Current Date

Search
Close this search box.
Search
Close this search box.

തെല്‍അവീവില്‍ നെതന്യാഹുവിന്റെ പ്രതിമ തകര്‍ത്ത് പ്രതിഷേധം

തെല്‍അവീവ്: അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ചൊവ്വാഴ്ച്ച തെല്‍അവീവില്‍ നടന്ന പ്രക്ഷോഭപരിപാടിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതിമ പ്രതിഷേധകര്‍ തകര്‍ത്തു. സംഭവം സാമൂഹ്യമാധ്യമങ്ങളിലും മറ്റും ശക്തമായ രാഷ്ട്രീയ സംവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി യിറ്റ്‌സാക് റാബിന്റെ പേരില്‍ അറിയപ്പെടുന്ന ചത്വരത്തില്‍ നിയമവിരുദ്ധമായി രാത്രിയില്‍ രഹസ്യമായി സ്ഥാപിക്കപ്പെട്ടതായിരുന്നു നാല് മീറ്റര്‍ ഉയരമുള്ള സ്വര്‍ണ്ണ പ്രതിമ.
സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രായേലി കലാകാരന്‍ ഇറ്റായ് സലായ്റ്റ് എറ്റെടുത്തു. സ്ഥാപിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊതുജനങ്ങളാല്‍ പ്രതിമ തള്ളിതാഴെയിടപ്പെട്ടു. 2003-ല്‍ ഇറാഖിലെ അമേരിക്കന്‍ അധിനിവേശസമയത്ത് സദ്ദാം ഹുസൈന്റെ പ്രതിമ തകര്‍ക്കപ്പെട്ടതിനോടാണ് സംഭവത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇസ്രായേലികള്‍ ഉപമിച്ചത്.
ഫലസ്തീനികളുമായുള്ള സമാധാന ശ്രമങ്ങളുടെ പേരില്‍ നോബേല്‍ സമ്മാനം നേടിയ യിറ്റ്‌സാക് റാബിന്റെ പേരിലുള്ള ചത്വരത്തില്‍ നെതന്യാഹുവിന്റെ പ്രതിമ സ്ഥാപിച്ചാല്‍ എന്തായിരിക്കും ഇസ്രായേലികളുടെ പ്രതികരണം എന്നതിനെ സംബന്ധിച്ച് സംവാദത്തിന് തുടക്കം കുറിക്കുകയാണ് തന്റെ ആവശ്യമെന്ന് സലായ്റ്റ് പറഞ്ഞു. ‘ഇസ്രായേലികളുടെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി, അതുപോലുള്ള പ്രതിമകള്‍ രാജ്യത്തുടനീളം സ്ഥാപിക്കണമെന്ന് അഭിപ്രായമുള്ളവരും, അതേസമയം നെതന്യാഹുവിന്റെ പ്രതിമ ചുറ്റിക കൊണ്ട് അടിച്ച് തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരും ഇസ്രായേലികള്‍ക്കിടയിലുണ്ട്.’ സലായ്റ്റ് കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധ പരിപാടിക്കെതിരെ സാംസ്‌കാരിക മന്ത്രി മിരി റെഗേവ് ഫേസ്ബുക്കില്‍ പ്രതികരിച്ചു. ‘എങ്ങനെയാണ് ഒരു കലാകാരന് യാഥാര്‍ത്ഥ്യത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയുക? ഇസ്രായേല്‍ ഒരു ജനാധിപത്യ രാഷ്ട്രമാണ്. നെതന്യാഹുവിനോടുള്ള വെറുപ്പാണ് യഥാര്‍ത്ഥത്തില്‍ അവരുടെ സ്വര്‍ണ്ണ പശുകുട്ടി.’ പശുകുട്ടിയുടെ പ്രതിമയെ ആരാധിച്ചതിന് ഇസ്രായേലികളെ ദൈവം ശിക്ഷിച്ച ബൈബിള്‍ കഥ സൂചിപ്പിച്ചു കൊണ്ട് റെഗേവ് എഴുതി.
നെതന്യാഹു സര്‍ക്കാര്‍ തങ്ങളെ കടിഞ്ഞാണിടാന്‍ നോക്കുകയാണെന്ന് ഇടത് ചായ്‌വുള്ള കലാകാരന്‍മാര്‍ ആരോപിച്ചു. പ്രത്യേകിച്ച്, രാഷ്ട്രത്തോട് ‘കൂറ്’ പുലര്‍ത്താത്തവരെന്ന് ആരോപിച്ച് സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുള്ള സബ്‌സിഡി കട്ട് ചെയ്യുന്ന റെഗേവിന്റെ ബില്ലിനെ കലാകാരന്‍മാര്‍ വിമര്‍ശിച്ചു.

Related Articles