Current Date

Search
Close this search box.
Search
Close this search box.

മാറുന്ന പാകിസ്താന്‍ രാഷ്ട്രീയം

ഗള്‍ഫ് ജീവിതത്തില്‍ ഒരുപാട് പാകിസ്ഥാന്‍ സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്. ആദ്യ കാലത്തു ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് കളി ദിവസങ്ങളില്‍ വല്ലാത്ത അവസ്ഥയാണ്. അന്ന് താമസം ക്യാമ്പിലായിരുന്നു. തൊട്ടടുത്ത മുറിയില്‍ പാകിസ്ഥാന്‍ ഫോര്‍മാന്‍ താമസിച്ചിരുന്നു. രാഷ്ട്രീയത്തെ കുറിച്ച് ചോദിച്ചാല്‍ അവര്‍ക്കു വലിയ പിടിപാടില്ല. നമ്മുടേത് പോലെ സാധാരണക്കാര്‍ അവിടെ രാഷ്ട്രീയത്തില്‍ കുറവാണ്. നേതാവാകാനുള്ള അവകാശത്തില്‍ ഒന്ന് സമ്പത്തു തന്നെയാണ്. പട്ടാളവും ജനാധിപത്യവും ഇടവിട്ട് ഭരിച്ച ചരിത്രമാണ് അവര്‍ക്കു പറയാനുള്ളത്. പക്ഷെ ഒരു കാര്യത്തില്‍ അവര്‍ നമ്മെക്കാള്‍ മുന്നിലാണ്. അത് മറ്റൊന്നുമല്ല. ദേശീയ അസ്സംബ്ലിയില്‍ മൊത്തം 272 സീറ്റില്‍ 60 സീറ്റ് സ്ത്രീകള്‍ക്കാണ്. അതായത് 22 ശതമാനം. പത്തു സീറ്റ് നിര്‍ബന്ധമായും ന്യൂനപക്ഷങ്ങള്‍ക്കും സംവരണം ചെയ്തിരിക്കുന്നു.

ഇന്ത്യന്‍ ലോക്‌സഭയില്‍ അംഗങ്ങളുടെ എണ്ണം 543 അതില്‍ സ്ത്രീകളുടെ എണ്ണം 62. അതായത് 11 ശതമാനം. ന്യൂനപക്ഷത്തിന്റെ അവസ്ഥയും തതൈവ. ഒരു ഇസ്ലാമിക് റിപ്പബ്ലിക് എന്നായിട്ടും നമ്മെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ അവിടെ നിയമ നിര്‍മാണ സഭകളില്‍ എത്തുന്നു എന്നത് സത്യമാണ്. സ്ത്രീകള്‍ക്ക് സംവരണം വേണം എന്ന പേരില്‍ നമ്മുടെ സഭകള്‍ ചര്‍ച്ച തുടങ്ങിയിട്ട് കാലമേറെയായി. പുരുഷന്മാര്‍ തീരുമാനിച്ചാല്‍ തീരുന്നതാണ് വിഷയം. പക്ഷെ ഇസ്ലാമില്‍ പുരുഷാധിപത്യം എന്ന് പറയുന്നവര്‍ എന്ത് കൊണ്ട് അത്രയെങ്കിലും അവസരം സ്ത്രീകള്‍ക്ക് നല്‍കുന്നില്ല. ഇസ്ലാം സ്ത്രീകളെ അവഗണിക്കുന്നു എന്നത് ഒരു സ്ഥിരം പല്ലവിയാണ്. നാം ജീവിക്കുന്ന ഗള്‍ഫു നാടുകളില്‍ പുരുഷന്മാരെ പോലെ സ്ത്രീകളും പൊതു രംഗത്ത് സജീവം.

പാകിസ്ഥാന്‍ മറ്റൊരു ചരിത്രത്തിലേക്ക് മാറാനുള്ള ശ്രമത്തിലാണ്. യഹ്‌യാ ഖാന് ശേഷം നിലവില്‍ വന്ന പി പി പി – മുസ്ലിം ലീഗ് രാഷ്ട്രീയം അസ്തമിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ഇമ്രാന്റെ പാര്‍ട്ടി ജയിക്കുന്നു എന്നത് ഒരു പുതിയ ദിശാ സൂചനയാണ്. ഇതുവരെ പരീക്ഷിച്ച പാര്‍ട്ടികളില്‍ നിന്നും ഭിന്നമായി മറ്റൊരു കൂട്ടരെ പാക് ജനത തിരഞ്ഞെടുക്കുന്നു. പട്ടാളത്തിന്റെ പിന്തുണയോടെയാണ് ഇമ്രാന്‍ ജയിക്കുന്നത് എന്ന ആരോപണം ഇപ്പോള്‍ തന്നെ ശക്തമാണ്. പലയിടത്തും വോട്ടിങ്ങില്‍ കൃത്രിമം കാണിച്ചു എന്ന് എല്ലാ പാര്‍ട്ടികളും ഒന്നിച്ചു പറയുന്നു. അതിന്റെ പേരില്‍ തന്നെ പലയിടത്തും വോട്ടെണ്ണല്‍ തടസ്സപെട്ടിരിക്കുന്നു. പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഈ ആരോപണം ഒരു പുതിയ വിഷയമല്ല എന്നതിനാല്‍ ദേശീയ മാധ്യമങ്ങള്‍ അത് കാര്യമായി ഗൗനിച്ചിട്ടില്ല.

കണക്കു പ്രകാരം ഇമ്രാന്‍ ഖാന്‍ അടുത്ത പ്രധാനമന്ത്രി എന്ന പദവി അലങ്കരിക്കും. കേവല ഭൂരിപക്ഷം തികയ്ക്കാന്‍ സ്വതന്ത്രര്‍ ധാരാളം. അപ്പുറത്തു മുസ്ലിം ലീഗും പി പി യും ഒന്നിച്ചാല്‍ പോലും ഭരണസംഖ്യ തികയ്ക്കാന്‍ കഴിയില്ല. ഭരണ കക്ഷിക്ക് കഴിഞ്ഞ തവണ കിട്ടിയതില്‍ നിന്നും പകുതിയോളം സീറ്റ് കുറഞ്ഞപ്പോള്‍ പി പി പി കാര്യമായ മാറ്റം കാണിച്ചില്ല. ഇമ്രാന്റെ പാര്‍ട്ടി വലിയ മുന്നേറ്റം നടത്തി. കഴിഞ്ഞ തവണ ഒരു സീറ്റും ലഭിക്കാത്ത എം എം എക്കു ഇത്തവണ പത്തോളം സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. സ്വാതന്ത്രര്‍ക്കും കാര്യമായ നേട്ടം കാണുന്നു.

ഇമ്രാന്‍ ഖാന്റെ വരവ് ഇന്ത്യയെ എങ്ങിനെ ബാധിക്കും എന്ന ചര്‍ച്ച ഇപ്പോള്‍ സജീവമാണ്. ശരീഫ് ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിച്ചിരുന്നു. പട്ടാളം അത് ഇഷ്ടപ്പെടുന്നില്ല. ഇമ്രാനിലൂടെ വാസ്തവത്തില്‍ പട്ടാളം തന്നെ ഭരിക്കും എന്ന് പറയുന്നവരും ധാരാളം. എല്ലാം ഇപ്പോള്‍ സാധ്യത മാത്രം.

Related Articles