Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ നിങ്ങളുടേത് കൂടിയാണ്; കാമ്പയിന്‍ സമാപനവും എക്‌സിബിഷനും

കുവൈത്ത് സിറ്റി: മനുഷ്യസമൂഹത്തിന്റെ സന്മാര്‍ഗ്ഗദര്‍ശന ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനെ അടുത്തറിയാനായി കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) നടത്തിവരുന്ന ”ഖുര്‍ആന്‍ നിങ്ങളുടേത് കൂടിയാണ്” എന്ന കാമ്പയിന്റെ സമാപന സമ്മേളനവും ഖുര്‍ആനിക് എക്‌സിബിഷനും ഒക്ടോബര്‍ 27 വെള്ളിയാഴ്ച അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് നടക്കും. സമ്മേളനത്തില്‍ മുഖ്യാതിഥികളായി മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്, സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍, ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ കെ.ഐ.ജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിക്കും. കൂടാതെ കുവൈത്തിലെ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ സംഘടനാ നേതാക്കളും സംബന്ധിക്കും. പൊതു സമ്മേളനത്തില്‍ പങ്കെടുക്കാനും  പ്രസംഗം ശ്രവിക്കാനും എല്ലാവര്‍ക്കും സൗകര്യമുണ്ടാകുമെന്നും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം സജ്ജീകരിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യവും ഉണ്ടായിരിക്കും.

ഖുര്‍ആന്‍ എക്‌സിബിഷന്‍
ഖുര്‍ആനിക വിഷയങ്ങളെ മനസ്സിലാക്കാനും പഠിക്കാനും ഉതകുന്ന വിധം ബൃഹത്തായ  ഒരു ഖുര്‍ആനിക് എക്‌സിബിഷനും കാമ്പയിനോടനുബന്ധിച്ച് നടത്തുന്നു. അന്നേ ദിവസം (ഒക്ടോബര്‍ര്‍ 27 വെള്ളിയാഴ്ച) ഇന്റഗ്രേറ്റഡ് സ്‌കൂളില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് എക്‌സിബിഷന്‍. നാല്‍പതോളം സ്‌കൂളുകളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ര്‍ഥികളും അധ്യാപകരും  പൊതുജനങ്ങളും പങ്കെടുത്ത് തയ്യാറാക്കുന്ന നൂറോളം വരുന്ന പ്രദര്‍ശന സ്റ്റാളുകള്‍ സന്ദര്‍ശകര്‍ക്ക് വിജ്ഞാനവും വിസ്മയവും പകര്‍ന്ന് നല്‍കും. മനുഷ്യന്‍, പ്രപഞ്ചം, പ്രകൃതി, മനുഷ്യ- നാഗരിക ചരിത്രം, ശാസ്ത്ര സത്യങ്ങള്‍, സാമൂഹ്യ പുരോഗതി, ധാര്‍മിക- സദാചാര മൂല്യച്യുതികള്‍, ദൈവാസ്തിക്യം, സാങ്കേതിക വിദ്യകള്‍, ആധുനികത തുടങ്ങിയ അനേകം വിജ്ഞാനീയങ്ങളുടെ വൈവിധ്യങ്ങള്‍ കോര്‍ത്തിണക്കി സജ്ജീകരിക്കുന്ന സ്റ്റാളുകള്‍ പ്രദര്‍ശനത്തെ സവിശേഷമാക്കും. വിശുദ്ധ ഖുര്‍ആന്റെ അമാനുഷികത അനാവരണം ചെയ്യുന്നതും ഖുര്‍ആനിക വിഷയങ്ങളുടെ ആഴവും വ്യാപ്തിയും വെളിവാക്കുന്നതുമായ ഈ പ്രദര്‍ശനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും. കുവൈത്തിലെ വിവിധ ഏരിയകളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ടീമുകളും വ്യക്തികളും മാറ്റുരക്കപ്പെടുന്ന ഇത്തരത്തിലുള്ള പ്രദര്‍ശനം ഇദംപ്രഥമമായാണ് കുവൈത്തില്‍ നടക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്‍പ്പടെ എല്ലാവര്‍ക്കും പ്രദര്‍ശനം കാണാന്‍ അവസരമുണ്ടാകും. പ്രവേശനം സൗജന്യമായിരിക്കും.
ഒക്ടോബര്‍ 1 മുതല്‍ ആരംഭിച്ച കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആന്റെ 3000 കോപ്പികള്‍ സൗജന്യമായി വിതരണം ചെയ്തു. എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ചു കൊണ്ട് കേന്ദ്ര-ഏരിയാ തലങ്ങളിലായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടേബ്ള്‍ ടോക്കുകള്‍ നടന്നു. രണ്ടു ഘട്ടങ്ങളിലായി ഓഫ്‌ലൈന്‍ ക്വിസുകളും ഓണ്‍ലൈന്‍ ക്വിസും നടന്നു. കാമ്പയിന്‍ സന്ദേശമുള്‍ക്കൊള്ളുന്ന മാഗസിന്‍ വിതരണം വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 99057829, 97601023 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles