Current Date

Search
Close this search box.
Search
Close this search box.

സിറിയക്കാരെ രക്ഷിക്കാന്‍ രക്ഷാസമിതി മുന്നിട്ടിറങ്ങണം: ഖത്തര്‍ അമീര്‍

ന്യൂയോര്‍ക്ക്: സിറിയക്കാരെ വന്യമായി കൊന്നൊടുക്കുന്നത് അവസാനിപ്പിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്വം രക്ഷാസമിതിക്കാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആലുഥാനി. പ്രദേശത്തിന്റെ സുരക്ഷക്ക് വലിയ അപകടമുണ്ടാക്കുന്ന സായുധ ഗ്രൂപ്പുകളെയും സംഘടനകളെയും ഇറക്കുമതി ചെയ്യുകയാണ് സിറിയന്‍ ഭരണകൂടം. ‘ഒന്നുകില്‍ അസദ്, അല്ലെങ്കില്‍ രാജ്യം ചുട്ടുചാമ്പലാക്കുക’ എന്നതാണ് സിറിയന്‍ ഭരണകൂടത്തിന്റെ മുദ്രാവാക്യം എന്നും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടത്തിയ സംസാരത്തില്‍ അദ്ദേഹം വ്യക്തമാക്കി. സിറിയന്‍ ജനതതയെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ലിബിയ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തില്‍ തനിക്ക് ഉത്കണ്ഠയുണ്ടെന്നും എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ അവിടത്തെ ഭരണകൂടവും പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലും നടത്തുന്ന ശ്രമങ്ങളിലൂടെ സുസ്ഥിരത വീണ്ടെടുക്കാനും ഭീകരതയെ ചെറുക്കാനും കഴിഞ്ഞേക്കുമെന്ന പ്രത്യാശയുണ്ടെന്നും ശൈഖ് തമീം പറഞ്ഞു. ലിബിയയിലെ അനുരഞ്ജന ശ്രമങ്ങള്‍ക്ക് ഖത്തര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇസ്രയേല്‍ അന്താരാഷ്ട്ര പ്രമേയങ്ങളെയും സമാധാന നിര്‍ദേശങ്ങളെയും തള്ളിക്കളയുന്നു എന്ന് മാത്രമല്ല വെസ്റ്റ്ബാങ്കിലും ഖുദ്‌സിലും കുടിയേറ്റം വ്യാപിപ്പിച്ച് അതിന് നേര്‍വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു. കടുത്ത വംശീയ വിവേചനത്തിലൂടെയാണ് ഇസ്രയേല്‍ അധിനിവേശം നടത്തുന്നത്. ഏതൊരു പ്രശ്‌നത്തെയും പരിഹരിക്കുന്നതില്‍ ഇസ്രയേല്‍ നേതാക്കള്‍ പരാജയമാണ്. ഫലസ്തീനികള്‍ മുമ്പത്തേക്കാളുപരി തങ്ങളുടെ അവകാശങ്ങളെ മുറുക പിടിക്കുന്നവരുമാണ്. എന്ന് അദ്ദേഹം പറഞ്ഞു. അക്രമിയുടെയോ ഇരയുടെയോ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ഭീകരതയെ നിര്‍വചിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു കൊണ്ട് തന്റെ വാക്കുകള്‍ അവസാനിപ്പിച്ച ശൈഖ് തമീം ഭീകരതയിലേക്ക് പോകുന്നതില്‍ നിന്ന് യുവാക്കളെ സംരക്ഷിക്കണമെന്നും സൂചിപ്പിച്ചു.

Related Articles