Current Date

Search
Close this search box.
Search
Close this search box.

സമാധാന ശ്രമങ്ങള്‍ തകര്‍ക്കാന്‍ കെറി ശ്രമിച്ചെന്ന് യമന്‍ ഭരണകൂടം

സന്‍ആ: വെടിനിര്‍ത്തല്‍ സംബന്ധിച്ച അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ പ്രസ്താവനയെ കുറിച്ച് യമന്‍ ഭരണകൂടത്തിന് അറിയില്ലെന്ന് യമന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ മലിക് അല്‍മഖ്‌ലാഫി പറഞ്ഞു. സമാധാന നീക്കങ്ങള്‍ തകര്‍ക്കാനുള്ള ശ്രമമാണ് കെറിയുടെ പ്രസ്താവനയില്‍ നിഴലിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൂഥികളോട് ഉടമ്പടിയുണ്ടാക്കുന്നതിനായിരുന്നു അദ്ദേഹം ശ്രമിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ പ്രസ്താവനക്ക് മുമ്പ് കെറി യമന്‍ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും താന്‍ പ്രതിനിധീകരിക്കുന്ന ഭരണകൂടം ഐക്യരാഷ്ട്രസഭയെ മാറ്റി നിര്‍ത്തിക്കൊണ്ട് ഒരു ഉടമ്പടിയും ഉറപ്പിച്ചിട്ടില്ലെന്നും മഖ്‌ലാഫി വ്യക്തമാക്കി. അമേരിക്കയിലെ നിലവിലെ ഭരണകൂടത്തിന്റെ കാലാവധി അവസാനിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാനാണ് കെറി ഉദ്ദേശിക്കുന്നതെങ്കില്‍ അത് യമന്‍ ജനതയുടെ ചെലവില്‍ വേണ്ടെന്നും യമന്‍ മന്ത്രി കൂട്ടിചേര്‍ത്തു.
ഈ മാസം 17 മുതല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ യമനിലെ പ്രതിസന്ധിയുടെ ഭാഗമായ കക്ഷികള്‍ യോജിപ്പിലെത്തിയിട്ടുണ്ടെന്നായിരുന്നു കെറിയുടെ പ്രസ്താവന. ഒമാന്‍, യു.എ.ഇ എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹമിത് പറഞ്ഞത്. ഈ വര്‍ഷം അവസാനത്തോടെ ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനും കക്ഷികള്‍ ധാരണയായിട്ടുണ്ടെന്നും കെറി പറഞ്ഞു.

Related Articles