കൊച്ചി: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ഇന്ത്യയുടെ അഭിമാന താരങ്ങളായ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന് ടൊവിനോ തോമസ്. തന്റെ ഇന്‍സറ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടന് ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും ഭരണകൂടത്തെ വിമര്‍ശിക്കുകയും ചെയ്തത്.
‘അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തി പിടിച്ചവരാണവര്‍, ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷകള്‍ക്ക് വിജയത്തിന്റെ നിറം നല്കിയവര് ! ആ പരിഗണനകള്‍ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ, എതിര്‍പക്ഷത്ത് നില്ക്കുന്നവര് ശക്തരായത് കൊണ്ട് ഇവര്‍ തഴയപ്പെട്ടു കൂടാ.’ എന്നാണ് ടൊവിനോ കുറിച്ചത്.
നേരത്തെയും നിരവധി സിനിമ-കായിക താരങ്ങള്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. വനിത ഗുസ്തി താരങ്ങളെ ലൈംഗീകമായി പീഢിപ്പിച്ച റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷന്റെ രാജി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങളായ സാക്ഷി മാലിക, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തില്‍ ഒരു മാസമായി ഡല്‍ഹിയില്‍ സമരം നടക്കുന്നത്.