Tharbiyya

വിജയത്തിന് മുന്നിലെ തടസ്സങ്ങള്‍

ജീവിതം എന്ന് പറയുമ്പോള്‍ ഐഹികവും പാരത്രികവുമായ ജീവിതമാണ് ഉദ്ദേശിക്കുന്നത്. അല്ലങ്കില്‍ അത് ഭാഗിക ജീവിതം മാത്രം. ഇഹ പരമായ രണ്ട് ജീവിതത്തിലും വിജയിക്കുക എന്നതാണ് പ്രധാനം. അഥവാ അതിന് സാധിച്ചില്ലങ്കില്‍, പരലോക ജീവിതത്തില്‍ വിജയിക്കാനായിരിക്കണം നാം മുന്‍ഗണന നല്‍കേണ്ടത്. കാരണം അതാണ് ശാശ്വതമായ ജീവിതം. ആ ജീവിതത്തില്‍ പരാജയപ്പെട്ടാല്‍, മറ്റെന്ത് നാം നേടിയാലും അതെല്ലാം വൃഥാവിലാണ്. എങ്കിലും ഈ ജീവിതത്തില്‍ വിജയിക്കേണ്ടത് അനിവാര്യമാണ്. കാരണം ഒരിക്കല്‍ മാത്രമേ നാം ഇവിടെ ജീവിക്കുന്നുള്ളൂ. അതിനാല്‍ പരാജയപ്പെടാന്‍ പാടില്ല.

ജീവിതത്തില്‍ വിജയിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. നിരവധി വൈതരണികളുള്ള മലമ്പാതയാണ് വിജയത്തിലേക്കുള്ള വഴി. ലക്ഷ്യം കൃത്യമായി നിശ്ചയിക്കുകയും അത് നേടുകയുമാണ് വിജയം. ആ ലക്ഷ്യത്തിലേക്ക് എത്തിചേരാനുള്ള തടസ്സങ്ങള്‍ എന്താണെന്ന് അറിഞ്ഞാല്‍ അതിനെ നേരിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വിജയത്തിലേക്ക് എത്തുകയും ചെയ്യാം. ലക്ഷ്യത്തിലത്തെുമൊ എന്ന ഭീതിയാണ് പലരേയും പരാജയത്തിലേക്ക് തള്ളിവിടുന്നത്. ഈ പേടിയില്‍ ഒന്ന് ശ്രമിക്കാനുള്ള സന്നദ്ധതപോലും പലരും പ്രകടിപ്പിക്കാറില്ല. അതിനിടയില്‍ വല്ല സുഹൃത്തുക്കളും നിരുല്‍സാഹപ്പെടുത്തുകയും ചെയ്താല്‍ കാര്യം പറയുകയും വേണ്ട.

Also read: പുതുമകളാവിഷ്കരിക്കേണ്ട സ്കൂൾ കരിക്കുലം

പരാജയത്തെ ഭയപ്പെടലാണ് വിജയത്തിന് മുന്നിലെ ഒരു തടസ്സം. കുട്ടികള്‍ നടക്കാന്‍ പഠിക്കുമ്പോള്‍ എത്ര പ്രാവിശ്യമാണ് വീഴുന്നത്? ആ പരാജയ ഭീതിയില്‍ അവര്‍ നടത്തത്തില്‍ നിന്ന് പിന്മാറിയാല്‍ എന്തായിരിക്കും സംഭവിക്കുക? പരാജയത്തിലൂടെ വിജയത്തിലെത്തിയതിന് എഡിസനെക്കാന്‍ മെച്ചപ്പെട്ട ഉദാഹരണമില്ല. പരാജയത്തിലൂടെ രണ്ട് കാര്യങ്ങള്‍ നേടുന്നു. ഒന്ന് അനുഭവവും മറ്റൊന്ന് പാഠവും. അനുഭവമാണ് ഏറ്റവും വലിയ ഗുരു എന്ന് പറയാറില്ലേ? അതില്‍ നിന്ന് ലഭിക്കുന്ന സത്തയാണ് പാഠം. അത് രണ്ടും കൈമുതലാക്കിയാല്‍, പരാജയം വിജയതിലേക്കുള്ള മുതല്‍മുടക്കാണ്. അത് അനേകമിരട്ടി ലാഭം നല്‍കുന്ന നിക്ഷേപം.

വേറെ ചിലരെ സംബനന്ധിച്ചേടുത്തോളം, മനസ്സില്‍ കൃത്യമായ ഒരു ലക്ഷ്യം തന്നെ രൂപീകരിക്കാന്‍ കഴിയാത്തതാണ് വിജയത്തിന് മുന്നിലുള്ള തടസ്സം. അങ്ങോട്ടും ഇങ്ങോട്ടും അലക്ഷ്യമായി ചാഞ്ചാടുന്നവര്‍. ജീവിതം അവര്‍ക്ക് ജീവിക്കാന്‍ വേണ്ടി മാത്രം. മറ്റൊന്നും നേടണമെന്നില്ല. ഇനി ലക്ഷ്യം ഉണ്ടെങ്കില്‍ തന്നെ വളരെ ചെറിയ ലക്ഷ്യവും. ചെറിയ ലക്ഷ്യം ക്രിമിനല്‍ കുറ്റമാണെന്ന് പറഞ്ഞത് എ.പി.ജെ.അബ്ദുല്‍കലാമാണ്. കുട്ടികളോട് വെറുതെ ഒരു സംഖ്യ പറയൂ എന്ന് പറഞ്ഞാല്‍ ചെറിയ ഒരു സംഖ്യയായിരിക്കും അവര്‍ പറയുക. വലിയ ചിന്തകളൊന്നും മനസിലില്ല എന്നണ് അതിന്‍റെ സൂചന.

അന്തിമ ലക്ഷ്യം മുന്നില്‍ കാണാന്‍ കഴിയുന്നതിലെ അവ്യക്തതയാണ് പരാജയത്തിന്‍രെ മറ്റൊരു കാരണം. അത് വ്യക്തമായാല്‍ ആ ലക്ഷ്യസാക്ഷാല്‍കാരത്തിന് കഠിന പരിശ്രമം ചെയ്യാന്‍ അയാള്‍ സന്നദ്ധനാവും. അതിന്‍റെ മധുരക്കനി അയാള്‍ക്ക് അനുഭവവേദ്യമാവുമ്പോള്‍ അയാള്‍ സ്വയം തന്നെ കര്‍മ്മനിരതനായി മാറുന്നു. തന്‍റെ കര്‍മ്മഫലം ഇന്നതാണ് എന്ന് അയാള്‍ക്ക് വ്യക്തമാണ്. മുമ്പിലുള്ള തടസ്സങ്ങള്‍ വകഞ്ഞ്മാറ്റി അയാള്‍ മുന്നോട്ട് കുതിക്കും.

Also read: ഫ്രഞ്ച് ഉത്പന്ന ബഹിഷ്‌കരണം; നട്ടെല്ലുള്ള നിലപാട്

ഒഴിവ്കഴിവ് പറയലാണ് നമ്മില്‍ പലരും പരാജയത്തിലേക്ക് എത്തിക്കുന്നത്. സമയമില്ല, പ്രായംകൂടുതലാണ്, എനിക്ക് കഴിവില്ല, ഞാന്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്താല്‍ ആളുകള്‍ എന്ത് വിചാരിക്കും തുടങ്ങിയ അനേകം ഒഴിവ്കഴിവുകള്‍. ഇതാണ് വിജയത്തിന് മുന്നിലുള്ള മറ്റൊരു തടസ്സം. മനസ്സ് സുഖസുഷുപ്തിയില്‍ കഴിയാന്‍ പല ന്യായീകരണങ്ങളും കണ്ടത്തിയേക്കാം. പക്ഷെ നിങ്ങളുടെ മുന്നിലുള്ള ലക്ഷ്യം വിശന്ന സിംഹത്തിന് മുന്നിലെ ഇരയാണെന്ന കാര്യം മറക്കരുത്.

ജീവിത വിജയത്തിലെ മറ്റൊരു പ്രധാന കടമ്പ നീട്ടിവെക്കലാണ്. ഇതൊക്കെ ഒരു ആലസ്യത്തിന്‍റെ ലക്ഷണങ്ങള്‍. അതൊന്നും തരണം ചെയ്യാതെ വിജയിക്കാന്‍ കഴിയില്ല. അമിതപ്രതീക്ഷയും ഉണ്ടാവരുത്. അത് നമ്മെ നിരാശയിലേക്ക് നയിക്കും. ഈ തടസ്സങ്ങള്‍ വകഞ്ഞ് മാറ്റി മുന്നോട്ട് പോകുന്നവര്‍ക്കാണ് വിജയം കരസ്ഥമാക്കാന്‍ കഴിയുക എന്ന കാര്യത്തില്‍ സംശയമില്ല.

Facebook Comments

ഇബ്‌റാഹിം ശംനാട്

ജനനം 1960 ഏപ്രില്‍ 9, കാസര്‍ഗോഡ് ജില്ലയിലെ ചെംനാട്. 1975- 1983 ശാന്തപുരം ഇസ്ലാമിയ കോളേജില്‍ എഫ്.ഡി. കോഴ്‌സിന് പഠിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദം. ഇഗ്‌നോയില്‍ നിന്ന് ജേര്‍ണലിസം & പബ്ലിക് റിലേഷന്‍സ് പി. ജി. ഡിപ്‌ളോമയും കരസ്ഥമാക്കി. പങ്കെടുത്ത െ്രെടയിനിംഗുകള്‍: കമ്മ്യുണിറ്റി ഡവലപ്‌മെന്റെ് വര്‍ക്ക്‌ഷോപ്പ് (Conducted by Islamic Development Bank, Jeddah), ടോസ്റ്റ്മാസ്‌റ്റേര്‍സ് ഇന്റെര്‍നാഷണലില്‍ നിന്ന് പ്രസംഗ പരിശീലനം, Basic Pscychology, Neuro Lingistic Program, Transactional Analysis, കൃതികള്‍: പ്രവാചകനും കുട്ടികളുടെ ലോകവും, വധശിക്ഷ, ഇസ്ലാമിന്റെ ആവശ്യകത (വിവര്‍ത്തനം). പ്രബോധനം, ആരാമം, മലര്‍വാടി എന്നിവയില്‍ എഴുതുന്നു. പിതാവ് സി.എച്ച്. അബ്ദുല്ല ഹാജി. മാതാവ്: ബി.എം. ഖദീജബി. ഭാര്യ: സൗജ ഇബ്‌റാഹീം, മക്കള്‍: ഹുദ, ഈമാന്‍, ഖദീജ, ഇല്‍ഹാം, മനാര്‍

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker