Columns

ഇഖ്‌ലാസ് നിയ്യത്തിന്റെ ഫില്‍ട്ടര്‍

ജീവിതത്തില്‍ ചെയ്യുന്ന ചെറുതും വലുതുമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും പ്രേരകം മനസ്സിന്റെ നിയ്യത്ത് (ഉദ്ദേശ്യം) ആണെന്നും അതു കൊണ്ടു തന്നെ സദാ നമ്മുടെ നിയ്യത്ത് അല്ലാഹുവിന്റെ തൃപ്തിയും പരലോക വിജയവും മാത്രമായിരിക്കണമെന്നും നമുക്കറിയാം. മറ്റൊരു വിധം പറഞ്ഞാല്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന തൗഹീദ് വചനമാണ് നമ്മുടെ മൗലിക നിയ്യത്ത്.

എന്നാല്‍ ഈ നിയ്യത്തില്‍ നിന്ന് നമ്മെ വഴി തെറ്റിക്കാന്‍ പൈശാചിക ശക്തികള്‍ കഠിന പ്രയത്‌നം നടത്തുന്നുണ്ട്. അത്തരം ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെങ്കില്‍ നമ്മുടെ നിയ്യത്ത് സദാ ആത്മവിചാരണക്കും ശുദ്ധീകരണത്തിന്നും വിധേയമാകേണ്ടതുണ്ട്.

പക്ഷേ ക്ഷിപ്രസാധ്യമല്ലിത്. ‘കര്‍മം നന്നാക്കുന്നതിനേക്കാള്‍ കഠിനതരമാണ് നിയ്യത്ത് നന്നാക്കല്‍’ എന്ന് പൂര്‍വ്വസൂരികള്‍ പറഞ്ഞിട്ടുണ്ട്.

മനുഷ്യന്റെ നിയ്യത്തില്‍ അറിഞ്ഞും അറിയാതെയും പല രൂപത്തിലുള്ള മാലിന്യങ്ങളും കലരും. ശിര്‍ക്, ബിദ്അത്ത്, കുഫ്‌റ്, നിഫാഖ്, ജിബ്ത്, ത്വാഗൂത്ത്, ജാഹിലിയ്യത്ത്, പ്രശംസാമോഹം, അഹങ്കാരം, പൊങ്ങച്ചം, അസൂയ, പക, സ്വാര്‍ത്ഥത… ഇത്തരം ദുശ്ചിന്തകളെയും ഭൗതികതാല്‍പര്യങ്ങളെയും ചെറുത്തു തോല്‍പിച്ച് നിയ്യത്തിനെ അല്ലാഹുവിന്റെ തൃപ്തി മാത്രമാക്കി മനസ്സിനെ ക്രമപ്പെടുത്തുന്നതിന്റെ പേരാണ് ഇഖ്‌ലാസ്വ്.

ഇഖ്‌ലാസ് ഇല്ലാത്ത ഒരു ഉദ്ദേശ്യവും വിശ്വാസവും അനുസരണവും അറിവും പ്രവര്‍ത്തനവും കര്‍മവും ദാനവും സമരവും … ഒന്നും അല്ലാഹു സ്വീകരിക്കുകയില്ലായെന്നറിയുമ്പോഴാണ് ഇഖ്‌ലാസിന്റെ അദ്വിതീയത ബോധ്യപ്പെടുക.

‘മലിനപ്പെടുത്തുന്ന സകലതില്‍ നിന്നും ശുദ്ധമാക്കി നിലനിര്‍ത്തുക’ എന്നതാണ് ഇഖ്‌ലാസ്വിന്റെ ഭാഷാര്‍ത്ഥം. ‘ജീവിതം മുഴുവന്‍ നിഷ്‌കളങ്കമായും ആത്മാര്‍ത്ഥമായും അല്ലാഹുവിന് മാത്രമാക്കിത്തീര്‍ക്കുക’ എന്നത് ഇഖ് ലാസിന്റെ സാങ്കേതികാര്‍ത്ഥവും. ‘കര്‍മങ്ങള്‍ ശരീരമാണെങ്കില്‍ ഇഖ്‌ലാസ്വ് ആത്മാവാണ് ‘ എന്നത്രെ മഹദ്വചനം.

‘ഇഖ്‌ലാസ്വില്ലാത്ത കര്‍മം ജീവനില്ലാത്ത സിംഹം പോലെയാണ് ‘ എന്ന മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയുടെ പ്രയോഗം വിശ്രുതമാണ്. സിംഹമാണെങ്കില്‍ പോലും ജീവനില്ലെങ്കില്‍ ഒരു ശിശു പോലും അതിനെ തട്ടിക്കളിക്കും. ഈ വീക്ഷണത്തില്‍ ഊന്നിക്കൊണ്ട് ‘രൂപവും യാഥാര്‍ത്ഥ്യവും’ എന്ന പേരില്‍ അദ്ദേഹം ഒരു ലഘു കൃതി രചിച്ചിട്ടുണ്ട്.

സാധാരണയുള്ള സംസ്‌കരണത്തിന് ഇസ്‌ലാമില്‍ ‘സക്കി’യെന്നോ’സ്വാഫി’ എന്നോ ആണ്പറയും. എന്നാല്‍ ഇഖ് ലാസ്വ് , ഖാലിസ്വ് എന്നൊക്കെ പറയുന്നത് ബോധപൂര്‍വ്വം കഠിനമായ ശ്രമങ്ങളിലൂടെ ഉദ്ദേശ്യത്തെ ശുദ്ധമാക്കുന്നതിനാണ്.

സൂറ: ഇഖ് ലാസ്വിന് ആ പേര് വരാന്‍ കാരണം മനുഷ്യര്‍ ആരോപിക്കുന്നഎല്ലാ വിധ കലര്‍പ്പില്‍ നിന്നും പൂര്‍ണമായ വിശുദ്ധിയോടെഅല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിക്കുന്നത് കൊണ്ടത്രെ.

അന്നഹ്ല്‍ സൂക്തം 66 കാണുക: ‘കന്നുകാലികളിലും നിങ്ങള്‍ക്ക് പാഠമുണ്ട്. അവയുടെ ഉദരത്തിലെ ചാണകത്തിനും ചോരക്കുമിടയില്‍ നിന്ന്, പാനം ചെയ്യുന്നവര്‍ക്ക് ആനന്ദമുളവാക്കുന്ന ശുദ്ധമായ നറുംപാല്‍ നാം നിങ്ങളെ കുടിപ്പിക്കുന്നു’

ഇവിടെ അല്ലാഹു പ്രയോഗിച്ചത് ‘ഖാലിസ്വ്’ എന്നത്രെ. ജീവിതത്തില്‍ ഇഖ്‌ലാസ്വ് ഉണ്ടാക്കിയെടുക്കേണ്ടത് എങ്ങനെയാണെന്ന സൂചന ഈ വാക്യത്തിലുണ്ട്. ഇഖ്‌ലാസ്വിനെ പറ്റി ഇത്തരം ജാഗ്രത്തായ ഉപദേശങ്ങള്‍ ധാരാളമുണ്ട് ഖുര്‍ആനില്‍.

Facebook Comments
Show More

Related Articles

Close
Close