Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ ഭാഷ കൈകാര്യം ചെയ്യാനുള്ള ഒബാമയുടെ മിടുക്ക് !

അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയുടെ ഇസ്രായേല്‍, വെസ്റ്റ് ബാങ്ക്, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം പ്രതീക്ഷയില്‍ കവിഞ്ഞ അനുഭവങ്ങള്‍ക്കൊന്നും സാക്ഷിയായില്ല. ഫലസ്തീന്‍ പ്രശ്‌നത്തിലെ നിര്‍ണായകമായ ഇടപെടലുകള്‍ക്കും ഫലസ്തീന്റെ സംരക്ഷണത്തിനുമപ്പുറത്ത് അറബ് ലോകത്ത് ഇസ്‌ലാമിസ്റ്റുകള്‍ക്കനുകൂലമായ കാറ്റ് അടിച്ചുവീശുന്ന പശ്ചാത്തലത്തില്‍ ഇസ്രായേലിന്റെ സുരക്ഷ ഭദ്രമാക്കുക എന്നത് തന്നെയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമാണ്.

ഒബാമ തന്റെ സന്ദര്‍ശനത്തിലുടനീളം സംസാരിച്ചത് ഇസ്രായേലിന്റെ ഭാഷയിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. ശരീര ഭാഷയും ഉള്ളടക്കവും ഇതില്‍ നിന്ന് ഭിന്നമായിരുന്നില്ല. ഇസ്രായേലിന്റെ സുരക്ഷയെ പറ്റിയും അത് ശക്തിപ്പെടുത്താന്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങളെ കുറിച്ചും അതില്‍ തങ്ങള്‍ക്കുള്ള അഭിമാനത്തെ കുറിച്ചും അദ്ദേഹം ആവര്‍ത്തിച്ചു പറയുകയുണ്ടായി. കഴിഞ്ഞ വര്‍ഷം നല്‍കിയതുപോലെ  200 മില്യന്‍ ഡോളര്‍ ധനസഹായം ഇതിനായി അമേരിക്ക നീക്കിവെച്ചതായും നെതന്യാഹുവോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി. നിലവിലെ സാമ്പത്തിക പ്രതിസന്ധിയോടൊപ്പം തന്നെ അമേരിക്കന്‍ കോണ്‍ഗ്രസുമായി കൂടിയാലോചിച്ച് ഈ പദ്ധതിക്കാവശ്യമായ സാമ്പത്തിക സഹായങ്ങളും സൈനിക സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. സന്ദര്‍ശനത്തിലൂട നീളം ഇസ്രായേലിന്റെ ഭാഷ ഉപയോഗിക്കാന്‍ ഒബാമ കാണിച്ച് മിടുക്ക് ശ്രദ്ധേയമായിരുന്നു.

സമാധാനം പുനസ്ഥാപിക്കാന്‍ ഇസ്രായേല്‍ നടത്തിയ ശ്രമങ്ങളും അതിന് വിലയായി നേരിടേണ്ടിവന്ന ഭീകര പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അനുസ്മരിച്ചു. ഉദാഹരണമായി ഒബാമ ഇസ്രായേല്‍ സര്‍വകലാശാലയില്‍ യുവാക്കളെ അഭിമുഖീകരിച്ചുകൊണ്ടു നടത്തിയ പ്രഭാഷണം: ‘ ഇസ്രായേല്‍ സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങള്‍ ഗസ്സയില്‍ നിന്നും ലബനാനില്‍ നിന്നും പിന്‍വാങ്ങുകയുണ്ടായി… പക്ഷെ അതിന് പകരമായി നിങ്ങള്‍ക്ക് ലഭിച്ചത് റോക്കറ്റുകളും ഭീകരതയും മാത്രമായിരുന്നു… എല്ലായിടത്തും നിങ്ങള്‍ സൗഹൃദത്തിന് വേണ്ടി നിലകൊണ്ടു. മിക്കവാറും സമയങ്ങളില്‍ അവര്‍ അത് തിരസ്‌കരിക്കുകയായിരുന്നു. മാത്രമല്ല, പലപ്പോഴും അവരുടെ കടുത്ത ശത്രുതയാണ് നിങ്ങള്‍ക്കഭിമുഖീകരിക്കേണ്ടി വന്നത്. ‘അമേരിക്കയും ഇസ്രായേലും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം സാമ്പത്തിക താല്‍പര്യങ്ങളാണെന്ന ഒബാമയുടെ വിടുവായത്തം മറ്റൊരു വലിയ തമാശയായിരുന്നു.

തന്റെ സന്ദര്‍ശന വേളയിലൊരിക്കല്‍ പോലും അധിനിവേശ ഭൂമിയിലെ ഇസ്രായേലിന്റെ കുടിയേറ്റം അന്യായമാണെന്ന് പറയുകയുണ്ടായില്ല. മുമ്പ് ബില്‍ ക്ലിന്റനും മറ്റു അമേരിക്കന്‍ നേതാക്കളും സംസാരിച്ച അതേ വാചകങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഒബാമ ചെയ്തത്. റാമല്ലയില്‍ ഫലസ്തീന്‍ ജനത അനുഭവിക്കുന്ന പ്രശ്‌നങ്ങളെ പറ്റിയോ ഇസ്രായേല്‍ അധിനിവേശത്തെ പറ്റിയോ ഒരക്ഷരം ഉരിയാടാതെ ഫലസ്തീന്‍ അതോറിറ്റിയെ പ്രശംസിക്കുക മാത്രമാണ് ഒബാമ ചെയ്തത്. ഒബാമയുടെ സന്ദര്‍ശനത്തിന് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു.  ഫലസ്തീന്‍ പ്രശ്‌നം അജണ്ടയിലുണ്ടായിരുന്നേയില്ല. ഇസ്രായേലിന്റെ അതൃപ്തി വിളിച്ചുവരുത്തുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടക്കുകയും ഇസ്രായേലിന് വേണ്ടി സ്തുതി പാടുകയും മാത്രമാണ് ഒബാമ ചെയ്തത്.

 

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles