Current Date

Search
Close this search box.
Search
Close this search box.

ജര്‍മനിയില്‍ ബുര്‍ഖ നിരോധിക്കുമെന്ന് ആംഗല മെര്‍ക്കല്‍

ബര്‍ലിന്‍: ജര്‍മനിയില്‍ ബുര്‍ഖ നിരോധിക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. കഴിഞ്ഞ വര്‍ഷം 10 ലക്ഷണത്തിനടുത്ത് മുസ്‌ലിം അഭയാര്‍ത്ഥികള്‍ക്ക് ജര്‍മനിയില്‍ അഭയം നല്‍കിയ മെര്‍ക്കലാണ് തന്റെ പുതിയ നിലപാട് വെളിപ്പെടുത്തിയത്. ഇതോടെ മുസ്‌ലിം വസ്ത്രധാരണ രീതികള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ജര്‍മനിയും സ്ഥാനം പിടിച്ചു. മതസഹിഷ്ണുത, യൂറോപ്യന്‍ ഐഡന്റിക്ക് നേര്‍ക്കുള്ള ഭീഷണി, ഇസ്‌ലാമിസ്റ്റുകളുടെ ഭാഗത്ത് നിന്നുള്ള ആക്രമണം തുടങ്ങിയ ചര്‍ച്ചകള്‍ക്ക് ചൂട്പിടിച്ചിട്ടുണ്ട്.
നാലാം തവണയും ജര്‍മനിയുടെ ചാന്‍സലര്‍ പദവി നോട്ടമിടുന്ന മെര്‍ക്കലിന്റെ വലത് പക്ഷത്തേക്കുള്ള പ്രായോഗിക മാറ്റത്തിന്റെ സൂചനയാണിതെന്ന് നിരീക്ഷിക്കപ്പെടുന്നു. അഭയാര്‍ത്ഥി പ്രതിസന്ധി കൈകാര്യം ചെയ്ത രീതി മെര്‍ക്കലിന്റെ ജനസമ്മതി വര്‍ധിപ്പിച്ചിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നീക്കമാണ് ഇപ്പോഴത്തേതെന്നാണ് കരുതപ്പെടുന്നത്.
‘ബുര്‍ഖ ജര്‍മനിക്ക് ചേരുന്നതല്ല. അത് എവിടെയൊക്കെ നിയമവിധേയമാണോ അവിടെയൊക്കെ അത് നിരോധിക്കണം.’ മെര്‍ക്കല്‍ പറഞ്ഞു. 47 ലക്ഷം വരുന്ന മൊത്തം ജര്‍മന്‍ മുസ്‌ലിംകളില്‍ ബുര്‍ഖ ധരിക്കുന്നവര്‍ വളരെ അപൂര്‍വ്വമാണ്. ഏറിയാല്‍ നൂറില്‍ പരം ആളുകള്‍ മാത്രമാണ് ബുര്‍ഖ ധരിക്കുന്നവരെന്ന് വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നുണ്ട്. പക്ഷെ അത്തരം വസ്ത്രങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തുന്ന നിരോധനം ശക്തമായ രാഷ്ട്രീയ സന്ദേശമായാണ് വ്യാപകമായി മനസ്സിലാക്കപ്പെടുന്നത്.
അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനുള്ള തടസ്സങ്ങളില്‍ ഒന്ന് മുസ്‌ലിംകളുടെ ശരീരം മുഴുവന്‍ മറക്കുന്ന തരത്തിലുള്ള ബുര്‍ഖയാണെന്ന് മുമ്പൊരിക്കല്‍ മെര്‍ക്കല്‍ പ്രസ്താവിച്ചിരുന്നു. ചില അഭയാര്‍ത്ഥി വിഭാഗങ്ങളില്‍ വ്യാപകമായി കൊണ്ടിരിക്കുന്നു എന്ന് പറയപ്പെടുന്ന ഇസ്‌ലാമിക ശരീഅത്ത് നിയമത്തിന്റെ കാര്യത്തിലുള്ള ആശങ്കകള്‍ അവര്‍ ആവര്‍ത്തിച്ചു. ‘സമാന്തര സമൂഹങ്ങള്‍ ഉണ്ടാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഗോത്ര നിയമങ്ങള്‍ക്കും, ശരീഅത്തിനും അപ്പുറം നമ്മുടെ നിയമങ്ങള്‍ക്കാണ് മുന്‍ഗണന’ അവര്‍ പറഞ്ഞു.
‘ഇത് തെരഞ്ഞെടുപ്പ് കാമ്പയിനാണെന്നാണ് ഞാന്‍ കരുതുന്നത്. വളരെ ജനസ്വീകാര്യത ലഭിക്കുന്ന ഒരു പ്രസ്താവനയാണത്. ഞാന്‍ അത്ഭുതപ്പെട്ടു പോയി. കാരണം ഇതിന് മുമ്പ് അവര്‍ ഇതത്ര വ്യക്തതയോടെ പറഞ്ഞിട്ടില്ല.’ ഇസ്‌ലാമിക് കൗണ്‍സില്‍ ഓഫ് ദി ഫെഡറല്‍ റിപ്പബ്ലിക്ക് ഓഫ് ജര്‍മനിയുടെ ചെയര്‍മാന്‍ ബുര്‍ഹാന്‍ കെസികി പറഞ്ഞു.

Related Articles