Current Date

Search
Close this search box.
Search
Close this search box.

റമദാന്‍ ഒരു തുടക്കവും ഒടുക്കവുമല്ല, അതൊരു തുടര്‍ച്ചയാണ്

സാധാരണ പോലെ ശവ്വാല്‍ പിറ കണ്ടതോടെ പള്ളികള്‍ വിജനമായി തുടങ്ങി. റമദാനിലെ ആവേശം പിന്നെ എവിടെയും കണ്ടില്ല. റമദാനിന് മുമ്പുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിപ്പോയി. ആളുകള്‍ എവിടെയെങ്കിലും പോയത് കൊണ്ടല്ല. റമദാന്‍ പോയത് കൊണ്ടാണ്. റമദാനില്‍ നോമ്പല്ലാത്ത മറ്റൊന്നും പ്രത്യേകിച്ച് നാം കണ്ടില്ല. എന്നുമുള്ള രാത്രി നമസ്‌കാരം ഒന്നിച്ചു നാം നമസ്‌കരിച്ചു എന്ന് മാത്രം. എന്നിട്ടും നോമ്പ് കഴിഞ്ഞപ്പോള്‍ സ്വിച്ചിട്ട പോലെ പലരും പലതും അവസാനിപ്പിച്ചു. എന്ത് കൊണ്ടിതു സംഭവിക്കുന്നു എന്നത് പഠനം അര്‍ഹിക്കുന്നു. ഒന്നുകില്‍ റമദാന്‍ എന്തെന്ന് സമുദായത്തിന് മനസ്സിലായിട്ടില്ല. അല്ലെങ്കില്‍ അല്ലാഹുവിനെകുറിച്ച തെറ്റായ ധാരണ.

റമദാനിലും അല്ലാത്തപ്പോഴും വിശ്വാസികള്‍ ആരാധിക്കുന്നത് ഏകനായ ദൈവത്തെ തന്നെയാണ്. റമദാന്‍ എന്ന മാസത്തെ കുറിച്ച് നമുക്ക് വിവരം നല്‍കിയതും ആ നാഥന്‍ തന്നെയാണ്. മനുഷ്യ കുലത്തിനു സന്മാര്‍ഗമായി അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥത്തിന്റെ മാസം എന്നതായിരുന്നു റമദാനിന്റെ പ്രത്യേകത. തങ്ങള്‍ക്കു സന്മാര്‍ഗം നല്‍കി എന്നതിന്റെ പേരില്‍ ഏകനായ നാഥനോട് കൂടുതല്‍ വിദേയത്വം കാണിക്കുക എന്നതായിരുന്നു റമദാന്‍. എന്നും കര്‍മം ചെയ്യുന്നവര്‍ക്കു ആ മാസത്തില്‍ പ്രത്യേക പുണ്യമുണ്ട്. റമദാന്‍ ഒരു തുടക്കവും ഒടുക്കവുമല്ല. അതൊരു തുടര്‍ച്ചയാണ്. പക്ഷെ അധികം പേരിലും റമദാന്‍ ഒരു തുടക്കവും ശവ്വാല്‍ ഒരു ഒടുക്കവുമായിരുന്നു. റമദാനില്‍ ബാങ്കിന്റെ സമയം കൃത്യമായി ഓര്‍ത്തിരുന്ന പലരും അതിനു ശേഷം അത് കേട്ട മാത്ര കാണിക്കുന്നില്ല. റമദാനില്‍ പല നല്ല സ്വഭാവ ഗുണങ്ങളും പിന്തുടര്‍ന്ന പലരും അതെല്ലാം ഉപേക്ഷിച്ച മട്ടാണ്.

റമദാന്‍ പുണ്യത്തിന്റെ മാസമായി മനസ്സിലാക്കിയ അധികം പേരും റമദാനില്‍ പരമാവധി പുണ്യം വാരിയെടുക്കാന്‍ ശ്രമം നടത്തി. അത് കൊണ്ട് തന്നെ റമദാനില്‍ പല രാത്രികളിലും അല്ലാഹുവിലേക്ക് കൈ ഉയര്‍ത്തിയ പലരും അന്ന് കാലത്തെ പ്രഭാത നമസ്‌കാരത്തിന് കണ്ടില്ല എന്നത് ചേര്‍ത്ത് പറയണം. റമദാന്‍ വിശ്വാസികള്‍ക്ക് ഒരു വസന്തമാണ്. അവര്‍ ദിനേന ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന കാലം. റമദാനില്‍ മാത്രമായി അതിനെ അവര്‍ ഒതുക്കില്ല. അതിനു മുമ്പും ശേഷവും അത് തുടരും. ഖുര്‍ആന്‍ പ്രവാചക കാലത്തെ മറ്റു വിശ്വാസികളെ കുറിച്ച് നടത്തിയ ഒരു പരാമര്‍ശം ‘ അവര്‍ അല്ലാഹുവിനെ കണക്കാക്കേണ്ട വിധം കണക്കാക്കിയില്ല’ എന്നായിരുന്നു. അത് തന്നെയാണ് റമദാന്‍ സ്‌പെഷ്യല്‍ ഭക്തരോടും നമുക്ക് പറയാന്‍ കഴിയുക. അല്ലാഹുവിനെ വിശ്വസിക്കേണ്ട പ്രകാരം വിശ്വസിച്ചാല്‍ നമ്മില്‍ പലരും ഈ രീതിയിലല്ല റമദാനിനെ സമീപിക്കുക. അവരുടെ ആവേശവും പ്രതികരണവും റമദാനോടെ അവസാനിക്കില്ല. പകരം റമദാനില്‍ നിന്നും കിട്ടിയ ഊര്‍ജം അവര്‍ ഭാവി ജീവിതത്തില്‍ കൊണ്ട് നടക്കും.

ഒരു പാട് സാരോപദേശങ്ങള്‍ റമദാനില്‍ പലരും കേട്ട് കാണും. അതില്‍ അധികവും കുത്തിയൊലിക്കുന്ന മഴവെള്ളം പോലെയായി എന്നതാണ് വസ്തുത. പലര്‍ക്കും അതൊരു സമ്പാദ്യ വഴിയായി എന്നതൊഴിച്ചു നിര്ത്തിയാല് ഉപദേശങ്ങള്‍ക്കു കാര്യമായ പ്രതിഫലനം കാണുന്നില്ല. ഒരു ചടങ്ങു എന്ന രീതിയില്‍ ഉപദേശം കേള്‍ക്കുന്നവരും ധാരാളം. ചുരുക്കത്തില്‍ റമദാന്‍ കേവലം ഒരു ആചാരമായി പലരും മനസ്സിലാക്കി. അതില്‍ അവര്‍ പലതും അനുഷ്ടിച്ചു. അത് കൊണ്ട് അവരുടെ ജീവിതത്തിനു കാര്യമായ മാറ്റം ഉണ്ടായില്ല. റമദാന്‍ കഴിഞ്ഞപ്പോള്‍ തങ്ങളുടെ കാലം കഴിഞ്ഞെന്നു അവര്‍ സ്വയം മനസ്സിലാക്കി. വിശ്വാസമില്ലാത്ത വിശ്വാസികള്‍ എന്നെ അത്തരക്കാരെ കുറിച്ച് നമുക്ക് പറയാന്‍ കഴിയൂ. വിശ്വാസം മനസ്സിലുറച്ചാല്‍ അത് ഒരു നൈരന്തര്യമായി കൂടെ ഉണ്ടാകും എന്ന് കൂടി നാം അറിയണം. അത് കാലം മാറിയാല്‍ അവസാനിക്കുന്ന ഒന്നല്ല.

Related Articles