Current Date

Search
Close this search box.
Search
Close this search box.

യെമനില്‍ യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് സെനറ്റില്‍ വോട്ടെടുപ്പ്

വാഷിങ്ടണ്‍: യെമനില്‍ രൂക്ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് സെനറ്റില്‍ വോട്ടെടുപ്പ് നടത്തും. യെമനില്‍ സൗദി അറേബ്യ നടത്തുന്ന യുദ്ധത്തില്‍ അമേരിക്കയുടെ പങ്കാളിത്തം ഒഴിവാക്കാനായാണ് വോട്ടെടുപ്പ് നടത്തുന്നത്.

ചൊവ്വാഴ്ച ചേരുന്ന യു.എസ് സെനറ്റ് യോഗത്തിലാണ് ഇക്കാര്യം വോട്ടിനിടുക. വോട്ടിങ്ങ് അനുകൂലമായാല്‍ 30 ദിവസത്തിനകം യു.എസിന്റെ എല്ലാ യുദ്ധ സംവിധാനങ്ങളും യെമനില്‍ നിന്നും പിന്‍വലിക്കും. നേരത്തെ ഇക്കാര്യം സെനറ്റില്‍ ചര്‍ച്ച ചെയ്തപ്പോള്‍ സെനറ്റ് അംഗങ്ങള്‍ വിഷയത്തില്‍ നാലു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, അന്തിമ തീരുമാനം ആയിരുന്നില്ല.

‘ഇതൊരു പുതിയ കീഴ്‌വഴക്കമാണ്, കൂടുതല്‍ അംഗങ്ങളും ഞങ്ങളെ പിന്തുണക്കുമെന്നാണ് വിശ്വാസം. എന്താണ് അംഗങ്ങള്‍ അനുകൂലിക്കുന്നതു കൊണ്ടും പ്രതികൂലിക്കുന്നതുകൊണ്ടും ഉദ്ദേശിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാകും’ ടെക്‌സാസിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കോറിണ്‍ പറഞ്ഞു. യെമനില്‍ യു.എസ് സൗദിയെ പിന്തുണക്കുന്നതിനെ ഇരു വിഭാഗം സെനറ്റര്‍മാരും എതിര്‍ക്കുന്നുണ്ട്.

എന്നാല്‍, പ്രമേയം പാസാവാനുള്ള വോട്ട് ലഭിക്കുമോ എന്നത് ഇപ്പോഴും സംശയമാണ്. യെമനില്‍ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധത്തില്‍ സൗദിയുടെ സഖ്യകക്ഷിയാണ് യു.എസ്. അല്‍ ഖ്വയ്ദയെ ലക്ഷ്യം വച്ചാണ് തങ്ങള്‍ യുദ്ധം ചെയ്യുന്നതെന്നാണ് യു.എസിന്റെ വാദം.

 

Related Articles