Current Date

Search
Close this search box.
Search
Close this search box.

ജസ്റ്റിസ് വി. ഖാലിദ് സാഹിബിന്റെ ചില നിരീക്ഷണങ്ങള്‍

Social-Justice.jpg

12വര്‍ഷക്കാലം സുപ്രിം കോടതി ജഡ്ജിയായിരുന്ന പരേതനായ ജസ്റ്റിസ് വി. ഖാലിദ് സാഹിബിന്റെ ചില നിരീക്ഷണങ്ങള്‍ ഇന്നത്തെ ചുറ്റുപാടില്‍ വളരെ പ്രസക്തമാണ്. ആയത് ഒരിക്കല്‍കൂടി അനുസ്മരിക്കുന്നത് ഏറെ സംഗതമായിരിക്കും.

ഏകസിവില്‍കോഡ് നടപ്പാക്കുന്നതിന്ന് അദ്ദേഹം തീര്‍ത്തും എതിരായിരുന്നു. ഇന്ത്യന്‍ ഭരണഘടന വളരെ ഭേദപ്പെട്ടതും മെച്ചപ്പെട്ടതുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ”അതിന്റെ ശില്‍പികളില്‍ 85% ശതമാനംപേരും ഹിന്ദുക്കളായിരുന്നിട്ടും വിഭജനത്തിന്റെ പല സങ്കീര്‍ണതകളും സജീവമായിരുന്നിട്ടും ഭരണഘടനാ ശില്‍പികള്‍ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാതെ സെക്യുലര്‍ സ്റ്റേറ്റായി രൂപപ്പെടുത്തിയെന്നത് മാനിക്കപ്പെടേണ്ട ഒരു നന്മയാണ്.” എന്നാല്‍ മുസ്‌ലിം വ്യക്തിനിയമത്തെ യഥാര്‍ഥശരീഅത്തിന്നനുസൃതമായി പുനഃക്രോഡീകരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന ഉറച്ച അഭിപ്രായം അദ്ദേഹത്തിന്നുണ്ടായിരുന്നു. നിലവിലുള്ള മുഹമ്മദന്‍ ലോയും ശരീഅത്തും തമ്മിലുള്ള പൊരുത്തക്കേടുകളും വിടവുകളും തിരുത്തപ്പെടുകയോ പരമാവധി ചുരുക്കിയെടുക്കുകയോ വേണ്ടതുണ്ട്. ഉദാഹരണത്തിന് നിലവുലുള്ള മുസ്‌ലിം വ്യക്തിനിയമത്തിലെ വിവാഹമോചന ചട്ടങ്ങള്‍  പൂര്‍ണ്ണമായും ശരീഅത്തിന്നനുസരിച്ച് പരിഷ്‌കരിക്കേണ്ടതുണ്ട്. (മുത്തലാഖിനെ അദ്ദേഹം ഒട്ടും അനുകൂലിച്ചിരുന്നില്ല)

ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം എന്ന ഘടന-സമ്പ്രദായം തെറ്റാണെന്നായിരുന്നു പരേതന്റെ അഭിപ്രായം. ”കൊളീജിയം മാറേണ്ടത് അത്യാവശ്യം തന്നെയാണ്. കൊളീജിയത്തില്‍ ഒരു പാട് ഇടപെടലുകള്‍ക്ക് സാധ്യതയുണ്ട്. നിലവിലുള്ള രീതി മാറണം… ചീഫ് ജസ്റ്റിസ്, സുപ്രീംകോടതിയിലെ സീനിയര്‍ ജഡ്ജിമാര്‍, പ്രധാനമന്ത്രി എന്നിവരടങ്ങിയ ബോഡിയാണ് അഭികാമ്യം”
പ്രശ്‌നസങ്കീര്‍ണപ്രദേശമായ കശ്മീരില്‍ ചീഫ്ജസ്റ്റിസായി ഒരു വര്‍ഷം സേവനമനുഷ്ഠിച്ച ഖാലിദ് സാഹിബിന്റെ കശ്മീര്‍ സംബന്ധമായുള്ള നരീക്ഷണത്തിന്റെ പ്രസക്തഭാഗം  ഇങ്ങിനെ ”ആ ഒരു വര്‍ഷം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളായിരുന്നു. ഇപ്പോള്‍ അവിടെ നടക്കുന്ന സംഭവങ്ങള്‍ അറിയുമ്പോള്‍ എന്റെ മനസ്സ് വല്ലാതെവേദനിക്കുന്നു. കുറെ കാര്യങ്ങളിലെങ്കിലും നമ്മുടെ സര്‍ക്കാറിന്റെ കൈകാര്യം ചെയ്യലിലെ താളപ്പിഴകളാണ് കുഴപ്പമുണ്ടാക്കുന്നത്. ജഗ്‌മോഹനെ ഗവര്‍ണറാക്കി കശ്മീരില്‍ അയച്ചു എന്നതാണ് ഇന്ദിരാഗാന്ധി ചെയ്ത വലിയ തെറ്റ്. ജഗ്‌മോഹന്‍ കശ്മീരികളെ ഒട്ടും സ്‌നേഹിച്ചിരുന്നില്ല. ജഗ്‌മോഹന്‍ രണ്ട് പ്രാവശ്യം കശ്മീരിലുണ്ടായിരുന്നു. ബി.കെ. നെഹ്‌റുവായിരുന്നു ഒരു ഘട്ടത്തില്‍ അവിടെ ഗവര്‍ണര്‍. അദ്ദേഹം വളരെ മാന്യനായിരുന്നു. അദ്ദേഹവുമായി നല്ല അടുപ്പത്തിലായിരുന്നു. വിരമിച്ചതിന്‌ശേഷവും അത് തുടര്‍ന്നു. ഇന്ദിരാഗാന്ധിയും ബി.കെ.നെഹ്‌റുവും തമ്മില്‍ അത്ര രസത്തിലായിരുന്നില്ല, അവര്‍ ബന്ധുക്കളാണെങ്കിലും. ഇന്ദിരാഗാന്ധി ബി.കെ.നെഹ്‌റുവിനോട് ഫറൂഖ് അബ്ദുല്ലയെ ഡിസ്മിസ് ചെയ്യാനാവശ്യപ്പെട്ടപ്പോള്‍ അങ്ങിനെ ചെയ്യില്ലെന്നും അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കിലേ പിരിച്ചുവിടുകയുള്ളൂ എന്നുമുള്ള നിലപാടിലദ്ദേഹം ഉറച്ചുനിന്നു. അന്ന് ബി.കെ.നെഹ്‌റു അമേരിക്കയിലൊക്കെ ലെക്ചര്‍ ടൂറിന്ന് പോകാറുണ്ടായിരുന്നു. അപ്പോഴദ്ദേഹം ലീവെടുക്കാറില്ല.
… ഞാന്‍ ചെന്ന കാലത്ത് പക്ഷെ യാത്രക്ക് ലീവെടുക്കാതെ ഇന്ദിരാഗാന്ധി സമ്മതിച്ചില്ല. അങ്ങിനെ ഗവര്‍ണര്‍ പദവിയിലിരിക്കെ പത്ത് ദിവസം അദ്ദേഹം ലീവെടുത്ത് പോയി. ആ പന്ത്രണ്ട് ദിവസം ഞാനായിരുന്നു ആക്ടിങ് ഗവര്‍ണര്‍. ഏറെ കഴിയുന്നതിനുമുമ്പെ ഇന്ദിരാഗാന്ധി അദ്ദേഹത്തെ ഗുജറാത്തിലേക്ക് മാറ്റിക്കളഞ്ഞു. അപ്പോഴാണ് ജഗ്‌മോഹന്‍ വന്നത്. പിറ്റെദിവസം എന്നെ ഡിന്നറിന് വിളിച്ചു, കൂടെ ഫാറൂഖ് അബ്ദുല്ലയേയും. ഏറെ നേരം സംസാരിച്ചു. നല്ല തമാശയൊക്കെ പറഞ്ഞു അന്ന് രാത്രി പിരിഞ്ഞു. നേരം പുലര്‍ന്നപ്പോഴേക്കും ഫാറൂഖ് അബ്ദുല്ലയെ ഡിസ്മിസ് ചെയ്തിരുന്നു. അന്ന് ……..കേസൊന്നും വന്നിട്ടില്ല. ഡിസ്മിസ് ചെയ്യപ്പെട്ടാല്‍ ആരും സുപ്രീംകോടതിയില്‍ പോകാറുമില്ല. വാസ്തവത്തില്‍ ഫാറൂഖ് അബ്ദുല്ല അന്ന് സൂപ്രീം കോടതിയില്‍ പോയിരുന്നുവെങ്കില്‍ പിരിച്ചുവിടപ്പെട്ട നടപടി റദ്ദാക്കുമായിരുന്നു……. ചരിത്രപരമായി നോക്കിയാല്‍ കശ്മീരികളെ ഇന്ത്യാഗവണ്മെന്റ് ധരിപ്പിച്ചിരുന്നത് ഒരു ഹിതപരിശോധന ഉണ്ടാകുമോന്നാണ്. ഹിതപരിശോധന മുഖേന ആര്‍ക്കൊപ്പം ചേരണമെന്ന് തീരുമാനിക്കാനുള്ള അവകാശം. അതവര്‍ വിശ്വസിച്ചു. എന്നാലത് നടന്നില്ല. ഹരികൃഷ്ണയായിരുന്നല്ലോ കശ്മീര്‍ രാജാവ്. അദ്ദേഹം ഇന്ത്യക്കൊപ്പം ചേരാന്‍ തീരുമാനിച്ചതുകൊണ്ടാണല്ലോ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായത്. ഹിതപരിശോധനയെന്ന വാഗ്ദാനം ആ സമയത്ത് നല്‍കിയതാണ്. ലംഘിക്കപ്പെട്ട വാഗ്ദാനത്തെച്ചൊല്ലി വഞ്ചിക്കപ്പെട്ടു എന്ന തോന്നലായിരുന്നു കശ്മീരികള്‍ക്ക്. മാത്രമല്ല കശ്മീരിലെ ഓഫിസുകളിലെവിടെയും അര്‍ഹിക്കുന്ന പ്രാതിനിധ്യം അവര്‍ക്കുണ്ടായിരുന്നില്ല. കശ്മീരികള്‍ക്ക് മുഖ്യധാരയിലേക്കെത്താന്‍  ഒന്നും ചെയ്തുകൊടുത്തല്ല. വികസനകാര്യത്തില്‍ ശ്രദ്ധിച്ചില്ല.
പദ്ധതികള്‍ രൂപപ്പെടുത്തുമെന്ന  വാഗ്ദാനമല്ലാതെ ഒന്നും ചെയ്തില്ല. ന്യായമായ അവകാശം അനുവദിച്ചില്ലെന്ന പരാതി അവര്‍ക്കിപ്പോഴുമുണ്ട്. ..അത് കേള്‍ക്കാനും പരിഹരിക്കാനും സന്നദ്ധരായാല്‍ മതിയായിരുന്നു. കശ്മീരികളിലധികവും പാവങ്ങളാണ്… കശ്മീരികള്‍ക്ക് ഉദ്യോഗങ്ങളിലെത്താനുള്ള വഴിയൊരുക്കണം. സംസ്ഥാനത്തിന്റെ പുരോഗതിയില്‍ അവരും പങ്കാളികളാണെന്ന ബോധത്തിലേക്ക് അവരെ എത്തിക്കണം. കശ്മീരികളെ ശത്രുമനസ്സുള്ളവരാക്കിത്തീര്‍ത്ത കുറ്റത്തില്‍ വലിയ പങ്ക് ഗവര്‍ണ്ണരായിരുന്ന ജഗ്‌മോഹന്നാണ്. കശ്മീരിലെ ജനതയോട് അദ്ദേഹത്തിന് ലവലേശം സ്‌നേഹമുണ്ടായിരുന്നില്ല. എന്നാല്‍ ബി.കെ. നെഹ്‌റു അങ്ങിനെയായിരുന്നില്ല. അദ്ദേഹത്തിന്ന് കശ്മീരിവേര് ഉണ്ടായിരുന്നുവല്ലോ? 370 ാം വകുപ്പ് എടുത്തുകളയാന്‍ പാടില്ലെന്നാണെന്റെ അഭിപ്രായം. അത് അങ്ങിനെതന്നെ നിലനിര്‍ത്തണം. കശ്മീരിന്റെ മാത്രം കാര്യമല്ല. ഹിമാചല്‍പ്രദേശിന്നും അരുണാചല്‍ പ്രദേശത്തിനുമെല്ലാമുണ്ട് ചില പ്രത്യേക അവകാശങ്ങള്‍ . അവരെ നാം വിശ്വാസത്തിലെടുക്കുകയാണ് വേണ്ടത്. ഹിതപരിശോധനയാണ് പോംവഴി എന്ന് പറയാനിപ്പോള്‍ കഴിയില്ല. തെരഞ്ഞെടുപ്പ് നടത്തിയതോടെ ഹിതപരിശോധനയുടെ പ്രസക്തി നഷ്ടപ്പെട്ടു എന്നാണ് നമ്മുടെ വാദം. സിംലകരാര്‍ പ്രകാരമാണ് എല്ലാ പരിഹാരശ്രമങ്ങളും നടത്തേണ്ടത്. ഹിതപരിശോധനയില്ലാതെ കശ്മീര്‍ ജനതയുടെ മുഴുവന്‍ വിശ്വാസവും ആര്‍ജ്ജിച്ചെടുക്കാന്‍ കഴിയുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് പരിഹാരമാര്‍ഗം…ഫാറുഖ് അബ്ദുല്ല പലപ്പോഴും പറഞ്ഞകാര്യം ഓര്‍മ്മയുണ്ട്.  ”ഇന്ന ഡാമില്‍നിന്ന് ഇത്ര വൈദ്യുതി തരാമെന്ന് പറഞ്ഞിട്ടും അത് തന്നിട്ടില്ല. പദ്ധതികളെക്കുറിച്ച് പറയുന്നതല്ലാതെ ഒന്നും നടപ്പാക്കുന്നില്ല. പിന്നെ നമ്മളെന്തുചെയ്യും…”
കശ്മീരി പണ്ഡിറ്റുകളും കശ്മീരി മുസ്‌ലിംകളും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. പണ്ഡിറ്റുകളെ അവിടെ നിന്ന് അടിച്ചോടിച്ചു എന്ന് പറഞ്ഞാലത് ഞാന്‍ വിശ്വസിക്കില്ല. എന്റെ കൂടെ ജോലിക്കാരായി പണ്ഡിറ്റുകള്‍ കുറേപേരുണ്ടായിരുന്നു….കശ്മീരി ഭാഷയാണവര്‍ സംസാരിക്കുകപോലും  ചെയ്യാറ്”(ചന്ദ്രിക ആഴ്ചപ്പതിപ്പ്. 2013 ജനു: 23)

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, പി.സി.അലക്‌സാണ്ടര്‍ തുടങ്ങിയവരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഖാലിദ് സാഹിബ് ജഡ്ജിമാരെപറ്റിയും കോടതികളെപ്പറ്റിയും പറഞ്ഞത് ഇങ്ങനെ സംക്ഷേപിക്കാം. ”മുഖ്യമായും സിവില്‍ പ്രൊസീജര്‍ കോഡ് ഘടനാപരമായി (Sructurally) ഭേദഗതി ചെയ്യണം. കേസുകള്‍ സമയബന്ധിതമായി തീരാതിരിക്കാന്‍ കാരണം സിവില്‍ പ്രൊസീജറിന്റെ  പോരായ്മ തന്നെയാണ്. കേസ് ഫയല്‍ ചെയ്ത്, ഒരാള്‍ മരിച്ചാല്‍ അയാളുടെ അവകാശികളെ ചേര്‍ത്ത്, പിന്നെ അയാള്‍ മരിച്ചാല്‍ വീണ്ടും അവകാശികളെ ചേര്‍ത്ത് പോകുന്ന പ്രൊസീജറിന്ന് അറുതി വരുത്തണം. ബ്രിട്ടീഷുകാരന്‍ ഉണ്ടാക്കിയ നിയമം ഇന്ത്യയില്‍ തുടര്‍ന്നുവരികയാണ്. അതിന് മാറ്റം വേണം.

അതേപോലെ, ജഡ്ജിമാര്‍ ഉറച്ചനിലപാടുള്ളവരാണെങ്കില്‍ പുറത്തുനിന്ന് ആര്‍ എന്ത് അഭിപ്രായം പ്രകടിപ്പിച്ചാലും വിധിയെ അത് സ്വാധീനിക്കാനൊരിക്കലും പാടില്ല. ജഡ്ജ് തെളിവുകളുടേയും നിയമത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം തീരുമാനമെടുക്കേണ്ടത്. മറ്റുള്ളവര്‍ എന്ത് പറഞ്ഞാലും വഴങ്ങിക്കൊടുക്കാന്‍ പാടില്ല. പൊതുജനാഭിപ്രായത്തിന് ജഡ്ജി ഒരുക്കലും കീഴ്‌പ്പെട്ടുപോകാന്‍ പാടില്ല. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നത് മറിച്ചാണ്. ജഡ്ജിമാര്‍ക്ക് ചില പരിമിതികളുണ്ട്. അവരുടെ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. ജഡ്ജിമാര്‍ ക്ലബ്ബില്‍ പോയി കൂട്ടുചേര്‍ന്നാലും പണക്കാര്‍ക്കൊപ്പം സഹവാസം തുടര്‍ന്നാലും ജഡ്ജ്‌മെന്റിനെ അത് സ്വാധീനിക്കുമെന്നുറപ്പാണ്. അതുകൊണ്ട് ചിലത് ജഡ്ജിമാര്‍ ത്യജിക്കേണ്ടിവരും. അവര്‍ക്ക് സത്യസന്ധതയും വിശ്വാസ്യതയും നിലനിര്‍ത്താന്‍ ബാധ്യതയുണ്ട്. ഇന്ത്യന്‍ നീതി വ്യവസ്ഥക്ക്‌മേല്‍ ഡമോക്ലീസിന്റെ വാള്‍ തൂങ്ങിനില്‍ക്കുന്നുവെന്ന തോന്നല്‍ ചെറിയഅളവിലുണ്ട്. ജൂഡീഷ്യല്‍ ഇന്റഗ്രിറ്റി, ജൂഡീഷ്യല്‍ ഇമ്പാര്‍ഷ്യാലിറ്റി, ജൂഡീഷ്യല്‍ റസ്‌പെക്റ്റ് എന്നിവ വേണം. ഒരുപൗരന്റെ ഏറ്റവും അവസാനത്തെ രക്ഷാകേന്ദ്രമാണ് കോടതി. അതില്ലാതായാല്‍ പൗരന്ന് എന്ത് വിലയാണുണ്ടാവുക. ഒരു ജഡ്ജി കാശുവാങ്ങിവിധിച്ചാല്‍ പിന്നെ നിയമത്തിനെന്ത് വിലയാണുണ്ടാവുക.
അതേപോലെ പാര്‍ലിമോന്റിന്റെ സുപ്രീമസി (പരമോന്നത നില) ഒരിക്കലും ഉല്ലംഘിക്കപ്പെടരുത്. എന്നാല്‍ പര്‍ലിമോന്റിന്നും ഒരു പരിധിയുണ്ട്. അതിനെ പാര്‍ലിമെന്റ് മറികടക്കരുത്. അതേപോലെ ജുഡീഷ്യറിക്കുമുണ്ട് ഒരു പരിധി; അത് മറികടക്കാന്‍ ജൂഡീഷ്യറിയും ശ്രമിക്കരുത്. പാര്‍ലിമെന്റും ജൂഡീഷ്യറിയും എക്‌സിക്യൂട്ടീവും പരസ്പരം ഇണങ്ങി നിലനില്‍ക്കണം…..” (ചന്ദ്രിക ആഴ്ചപ്പതിപ്പ്. 2013 ജനു: 23).

Related Articles