Current Date

Search
Close this search box.
Search
Close this search box.

ലിബിയയില്‍ ‘ദുബൈ’ നിര്‍മിക്കാന്‍ ഖദ്ദാഫി ആവശ്യപ്പെട്ടിരുന്നു: ദുബൈ ഭരണാധികാരി

ദുബൈ: ലിബിയക്ക് മേലുള്ള ഉപരോധം നീക്കിയതിന് ശേഷം അന്തരിച്ച ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ അല്‍ഖദ്ദാഫി അവിടെ ഒരു ‘ദുബൈ നഗരം’ പണിതുനല്‍കാന്‍ തന്റെ രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം. ദുബൈയില്‍ സംഘടിപ്പിക്കപ്പെട്ട ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിബിയ അതിന്റെ ആണവപദ്ധതി ഉപേക്ഷിച്ച് പടിഞ്ഞാറിന് കൈമാറിയതിനെ തുടര്‍ന്ന് അതിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം എടുത്ത കളഞ്ഞ സന്ദര്‍ഭത്തില്‍ ദുബൈ പോലെ ഒരു നഗരം ലിബിയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് പറഞ്ഞ് താനുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് ദുബൈ ഭരണാധികാരിയുടെ വെളിപ്പെടുത്തല്‍.
ഖദ്ദാഫിയുടെ ആവശ്യം അംഗീകരിച്ച് നഗര നിര്‍മാണത്തിനുദ്ദേശിക്കുന്ന സ്ഥലം നേരില്‍ കാണുന്നതിന് പ്രതിനിധി സംഘത്തെ അയച്ചിരുന്നുവെന്നും അവര്‍ പദ്ധതി അദ്ദേഹത്തിന്റെ മുന്നില്‍ അവതരിപ്പിച്ചതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ധനകാര്യ സ്ഥാപനങ്ങള്‍, വാണിജ്യ മേഖല, യൂണിവേഴ്‌സിറ്റികള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയുള്ള ഒരു പദ്ധതിയായിരുന്നു അത്. ഖദ്ദാഫി പാളയത്തിലെ ചിലരുടെ അഴിമതിയാണ് പ്രസ്തുത പദ്ധതിയെ ഇല്ലാതാക്കിയത്. അതിനെ തുടര്‍ന്ന് വിദഗ്ദ സംഘത്തെ ലിബിയയില്‍ നിന്നും തിരിച്ചു വിളിക്കുകയായിരുന്നു എന്നും അദ്ദേഹം വിവരിച്ചു. പ്രസ്തുത പദ്ധതി പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ ആഫ്രിക്കക്ക് ലിബിയയില്‍ ഒരു സാമ്പത്തിക നഗരം ഉദയം കൊളളുകയും കൂടുതല്‍ മെച്ചപ്പെട്ട ഒരവസ്ഥ ലിബിയക്ക് ഉണ്ടാവുകയും ചെയ്യുമായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles