Current Date

Search
Close this search box.
Search
Close this search box.

മുഹറത്തിലെ തെറ്റിദ്ധാരണകള്‍

hijra.jpg

ഞൊട്ടങ്ങ പറമ്പിലും പാടത്തും വെറുതെ കായ്ച്ചു നിന്ന കാലമുണ്ടായിരുന്നു. ആരും അത് കാര്യമായി പരിഗണിച്ചിരുന്നില്ല. അടുത്ത ദിവസം ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വലിയ വിലക്ക് വില്‍ക്കാന്‍ വെച്ചത് കണ്ടു.

കൊല്ലത്തിനു പന്ത്രണ്ടു മാസം എന്നത് ലോകം ആരംഭിച്ച കാലം മുതല്‍ തുടങ്ങിയതാണ്. അതില്‍ നാലെണ്ണം ഇസ്‌ലാമില്‍ യുദ്ധം നിരോധിക്കപ്പെട്ട മാസങ്ങളാണ്. പ്രവാചകന് മുമ്പും ആ മാസങ്ങള്‍ അങ്ങിനെ തന്നെയായിരുന്നു. ആളുകള്‍ ഹജ്ജിനു വരുന്ന മാസവും തിരിച്ചു പോകുന്ന മാസവും എന്ന രീതിയിലാകും അങ്ങിനെ ഒന്ന് സംഭവിച്ചിരിക്കുക. മുഹറം മാസത്തിലെ പ്രത്യേകത അതില്‍ രണ്ടു ദിവസം നോമ്പ് സുന്നത്താണ് എന്നതാണ്. റമദാന്‍ നോമ്പ് കഴിഞ്ഞാല്‍ പ്രബലമായ സുന്നത്തു നോമ്പുകളില്‍ ഒന്നാണ് മുഹറത്തിലെ നോമ്പ്. പ്രവാചകന്‍ മുഹറത്തില്‍ മറ്റൊരു കാര്യവും പഠിപ്പിച്ചില്ല. മുഹറം ഒന്നും രണ്ടും മൂന്നും എല്ലാം ഒരേ പോലെ തന്നെ.

ഇസ്ലാമിലെ പുണ്യം പഠിപ്പിക്കാനുള്ള അവകാശം പ്രവാചകന് മാത്രമാണ്. പ്രവാചകന്‍ മുഹറത്തിനെ കുറിച്ച് പറഞ്ഞപ്പോള്‍ മൂസാ നബിയെ കുറിച്ച് പറഞ്ഞു. മറ്റു പ്രവാചകന്മാരുടെ ജീവിതത്തിലും മുഹറത്തിന് പ്രാധാന്യമുണ്ട്. അതിനെല്ലാം കൂടിയുള്ള ഏക വിധിയാണ് മുഹറ മാസത്തിലെ രണ്ടു നോമ്പുകള്‍. മുഹറത്തിന്റെ പേരില്‍ നാം കണ്ടു കൊണ്ടിരിക്കുന്ന പലതും പ്രവാചകന് ശേഷം ആരംഭിച്ചതാണ്. തങ്ങളുടെ നേതാവിന്റെ ചരമ ദിനം ആചരിക്കാന്‍ ആളുകള്‍ക്ക് അവകാശമുണ്ട്. പക്ഷെ അതൊരു മതപരമായ കാര്യം എന്നിടത്താണ് വിഷയത്തിന്റെ കിടപ്പ്.

ഇമാം ഹുസൈന്റെ കൊലയുമായി ബന്ധപ്പെട്ടു ഒരു വിഭാഗം നടത്തുന്ന കാര്യങ്ങള്‍ക്കു അങ്ങിനെ മതവുമായി ബന്ധമില്ല എന്ന് പറയേണ്ടി വരും. നമ്മുടെ നാട്ടില്‍ മുഹറം ഈ നോമ്പിന്റെ കാര്യത്തില്‍ ഒതുങ്ങി നിന്നിരുന്നു. ഇപ്പോള്‍ നാം കാണുന്നത് പുതിയ അനാചാരങ്ങളുടെ കടന്നു വരവുകളാണ്. മുഹറത്തിന്റെ കൈനീട്ടം എന്നൊരു ആചാരം കാണാനിടയായി. മറ്റൊന്ന് പ്രവാചകനും മകളും ഭര്‍ത്താവും മക്കളും ഉള്‍പ്പെടെ അഞ്ചു പേരുടെ പേരില്‍ മാസം ഒന്ന് മുതല്‍ പത്തുവരെ മൗലീദ് പാരായണം. അടുത്ത കൊല്ലം പുതിയ രീതികള്‍ കണ്ടെന്നു വരും. റബീഉല്‍ അവ്വല്‍ മഹത്തരമായതു പോലെ മുഹറവും അല്ലാഹുവും റസൂലും പഠിപ്പിച്ചതിനേക്കാള്‍ മഹത്തരമാക്കാന്‍ പോകുന്നു എന്ന് വേണം മനസ്സിലാക്കാന്‍.

പ്രവാചകന് ശേഷം ആരെന്ന ചോദ്യത്തിന് അഹ്‌ലുസ്സുന്ന നല്‍കുന്ന മറുപടി അബൂബക്കര്‍ (റ)എന്നതാണ്. ആദ്യ മൂന്ന് ഖലീഫമാരെ അവഗണിക്കുക എന്നത് ശീലമാക്കിയ ചിലര്‍ നമ്മുടെ നാട്ടിലുണ്ട്. ഇസ്ലാം ഒരു കുടുംബ സ്വത്താണ് എന്ന നിലാപാടിലേക്കാണ് അവര്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നത്. പ്രവാചകന് ശേഷം ആരെന്ന ചോദ്യത്തിന് സഹാബികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വന്ന ഉത്തരം അബൂബക്കര്‍ (റ)എന്നതായിരുന്നു. പിന്നെ അവര്‍ ഉമറിനെയും ശേഷം ഉസ്മാനെയും അംഗീകരിച്ചു. പ്രവാചകന്‍ സ്വര്‍ഗ്ഗത്തിന്റെ അവകാശികളെ കുറിച്ച് പറഞ്ഞ കൂട്ടത്തില്‍ ആദ്യ നാല് ഖലീഫമാരും പെടും.

അലി (റ)വിന് കണക്കില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. മുമ്പ് പറഞ്ഞത് പോലെ അവരുടെ ശീലങ്ങള്‍ സുന്നികള്‍ എന്ന് പറയുന്നവരിലേക്കും ഇറങ്ങി വരുന്നു. ഇസ്ലാമില്‍ ഒരു കാര്യം ശരിയാവാന്‍ അതിനു തെളിവ് വേണം. തെളിവുകള്‍ അന്വേഷിക്കുക പ്രവാചകനിലാണ്. പക്ഷെ പൗരോഹിത്യം തെളിവുകള്‍ അവരിലേക്ക് ചുരുക്കും. തങ്ങളുടെ നേതാവ് പറഞ്ഞതാണ് ഇസ്ലാമിലെ തെളിവെന്നവര്‍ വിളിച്ചു പറയും. വിഡ്ഢികളായ അണികള്‍ ആവേശത്തില്‍ തക്ബീര്‍ മുഴക്കി വിഷയം അംഗീകരിക്കും. പിന്നെ അടുത്ത കൊല്ലം മുതല്‍ അതാണ് തെളിവ്.

ദീനില്‍ ഓരോന്നിനും അതിന്റേതായ സ്ഥാനമുണ്ട്. ആ സ്ഥാനം അംഗീകരിക്കുകയും നില നിര്‍ത്തുകയും ചെയ്യുക എന്നത് നിര്‍ബന്ധമാണ്. അതിന്റെ സ്ഥാനം തെറ്റിക്കുന്നു എന്നതാണ് മതം നേരിടുന്ന വലിയ ഭീഷണി. മതം ഒരു നിലപാടിന്റെ പേരാണ്. ഏകനായ ദൈവത്തിനു കീഴൊതുങ്ങുക എന്നത് ഒരു നിലപാടിന്റെ വിഷയമാണ്. പ്രവാചകനെ റസൂലായി അംഗീകരിക്കുക എന്നതും അങ്ങിനെ തന്നെ. തെറ്റും ശരിയും പുണ്യവും ദോഷവും പറയാനും പഠിപ്പിക്കാനുമുള്ള അവസാനത്തെ വ്യക്തി എന്നതും കൂടിയാണ് പ്രവാചകന്‍. അല്ലാഹുവും റസൂലും പഠിപ്പിച്ച മതം കേവലം ആചാര ബന്ധിതമല്ല.

പുണ്യം നേടുക എന്നത് അടിസ്ഥാന ആവശ്യമാണ്. എന്താണ് പുണ്യം എന്നതും ദീന്‍ കൃത്യമായി പറയുന്നു. ഓരോരുത്തര്‍ക്കും മനസ്സില്‍ തോന്നുന്നത് മതമാവാന്‍ പറ്റില്ല. ഞൊട്ടങ്ങ അന്നൊരു വള്ളിച്ചെടിയുടെ ഭാഗമായിരുന്നു. ഇപ്പോള്‍ അത് വലിയ അലമാരയില്‍ നിന്നും നമ്മെ നോക്കി ചിരിക്കുന്നു. അത് പോലെ ഓരോ വാറോലകള്‍ ഇസ്ലാമിന്റെ പേരില്‍ മഹത്തരമാക്കി പിന്നെ നമ്മെ നോക്കി ചിരിക്കുന്നു.

Related Articles