Current Date

Search
Close this search box.
Search
Close this search box.

ഇസ്സത്തിന്റെ വഴി

മുസ്ലിം ഉമ്മത്തിന്റെ അപമാനവും അന്തസ്സും എവിടെയാണ്, എന്തിനാണ്? എന്ന അന്വേഷണം പ്രതിസന്ധിയുടെ ഈ കാലത്ത് ഏറെ പ്രസക്തമാണ്. ആ അന്വേഷണം നമ്മൾ നടത്തേണ്ടത് അടിസ്ഥാനപരമായി ഖുർആനിലാണ്. എന്തുകൊണ്ട് നമ്മൾ പതിതരും, അവകാശം നിഷേധിക്കപ്പെട്ടവരും, അടിച്ചമർത്തപ്പെട്ടവരുമായി ചരിത്രത്തിൽ മാറുന്നു?.ഈ ചോദ്യത്തിന് ഉത്തരമാകുന്നത് പടച്ചതമ്പുരാന്റെ മറ്റൊരു ചോദ്യമാണ്. ചരിത്രത്തിൽ നമ്മൾ നിന്ദ്യരായി ത്തീരുന്നതിന്റെ നിമിത്തം,അല്ലാഹു നമ്മളോട് ചോദിക്കുന്ന ഈ ചോദ്യത്തിലുണ്ട്:
أَفَتُؤْمِنُونَ بِبَعْضِ الْكِتَابِ وَتَكْفُرُونَ بِبَعْضٍۚ فَمَا جَزَاءُ مَن يَفْعَلُ ذَٰلِكَ مِنكُمْ إِلَّا خِزْيٌ فِي الْحَيَاةِ الدُّنْيَاۖ وَيَوْمَ الْقِيَامَةِ يُرَدُّونَ إِلَىٰ أَشَدِّ الْعَذَابِۗ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ
(നിങ്ങള്‍ വേദത്തിന്റെ ചില ഭാഗങ്ങള്‍ അംഗീകരിക്കുകയും മറ്റു ഭാഗങ്ങള്‍ നിഷേധിക്കുകയുമാണോ അവ്വിധം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം, ഐഹികജീവിതത്തില്‍ നിന്ദ്യനും നീചനുമായിത്തീരുകയും  അന്ത്യദിനത്തില്‍ ഏറ്റവും കഠിനമായ പീഡനത്തിലേക്കു തള്ളപ്പെടുകയുമല്ലാതെ മറ്റെന്ത്? നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് അല്ലാഹു അശ്രദ്ധനല്ലതന്നെ.)

നമ്മളെപ്പോലെ തന്നെ ചുമതലയുള്ള ഒരു സമുദായത്തിന്റെ ചരിത്രം നിവർത്തിവെച്ചുകൊണ്ടാണ് ഖുർആൻ ആ ചോദ്യം ചോദിച്ചത്. തൊട്ടുമുമ്പുള്ള ആയത്തിൽ കാണാം: وَإِذْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ لَا تَعْبُدُونَ إِلَّا اللَّهَ (ഓര്‍ക്കുക: ഇസ്രാഈല്‍ മക്കളില്‍നിന്നു നാം ദൃഢപ്രതിജ്ഞ വാങ്ങിയിട്ടുണ്ടായിരുന്നു; അല്ലാഹുവിനല്ലാതെ നിങ്ങള്‍ ഇബാദത്തു ചെയ്യരുത് )
ബനു ഇസ്രായേൽ സമൂഹത്തിൽ നിന്ന് വാങ്ങിയ ഈ പ്രതിജ്ഞയിൽ പറഞ്ഞ ആറു കാര്യങ്ങളെ എടുത്ത് ഉദ്ധരിക്കുകയാണ് തുടർന്നുവരുന്ന ആയത്തുകളിൽ.
1. അല്ലാഹുവിനു മാത്രം നിങ്ങൾ ഇബാദത്ത് ചെയ്യണം
2. മാതാപിതാക്കളിൽ നിന്ന് തുടങ്ങി അർഹരായ ജനവിഭാഗങ്ങൾക്ക് ഇഹ്സാൻ ചെയ്യണം.
3. നമസ്‌കാരം നിലനിര്‍ത്തണം
4.സകാത്തു നല്‍കണം
5. നിങ്ങൾ പരസ്പരം ചോരചിന്തരുത്
6. നിങ്ങൾ പരസ്പരം നാടുകടത്തുകയോ പുറത്താക്കുകയോ ചെയ്യരുത്.
ഈ സംഗതികളോട് ആ ജനത പുലർത്തിയ സമീപനം എന്താണെന്ന് അല്ലാഹു ചോദിക്കുന്നു. പ്രവാചകൻ സുലൈമാൻ (അ)ന്റെ കാലശേഷം ആ സമുദായം ഈ പ്രതിജ്ഞകളുടെ ലംഘനങ്ങളിലേക്ക് തലകുത്തി വീണുപോയി എന്ന് ഖുർആൻ സൂചിപ്പിക്കുന്നു. അവർ ജീർണ്ണതകളിലേക്ക് അധഃപതിച്ചു പോയി. അല്ലാഹുവിന്റെ പ്രവാചകൻ അവർക്കു മുമ്പിൽ അവതരിപ്പിച്ച ശരീഅത്തിന്റെ വിധിവിലക്കുകൾ തള്ളിക്കളയുകയും, നിരാകരിക്കുകയും തിരസ്കരിക്കുകയും, നിഷേധിക്കുകയും ചെയ്തു.
മാത്രമല്ല, ചോരചിന്തരുതെന്നും നിങ്ങൾ പരസ്പരം പുറത്താക്കരുതെന്നും നാട് കടത്തരുതെന്നുമുള്ള കല്പനകൾ നിസ്സങ്കോചം ലംഘിച്ചതായും ഖുർആൻ വെളിപ്പെടുത്തുന്നു.
പ്രവാചകൻ മുഹമ്മദ് മദീനയിൽ വരുമ്പോൾ അവിടെ ജീവിച്ചിരുന്ന ജൂതസമൂഹങ്ങൾ ഇത്തരമൊരു സമീപനം തന്നെയായിരുന്നു സ്വീകരിച്ചത്. പരസ്പരം ചോരചിന്തിയതിനും, പരസ്പരം പുറത്താക്കിയതിനും കിതാബിൽ (തൗറാത്ത്) നിന്ന് വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് ന്യായങ്ങൾ ചമക്കുകയും ചെയ്ത ശേഷമാണ്, അല്ലാഹു പറയുന്നത്: നിങ്ങൾക്ക് വേണ്ടത് എടുക്കുകയും വേണ്ടരീതിയിൽ ദുർവ്യാഖ്യാനം ചെയ്യുകയും, തിന്മകൾക്ക് ന്യായീകരണം ഉണ്ടാക്കുകയും ചെയ്യുന്ന സമീപനം സ്വീകരിച്ചാൽ ഭൂമിയിൽ നിങ്ങൾക്ക് പതിതത്വവും ആഖിറത്തിൽ കഠിനകഠോരമായ ശിക്ഷയും ലഭിക്കുന്നതാണ്.
ഇത് ജൂത ചരിത്രമാണെന്ന് പറഞ്ഞ് പരിമിതപ്പെടുത്തരുത്.ഇത് നമ്മുടെ വർത്തമാനം കൂടിയാണെന്ന് തിരിച്ചറിയണം.
അല്ലാഹു പറയുന്നു: أُولَٰئِكَ الَّذِينَ اشْتَرَوُا الْحَيَاةَ الدُّنْيَا بِالْآخِرَةِۖ (പരലോകം കൊടുത്ത് ഇഹലോകജീവിതം കൊണ്ടവരാണവര്‍)
ദുനിയാവിന്റെ നശ്വരമായ നേട്ടങ്ങൾക്ക് വേണ്ടി അല്ലാഹുവിന്റെ വിധിവിലക്കുകളെ മാറ്റിമറിച്ചുകളഞ്ഞു എന്ന് വളരെ ഗൗരവത്തിൽ ഉണർത്തുന്നു. അടിച്ചമർത്തപ്പെടുന്നതിന്റെയും പീഡിപ്പിക്കപ്പെടുന്നതിന്റെയും ധാർമികമായ ന്യായങ്ങളും ചരിത്രപരമായ കാരണങ്ങളും ഖുർആനിലൂടെ തിരിച്ചറിയാൻ ശ്രമിക്കുമ്പോൾ വളരെ പ്രധാനപ്പെട്ട ഈ വസ്തുതയിലേക്ക് നമ്മുടെ കണ്ണും ഖൽബും തുറക്കണം.

മറ്റൊന്ന്, എന്തിലാണ് നമ്മുടെ ഇസ്സത്തിന്റെ നിമിത്തം ?
എങ്ങനെയാണ് നമ്മൾ അന്തസ്സുറ്റ ഒരു സമുദായമായി മാറേണ്ടത് എന്ന് കൃത്യമായി അല്ലാഹു പറഞ്ഞിരിക്കുന്നു. അന്തസ്സ് എന്ന് പറഞ്ഞാൽ അഹങ്കാരമല്ല, സ്വന്തം അസ്തിത്വത്തെക്കുറിച്ചുള്ള തിരിച്ചറിവും അതിലുള്ള അഭിമാനവുമാണ്. വിശ്വാസികൾക്ക് അല്ലാഹു നൽകിയിട്ടുള്ളത് അന്തസ്സ് ആണ് ;അത് അഹങ്കാരമല്ല. തങ്ങളെത്തന്നെ കുറച്ചു കാണുന്ന ആത്മനിന്ദയും അല്ല.
مَن كَانَ يُرِيدُ الْعِزَّةَ فَلِلَّهِ الْعِزَّةُ جَمِيعًاۚ إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُۚ
(പ്രതാപം കാംക്ഷിക്കുന്നവന്‍ പ്രതാപമഖിലവും അല്ലാഹുവിനുള്ളതാണെന്ന് അറിഞ്ഞിരിക്കട്ടെ.അവങ്കലേക്ക് കയറിപ്പോകുന്നത് സദ്‌വചനം മാത്രമാകുന്നു. സല്‍ക്കര്‍മം അതിനെ മേലോട്ടുയര്‍ത്തുന്നു)
അന്തസ്സ് എവിടെയെന്ന് അല്ലാഹു ചൂണ്ടിക്കാണിക്കുന്നു. എല്ലാ ഇസ്സത്തും അല്ലാഹുവിന്റെ അധീനതയിലാവുന്നു. നല്ല വചനങ്ങൾ അവനിലേക്ക് ഉയർന്ന് പോകുന്നു. സദ് വചനം (الْكَلِم الطَّيِّبُ) എന്നാൽ,ഈമാൻ കൊണ്ടും ഇഖ്ലാസ് കൊണ്ടും പരിശുദ്ധമായ ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകളാണ്. അതിൽ പ്രഥമസ്ഥാനം വഹിക്കുന്നത് കലിമത്തുത്തൗഹീദ് ( لا إله إلا الله) എന്ന വചനമാണ്.
റസൂൽ: وَأَفْضَلُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي: لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ
( ഞാനും എനിക്ക് മുമ്പ് കടന്നുപോയ പ്രവാചകന്മാരും ഉദ്ധരിച്ചതിൽ ഏറ്റവും ശ്രേഷ്ഠമായ വാക്ക് لاَ إِلَهَ إِلاَّ اللهُ എന്ന തൗഹീദിൻ്റെ വചനമാണ്.)
നമ്മുടെ ഇസ്സത്ത് കിടക്കുന്ന വഴികൾ അല്ലാഹു വിശദീകരിക്കുകയാണ്.

സദ് വചന (الْكَلِم الطَّيِّبُ) മാണ് ജീവിതത്തിൻ്റെ ആധാരം എന്ന് പറയുന്നത്. അഖിലലോക ദർശനത്തിൻ്റെ അടിസ്ഥാനം!. അതിനെ ഉയർത്തുന്നത് സൽകർമ്മമാണ് (الْعَمَلُ الصَّالِحُ).
സദ് വചനം (الْكَلِم الطَّيِّبُ) ആദർശമാണ്. ആ ആദർശത്തെ സാക്ഷാത്കരിക്കാനുള്ള പ്രവർത്തനമാണ് സൽകർമ്മം. ഈ ആദർശവും പ്രവർത്തനവുമാണ് യഥാർത്ഥത്തിൽ ഇസ്സത്തിൻ്റെ അടിസ്ഥാനം. നമ്മളിൽ ചിലർക്ക് കലിമ ( വാക്ക്) ഉണ്ട്. എന്നാൽ പ്രവർത്തനം (عمل) ഇല്ല. ചിലർക്ക് പ്രവർത്തനം ഉണ്ട് കലിമ ഇല്ല. കലിമയെ നിഷേധിക്കുന്ന പ്രവർത്തനവും പ്രവർത്തനത്തെ നിഷേധിക്കുന്ന കലിമയും നമ്മളെ അധഃപതനത്തിലേക്ക് കൊണ്ടെത്തിക്കും.ജീവിതം,പറയുന്നതിനെതിരായിത്തീരുക.ഉദാഹരണമായി, ഒരാൾ മദ്യപാനത്തിനെതിരെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ജീവിതത്തിൽ അയാൾ തികഞ്ഞ മദ്യപാനിയായിത്തീരുമ്പോൾ അയാളുടെ കലിമയെ അയാളുടെ പ്രവർത്തനം നിഷേധിക്കുകയാണ്. അയാളുടെ പ്രവർത്തനത്തെ അയാളുടെ കലിമ നിഷേധിക്കുകയാണ്. മറ്റുള്ള ആളുകൾ ചെയ്യുന്നതാണെങ്കിലും സൽകർമ്മങ്ങൾ സൽകർമ്മങ്ങൾ തന്നെയല്ലേ എന്ന ചോദ്യം ഉടലെടുക്കാറുണ്ട്. അല്ലാഹുവിലേക്കുള്ള വിശ്വാസത്തെക്കുറിച്ചും അവനിൽ നിന്നുള്ള പ്രതിഫലത്തെക്കുറിച്ചും ചിന്തിക്കാതെ , ആഗ്രഹിക്കാതെ ഭൗതികാർത്ഥത്തിൽ ഒരാൾക്ക് നല്ലതെന്ന് തോന്നുന്ന, സംതൃപ്തി നൽകുന്ന ഒരുകാര്യം ചെയ്യുകയാണെങ്കിൽ ആത്യന്തികമായി അനുസരിക്കുന്നതും, സാക്ഷാത്കരിക്കുന്നതും അയാളുടെ ദേഹേച്ഛയെയാണ്.

وَالَّذِينَ كَفَرُوا أَعْمَالُهُمْ كَسَرَابٍ بِقِيعَةٍ يَحْسَبُهُ الظَّمْآنُ مَاءً حَتَّىٰ إِذَا جَاءَهُ لَمْ يَجِدْهُ شَيْئًا وَوَجَدَ اللَّهَ عِندَهُ فَوَفَّاهُ حِسَابَهُۗ وَاللَّهُ سَرِيعُ الْحِسَابِ
(നിഷേധിച്ചവരുണ്ടല്ലോ, അവരുടെ കര്‍മങ്ങള്‍ മരുഭൂമിയിലെ കാനല്‍പോലെയാകുന്നു. ദാഹാര്‍ത്തന്‍ അതിനെ വെള്ളമെന്നു മോഹിച്ചു. അവിടെച്ചെന്ന് നോക്കിയപ്പോഴോ, ഒന്നും കണ്ടില്ല. പ്രത്യുത, അവന്‍ അവിടെ കണ്ടെത്തിയത് അല്ലാഹുവിനെയാകുന്നു. അല്ലാഹുവോ, അവന്ന് കണക്കു തീര്‍ത്തുകൊടുത്തു. കണക്കു തീര്‍ക്കുന്നതിന് അല്ലാഹുവിന് ഒട്ടും താമസം വേണ്ട.) മുസ്ലിം ഉമ്മത്ത് പ്രതിസന്ധികളുടെ ഘട്ടങ്ങളിൽ ചരിത്രപരമായ വലിയ പ്രതിസന്ധികളെ, തിരിച്ചടികളെ നേരിട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ എന്താണ് നമ്മുടെ നിന്ദ്യതയുടെയും, ഇസ്സത്തിന്റെയും നിദാനങ്ങളെന്ന് പരിശുദ്ധ ഖുർആനാകുന്ന ജീവിതാധാരത്തിൽ സത്യസന്ധമായി പരിശോധനകൾ നടത്തിക്കൊണ്ട്,
നമ്മുടെ നിന്ദ്യതയുടെയും ഇസ്സത്തിന്റെയും വഴികൾ തിരിച്ചറിഞ്ഞുകൊണ്ട്, ഇസ്സത്തിന്റെ പാതയിൽ മുന്നേറാൻ സാധിക്കണം.

തയ്യാറാക്കിയത് :റിജുവാൻ എൻ.പി

Related Articles