Current Date

Search
Close this search box.
Search
Close this search box.

യാത്ര: സത്യവിശ്വാസിയുടെ ഉത്തമ സുഹൃത്ത്

travel.jpg

‘യാത്ര’ എന്ന രണ്ട് അക്ഷരത്തിന് മനുഷ്യജീവിതത്തില്‍ അനന്തമായ അര്‍ത്ഥവും സ്വാധീനവുമാണുള്ളത്. മനുഷ്യജീവിതം മൊത്തത്തില്‍ തന്നെ ഒരു യാത്രയാണ്. സന്തോഷവും ദുഃഖവും, ആനന്ദവും ദുരിതവും, സ്‌നേഹവും വെറുപ്പുമെല്ലാം ഉള്‍ക്കൊണ്ട യാത്ര. ഓരോരുത്തരം തങ്ങളുടെ അറിവും ജീവിത ചുറ്റുപാടും അനുസരിച്ച് യാത്രയുടെ ഗതി നിര്‍ണ്ണയിക്കുന്നു. മാതാവിന്റെ വയറ്റില്‍ നിന്നും തുടങ്ങിയ ആ യാത്ര മരണത്തോടെ അവസാനിക്കുന്നു. ഇത്തരം സ്വാഭാവികമായ യാത്രകള്‍ക്കപ്പുറമുള്ള ചില യാത്രകളുമുണ്ട്. മനുഷ്യചരിത്രത്തില്‍ നിസ്തുലമായ കണ്ടെത്തെലുകളും, തിരിച്ചറിവുകളും, വൈജ്ഞാനിക വിസ്‌ഫോടനങ്ങളും രൂപപ്പെട്ടത് പിന്നില്‍ ഇത്തരം യാത്രകളുടെ പങ്ക് അതുല്യമാണ്. എന്നാല്‍ മനുഷ്യചരിത്രത്തിലെ അനവധി ദുരന്തങ്ങളും യാത്രകള്‍മൂലം ഉണ്ടായിട്ടുണ്ട്. യുദ്ധങ്ങളും അധിനിവേഷങ്ങളും കടന്നാക്രമണങ്ങളും ഇത്തരത്തിലുള്ളവയാണ്.

യാത്രയെ ശക്തമായി പ്രോത്സാഹിപ്പിക്കുകയും അതിനെ മഹത്തായ സല്‍കര്‍മ്മമായി നിര്‍വ്വചിക്കുകയും ചെയ്ത മതവും ജീവിത ദര്‍ശനവുമാണ് ഇസ്‌ലാം. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും ഇതിനെക്കുറിച്ച ശക്തമായ പ്രതിപാദനങ്ങളുണ്ട്. അല്ലാഹു പറയുന്നു : ‘ഈ ജനം ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലെന്നോ, അവര്‍ക്ക് ഗ്രഹിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളും ഉണ്ടാകുന്നതിന്? എന്നാല്‍ കണ്ണുകളല്ല അന്ധമാകുന്നത്; പ്രത്യുത, മാറിടങ്ങളിലുള്ള ഹൃദയങ്ങളാണ് അന്ധമാകുന്നത്.'(വി.ഖു,22:46) അവരോട് പറയുക: ഭൂമിയില്‍ സഞ്ചരിച്ചു നിരീക്ഷിക്കുക. എങ്ങനെയാണവന്‍ സൃഷ്ടി തുടങ്ങിയിട്ടുള്ളതെന്ന്.പിന്നീടല്ലാഹു മറ്റൊരിക്കല്‍ കൂടി ജീവിതം നല്‍കും. നിശ്ചയം അല്ലാഹു സകല സംഗതികള്‍ക്കും കഴിവുറ്റവനല്ലോ?(വി.ഖു,29:20) പറയുക: ഭൂമിയിലൊന്നു സഞ്ചരിച്ചുനോക്കുവിന്‍; ധിക്കാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്. (വി.ഖു, 27:69)

ഇസ്‌ലാമിലെ യാത്രകള്‍ക്ക് പലവിധ ലക്ഷ്യങ്ങളുണ്ട്. അതില്‍ ഏറ്റവും സുപ്രധാനവും ശ്രേഷ്ടകരവും അറിവ് കരസ്ഥമാക്കല്‍ തന്നെയാണ്. അറിവ് തേടി യാത്ര ചെയ്യുന്നവന് സ്വര്‍ഗത്തിലേക്കുള്ള വഴി അല്ലാഹു എളുപ്പമാക്കുമെന്നാണ് നബി (സ) പറഞ്ഞത്. നബി (സ)യുടെ കാലത്തും പില്‍കാലത്തും ജീവിച്ചവരുടെ അറിവ്‌തേടിയുള്ള യാത്രകളെക്കുറിച്ച വിസ്മയഭരിതമായ സംഭവങ്ങള്‍ ചരിത്രം നമുക്ക് പറഞ്ഞു തരുന്നുണ്ട്. ഇസ്‌ലാമിലെ രണ്ടാമത്തെ അടിസ്ഥാന പ്രമാണമായ ഹദീസ് ശേഖരണാര്‍ത്ഥം ഇമാം ബുഖാരിയെയും ഇമാം മുസ്‌ലിമിനെയും പോലെയുള്ള ഹദീസ് പണ്ഡിതന്മാര്‍ നടത്തിയ യാത്രകളും, വിജ്ഞാന സമ്പാദനാര്‍ത്ഥം ഇമാം ശാഫിഈയെയും ഇമാം അബൂഹനീഫയെയും പോലുള്ള കര്‍മ്മശാസ്ത്ര പണ്ഡിതര്‍ നടത്തിയ യാത്രകളും, ശാസ്ത്രീയ, വൈദ്യശാസ്ത്ര, ഗോളശാസ്ത്ര, തത്വശാസ്ത്ര, സാമൂഹിക ശാസ്ത്ര മേഖലകളില്‍ ഇമാം ഗസ്സാലിയും, ഇബ്‌നു സീനയും, ഫാറാബിയും, ഇബ്‌നു ഖല്‍ദൂനും, ഇബ്‌നു ഹസ്മുമെല്ലാം നടത്തിയ യാത്രകളും ഇത്തരത്തിലുള്ള വൈജ്ഞാനിക യാത്രകള്‍ തന്നെയായിരുന്നു. ഇസ്്‌ലാമിക നാഗരിക ചരിത്രത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക കേന്ദ്രമായ സ്‌പെയിനിലേക്ക് അക്കാലത്ത് ലോകത്തിന്റെ പലഭാഗത്തു നിന്നുമുള്ള ആളുകള്‍ വിജ്ഞാനം തേടി നടത്തിയ യാത്രകളും, പില്‍കാലത്ത് ലോകത്തിന്റെ പലഭാഗങ്ങളിലുള്ള സര്‍വ്വകലാശാലകളിലേക്ക് വിജ്ഞാന സമ്പാദനാര്‍ത്ഥം നടത്തിയ യാത്രകളും ഇത്തരത്തിലുള്ളവയായിരുന്നു. ഇന്നത് വലിയ തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നു.

ഇസ്‌ലാമിലെ യാത്രകളുടെ മറ്റൊരുലക്ഷ്യം അല്ലാഹുവിന്റെ അപാരമായ ദൃഷ്ടാന്തങ്ങളുടെ ദര്‍ശനവും അതിലൂടെ സ്വന്തം നാഥനെ തിരിച്ചറിയലുമാണ്. ഖുര്‍ആനിലെ സൂക്തങ്ങള്‍ക്കും പ്രകൃതിയിലെ ദൃഷ്ടാന്തങ്ങള്‍ക്കും ‘ആയത്ത്’ എന്ന ഒരേ അറബിപദം ഉപയോഗിച്ചത് വെറുതെയല്ല. വായനയുടെ പുതിയ തലങ്ങളെയാണ് അവ പരിചയപ്പെടുത്തുന്നത്. ഖുര്‍ആനിലെ സ്വര്‍ഗത്തെക്കുറുച്ചുള്ള വര്‍ണനകള്‍ ബോധ്യമാകാന്‍ യാത്ര ചെയ്‌തേ മതിയാകൂ. ഉപജീവനം തേടിയുള്ള യാത്രകളും സല്‍കര്‍മ്മം തന്നെയാണ്. നബി(സ)യും സ്വഹാബികളും നടത്തിയ കച്ചവടയാത്രകള്‍ ഇതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ്. ഗള്‍ഫ് പ്രവാസവും ഈ ഗണത്തില്‍ പ്രധാനമാണ്. ഉത്തമമായ സംസ്‌കാരങ്ങളുടെ കൈമാറ്റം യാത്രകളുടെ മറ്റൊരു മുഖ്യ ലക്ഷ്യമാണ്. ഉത്തമമായ ഒരു ലോകത്തിന്റെ പിറവിക്ക് ഇത്തരം കൈമാറ്റങ്ങള്‍ നിമിത്തമാകുന്നതാണ്. സദ്ജനങ്ങളുമായുള്ള സഹവാസങ്ങളും ഇടപഴകലുകളും ശ്രേഷ്ടമായ വ്യക്തിത്വങ്ങള്‍ക്ക് പിറവി നല്‍കുന്നു. ആത്മീയത തേടിയുള്ള യാത്രകള്‍ നമുക്ക് സുപ്രധാനമാണ്. ഹജ്ജ് യാത്ര ഇതില്‍ ഏറ്റവും ഉന്നതസ്ഥാനത്താണ്. സ്വന്തം നാഥനിലേക്കുള്ള സുന്ദരമായ യാത്രയാണത്. ഇമാം ഗസ്സാലിയെപ്പോലുള്ളവര്‍ നടത്തിയതുപോലുള്ള ആത്മീയ യാത്രകളും ഗുണകരം തന്നെ.

ഇബ്‌നു ഉമര്‍ (റ) ന്റെ ചുമലില്‍ കൈവെച്ച് നബി(സ) പറഞ്ഞു : ‘നീ ഇഹലോകത്ത് ഒരു പ്രവാസിയെപ്പോലെ അല്ലെങ്കില്‍ വഴിപോക്കനെപ്പോലെയായിരിക്കണം.’ നമുക്ക് ഇനിയും അനേകം ദൂരം സഞ്ചരിക്കാനുണ്ട്. മരണ ശേഷം സ്രഷ്ടാവിലേക്കുള്ള ആ സഞ്ചാരത്തിന് വേണ്ട വിഭവങ്ങള്‍ സംഭരിക്കാനുള്ള ഒരിടം മാത്രമാണ് ദുനിയാവ്. അല്ലെങ്കില്‍ ആ സുദീര്‍ഘമായ യാത്രയില്‍ നമ്മള്‍ ശാശ്വതമായ ദുരിതമനുഭവിക്കേണ്ടി വരും. യാത്ര തുടങ്ങിയിട്ട് പിന്നെ ഖേദിച്ചിട്ട് യാതൊരു ഫലവുമില്ല. അതിനാല്‍ ജീവിതയാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സഞ്ചാരം തുടരുക. ഹൃദയത്തിന് അന്ധത ബാധിക്കാതിരിക്കാനും, ജീവിതം വിജയകരമാകാനും അത് കൂടിയേ തീരൂ.

Related Articles