Current Date

Search
Close this search box.
Search
Close this search box.

തിരിഞ്ഞു നടക്കുന്ന ഈജിപ്ത്

utytuy.jpg

ഈജിപ്ഷ്യന്‍ രാഷ്ട്രീയഗോഥയില്‍ സമാധാനാന്തരീക്ഷം ഇപ്പോഴും കടന്ന് വന്നിട്ടില്ല എന്നത് തീര്‍ത്തും ദുഖകരമാണ്. രക്തരൂക്ഷിത പോരാട്ടങ്ങളിലേക്കാണ് രാഷ്ട്രം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നതിലേക്കാണ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ഇന്നലെ നടന്ന സംഘട്ടനങ്ങള്‍ സൂചന നല്‍കുന്നത്.

ഏറ്റവും പുതിയ സംഘട്ടനത്തില്‍ രണ്ട് പേരുടെ ജീവന്‍ കൂടി ഹനിക്കപ്പെടുകയും, നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു. ബുദ്ധിയോടും, ചിന്തയോടും വിധിതേടുന്നതിന് പകരം നേരെ തെരുവിലിറങ്ങി വിധിതീര്‍പ്പാക്കുകയാണ് ഭരണകൂട അനുകൂലികളും, വിരുദ്ധരും ചെയ്തത്.

കൂടുതല്‍ അതിക്രമങ്ങളും, ബലാല്‍ക്കാരവും നടത്തുമെന്ന് മുഹമ്മദ് ബറാദഗി നേതൃത്വം നല്‍കുന്ന ഈജിപ്ഷ്യന്‍ രക്ഷാ മുന്നണി ഇന്നലെ വൈകുന്നേരം നടത്തിയ പത്രസമ്മേളനത്തില്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഭരണഘടനാ നിയമങ്ങളില്‍ നിന്നും വിപ്ലവനിയമങ്ങളിലേക്കുള്ള മാറ്റം ഉടനെ നടക്കുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവും, ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ വൈസ്പ്രസിഡന്റുമായ ഉസാം ഉര്‍യാന്‍ വ്യക്തമാക്കുന്നത് പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ നടക്കുന്ന പ്രകടനങ്ങളെ പ്രതിരോധിക്കണമെന്നാണ്. മാത്രമല്ല, പ്രസ്തുത പ്രകടനങ്ങള്‍ വിപ്ലവങ്ങള്‍ക്ക് മേലുള്ള പ്രതിവിപ്ലവമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈജിപ്തില്‍ നിലവിലുള്ള ചിദ്രതയും, രക്തച്ചൊരിച്ചിലും വ്യക്തമാക്കാന്‍ പര്യാപ്തമാണ് മേല്‍സൂചിപ്പിച്ച ഭീഷണികള്‍. ഈ അരക്ഷിതാവസ്ഥ മാസങ്ങറഫള്‍ നീണ്ടുനില്‍ക്കുമെന്ന സന്ദേശവും അതിലുണ്ട്.

മുര്‍സി പ്രഖ്യാപിച്ച ഭരണഘടനയിലെ നിയമനിര്‍മാണത്തിന്റെ പരമാധികാരം പ്രസിഡന്റിനാണെന്ന നിയമമാണ് ഈ സ്‌ഫോടനങ്ങളുടെ മൂലകാരണം എന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല. ഭരണഘടന പെട്ടന്ന് പ്രഖ്യാപിച്ചതും, അതിനെ ഹിതപരിശോധനക്ക് വിട്ടതും നിലവിലുള്ള പ്രതിസന്ധി അധികരിപ്പിക്കുകയാണ് ചെയ്തത്. അതോടൊപ്പം തന്നെ ഇഖ്‌വാന്റെ ഭരണം അവസാനിപ്പിക്കാന്‍ നോമ്പെടുത്ത് കാത്തിരിക്കുന്ന ഒരു വലിയ വിഭാഗം ഈജിപ്തിലുണ്ടെന്ന കാര്യം നാം വിസ്മരിക്കരുത്. അതിനാല്‍ തന്നെ പ്രസിഡന്റിന്റെ വീഴ്ചകളെ പര്‍വതീകരിച്ച്, പൊതു ജനങ്ങളെ തെരുവിലിറക്കി, അവരെ സ്വതന്ത്രചത്വരത്തിലേക്ക് നയിക്കാനും, ഭരണകൂടം രാജിവെക്കുകയെന്ന മുദ്രാവാക്യം വിളിക്കാനും അവര്‍ മുന്‍നിരയിലുണ്ട്.

പ്രതിപക്ഷ നേതാക്കളില്‍ പ്രധാനിയായ ഹംദെയ്ന്‍ സ്വബാഹി പ്രസിഡന്റിന്റെ നിയമപരത നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഭരണഘടനയെയാണ് മാറ്റേണ്ടത്, പ്രസിഡന്റിനെയല്ല എന്ന് പറഞ്ഞ് പ്രതിഷേധം തുടങ്ങിയ വ്യക്തിയാണ് അയാള്‍.

ഈ സംഭവത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം പ്രസിഡന്റ് മുര്‍സിക്ക് തന്നെയാണ്. കാരണം രാഷ്ട്രത്തിലെ പ്രഥമപൗരനാണല്ലോ അദ്ദേഹം. അദ്ദേഹം ജനങ്ങളെ അഭിംസബോധന ചെയ്ത്, നിലവിലുള്ള അരക്ഷിതാവസ്ഥ പരിഹരിക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. അതിന് ഭരണഘടനാ പ്രഖ്യാപനം പിന്‍വലിക്കണമെങ്കില്‍ അപ്രകാരം ചെയ്യേണ്ടതുണ്ട്. ഈജിപ്തിന്റെ നന്മയും, സുരക്ഷിതത്വവുമാണ് മറ്റെന്തിനേക്കാളും പരിഗണനയര്‍ഹിക്കുന്നത്.

ഈജിപ്തിന് ഇത് സഹിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഒരുവശത്ത് വളരെ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ് അവര്‍. മറുവശത്ത് അവിടത്തെ വിപ്ലവത്തെ കുഴിച്ച്മൂടാന്‍ അറബ് – പാശ്ചാത്യ ശക്തികള്‍ നടത്തുന്ന ഗൂഢാലോചനയും. ഇത്തരത്തിലുള്ള ചിദ്രതയും, രക്തച്ചൊരിച്ചിലും നിലനില്‍ക്കെ പ്രധാനമന്ത്രി ഹിശാം ഖിന്ദീലിന്റെ നേതൃത്വത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന ചര്‍ച്ചക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ ശ്ലാഘനീയമാണ്.

ഭരണകൂടത്തിനെതിരെ ‘രാഷ്ട്രത്തെ രക്ഷിക്കാ’നെന്ന പേരില്‍ മുന്നണിയുണ്ടാക്കിയ പ്രതിപക്ഷം, ഇരുപക്ഷത്തിനും ഇടയില്‍ നില്‍ക്കുന്ന മധ്യവര്‍ത്തികളുടെ, വിധികര്‍ത്താക്കളുടെ ഒരു മുന്നണി കൂടി രൂപീകരിക്കണമെന്നാണ് നമ്മുടെ അഭിപ്രായം. ഈജിപ്തില്‍ എല്ലാവരാലും ആദരിക്കപ്പെടുന്ന ത്വാരിഖ് ബശരി, മുഹമ്മദ് സഈദ് അവാ, അബ്ദുല്‍ മുന്‍ഇം അബുല്‍ ഫതൂഹ്, മുഹമ്മദ് ഹസനൈന്‍ ഹൈകല്‍, അഹ്മദ് സുവൈല്‍, മഹ്ദി ആകിഫ്, ഇബ്‌റാഹീം ദര്‍വേശ് തുടങ്ങിയവരെ അതില്‍ ഉള്‍പെടുത്താവുന്നതാണ്.

ഈജിപ്ഷ്യന്‍ രാഷ്ട്രീയ നേതൃത്വമിപ്പോള്‍ വളരെ പ്രയാസകരമായ ഘട്ടത്തെയാണ് അഭിമുഖീകരിക്കുന്നത്. നിലനില്‍ക്കുന്ന പോരാട്ടം ഒരുപക്ഷെ രാഷ്ട്രത്തിന്റെ നാശത്തിന് വഴിവെച്ചേക്കാം. പത്തോ, നൂറോ രക്തസാക്ഷികള്‍ ഇനിയും ഉണ്ടായേക്കാം. നിലവിലുള്ള പ്രശ്‌നത്തില്‍ ഒഴുക്കപ്പെടുന്ന ഓരോ തുള്ളി ചോരയ്ക്കും അവിടത്തെ എല്ലാവിധ രാഷ്ട്രീയവിഭാഗങ്ങളും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും.

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles