Current Date

Search
Close this search box.
Search
Close this search box.

ഞങ്ങള്‍ പ്രദേശത്തിന്റെ സുസ്ഥിരതയുടെ അടിത്തറ: ഇറാനും തുര്‍ക്കിയും

തെഹ്‌റാന്‍: തങ്ങളാണ് പ്രദേശത്തിന്റെ സുസ്ഥിരതയുടെ അടിത്തറയെന്ന അവകാശവാദവുമായി ഇറാന്‍ തുര്‍ക്കി രാഷ്ട്രീയ നേതാക്കള്‍. ബുധനാഴ്ച്ച ഇറാന്‍ സന്ദര്‍ശിക്കുന്ന തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാനെ സ്വീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. ഇറാനും തുര്‍ക്കിക്കും ഇടയിലെ സൈനിക സഹകരണം നിലവിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. സിറിയയിലെയും ഇറാഖിലെയും ഫെഡറല്‍ ഭരണകൂടങ്ങളെ പിന്തുണക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താനും തുര്‍ക്കി സൈനിക മേധാവി ഖലൂസി ആകാറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തിന് മാറ്റം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരതക്കും സമാധാനത്തിനും വെല്ലുവിളിയാണെന്നും അതുകൊണ്ട് തന്നെ അത്തരം നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്തിന്റെ സുസ്ഥിരതയും സമാധാനവും കാത്തുസൂക്ഷിക്കുന്നതില്‍ തുര്‍ക്കി-ഇറാന്‍ സഹകരണത്തിന് ശ്രദ്ധേയമായ സ്വാധീനമുണ്ടെന്ന് ആകാര്‍ പറഞ്ഞതായി ഇറാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇറാഖിന്റെയും സിറിയയുടെയും അഖണ്ഡത തുര്‍ക്കി മാനിക്കുന്നു. ഭീകരതയെ നേരിടുന്നതില്‍ പ്രദേശത്തെ രാഷ്ട്രങ്ങളുമായി -പ്രത്യേകിച്ചും ഇറാനുമായി- സഹകരിക്കാന്‍ തുര്‍ക്കി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് ബാഖിരിയുമായും ഖലൂസി ആകാര്‍ കൂടിക്കാഴ്ച്ച നടത്തി. ഇറാഖിന്റെ അഖണ്ഡത നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും ഇര്‍ബിലിനും ബഗ്ദാദിനും ഇടയിലെ ചര്‍ച്ചകളുടെ അടിസ്ഥാനം ഇറാഖി ഭരണഘടനയായിരിക്കണമെന്നും കൂടിക്കാഴ്ച്ചയില്‍ ബാഖിരി പറഞ്ഞു.

Related Articles