Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്റെ ഭക്ഷണവും സംസ്‌കാരവും വിളമ്പി ‘ദി ഫലസ്തീനിയന്‍ ടേബിള്‍ ‘

പാചക കലയെ അതിയായി സ്‌നേഹിക്കുകയും അത് ലോകത്തിനു മുന്നില്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന യുവ പാചക വിദഗ്ദയും എഴുത്തുകാരിയുമാണ് റീം കാസിസ്. ഫലസ്തീനിലെ സംഭവ കഥകളും പാചകരീതികളും അവളുടെ കുടുംബത്തിലെ പാചക സമ്പന്നതകളും അടങ്ങിയ പുസ്തകമാണ് ‘ദി ഫലസ്തീനിയന്‍ ടേബിള്‍’. 150ഓളം പാചക കുറിപ്പുകളും വിവരണങ്ങളും അടങ്ങിയതാണ് ഈ പുസ്തകം.

ജറൂസലേമിലെ ഒരു ഫലസ്തീന്‍ കുടുംബത്തില്‍ ജനിച്ച റീം മഹത്തായ പാചക പാരമ്പര്യമുള്ള ചുറ്റുപാടിലൂടെയാണ് ജീവിച്ചത്. കുലീനമായ പാചക പൈതൃകമുള്ള കുടുംബമാണ് ഇവരുടെത്. അതിനാല്‍ തന്നെ വ്യത്യസ്ത പാചക വിദ്യകള്‍ കണ്ടും പഠിച്ചുമാണ് റീം വളര്‍ന്നത്.

ബിസിനസില്‍ ബിരുദമെടുക്കാനായി റീം പിന്നീട് അമേരിക്കയിലേക്ക് ചേക്കേറി. ഈ സമയം അവരുടെ ഉമ്മ അവര്‍ക്ക് ചെറിയ ഒരു ബോട്ടിലില്‍ ഒലീവ് ഓയിലും ഫലസ്തീനിലെ പരമ്പരാഗത മസാലയായ ഒരു പാക്ക് സാതാറും നല്‍കിയിരുന്നു. യു.എസിലെത്തിയപ്പോഴാണ് തന്റെ വീട്ടിലെ അടുക്കളയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും നഷ്ടബോധം വന്നത്. അന്നാണ് ഞങ്ങളുടെ ഭക്ഷണത്തിന്റെ ശക്തി എനിക്ക് മനസ്സിലായത്. ബിസിനസ് പഠന ശേഷം കണ്‍സള്‍ട്ടിങ് കമ്പനിയില്‍ ജോലിക്കു പ്രവേശിച്ചെങ്കിലും പാചകത്തോടുള്ള അഭിനിവേശം അവര്‍ ഒഴിവാക്കിയില്ല.

”യു.എസില്‍ നിന്നും ഞാന്‍ എന്റെ ഉമ്മയെയും സഹോദരിയെയും ബന്ധുക്കളെയെല്ലാം വിളിച്ച് പുതിയ പാചക കുറിപ്പുകള്‍ ചോദിച്ചന്വേഷിക്കും. അങ്ങനെ സമയം കിട്ടുമ്പോഴെല്ലാം ഞാന്‍ അവരുടെ പാചക രീതികള്‍ അനുകരിക്കുമായിരുന്നു”- റീം പറയുന്നു.

തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവമായ വേളയിലാണ് അവര്‍ക്ക് തന്റെ മക്കളെ മഹത്തായ ഫലസ്തീന്‍ ജീവിത രീതിയും സംസ്‌കാരവും പഠിപ്പിക്കാത്തതില്‍ ആശങ്കയുദിച്ചത്. കുട്ടികള്‍ ചെറുപ്പം മുതലേ കുടുംബത്തോടൊത്ത് ജീവിച്ച് അവരുടെ സ്വഭാവ സവിശേഷതകളും അതോടൊപ്പം പാചക സംസ്‌കാരവും മക്കളെയും പഠിപ്പിക്കാന്‍ ഏറെ ആഗ്രഹമുണ്ടായിരുന്നു അവര്‍ക്ക്.

അങ്ങിനെയാണ് ഫലസ്തീനിലെ പാചക കുറിപ്പുകളെല്ലാം ഒരു പുസ്തകത്തില്‍ ശേഖരിച്ചു വെക്കാന്‍ അവര്‍ തീരുമാനിച്ചത്. അങ്ങിനെ എന്റെ കുടുംബവുമായി ബന്ധപ്പെട്ട കഥകളും പാചക കുറിപ്പുകളുമെല്ലാം ഞാന്‍ കിട്ടാവുന്ന ഇടങ്ങളില്‍ നിന്നും ശേഖരിച്ചു. ഫലസ്തീനിലെ ഓരോ കുടുംബങ്ങള്‍ക്കും ഇത്തരത്തില്‍ മഹത്തായ പാരമ്പര്യത്തിന്റെ അനുഭവങ്ങള്‍ പറയാനുണ്ടാകും. റീം പറഞ്ഞു.

Related Articles