Current Date

Search
Close this search box.
Search
Close this search box.

പെഹ്‌ലു ഖാന്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രതിഷേധ റാലി

ന്യൂഡല്‍ഹി: ഗോരക്ഷകരെന്ന പേരില്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ മര്‍ദിച്ചുകൊന്ന പെഹ്‌ലു ഖാന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഭൂമി അധികാര്‍ ആന്ദോളന്‍ ആണ് ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ നടപടി അപലപനീയമാണെന്നും പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ഈ സംഭവത്തിനു ശേഷവും സംസ്ഥാനത്ത് ഗോരക്ഷ ഗുണ്ടകളുടെ ആക്രമം വര്‍ധിച്ചിരിക്കുകയാണ്.

2017 ഏപ്രില്‍ മൂന്നിനായിരുന്നു ഹരിയാനയിലെ നൂഹ് ജില്ലയിലെ ഡയറി ഫാമിലെ ക്ഷീര കര്‍ഷകനായ പെഹ്‌ലു ഖാനെ ഗോരക്ഷകരെന്ന പേരില്‍ ഒരു കൂട്ടമാളുകള്‍ ചേര്‍ന്ന് അടിച്ചു കൊന്നത്. പെഹ്‌ലു ഖാനും അദ്ദേഹത്തിന്റെ നാലു അനുയായികളേയും ഇരുന്നൂറോളം വരുന്ന സംഘമാണ് ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്. 

രാജസ്ഥാനിലെ അല്‍വാറിലെ തീവ്ര ഹിന്ദുത്വ സംഘടനയാണ് അക്രമി സംഘമെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. എന്നാല്‍, രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നാരോപണം ഉയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ ഈ മനോഭാവം ജനാധിപത്യ രാജ്യത്തെ നീതിന്യായ വ്യവസ്ഥക്ക് വരെ ഭീഷണിയാണെന്ന് ഭൂമി അധികാര്‍ ആന്ദോളന്‍ നേതാക്കള്‍ പറഞ്ഞു.

ഇവിടെ ഗ്രാമീണ കര്‍ഷകര്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയും ഭീഷണി നേരിടുകയുമാണ്. മേഖലയില്‍ കന്നുകാലി വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും നേരെയുള്ള ആര്‍.എസ്.എസിന്റെയും വി.എച്ച്.പിയുടെയും കീഴിലുള്ള ഗോരക്ഷക സംഘത്തിന്റെ അക്രമം പതിവാണ്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ച് കേസ് ഇപ്പോഴും നീണ്ടുപോവുകയാണ്. ഇരകള്‍ക്ക് നീതി ലഭിക്കാതെ പ്രതികള്‍ സൈ്വര്യവിഹാരം നടത്തുകയാണെന്നും പ്രതിഷേധ സംഗമം കുറ്റപ്പെടുത്തി.

 

 

Related Articles