Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ഗസ്സയില്‍ റാലി

ഗസ്സ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന വംശീയത നിറഞ്ഞതും വിദ്വേഷത്തിന് വളം വെക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണെന്ന് ഹമാസ് വ്യക്തമാക്കി. അതേസമയം ട്രംപിന്റെ ഫലസ്തീന്‍ സന്ദര്‍ശനത്തിനെതിരെയും നിരാഹാരത്തില്‍ കഴിയുന്ന തടവുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ഫലസ്തീന്‍ വിമോചന ബഹുജന മുന്നണി (Popular Front for the Liberation of Palestine) തെരുവുകളില്‍ റാലി നടത്തി.
ഇസ്രയേലിന്റെ പുതിയ അപാര്‍തിഡ് സംവിധാനത്തിന് പ്രോത്സാഹനം നല്‍കുന്നതും വിദ്വേഷം വളര്‍ത്തുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് ട്രംപിന്റെ പ്രസ്താവനയെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം വ്യക്തമാക്കി. അമേരിക്കയുടെ ഈ നയം ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് നേരെ ഉയര്‍ത്തുന്ന അപകടത്തെ കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ട്രംപിന്റെ പ്രസ്താവന തള്ളിക്കളയേണ്ടതും ഫലസ്തീനികളുടെ പ്രതിരോധത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും സയണിസ്റ്റ് അധിനിവേശകരോട് പൂര്‍ണചായ്‌വ് പുലര്‍ത്തുന്നതുമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
റിയാദില്‍ ചേര്‍ന്ന അറബ് – അമേരിക്ക ഉച്ചകോടിയില്‍ ഹമാസിനെ ഭീകരസംഘടനയെന്ന് ട്രംപ് വിശേഷിപ്പിക്കുകയും ഐഎസിനും അല്‍ഖാഇദക്കും ഒപ്പം അതിനെ എണ്ണുകയും ചെയ്തിരുന്നു. താന്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ഹമാസോ ഹിസ്ബുല്ലയോ ഇസ്രയേലിന് നേര്‍ക്ക് ഒരു റോക്കറ്റും അയക്കില്ലെന്ന് കഴിഞ്ഞ ദിവസം ഖുദ്‌സില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. തന്റെ ഭരണകൂടം എല്ലായ്‌പ്പോഴും ഇസ്രയേലിനൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles