Current Date

Search
Close this search box.
Search
Close this search box.

ലോല ഹൃദയവും ലോഹ ഹൃദയവും

pray.jpg

നമ്മുടെ ഹൃദയങ്ങളുടെ അവസ്ഥ അത്യല്‍ഭുതകരവും വിചിത്രവുമാണ്. ചിലപ്പോള്‍ അത് നന്മയിലേക്ക് മത്സരിച്ച് മുന്നിടും. അല്ലാഹുവിലേക്ക് ആര്‍ദ്രതയോടെ അത് അടുക്കുകയും ചെയ്യും. ദൈവമാര്‍ഗത്തില്‍ സമര്‍പ്പണത്തിന് ആഹ്വാനം ചെയ്യപ്പെട്ടാല്‍ ഏതു സമര്‍പ്പണത്തിനുമത് തയ്യാറാകും. തന്റെ സമ്പത്ത് മുഴുവനായി ദൈവമാര്‍ഗത്തില്‍ ചിലവഴിക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അതിനും അത് തയ്യാറാകും.

മനസ്സ് ചിലപ്പോള്‍ വരണ്ട അവസ്ഥയിലായിരിക്കും. പച്ച ഇല വരണ്ടുണങ്ങുന്നതു പോലെ അതും ഉണങ്ങിയിരിക്കും. തദ്ഫലമെന്നോണം സത്യത്തെ നിഷേധിക്കുകയും നന്മയില്‍ നിന്ന് ബഹുദൂരം അകന്നു പോകുകയും ദാനം നല്‍കുന്നതില്‍ നിന്ന് പിശുക്ക് കാണിക്കുകയും ചെയ്യും.

ഈ കാഠിന്യാവസ്ഥയില്‍ മനുഷ്യന്‍ തന്നോടുതന്നെ അതിക്രമം കാണിക്കും. പാപങ്ങളെ നിസ്സാരവല്‍കരിക്കുകയും പിന്തുടരുകയും അല്ലാഹുവിന്റെ പരിധികളും അവന്‍ നിര്‍ണയിച്ച അതിരുകളും ലംഘിക്കും. ഇതുമൂലം ഹൃദയങ്ങളില്‍ ചെളിപുരണ്ടിരിക്കും. ഇത്തരമൊരു പരിതസ്ഥിതിയില്‍ ഉപദേശം കേള്‍ക്കാനോ ഉള്‍ക്കൊള്ളാനോ അവന്‍ തയ്യാറാകുകയില്ല. നിലവില്‍ പ്രബോധനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണിത്. അവരുടെ മനസ്സുകള്‍ അതില്‍ നിന്നും വിമുഖത കാണിക്കുന്നതായി കാണാം.
പുറം ഭംഗിയുള്ളതും സ്ഫുടവുമാകണമെങ്കില്‍ അകം സംസ്‌കരിക്കപ്പെടണം. അകം കഴുകി വൃത്തിയാക്കുന്നതിലൂടെ പുറത്ത് അതിന്റെ തെളിച്ചം പ്രകടമാകും. ‘ശരീരത്തിലൊരു മാംസപിണ്ഡമുണ്ട്, അവ ശദ്ധീകരിച്ചാല്‍ ശരീരം മുഴുവനും സംസ്‌കരണം പ്രാപിച്ചു, അത് മലിനമായാല്‍ ശരീരം മുഴുവനായി മലീമസമായി. അത് ഹൃദയമാണ്’ എന്ന് പ്രവാചകന്‍ പഠിപ്പിച്ചത് ശ്രദ്ദേയമാണ്. ഭയഭക്തിയുടെ ഉറവിടം ഹൃദയമാണ്. ഹൃദയം അതിന് വഴങ്ങിയാല്‍ ശരീരാവയവങ്ങള്‍ അതിന് താനെ വഴങ്ങും.

അല്ലാഹുവിന്റെ പരിധികളെ ലംഘിക്കുന്നതില്‍ തങ്ങളുടെ അവയവങ്ങള്‍ കാണിക്കുന്ന ധൈര്യത്തെ കുറിച്ച് ചിലര്‍ പരാതിപ്പെടാറുണ്ട്. ഒരു രാപ്പകല്‍ കൊണ്ട് ഭയഭക്തി നേടിയെടുക്കാം എന്ന് നീ ഒരിക്കലും തെറ്റിദ്ധരിക്കരുത്. മനസ്സ് കാഠിന്യാവസ്ഥയില്‍ നിന്ന് ലോലാവസ്ഥയിലേക്ക് പരിവര്‍ത്തിക്കണമെങ്കില്‍ നിരന്തര പരിശീലനം ആവശ്യമാണ്. അതില്‍ ശ്രദ്ധിക്കേണ്ട വശങ്ങള്‍ : –
1. അടിമ തന്റെ നാഥനെ തിരിച്ചറിയുക : അല്ലാഹുവിനെ അവന്റെ എല്ലാ ഗാംഭീര്യത്തോടും കൂടി മനസ്സിലാക്കുമ്പോള്‍ അവനോടുള്ള വിധേയത്വവും ഭക്തിയും ഹൃദയത്തില്‍ അങ്കുരിക്കും. നന്മയിലും അനുസരണത്തിലും മുന്നേറുകയും ആത്മ സംതൃപ്തിയോടെ കര്‍മനിരതനാകുകയും ചെയ്യും. അത്തരത്തില്‍ അല്ലാഹുവിനെ തിരിച്ചറിയുമ്പോള്‍ അവനെ ധിക്കരിക്കുന്നതില്‍ നിന്നും അവന്‍ ബഹുദൂരം അകന്നു നില്‍ക്കും. ഹൃദയങ്ങള്‍ ലോലമാകാനുള്ള പ്രധാന വഴി ഇതുതന്നെയാണ്.
2.നമസ്‌കാരം കൃത്യസമയത്തു തന്നെ അനുഷ്ഠിക്കുക : ളുഹ്‌റ് നമസ്‌കാരം അസര്‍ നമസ്‌കാരത്തിലേക്കോ മഗരിബ് ഇശയിലേക്കോ പിന്തിക്കരുത്. അത്തരത്തില്‍ അല്ലാഹുവുമായി ആത്മ ബന്ധമുണ്ടാകുമ്പോള്‍ മ്ലേഛവൃത്തികളില്‍ നിന്നും തിന്മകളില്‍ നിന്നും അതവനെ പരിരക്ഷിക്കും. നന്മയിലേക്ക് അവനെ വഴിനടത്തുകയും ചെയ്യും.
3.ദൈവസ്മരണ നിലനിര്‍ത്തുക : ദൈവസ്മരണ ഭയഭക്തിയുടെ കവാടമാണ്. അവനെ മാനസികവും ശാരീരികവുമായി പരിവര്‍ത്തിപ്പിക്കും. ഹസന്‍(റ)വിനോട് ഒരാള്‍ ഹൃദയ കാഠിന്യത്തെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ അതിന് പ്രതിവിധിയായി അദ്ദേഹം നിര്‍ദ്ദേശിച്ചത് ദൈവസ്മരണ പതിവാക്കുക എന്നായിരുന്നു.
4. ഖുര്‍ആന്‍ പാരായണം : ‘ഏറ്റവും വിശിഷ്ടമായ വര്‍ത്തമാനമാണ് അല്ലാഹു ഇറക്കിത്തന്നത്. വചനങ്ങളില്‍ പരസ്പര ചേര്‍ച്ചയും ആവര്‍ത്തനവുമുള്ള ഗ്രന്ഥമാണിത്. അതു കേള്‍ക്കുമ്പോള്‍ തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ ഓര്‍ക്കാന്‍ പാകത്തില്‍ വിനീതമാകുന്നു. ഇതാണ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം'(സുമര്‍ 23)
5. മരണസ്മരണ നിലനിര്‍ത്തുക, ജനാസയെ അനുഗമിക്കുക, ഖബര്‍ സന്ദര്‍ശനം അധികരിപ്പിക്കുക
6.പാപമോചനവും തൗബയും അധികരിപ്പിക്കുക. ഹൃദയത്തെ ശുദ്ദീകരിക്കാനും ആര്‍ദ്രമാക്കാനും ഇത് വളരെ ഉപകരിക്കും. പാപങ്ങളുടെ പാഴ്്‌ചേറിലമര്‍ന്നവന് പശ്ചാത്താപത്തിന്റെ ചുടുകണ്ണീര്‍ ഉതിര്‍ത്തുള്ള പ്രാര്‍ഥനയാണ് ഏക ശരണം.

ആത്മസംസ്‌കരണത്തിന് ദൈവബോധം വളരെ അനിവാര്യമാണ്.,തഖവയുടെ സ്ഥാനം ഹൃദയമാണെന്ന് പ്രവാചകന്‍ (സ) വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചകന്‍ അബ്ദുല്ലാഹി ബ്‌നു മസ്ഊദ്(റ)വിനെ കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യിക്കാറുണ്ടായിരുന്നു. നാളെ ഓരോ സമൂഹത്തില്‍ നിന്ന് സാക്ഷിയെ അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കുന്ന സന്ദര്‍ഭം, ഈ സമൂഹത്തിന്റെ സാക്ഷിയായി താങ്കളെ കൊണ്ടുവരുന്ന സന്ദര്‍ഭം ഓര്‍ക്കുക എന്ന സൂക്തമവതീര്‍ണമായപ്പോള്‍ പ്രവാചകന്‍(സ)യുടെ നയനങ്ങളില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ ഉറ്റിയുറ്റി വീഴുകയുണ്ടായി.
പ്രവാചകന്‍ രോഗബാധിതനായി കിടപ്പിലായ സന്ദര്‍ഭത്തില്‍ അബൂബക്കര്‍(റ)വിനെ ഇമാമാക്കി നിശ്ചയിച്ചു. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ദുഖം അടക്കി നിര്‍ത്താനാവാതെ കരയുന്ന ലോലഹൃദയത്തിന്റെ ഉടമയാണ് അദ്ദേഹം എന്ന് അവര്‍ പ്രതികരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഈ നിര്‍മലതയടങ്ങിയ ഉത്തമ സ്വഭാവവിശേഷണങ്ങള്‍ അദ്ദേഹത്തെ ഖലീഫയാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുകയുണ്ടായി. അല്ലാഹുവിന്റെ ശിക്ഷ സംഭവിക്കുക തന്നെ ചെയ്യും എന്ന സൂക്തം കേള്‍ക്കാനിടവന്നപ്പോള്‍ ഉമര്‍ (റ)ബോധ രഹിതനായി വീഴുകയുണ്ടായി. ഇത്തരത്തില്‍ അല്ലാഹുവുമായുള്ള ഹൃദയബന്ധത്തിലൂടെ നമ്മുടെ ഹൃദയങ്ങളെ ആര്‍ദ്രമാക്കാനും ലോഹാവസ്ഥയില്‍ നിന്ന് ലോലാവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles