Current Date

Search
Close this search box.
Search
Close this search box.

വിചാരണ തടവ് എന്ന മനുഷ്യാവകാശ ലംഘനം

madani.jpg

‘കുറ്റാവാളിക്കും മനുഷ്യാവകാശമുണ്ട്’ എന്നത് ലോകം അംഗീകരിച്ച  ഒരു പൊതു തത്വമാണ്. അതുകൊണ്ടാണ് കുറ്റവാളിയെ ശിക്ഷയുടെ ഭാഗമായി നടപ്പാക്കുന്ന വധ ശിക്ഷ പോലും മാനുഷിക വശമുള്ളതാകണം എന്ന് പറയുന്നതും. കുറ്റവാളിയെ സംസ്‌കരിക്കുക എന്നത് കൂടി ശിക്ഷയുടെ ഭാഗമാണ്. മനുഷ്യ കുലത്തിന്റെ  നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന കുറ്റങ്ങള്‍ക്ക് പരിഹാരമായി കുറ്റവാളിക്ക് ഇനിയും ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു.

വിചാരണ തടവ് എന്നത് കൊടിയ മനുഷ്യാവകാശ ലംഘനമാണ്. കയറില്ലാതെ കെട്ടിയിടുക എന്നതാണ് അതിന്റെ നാടന്‍ ഭാഷ്യം. ഒരിക്കല്‍ ഒരു വിചാരണ തടവിന്റെ ഇരയായിരുന്നു മഅ്ദനി. നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തെ നിയമം കുറ്റവിമുക്തനാക്കി. വീണ്ടും അതെ അവസ്ഥയിലൂടെ അദ്ദേഹം കടന്നു പോകുന്നു. തിരിച്ചു വരാത്ത വര്‍ഷങ്ങള്‍ ഇവിടെയും സംഭവിച്ചു കൊണ്ടിരിക്കുന്നു. കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ ലഭിക്കുക എന്നത് നിയമത്തിന്റെ ആവശ്യമാണ്.

നീതിക്കു കണ്ണില്ല എന്നാണു നാം മനസ്സിലാക്കിയിട്ടുള്ളത്. രാജ്യത്തെ ചീഫ് ജസ്റ്റിസ് തന്നെ വിചാരണ നേരിടുന്ന കാലമാണ്. അവിടെയാണ് നാം നീതിയെ കുറിച്ച് സംസാരിക്കുന്നത്. എന്തുകൊണ്ടാണ് മഅ്ദനി പ്രതിയായ സ്‌ഫോടന കേസ് വിധി പറയാതെ പോകുന്നത്. ആ കേസിന്റെ അവസ്ഥ എന്ത് എന്നൊന്നും നാമാരും ചര്‍ച്ച ചെയ്യാറില്ല. ഒരു അംഗ വൈകല്യമുള്ളയാള്‍ എന്നതിലപ്പുറം ഒരു പാട് അസുഖങ്ങളുടെ കൂടി വിളനിലമാണ് മഅ്ദനി. ഇടയ്ക്കു മാതാപിതാക്കളെ കാണാന്‍ കേരളത്തിലേക്ക് വരുമ്പോള്‍ മാത്രമാണ് മഅ്ദനി എന്നൊരാള്‍ ജീവിച്ചിരിക്കുന്നു എന്ന് നാം അറിയുന്നതും.

പല സ്‌ഫോടന കേസുകളും തെളിവില്ലാതെ തള്ളിപ്പോകുന്ന കാലമാണ്. ദേശീയ അന്വേഷണ ഏജന്‍സികള്‍ ഫയല്‍ ചെയ്ത കേസുകള്‍ തന്നെയാണ് കോടതിയില്‍ എത്തുമ്പോള്‍ തെളിവില്ലാതെ പോകുന്നത്. അതെ സമയം മറ്റു ചില കേസുകളില്‍ തെളിവുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഏജന്‍സികള്‍. കോയമ്പത്തൂര്‍ കേസില്‍ മഅ്ദനിയെ വെറുതെ വിട്ടത് പലര്‍ക്കും ഇഷ്ടമായിരുന്നില്ല. മതേതര സര്‍ക്കാരുകള്‍ പോലും പലപ്പോഴും വിഷയങ്ങളെ മറ്റു കണ്ണിലൂടെ കാണാന്‍ ശ്രമിക്കുന്നു എന്നത് കൂടി നാം ചേര്‍ത്ത് വായിക്കണം.

കുറ്റവാളികള്‍ പല പേരിലും തടവറക്കു പുറത്തു ജീവിക്കുന്ന കാലമാണിത്. അതെ സമയം നിരപരാധിയാകാന്‍ ഇടയുള്ള ഒരാളെ കുറ്റവാളിയെക്കാള്‍ രൂക്ഷമായി കണക്കാക്കുന്ന സാമൂഹിക അവസ്ഥ മാറേണ്ടതുണ്ട്. വിചാരണ തടവ് അനിശ്ചിതമായി നീട്ടി കൊണ്ടുപോകുക എന്നത് നിയമപരമായി തന്നെ തടയണം.

നാളെ ആരെ വേണമെങ്കിലും മരണം വരെ ഈ നിയമത്തില്‍ അകത്തിരുത്താം. ജീവിതത്തിന്റെ അവസാന കാലത്തു രോഗിയും അംഗ വൈകല്യം ബാധിച്ചവനുമായ മകനെ ഓര്‍ത്തു കണ്ണുനീര്‍ വാര്‍ക്കാന്‍ മാത്രമായി ചില ജന്മങ്ങള്‍ കഴിയുന്നു എന്ന് കൂടി ഓര്‍ക്കണം. കുറ്റവാളി ശിക്ഷിക്കപ്പെടുക എന്നത് നല്ല കാര്യമാണ്. അനിവാര്യമായ കാര്യം. പക്ഷെ കുറ്റം തെളിയിക്കാതെയും ശിക്ഷിക്കപ്പെടുക എന്നത് തീരെ ഭൂഷണമല്ലാത്ത കാര്യവും.

 

Related Articles