Current Date

Search
Close this search box.
Search
Close this search box.

ഹിന്ദുത്വ ഫാസിസം ശംഭുലാലിലൂടെ വളരുമ്പോള്‍

താഴുമ്പോള്‍ പാതാളത്തോളം താവണം അതാണ് അതിന്റെ ശരിയായ രീതി. ഒരു നന്മയും ഞങ്ങളിലില്ല എന്ന് തെളിയിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കുന്നത്. മനുഷ്യരെ കൊല്ലുക എന്നത് തന്നെ പാപമാണ്. അതിന്റെ കൂടെ ആ കൊല ചിത്രീകരിച്ചു ലോകത്തിനു കാണിച്ചു കൊടുത്താലോ?. അത് അതിലും വലിയ ക്രൂരതയാണ്. അവിടെയാണ് മനുഷ്യത്വത്തെ വീണ്ടും വെല്ലുവിളിച്ചു ഫാസിസം രംഗത്തു വന്നിരിക്കുന്നത്. ലൗ ജിഹാദ് ആരോപിച്ച് കൊല്‍ക്കത്ത സ്വദേശിയായ മുസ്ലിം യുവാവിനെ മഴു കൊണ്ട് വെട്ടിയ ശേഷം പെട്രോളൊഴിച്ചു ചുട്ടു കൊല്ലുകയും കൊലപാതക ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത രാജസ്ഥാന്‍ സ്വദേശിയായ സംഘപരിവാറുകാരന്‍ ശംഭുലാല്‍ അന്ന് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

ഇപ്പോള്‍ വീണ്ടും അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു പി യിലെ ആഗ്ര മണ്ഡലത്തില്‍ നിന്നും അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് വാര്‍ത്ത. പല ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കിയിട്ടുണ്ട്. ജയിലില്‍ കിടക്കുന്ന ലാല്‍ സമ്മതം അറിയിച്ചു എന്നും പറഞ്ഞു കേള്‍ക്കുന്നു. ആഗ്രയില്‍ മത്സരിക്കാന്‍ ലാലിനെ പോലെ സമര്‍ത്ഥനായ ഒരാളില്ല എന്നാണു നവനിര്‍മാണ സേനയുടെ സാരഥി അമിത ജാനി പറയുന്നതും. കേസ് അവസാനിക്കുന്നത് വരെ ലാല്‍ ഒരു ആരോപിതന്‍ മാത്രമാണ് എന്നതാണ് സംഘടനയുടെ നിലപാട്.

ഹിന്ദുത്വ ഫാസിസത്തിന്റെ മുഖമായി ശംഭുലാല്‍ അന്ന് മുതല്‍ എണ്ണപ്പെട്ടിരുന്നു. അദ്ദേഹത്തിനെ മാതൃകയാക്കാന്‍ പലരും മുന്നോട്ടു വരുന്നു എന്ന വാര്‍ത്തകളും അന്ന് വന്നിരുന്നു. ഇതുവരെ തെളിയിക്കപ്പെടാത്ത ആരോപണമാണ് ലവ് ജിഹാദ്. ഇല്ലാത്ത ആരോപണത്തിന്റെ പേരില്‍ ഒരാളെ കൊന്നു എന്ന് മാത്രമല്ല അടിച്ചു കൊല്ലുന്നതും പിന്നീട് കത്തിക്കുന്നതും ലോകരെ കാണിക്കാനും അദ്ദേഹത്തിന് ഒരു മനോവിഷമവും തോന്നിയില്ല. കുറ്റവാളികള്‍ ജയിലില്‍ നിന്നും മത്സരിക്കുക എന്നത് ഇന്ത്യയില്‍ ഒരു സാധാ സംഭവമാണ്.

കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്ന ആനുകൂല്യം ഉപയോഗിച്ച് പലരും അങ്ങിനെ മത്സരിക്കുന്നു. പക്ഷെ ശംഭുലാലിനെ പോലുള്ള കൊടും ക്രൂരന്മാരെ മത്സര രംഗത്തേക്ക് കൊണ്ട് വരിക എന്നതു കൊണ്ട് ഫാസിസം പറയാന്‍ ആഗ്രഹിക്കുന്ന ഒന്ന് നിങ്ങള്‍ക്ക് പൊതു സമ്മതനാക്കാന്‍ നല്ലതു ന്യൂനപക്ഷ പീഡനമാണ് എന്നതാണ്. ഒരു മുസ്ലിമിനെ ക്രൂരമായി കൊന്നു എന്നതല്ലാതെ മറ്റൊരു നന്മയും അയാളില്‍ നമുക്ക് കാണാന്‍ കഴിയില്ല.

ഇന്ത്യന്‍ പൊതു സമൂഹത്തില്‍ ഹിന്ദുത്വ ഫാസിസം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന മാറ്റമാണ് ശംഭുലാല്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മഹത്വപ്പെടുത്തി പലരും സംസാരിക്കുന്നു. ഫാസിസം എല്ലാ നന്മകളും തകര്‍ത്തു മാത്രമേ മുന്നോട്ട് പോകൂ. ഇത്തരം വികല മനസ്സുകളെ ഒറ്റപ്പെടുത്താന്‍ സമൂഹം മുന്നോട്ടു വന്നില്ലെങ്കില്‍ തകരുന്നത് ഇന്ത്യ എന്ന മഹാ പ്രസ്ഥാനം തന്നെയാകും.

Related Articles