Current Date

Search
Close this search box.
Search
Close this search box.

അറാകാനിലെ മര്‍ദിതരെ നമുക്ക് കൈവെടിയാനാവില്ല: എര്‍ദോഗാന്‍

അങ്കാറ: മ്യാന്‍മറില്‍ അറാകാനില്‍ മര്‍ദനങ്ങള്‍ക്കിരയാക്കപ്പെടുന്ന മുസ്‌ലിംകളെ കൈവെടിയാന്‍ തുര്‍ക്കിക്ക് സാധിക്കുകയില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. ആഗസ്റ്റ് 30ന് വിജയാഘോഷ ദിനത്തോടനുബന്ധിച്ച് അങ്കാറയിലെ പ്രസിഡന്റിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മനസാക്ഷിയെയോ സത്യത്തിന്റെയും നീതിയുടെയും അടിസ്ഥാനങ്ങളെയോ ഉപേക്ഷിക്കാന്‍ തുര്‍ക്കിക്ക് സാധ്യമല്ല. ലോകത്തെ പീഡിതര്‍ക്കൊപ്പം നിലകൊള്ളുന്നത് അത് തുടരും. സിറിയയിലെയും ഇറാഖിലെയും ബാള്‍ക്കനിലോയും കൊക്കേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും ഞങ്ങളുടെ സഹോദരങ്ങളുടെ മനസ്സുകള്‍ കീഴടക്കിയ ഞങ്ങള്‍ക്ക് അറാകാനിലെ പീഡിതരെ ഒറ്റക്ക് ഉപേക്ഷിക്കാന്‍ സാധിക്കുകയില്ല. എന്ന് അദ്ദേഹം വ്യക്തമാക്കി.
ഭീകരസംഘടനകളിലൂടെ തുര്‍ക്കിയെ ഉപരോധിക്കാന്‍ ശ്രമിക്കുന്നവര്‍ ഭാവിയില്‍ പ്രസ്തുത ഭീകരസംഘടനകളെ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്‌ഫോടനത്തിന് സജ്ജമാക്കി വെച്ചിരിക്കുന്ന ബോംബുകളോടാണ് അദ്ദേഹം അതിനെ ഉപമിച്ചത്. ദാഇശിന്റെ (ഐ.എസ്) കഥകഴിക്കലാണ് ലക്ഷ്യമെങ്കില്‍ പിന്നെ എങ്ങനെയാണ് നാറ്റോ സഖ്യത്തിലെ അംഗമായ രാഷ്ട്രത്തിന്റെ ആയുധം ദാഇശിന്റെ കൈകളിലെത്തിയതെന്നും അദ്ദേഹം ചോദിച്ചു. തുര്‍ക്കി നിര്‍ഭയത്വമുള്ള പ്രദേശമാണെന്നും എന്നാല്‍ അതിന് മേല്‍ രാഷ്ട്രീയമായും സാമ്പത്തികമായും സമ്മര്‍ദം ചെലുത്താന്‍ ചില രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും എര്‍ദോഗാന്‍ കൂട്ടിചേര്‍ത്തു.

Related Articles