ഖുദ്സ്: ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പാരീസില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സമാധാന സമ്മേളനം റദ്ദാക്കിയാല്‍ മാത്രമേ ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച്ച നടത്തുകയുള്ളൂ എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വ ഒലാന്റുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹമിക്കാര്യം അറിയിച്ചതെന്നും നെതന്യാഹുവിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കി.
പാരീസില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നില്ലെങ്കില്‍ ഫലസ്തീന് പ്രസിഡന്റുമായി മുന്നുപാധികളൊന്നുമില്ലാതെ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നതിനായി കൂടിക്കാഴ്ച്ച നടത്താന്‍ താന്‍ ഫ്രാന്‍സില്‍ എത്തുമെന്നാണ് അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റിനെ അറിയിച്ചിരിക്കുന്നത്. സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു ഗുണവും ചെയ്യാത്ത പാരീസ് സമ്മേളനത്തില്‍ ഇസ്രയേല്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന് ഇസ്രയേല്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസത്തില്‍ നെതന്യാഹുവിനും അബ്ബാസിനുമിടയില് കൂടിക്കാഴ്ച്ച ഒരുക്കാന്‍ ഫ്രാന്‍സ് ശ്രമിക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജോണ്‍ മാര്‍ക് ഐറോള്‍ട്ട് പറഞ്ഞിരുന്നു. അതിനായി അബ്ബാസിനെയും നെതന്യാഹുവിനെയും ക്ഷണിച്ചിട്ടുണ്ടെന്നും സ്പാനിഷ് വിദേശകാര്യ മന്ത്രി അല്‍ഫോണ്‍സോ ഡാറ്റിസിനൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ ഐറോള്‍ട്ട് സൂചിപ്പിച്ചു.