ച് സമയത്തിനുള്ളില്‍ തന്നെ കുട്ടിയുടെ തൊപ്പി നിറഞ്ഞു. ആ വഴി പോകുന്ന ആളുകളൊക്കെ അവന്റെ തൊപ്പിയില്‍ നാണയത്തുട്ടുകള്‍ ഇട്ടുകൊണ്ടിരുന്നു. ഉച്ചയായപ്പോള്‍ രാവിലെ വന്ന ആ മനുഷ്യന്‍ ആ വഴി വീണ്ടും വന്നു. കുട്ടി കാല്‍പെരുമാറ്റത്തിലൂടെ അയാളെ തിരിച്ചറിഞ്ഞു. കുട്ടി അയാളോട് ചോദിച്ചു: ”ഇന്ന് രാവിലെ എന്റെ ബോര്‍ഡ് എടുത്തത് നിങ്ങളാണോ? അതില്‍ പുതുതായി എന്താണ് നിങ്ങള്‍ എഴുതിയത്?”.  ആ മനുഷ്യന്‍ പറഞ്ഞു: ”ഞാന്‍ സത്യം മാത്രമേ എഴുതിയിട്ടുള്ളൂ, ബോര്‍ഡില്‍ ഉണ്ടായിരുന്ന കാര്യം തന്നെയാണ് ഞാനും എഴുതിയത്, പക്ഷേ, അത് മറ്റൊരു രീതിയിലാണെന്ന് മാത്രം”.

”ഈ ദിവസം എത്ര മനോഹരമാണ്, പക്ഷേ, അത് കാണാന്‍ എനിക്ക് കഴിയുന്നില്ല” എന്നാണ് അയാള്‍ എഴുതിയത്.

ആദ്യം ആ ബോര്‍ഡില്‍ ഉണ്ടായിരുന്നതും പിന്നെ ആ മനുഷ്യന്‍ എഴുതിയതും ഒരിക്കലും ഒന്നല്ല. പക്ഷേ രണ്ട് സന്ദേശങ്ങളും പറഞ്ഞത് കുട്ടി അന്ധനാണെന്നാണ്. എന്നാല്‍ ആദ്യ സന്ദേശം കുട്ടി അന്ധനാണെന്ന് നേരിട്ട് പറഞ്ഞു. രണ്ടാമത്തെ എഴുത്താകട്ടെ നിങ്ങള്‍ക്കുള്ള അനുഗ്രഹം എനിക്ക് ലഭിച്ചില്ലല്ലോ എന്ന സന്ദേശമാണ് നല്‍കിയത്. അത് ജനങ്ങളിലേക്കെത്തുകയും ചെയ്തു.

പലപ്പോഴും വീക്ഷണഗതികളാണ് ജീവിതത്തെ വിരസമാക്കുന്നത് ആനന്ദകരമാക്കുന്നതും. ഏത് കാര്യത്തെയും വ്യത്യസ്തമായി സമീപിക്കാന്‍ കഴിഞ്ഞാല്‍ അതിലാണ് വിജയമിരിക്കുന്നത്. കളം മാറ്റി ചവിട്ടാന്‍ നാം തയ്യാറല്ലെങ്കില്‍ പരാജയം നമ്മുടേത് മാത്രമാണ്.

അല്ലാഹു പറയുന്നു: ”സ്വയം മാറാന്‍ തയ്യാറാവാത്തവരെ അല്ലാഹു ഒരിക്കലും മാറ്റുകയില്ല” (അര്‍റഅ്ദ്: 11).

വിവ: അനസ് പടന്ന

Related Articles