Current Date

Search
Close this search box.
Search
Close this search box.

അഭിനയവും മോഡലിങ്ങും അവസാനിപ്പിച്ചു, ഇനി പുതിയ ജീവിതത്തിലേക്ക്: നടി സന ഖാന്‍

മുംബൈ: പ്രമുഖ ബോളിവുഡ് നടിയും മോഡലുമായ സന ഖാന്‍ അഭിനയവും മോഡലിങ്ങുമെല്ലാം അവസാനിപ്പിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കുന്നു. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ നിലപാട് അറിയിച്ചത്.

‘തന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള നിമിഷമാണിതെന്നും ഈ യാത്രയില്‍ അല്ലാഹു എന്നെ സഹായിക്കുകയും നയിക്കുകയും ചെയ്യട്ടെയെന്നും സൃഷ്ടാവിന്റെ കല്‍പ്പനകള്‍ക്കനുസരിച്ചായിരിക്കും ഇനി നിലകൊള്ളുകയെന്നും’ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലെ മുന്‍ മത്സരാര്‍ത്ഥിയായിരുന്ന സന ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകൡ നിരവധി കഥാപാത്രങ്ങള്‍ക്ക് വേഷമിട്ടിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ നായകനായ ജയ്ഹോയാണ് സനയുടെ ശ്രദ്ധേയ ചിത്രം. വിവിധ ടി.വി ഷോകളിലും സന സജീവ സാന്നിധ്യമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ദീര്‍ഘമായ കുറിപ്പോടെയാണ് സന പുതിയ ജീവിതത്തെക്കുറിച്ച് വിശദമാക്കിയത്.

‘ജീവിതത്തിലെ നിര്‍ണായകമായ ഒരു വേളയിലാണ് നിങ്ങളോട് ഞാന്‍ സംസാരിക്കുന്നത്. ഏറെ നാളായി ഞാന്‍ സിനിമ മേഖലയിലുണ്ട്. ഇവിടെ എല്ലാവിധ പ്രശസ്തിയും സമ്പാദ്യവും എനിക്ക് ലഭിച്ചിരുന്നു. അതില്‍ ഞാന്‍ അനുഗ്രഹീതയാണ്. എന്നെ സ്‌നേഹിച്ച് കൂടെ നിന്ന ഫാന്‍സിന് നന്ദി അര്‍പ്പിക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളായി ഞാന്‍ ഒരു യാഥാര്‍ത്ഥ്യം തിരിച്ചറിയുകയായിരുന്നു. മനുഷ്യന്റെ ഈ ജീവിതത്തിലെ യഥാര്‍ത്ഥ ലക്ഷ്യം സമ്പത്തും പ്രശസ്തിയും നേടുക എന്നതാണോ, ദരിദ്രരും നിസ്സഹായവരുമായവരുടെ സേവനത്തിനായി തങ്ങളുടെ ജീവിതം മാറ്റിവെക്കേണ്ടത് നമ്മുടെ കടമയല്ലേ. ഏത് നിമിഷവും നമ്മള്‍ മരണപ്പെട്ടേക്കാമെന്ന് നമ്മള്‍ ചിന്തിക്കേണ്ടേ, മരണശേഷം എന്താണ് സംഭവിക്കുക എന്ന് നാം ചിന്തിച്ചിട്ടുണ്ടോ. വളരെക്കാലമായി ഈ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയായിരുന്നു. പ്രത്യേകിച്ച് രണ്ടാമത്തെ മരണശേഷം നമുക്ക് എന്ത് സംഭവിക്കുമെന്നുള്ള ചോദ്യം. ഈ ചോദ്യത്തിന്റെ ഉത്തരം തെരഞ്ഞപ്പോള്‍ യഥാര്‍ത്ഥ ജീവിതം മരണാനന്തര ജീവിതത്തിനായി മെച്ചപ്പെടുത്തലാണെന്ന് ഞാന്‍ മനസ്സിലാക്കി. അതിനാല്‍ ഇന്ന് മുതല്‍ വെള്ളിത്തിരയിലെ ജീവിതശൈലിയോട് വിട പറയാനും എന്റെ സൃഷ്ടാവിന്റെ കല്‍പനകള്‍ അനുസരിച്ച് മാനവികതയെ സേവിക്കാനും ഞാന്‍ തീരുമാനിച്ചു’. സന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘കടലുപോലെ കരഞ്ഞു, ആരും തിരിഞ്ഞു നോക്കിയില്ല, കരഞ്ഞ് കൊണ്ട് സുജൂദ് ചെയ്തു, പക്ഷേ അല്ലാഹു എനിക്ക് ക്ഷമ നല്‍കി’ മറ്റൊരു പോസ്റ്റില്‍ സന കുറിച്ചു.

Related Articles