Current Date

Search
Close this search box.
Search
Close this search box.

ദാമ്പത്യജീവിതത്തില്‍ പരസ്പരധാരണ രൂപപ്പെടുത്തേണ്ട വിധം

hus.jpg

സന്തുഷ്ടകരമായ ദാമ്പത്യം സ്വപ്‌നം കാണാത്തവര്‍ ആരുമുണ്ടാകില്ല. വളരെ ശാന്തവും സുന്ദരവും സന്തോഷപൂര്‍ണവുമായ ഒരു കുടുംബത്തെ സ്വപ്‌നം കണ്ടുകൊണ്ടാണ് ഓരോരുത്തരും വിവാഹത്തിലേക്ക് കാലെടുത്തുവെക്കുന്നത്. എന്നാല്‍ പലപ്പോഴും ആ സ്വപ്‌നങ്ങളെല്ലാം പാഴ്കിനാവുകളായി മാറുകയാണ് പതിവ്. പ്രതീക്ഷകള്‍ വേദനകളായി മാറുന്നു. ഉള്ളിലേറ്റ മുറിവുകളും ഒളിച്ച് വെച്ച വേദനകളുമായി അവരിരുവരും കഴിയുന്ന ഒരവസ്ഥയാണ് പിന്നീടുണ്ടാകുന്നത്. എന്നാല്‍ ആ വേദനകളെ എങ്ങനെ പ്രതീക്ഷകളാക്കി മാറ്റാം എന്നാണ് ചിന്തിക്കേണ്ടത്. ദമ്പതികള്‍ക്കിടയില്‍ സ്‌നേഹവും ഇണക്കവും നിലനിര്‍ത്താനുള്ള ചില മാര്‍ഗങ്ങളാണ് ഞാന്‍ നിര്‍ദേശിക്കുന്നത്. അതിലൂടെ ഖുര്‍ആന്‍ അക്കാര്യം വിവരിക്കുന്നുണ്ട്. ‘തീര്‍ച്ചയായും അവര്‍ നല്ല കാര്യങ്ങളില്‍ ആവേശം കാണിക്കുന്നവരായിരുന്നു. പേടിയോടെയും പ്രതീക്ഷയോടെയും നമ്മോട് പ്രാര്‍ഥിക്കുന്നവരും താഴ്മ കാണിക്കുന്നവരുമായിരുന്നു.’ (അല്‍-അമ്പിയാഅ്: 90) ഇണക്കമുള്ള ദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്നതിനായി ഭര്‍ത്താക്കന്‍മാര്‍ക്കുള്ള ചില നിര്‍ദേശങ്ങളാണ് ഇവിടെ പറയുന്നത്.

1) മുസ്‌ലിംകളെന്ന നിലയില്‍ ഇണകളോട് യോജിപ്പോട് കൂടിയാണ് നാം കഴിയേണ്ടത്. അടിസ്ഥാന മൂല്യങ്ങളിലും ധാര്‍മികാടിസ്ഥാനങ്ങിലും വിയോജിക്കുകയോ തര്‍ക്കിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല. അല്ലാഹു പറയുന്നു: ‘അല്ലാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ വഴികേടിലകപ്പെട്ടതുതന്നെ.’ (അല്‍-അഹ്‌സാബ്: 36)

2) വല്ല കാരണത്താലും വിയോജിപ്പുകള്‍ ഉണ്ടാവുകയാണെങ്കില്‍ അത് പരിഹരിക്കേണ്ടത് ഖുര്‍ആന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിലായിരിക്കണം. അല്ലാഹു പറയുന്നു: ‘എന്നാല്‍ അങ്ങനെയല്ല; നിന്റെ നാഥന്‍ തന്നെ സത്യം! അവര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ നിന്നെയവര്‍ വിധികര്‍ത്താവാക്കുകയും നീ നല്‍കുന്ന വിധിതീര്‍പ്പില്‍ അവരൊട്ടും അലോസരമനുഭവിക്കാതിരിക്കുകയും അതിനെ പൂര്‍ണസമ്മതത്തോടെ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അവര്‍ യഥാര്‍ഥ സത്യവിശ്വാസികളാവുകയില്ല; തീര്‍ച്ച.’ (അന്നിസാഅ്: 65)  ദമ്പതികള്‍ക്കിടയില്‍ ഉണ്ടാകുന്ന വിയോജിപ്പുകളില്‍ പരിഹാരം കാണുന്നതിന് അറിവുള്ളവരോട് ചോദിക്കുകയാണ് വേണ്ടത്. ഖുര്‍ആന്‍ അതാണ് നമ്മോട് കല്‍പ്പിക്കുന്നത്. ‘നിങ്ങള്‍ക്കറിയാത്ത കാര്യം നിങ്ങള്‍ അറിവുള്ളവരോട് ചോദിക്കുക.’

3) വ്യക്തമായ പ്രമാണമില്ലാത്ത കാര്യങ്ങളില്‍ ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ കൂടിയാലോചന നടത്തല്‍ അനിവാര്യമാണ്. കുടുംബത്തിന്റെ മേല്‍നോട്ടം പുരുഷനാണെന്നത് ശരി തന്നെ. എന്നാല്‍ അത് ആധിപത്യത്തെയോ ഒറ്റക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെയോ അല്ല കുറിക്കുന്നത്. കൂടിയാലോചന അടിസ്ഥാനപരമായ ആശയമാണ്. വിവാഹമോചനം ചെയ്ത പുരുഷനോട് വിവാഹമോചിതയായ ഭാര്യയോട് മുലകുടിക്കുന്ന കുട്ടിയുടെ കാര്യത്തില്‍ വരെ കൂടിയാലോചിക്കാന്‍ ഖുര്‍ആന്‍ കല്‍പ്പിച്ചിട്ടുണ്ട്. ‘എന്നാല്‍ അവരിരുവരും പരസ്പരം കൂടിയാലോചിച്ചും തൃപ്തിപ്പെട്ടും മുലയൂട്ടല്‍ നിര്‍ത്തുന്നുവെങ്കില്‍ അതിലിരുവര്‍ക്കും കുറ്റമില്ല.’ (അല്‍ബഖറ: 233) വിവാഹമോചനം ചെയ്തവരോട് കൂടിയാലോചന നടത്താന്‍ കല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ദമ്പതികളുടെ കാര്യത്തിലാണ് അതിന് ഏറ്റവുമധികം പ്രാധാന്യമുള്ളത്.

4) ഇണകളുടെ വിഷയങ്ങളിലുള്ള നമ്മുടെ ഓരോ ഇടപെടലുകളും അവളോടുള്ള ശക്തമായ സ്‌നേഹവും താല്‍പര്യവുമാണ് വ്യക്തമാക്കുന്നതായിരിക്കണം നമ്മുടെ ഉപദേശങ്ങള്‍. സന്തുഷ്ടമായ ദാമ്പത്യം ലക്ഷ്യം വെക്കുന്നതായിരിക്കണം അല്ലാതെ ഇണയുടെ മേലുള്ള തന്റെ ആധിപത്യം കാണിക്കലായി അത് മാറരുത്.

5) ഓരോന്നിന്റെയും വിശദീകരണത്തിന് പ്രാധാന്യം നല്‍കുന്നവരായിരിക്കും സ്ത്രീകള്‍, അതേസമയം പുരുഷന്‍മാര്‍ക്ക് അവയുടെ ഏറ്റവും ചുരുങ്ങിയ വിശദീകരണത്തിലായിരിക്കും താല്‍പര്യം. തീരുമാനങ്ങളെടുക്കുന്നതില്‍ അവ രണ്ടും പ്രധാനമാണ്.

6) നിങ്ങള്‍ക്കിടയില്‍ വിയോജിപ്പുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്, ഇരുവര്‍ക്കും മാനസിക പ്രയാസങ്ങളൊന്നുമില്ലാത്ത സന്ദര്‍ഭത്തിലായിരിക്കണം. ജോലിയുമായി ബന്ധപ്പെട്ടതും സമയക്കുറവിന്റെയും കുടുംബത്തിലെ തന്നെ മറ്റ് സാഹര്യങ്ങളുമായി ബന്ധപ്പെട്ട ധാരാളം സമ്മര്‍ദ്ധങ്ങള്‍ ആളുകള്‍ക്കുണ്ടാവും. അത്തരം സമ്മര്‍ദ്ധളൊന്നും ഇല്ലാത്ത സമയമായിരിക്കണം അതിനായി തെരെഞ്ഞെടുക്കേണ്ടത്.
യുക്തിയും നിലപാടുകളുമുള്ള ഭാര്യയെ പരിഗണിക്കുകയാണ് ബുദ്ധിയുള്ള പുരുഷന്‍ ചെയ്യുക. അവന് എപ്പോഴും അത് സഹായകമായിരിക്കും. തന്റെ അസാന്നിദ്ധ്യത്തില്‍ അവളുടെയും കുട്ടികളുടെയും കാര്യത്തില്‍ നിര്‍ഭയനായിരിക്കുകയും ചെയ്യാം. സബഅ് രാജ്ഞിയുടെ യുക്തിയാണ് ഒരു സമൂഹത്തെ തന്നെ ഇസ്‌ലാമിലെത്തിച്ചത്. ബുദ്ധിമതിയായ തന്റെ ഇണയെ ഇഷ്ടപെടുകയാണ് ബുദ്ധിയുള്ള പുരുഷന്‍ ചെയ്യുക. കാരണം കാര്യങ്ങള്‍ കൂടുതല്‍ കൃത്യമായി നൈപുണ്യത്തോടെ ചെയ്യാന്‍ അവള്‍ക്ക് കഴിവുണ്ടാകും. പ്രശ്‌നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിലും അവര്‍ക്ക് ക്രിയാത്മകമായി ഇടപെടാന്‍ സാധിക്കും.

7) വിയോജിപ്പുകള്‍ ഒരിക്കലും മക്കളുടെ മുന്നില്‍ വെച്ച് പ്രകടിപ്പിക്കരുത്. നിങ്ങളിരുവരെയും അവര്‍ ധിക്കരിക്കുന്നതിനത് കാരണമാകും. നിങ്ങള്‍ക്കിടയിലെ വിയോജിപ്പിന്റെ ഇടത്തെ പിശാച് വിശാലമാക്കുകയും പരസ്പരം വേര്‍പിരിയുന്നതിലേക്ക് വരെ അതെത്തിക്കുകയും ചെയ്യും.

8) ഓരോ അഭിപ്രായത്തിലും ക്രിയാത്മകമായ വശത്തോടൊപ്പം തന്നെ നിഷേധാത്മക വശങ്ങളും ഉണ്ടാകും. അഭിപ്രായത്തിലെ നല്ല വശങ്ങളെ പ്രശംസിച്ച് കൊണ്ടായിരിക്കണം തുടങ്ങേണ്ടത്. പിന്നീട് വളരെ മാന്യമായി നൈര്‍മ്മല്യത്തോടെ ദോഷവശങ്ങള്‍ ചര്‍ച്ച ചെയ്യുക. ഒരിക്കലും അതിന്റെ പേരില്‍ അവരുടെ അഭിപ്രായത്തെ നിന്ദിക്കരുത്.

9) ഓരോ സന്ദര്‍ഭത്തിലും നല്ല വാക്കുകള്‍ ഉപയോഗിക്കുന്നത് ശീലമാക്കി മാറ്റണം. തൃപ്തിയിലും ദേഷ്യത്തിലും പ്രയാസത്തിലും എളുപ്പത്തിലും ദാരിദ്രത്തിലും ഐശ്വര്യത്തിലും ആരോഗ്യമുള്ള അവസ്ഥയിലും രോഗിയായിരിക്കുമ്പോഴും യാത്രയിലും അല്ലാത്തപ്പോഴുമെല്ലാം നല്ലവാക്കുകള്‍ ഉപയോഗിക്കുന്നത് ശീലമാക്കുക. അല്ലാഹു പറയുന്നു: ‘നീ എന്റെ ദാസന്മാരോടു പറയുക: അവര്‍ പറയുന്നത് ഏറ്റം മികച്ച വാക്കുകളാകട്ടെ. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ കുഴപ്പം കുത്തിപ്പൊക്കുന്നു. പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുതന്നെ.’ (അല്‍-ഇസ്‌റാഅ്: 53) നമ്മുടെ സംസാരം നല്ല വാക്കുകള്‍ കൊണ്ടാവണം എന്നല്ല, ഏറ്റവും നല്ല വാക്കുകളാണ് ഉപയോഗിക്കേണ്ടത്. അത് നഷ്ടപ്പെടുന്നതിലൂടെ പിശാചിന് നിങ്ങള്‍ക്കിടയിലേക്ക് കടന്നുവരാനും വിടവ് വിശാലമാക്കുന്നതിനുമുള്ള വാതില്‍ തുറന്ന് കൊടുക്കുകയാണ് ചെയ്യുന്നത്.

10) അനേകം വിയോജിപ്പുകളുണ്ടാവും, എന്നാല്‍ എല്ലാ വിയോജിപ്പുകളും ഒരുമിച്ച് ചര്‍ച്ചക്കെടുക്കരുത്. ഏറ്റവും ലഘുവായ വിയോജിപ്പുകളില്‍ തുടങ്ങി ഘട്ടംഘട്ടമായിരിക്കണം ഏറ്റവും സങ്കീര്‍ണ്ണമായതിലേക്ക് കടക്കേണ്ടത്.

11) വിയോജിപ്പുകളുണ്ടാവുകയെന്നത് മനുഷ്യപ്രകൃതിയുടെ തന്നെ ഭാഗമാണെന്ന് ഇരുവരും വിശ്വസിക്കല്‍ അനിവാര്യമാണ്. എത്രവലിയ പണ്ഡിതനാണെങ്കിലും തത്വശാസ്ത്രജ്ഞനാണെങ്കിലും വിയോജിപ്പുകളെ ഇല്ലാതാക്കാന്‍ സാധിക്കുകയില്ല. അവയെ അനുഗ്രമായിട്ടാണ് നാം മനസിലാക്കേണ്ടത്. അല്ലാഹു പറയുന്നു: ‘നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നുവെങ്കില്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കും.’ (ഹൂദ്: 118) ബുദ്ധിപരമായ വിയോജിപ്പുകളെ നന്മയായും മനസുകളുടെ വിയോജിപ്പിനെ രോഗമായിട്ടുമാണ് ഞാന്‍ കാണുന്നത്.

12) നീ എപ്പോഴും അവള്‍ക്ക് സഹായമായിരിക്കണം. മാത്രമല്ല വൈജ്ഞാനിക സദസുകളിലും വ്യക്തിത്വവികാസ പരിപാടികളിലും പങ്കെടുക്കുന്നതിന് അവളെ പ്രരിപ്പിക്കുകയും ചെയ്യണം. കാരണം വിശ്വാസം ഏറുകയും കുറയുകയും ചെയ്യുന്ന പോലെ ബുദ്ധിയും വികസിക്കുകയും ശോഷിക്കുകയും ചെയ്യും. വികാസവും സംസ്‌കരണവും മുഴുവന്‍ സമൂഹത്തിന് തന്നെയും ഗുണകരമാകുന്നതാണ്. പ്രയാസങ്ങളില്‍ അവള്‍ക്കത് സഹായകമാവുകയും ദൈനംദിന ജീവിതത്തിലെ മടുപ്പുകളില്‍ നിന്നും മോചനവുമായിരിക്കും. അതിലെല്ലാം ഉപരിയായി അല്ലാഹുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമത് സഹായിക്കും. അതിലൂടെ അവള്‍ നിര്‍വഹിക്കുന്ന ജോലികളുടെ ഉദ്ദേശ്യം ശരിയാക്കുന്നതിനും ഒഴിവുവേളകള്‍ തെറ്റായ രീതിയില്‍ ചെലവഴിക്കുന്നതില്‍ നിന്നും രക്ഷിക്കുന്നതിനും വഴിവെക്കും.

വിവ : അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles