Current Date

Search
Close this search box.
Search
Close this search box.

ഖിന്‍ജിങ് മസ്ജിദ്; ചൈനീസ് മുസ്‌ലിം ചരിത്രത്തിലെ ചീന്ത്‌

qinging.jpg

അല്‍-ഹം-ദു-ലി-ല്ലാഹി-റ-ബ്ബി-ല്‍-ആ-ല-മീ-ന്‍ എന്ന് ഓരോ അക്ഷരവും വളരെ സൂക്ഷ്മതയോടെ ഉച്ചരിച്ചാണ് ഇമാം ജുമുഅ ആരംഭിച്ചത്. അറബി തന്റെ മാതൃഭാഷയല്ലെന്ന തികഞ്ഞ ബോധ്യത്തോടെയായിരുന്നു ഇരുപത് മിനുറ്റോളം നീണ്ടു നിന്ന അദ്ദേഹത്തിന്റെ ഖുതുബ. ഖുതുബ പൂര്‍ണമായും ചൈനീസ് ഭാഷയിലായിരുന്നു അത്. ജുമുഅയില്‍ പങ്കെടുക്കാന്‍ അമ്പതിലേറെ ആളുകളുണ്ടായിരുന്നു. യുവത്വത്തിലേക്ക് കാലെടുത്തുവെച്ച ഒരു സംഘം അതിലുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

കൈലിന്‍ മസ്ജിദ്, ഷെന്‍യോ, അസ്ഹാബ് മസ്ജിദ് എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ഖ്വിന്‍ജിങ് മസ്ജിദ് ഹിജ്‌റ വര്‍ഷം 400 ലാണ് നിര്‍മിക്കപ്പെട്ടത്. ചൈനയില്‍ നോര്‍ത്തേന്‍ സോങ് ഡൈനാസ്റ്റി ഭരണകാലത്തായിരുന്നു അത്. ക്വാന്‍സൗ നഗരത്തില്‍ നിര്‍മിക്കപ്പെട്ട ഏഴ് മസ്ജിദുകളില്‍ ഒന്നായിരുന്നു അത്. മാര്‍കോ പൊളോ സൈത്തൂന്‍ എന്ന് വിശേഷിപ്പിച്ച പ്രസ്തുത നഗരം കിഴക്കന്‍ ലോകത്തെ അറിയപ്പെടുന്ന തുറമുഖ നഗരവും പഴയ കാലത്തെ സില്‍ക് പാതയുടെ തുടക്ക സ്ഥാനവുമായിരുന്നു.

ചൈനയുടെ ഈ ഭാഗത്ത് ഞാന്‍ പലതവണ യാത്രചെയ്തിട്ടുണ്ടെങ്കിലും തൊട്ടടുത്തുള്ള ഈ മുസ്‌ലിം പൈതൃകം സന്ദര്‍ശിക്കാനുള്ള അവസരം കിട്ടിയിരുന്നില്ല. ഇന്ന് നേരത്തെ മീറ്റിംങ് അവസാനിച്ചു. നേരെ ഹോട്ടലിലേക്ക് മടങ്ങി, ഒരു ടാക്‌സി വിളിച്ച് ജുമുഅ നിര്‍വഹിക്കാനായി ഖിന്‍ജിങ് മസ്ജിദിലേക്ക് തിരിച്ചു. വൈകിയതിനാല്‍ എനിക്ക് ജുമുഅ നഷ്ടപ്പെട്ടെന്ന് ഞാന്‍ ഉറപ്പിച്ചു. എങ്കിലും മസ്ജിദിനടുത്തുള്ള വലിയ ബുദ്ധ ദേവാലയം ഞാന്‍ ശ്രദ്ധിച്ചു. നൂറ്റാണ്ടുകളായി മുസ്‌ലിംകളും അമുസ്‌ലിംകളും സമാധാനത്തോടെ അയല്‍ക്കാരായിട്ടായിരുന്നു അവിടെ ജീവിച്ചിരുന്നത്. അറബികള്‍ക്കും ചൈനീസ് വംശജര്‍ക്കും പുറമെ മറ്റു ചില വംശജരും അവിടെയുണ്ടായിരുന്നു. പില്‍ക്കാലത്ത് മുസ്‌ലിംകളും അവരുടെ സന്താനപരമ്പരയില്‍ പെട്ടവരും പു, ഗ്വ, ഡിങ്, ക്‌സിയാ, ലി, ജിന്‍, യാങ്, ഹ്വാങ്, സു തുടങ്ങിയ കുടുംബ പേരുകളോട് കൂടി അറിയപ്പെടാന്‍ തുടങ്ങി.

ബീജിങിലെ നൂജെയ് മസ്ജിദ് പോലുള്ള ഒരു മസ്ജിദാണ് ഞാന്‍ അവിടെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു കാലത്ത് വളരെയധികം പുരോഗതിയില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹത്തിന്റെ ശേഷിപ്പ് നശിച്ച് കൊണ്ടിരിക്കുന്നത് എന്നെ വളരെയധികം വേദനിപ്പിച്ചു. ചൈനീസ് – അറബ് നിര്‍മിതികളിലെ സമന്വയമായിരുന്നു അത്. ഏതാനും തൂണുകള്‍ ഇപ്പോഴും അവശേഷിക്കുന്ന നടുത്തളത്തിലൂടെ ഞാന്‍ നയിക്കപ്പെട്ടു. മുന്‍ ചുമരില്‍ ഖിബ്‌ലയുടെ ദിശയും ഖുര്‍ആന്‍ സൂക്തങ്ങളെന്ന് കരുതുന്ന എഴുത്തും ഉണ്ടായിരുന്നു. മസ്ജിദിന്റെ ഒരു വശത്ത് ഒരു കിണര്‍ ഞാന്‍ കണ്ടു. മസ്ജിദ് നിര്‍മിക്കപ്പെട്ട കാലത്ത് കുഴിക്കപ്പെട്ടതാണ് അതും. എത്രയോ വരള്‍ച്ചകളുണ്ടായിട്ടും അതിലെ വെള്ളം വറ്റിയിരുന്നില്ല. നൂറ്റാണ്ടുകളോളം വുദുവെടുക്കാനുള്ള വെള്ളത്തിന്റെ പ്രഥമ സ്രോതസ്സ് അതായിരുന്നു.

ഈയടുത്ത കാലത്ത് നടന്ന ചില ഉല്‍ഖനനങ്ങളില്‍ അറബിയിലും ചൈനീസ് ഭാഷയിലും അക്ഷരങ്ങള്‍ കുറിച്ചു വെച്ചിട്ടുള്ള സ്മാരകശിലകള്‍ കണ്ടെടുത്തിട്ടുണ്ട്. അവയില്‍ ചിലതെല്ലാം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. പലകാലത്തായി അവിടെ സന്ദര്‍ശിച്ചവരുടെ ഫോട്ടോകളും ചെറിയ തരത്തിലുള്ള ചരിത്രവിവരണത്തിനും ചില കരകൗശല വസ്തുക്കള്‍ക്കും അപ്പുറം കാര്യമായ കലക്ഷനൊന്നും അവിടെയുണ്ടായിരുന്നില്ലെന്നത് ദുഖകരമാണ്. നശിച്ചു കൊണ്ടിരിക്കുന്ന മസ്ജിദിനരികെ പുതുതായ നിര്‍മിച്ച ഒരു ഭാഗം ഞാന്‍ കണ്ടും. ഏകദേശം അറുപത് ആളുകളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ ഒന്നായിരുന്നു അത്. അതായിരുന്നു പ്രാര്‍ഥനാ ഹാള്‍.

കുറച്ചു ഫോട്ടോകള്‍ എടുത്ത ശേഷം പോകുന്നതിന് മുമ്പ് അവസാനമായി വ്യത്യസ്തമായ വല്ലതും പകര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ മസ്ജിദില്‍ ചുറ്റി. അതിനിടയിലാണ് അവിടത്തെ ഇമാമിനെ ഞാന്‍ കണ്ടത്. എന്റെ റഷ്യന്‍ പോലെ നല്ല ഇംഗ്ലീഷായിരുന്നു അദ്ദേഹം സംസാരിച്ചത്. എന്റെ ‘അസ്സലാമു അലൈകും’ ‘അന മിന്‍ ചൈന’ (ഞാന്‍ ചൈനയില്‍ നിന്ന്) എന്ന് മറുപടി പറയാനുള്ള ധൈര്യം അദ്ദേഹത്തിന് നല്‍കി. തുടര്‍ന്നുള്ള സംസാരത്തില്‍ നിന്നും ജുമുഅ നമസ്‌കാരം ഒരു മണിക്കാണെന്ന് ഞാന്‍ മനസ്സിലാക്കി. അതുകൊണ്ട് തന്നെ ഞാന്‍ കരുതിയത് പോലെ എനിക്ക് ജുമുഅ നഷ്ടപ്പെട്ടില്ല.

ചൈനീസ് ഭാഷയിലുള്ള ഖുതുബ ആരംഭിച്ചു. തൗഹീദ്, കാഫിര്‍, മുശ്‌രിക്, തുടങ്ങിയ ചില വാക്കുകളൊക്കെ എനിക്ക് അതില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചു. ഇമാം നിരന്തരം തന്റെ തലക്കും ഹൃദയത്തിലേക്കും ചൂണ്ടുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്തിനെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചതെന്ന് എനിക്ക് സാധിച്ചില്ല. പിന്നെ അംഗവിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ ഞാനൊരു ആശയത്തിലെത്തി. സ്രഷ്ടാവ് നമുക്ക് ഹൃദയവും മനസ്സും തന്നിരിക്കുന്നു. അവ രണ്ടും സത്യം കണ്ടെത്തുന്നതിന് വേണ്ടിയായിരിക്കണം ഉപയോഗിക്കേണ്ടത്. അവയില്‍ ഒന്നിനെ അവഗണിച്ച് ഒന്നിനെ മാത്രം സ്വീകരിക്കുന്നത് സന്തുലിതത്വം നഷ്ടപ്പെടുത്തും എന്നതായിരുന്നു അത്. ശേഷം ചില പ്രവാചകാനുചരന്‍മാരുടെ കബറുകളും ഞങ്ങള്‍ സന്ദര്‍ശിച്ചു.

ഹോട്ടലില്‍ മടങ്ങിയെത്തിയ ശേഷം മസ്ജിദിന്റെയും കബര്‍സ്ഥാന്റെയും കുടീരങ്ങളുടെയും ഫോട്ടോകള്‍ എന്റെ ചില ചൈനീസ് സുഹൃത്തുക്കളെ കാണിച്ചു. അവയിലെ എഴുത്തുകളും കുറിപ്പുകളും അവക്കടുത്തുണ്ടായിരുന്ന ഫലകങ്ങളും വിവര്‍ത്തനം ചെയ്തു കിട്ടുന്നതിനായിരുന്നു അത്. രണ്ടര മണിക്കൂറോളം ചെലവഴിച്ച് ചിത്രങ്ങളെയും ചരിത്രത്തെയും കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചു. അത്തരത്തിലെ ശ്രദ്ധേയമായ ചില കാര്യങ്ങള്‍ ഞാന്‍ പങ്കുവെക്കട്ടെ.

ഖിന്‍ജിങ് മസ്ജിദ് സാംസ്‌കാരിക സ്ഥലമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ അതിന്റെ സംരക്ഷണം സാംസ്‌കാരിക മന്ത്രാലയം ഏറ്റെടുക്കേണ്ടതാണ്. അപ്രകാരം രണ്ട് രാജാക്കന്‍മാര്‍ക്കിടയിലെ സമാധാന ഉടമ്പടിയാണ് ഖിന്‍ജിങ് മസ്ജിദ്. തങ്ങളിലേക്ക് ഇസ്‌ലാമിനെ കുറിച്ച അറിവുമായെത്തിയ മുസ്‌ലിംകളെ അവിടത്തെ മഹാ രാജാവ് അംഗീകരിക്കുകയായിരുന്നു. ചൈനീസ് ജനതക്ക് ഒട്ടേറെ സംഭാവനകളര്‍പ്പിക്കാന്‍ ഇസ്‌ലാമിന് സാധിക്കുമെന്നും അദ്ദേഹം മനസ്സിലാക്കി. മഹാരാജാവിനെ ആദരിക്കാന്‍ സന്നദ്ധരായ മുസ്‌ലിംകളുടെ നേതാവാണ് ചെറിയ രാജാവ്. വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും ആദരവിന്റെയും ആ ബന്ധം മഹാരാജാവ് ചെറിയ രാജാവിനെയും അദ്ദേഹത്തിന്റെ ആളുകളെയും അക്രമിക്കുകയോ ദ്രോഹിക്കുകയോ ചെയ്യില്ലെന്ന ഉറപ്പായിരുന്നു.

ഒരു കാലത്ത് ലോക സാമ്പത്തിക വ്യവസ്ഥയില്‍ തന്നെ ശ്രദ്ധേയമായ സ്ഥാനമായിരുന്നു ഖ്വന്‍സൗ നഗരത്തിനുണ്ടായിരുന്നത്. വിവിധ വിശ്വാസങ്ങളും സംസ്‌കാരങ്ങളും അവിടെ ഒത്തുചേര്‍ന്നു. എന്റെ വിവര്‍ത്തക സംഘത്തിന് ഇസ്‌ലാമിനെയും ഖ്വന്‍സൗ നഗരത്തിന്റെ ചരിത്രത്തെയും അവിടത്തെ ബഹുസ്വര സമൂഹങ്ങളെയും കുറിച്ച് വളരെ കുറച്ച് മാത്രമേ അറിയുമായിരുന്നുള്ളൂ.

സംഗ്രഹം: നസീഫ്‌

Related Articles