Current Date

Search
Close this search box.
Search
Close this search box.

ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് സോഷ്യല്‍ മീഡിയ: ശൈഖ് ശുറൈം

മക്ക: സോഷ്യല്‍ മീഡിയകളില്‍ വലിയ അനുഗ്രഹമാണെങ്കിലും വലിയ വിപത്തുകള്‍ക്കത് കാരണമായേക്കുമെന്നും അതുകൊണ്ട് വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണതെന്നും മസ്ജിദുല്‍ ഹറാം ഇമാമും ഖത്വീബുമായ ശൈഖ് സഊദ് ശുറൈം. അതുപയോഗപ്പെടുത്തുന്ന മനുഷ്യന്‍ നന്ദി കാണിക്കുകയാണോ അതല്ല അല്ലാഹുവിന്റെ അതിരുകള്‍ ലംഘിക്കുകയാണോ ചെയ്യുന്നത് എന്ന് പരീക്ഷിക്കുകയാണെന്നും മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നടത്തിയ ജുമുഅ ഖുതുബയില്‍ അദ്ദേഹം പറഞ്ഞു.
വിനിമയ രംഗത്ത് ഏറെ പുതുമകളുള്ള അതിന്റെ കുതിച്ചുചാട്ടം പലരെയും അതിലെ നന്മ തിന്മകളെ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാക്കിയിരിക്കുന്നു. മറ്റേത് മാധ്യമങ്ങളെയും പോലെ അതിലും നന്മകളും തിന്മകളും ജനങ്ങള്‍ക്ക് ഉപകാരവും ദോഷങ്ങളും അതിലുണ്ട്. സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കാനുള്ള എളുപ്പവും സൗകര്യവും വാക്കുകളുടെ ഗൗരവവും അതുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച ബോധവും കുറച്ചിട്ടുണ്ട്. ഒരാള്‍ സദസ്സില്‍ തന്റെ വായ തുറന്ന് സംസാരിക്കുമ്പോള്‍ പല നിയന്ത്രണങ്ങളും പാലിക്കാറുണ്ട്. എന്നാല്‍ അതേ ആളുകള്‍ ഡിജിറ്റല്‍ സ്‌ക്രീനില്‍ തങ്ങളുടെ വിരലുകള്‍ ചലിപ്പിക്കുമ്പോള്‍ ആ വേലിക്കെട്ടുകള്‍ മറികടക്കാന്‍ ധൈര്യം കാണിക്കുന്നു. എന്നും ശൈഖ് ശുറൈം വിവരിച്ചു.
സൂക്ഷ്മത പാലിക്കാതെ സംസാരിക്കുന്നത് നരകശിക്ഷക്ക് കാരണമാകുമെന്ന പ്രവാചകന്‍(സ) മുന്നറിയിപ്പ് ഉദ്ധരിച്ചു കൊണ്ട് അതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അദ്ദേഹം വിശ്വാസികളെ ഉണര്‍ത്തി. ഇത്തരം മീഡിയകളില്‍ നന്മകളും വ്യാപകമായി തിന്മകളുമുണ്ടെന്നും അതുകൊണ്ട് വളരെ ജാഗ്രതയോടെയും കരുതലോടെയുമായിരിക്കണം അതിനെ കൈകാര്യം ചെയ്യേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയുടെ ദോഷവശങ്ങള്‍ എണ്ണിപ്പറഞ്ഞ അദ്ദേഹം വ്യാജ വാര്‍ത്തകളുടെ പ്രചാരണത്തില്‍ അവക്കുള്ള പങ്ക് പ്രത്യേകം പരാമര്‍ശിച്ചു. അതിലൂടെയുള്ള ഏഷണിയും പരദൂഷണവും ആരോപണവും കുറ്റകരമായ ഏഷണിയും പരദൂഷണവും ആരോപണവും തന്നെയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles