Current Date

Search
Close this search box.
Search
Close this search box.

കുപ്രചാരണങ്ങള്‍ ശീലമാക്കുന്നവര്‍

pen.png

മേയ് 21ന്റെ സമകാലിക മലയാളത്തില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ ഒരു നുണ തട്ടിവിട്ടതിങ്ങനെ: ” ജിന്നയുടെ രാഷ്ട്രീയ നിലപാടുകളുടെ വിമര്‍ശകനായിരുന്ന മൗദൂദി അദ്ദേഹത്തെ വിശേഷിപ്പിച്ചത്് കാഫിറെ അഅ്‌സം എന്നായിരുന്നു. ” മണ്‍ മറഞ്ഞവരുടെ പേരില്‍ വ്യാജം കെട്ടിച്ചമച്ച് കുപ്രചാരണം നടത്തിയാല്‍ അത് നിഷേധിക്കാന്‍ അവരാരും രഗത്തു വരില്ലെന്ന ധൈര്യം കമ്യൂണിസ്റ്റ് ആശയക്കാരനായ ഹമീദിനുണ്ടാവാം. മൗദൂദി എപ്പോള്‍,എവിടെ,ഏതു പ്രഭാഷണത്തില്‍,ലേഖനത്തില്‍ പറഞ്ഞുവെന്ന് ആധികാരികമായും വസ്തുനിഷ്ടമായും പറയാന്‍ ഹമീദിന് സാധ്യമാണോ?. മര്‍ഹൂം മൗദൂദി ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും നിശിതമായും യുക്തിപൂര്‍വവും നിരൂപണം ചെയ്തുകൊണ്ട് മാത്രമേ എഴുതുകയോ സംസാരിക്കുകയോ ചെയ്യാറുള്ളൂ. വ്യക്തിപരമായി അമാന്യമായ ഭാഷയില്‍ ആരെയും അദ്ദേഹം അധിക്ഷേപിക്കാറില്ല. അദ്ദേഹം ഒരു മഹാ പണ്ഡിതനും ഇസ്‌ലാമിക പ്രസ്ഥാന നായകനുമാകയാല്‍ പാകിസ്ഥാന്‍ രാഷ്ട്ര പിതാവായ ജിന്നയെ പറ്റി അങ്ങിനെയൊരു പരാമര്‍ശം നടത്തിയാല്‍ ചര്‍ച്ചയ്ക്ക് വിധേയമാകുക തന്നെ ചെയ്യും. അങ്ങിനെ എവിടെയും ഒരു ചര്‍ച്ചയുണ്ടായതായി എങ്ങും ആരും അറിഞ്ഞിട്ടില്ല.

ജിന്ന സാഹിബ് 1948ല്‍ മരണപ്പെട്ടിട്ടുണ്ട്. ജിന്നയും മൗദൂദിയും നേര്‍ക്കുനേരെ രാഷ്ട്രീയമായി ഏറ്റുമുട്ടുന്ന സാഹചര്യം വലുതായൊന്നും അക്കാലത്ത് ഉണ്ടായിട്ടില്ല. മൗദൂദിയാവട്ടെ കാഫിറാക്കല്‍ ശൈലി ഒരിക്കലും പുലര്‍ത്താറുമില്ല. മാന്യമായ ഭാഷയില്‍, ചിന്തോദ്ദീപകവും രചനാത്മകവുമായ ശൈലിയിലാണ് അദ്ദേഹം സംവദിക്കാറുള്ളത്. മൗദൂദിയുടെ വിമര്‍ശകര്‍ പോലും അദ്ദേഹത്തിന്റെ ഈ ശൈലിയെ പ്രശംസിക്കാറുണ്ട്. മൗദൂദിയുടെ കടുത്ത വിമര്‍ശകരായിരുന്ന എ.കെ ബ്രോഹിയെപോലുള്ള പലരും പില്‍കാലത്ത് മൗദൂദിയുടെ അനുയായികളായി മാറിയതും മര്‍യം ജമീലയെ പോലുള്ള നിരവധി പേര്‍ ഇസ്ലാമിലേക്ക് ആകൃഷ്ടരായതും അദ്ദേഹത്തിന്റെ രചനാത്മക ശൈലിയുടെ സല്‍ഫലമാണ്. ജിന്നയുടെ വിയോഗം കഴിഞ്ഞ് മൂന്ന് ദശകത്തിലേറെ കഴിഞ്ഞ് 1979ലാണ് മൗദൂദി മരണപ്പെട്ടത്. ജിന്നയുടെ മരണശേഷം അദ്ദേഹത്തെ കാഫിറെ അഅ്‌സം എന്നു വിളിച്ചാല്‍,അതും പാക് രാഷ്ട്രപിതാവിനെ ആയത് ഹമീദ് മാത്രം അറിയുന്ന ഒരു രഹസ്യ കാര്യമാവുന്നതെങ്ങിനെ?

മൗദൂദിയുടെ രചനകളും ചിന്തകളും ഇസ്‌ലാമിന്റെ കാമ്പും കാതലുമായി ബന്ധപ്പെട്ട ഗൗരവപൂര്‍വമുള്ള പരിഗണനയര്‍ഹിക്കുന്നവയാണെന്ന് തിരിച്ചറിഞ്ഞവര്‍ ലോകത്തെങ്ങുമുള്ള എല്ലാ മുസ്‌ലിംകളിലുമുണ്ട്. കമ്യൂണിസത്തെയും മോഡേണിസത്തെയും ഖാദിയാനിസത്തെയും ഫലപ്രദമായി വിമര്‍ശിക്കാനും അവരുടെ ദുസ്വാധീനങ്ങളില്‍ നിന്നും കുതന്ത്രങ്ങളില്‍ നിന്നും മുസ്‌ലിം സമുദായത്തെ രക്ഷിക്കാനും മുസ്ലിം ലീഗുകാരുള്‍പ്പെടെയുള്ളവര്‍ ജമാഅത്തെ ഇസ്ലാമിയുമായി നന്നായി സഹകരിക്കാറുണ്ട്. മുസ്ലിം ഐക്യത്തിന്റെ വിഷയത്തിലും മറ്റും ജമാഅത്തെ ഇസ്ലാമി നേതൃപരമായി നല്ല പങ്ക് വഹിക്കാറുമുണ്ട്. ഇതില്‍ അരിശവും അസൂയയുമുള്ള ഹമിദിനെ പോലുള്ളവര്‍ മുസ്ലിം ലീഗുകാരുടെയും മറ്റു മുസ്ലിംകളുടെയും അകതാരില്‍ കടുത്ത ജമാഅത്ത് വിരോധം അങ്കുരിപ്പിക്കാന്‍ കെട്ടിച്ചമച്ച പെരുംനുണയാണ് മൗദൂദി ജിന്നയെ കാഫിറെ അഅ്‌സം എന്ന് വിളിച്ചുവെന്ന തികച്ചും അവിശ്വസനീയമായ അവാസ്തവ പ്രസ്താവന.

ഹമീദിന് ജമാഅത്തെ ഇസ്ലാമിയോടുള്ള അന്ധമായ കടുകടുത്ത വൈരം അറിയുന്നവര്‍ക്ക് ഇത്തരം കുപ്രചാരണത്തില്‍ അത്ഭുതമില്ല. ഇപ്പോള്‍ ഇങ്ങിനെയൊരു കുറിപ്പെഴുതുന്നതും ഹമീദ് അബദ്ധം തിരുത്തുമെന്ന മൂഢ ധാരണയുള്ളതുകൊണ്ടല്ല. മറിച്ച് ഇത്തരം അബദ്ധങ്ങള്‍ തിരുത്തപ്പെട്ടില്ലെങ്കില്‍ പിന്നീടിത്തരം ജല്‍പനങ്ങള്‍ ചിലരെങ്കിലും രേഖയായി ഉദ്ധരിക്കുകയും ചരിത്ര വസ്തുതയായി തെറ്റിദ്ധരിക്കുകയും ചെയ്യുന്ന അബദ്ധം ഒഴിവാക്കാനാണ്.

മൗദൂദിയും ജമാഅത്തെ ഇസ്ലാമിയും എതിര്‍ത്തതിനെയൊക്കെ ഏതെങ്കിലും വിധത്തില്‍ അനുകൂലിക്കുകയെന്ന മാറാ രോഗമുള്ളതിനാലായിരിക്കാം മൗലാന മൗദൂദി ന്യായ യുക്തമായും അതിശക്തമായും എതിര്‍ത്ത ഖാദിയാനിസത്തെയും ഖാദിയാനികളെയും തക്കം കിട്ടുമ്പോഴൊക്കെ വെള്ളപൂശാനും ന്യായീകരിക്കാനും വ്യഗ്രത പുലര്‍ത്തുന്നത്. ഖാദിയാനികള്‍ അമുസ്ലിംകളാണെന്ന് ലോക മുസ്ലിം പണ്ഡിത വേദി ഐക്യഖണ്ഡേന പ്രഖ്യാപിച്ചതാണ്. മുസ്‌ലിം ലീഗില്‍ നുഴഞ്ഞു കയറി പാകിസ്താനില്‍ ഖാദിയാനി സ്വാധീനം പലവിധേന പരമാവധി വര്‍ധിപ്പിക്കാനുള്ള കുതന്ത്രത്തെ എതിര്‍ത്തു തോല്‍പ്പിച്ചുവെന്നത് മൗദൂദി സാധിച്ച ഒരു മഹല്‍ കാര്യം തന്നെയാണ്. എന്നാല്‍ ഹമീദ് മേല്‍ പരാമര്‍ശിച്ച ലേഖനത്തില്‍ ഖാദിയാനികളെയും ശിയാക്കളെയും സമീകരിച്ചാണ് എഴുതിയിരിക്കുന്നത്. ശിയാക്കള്‍ ഖാദിയാനിസത്തെ ഒട്ടും അനുകൂലിക്കുന്നവരല്ല. മുസ്‌ലിം ലീഗില്‍ ഹരിജനങ്ങളും അതുപോലുള്ള പലരും രാഷ്ട്രീയ കാരണങ്ങളാല്‍ ഉണ്ടാകാം എന്നു വെച്ച് അവര്‍ മുസ്ലിംകളില്‍ പെട്ടവരാണെന്ന് ആരും കരുതാറില്ല.

ജൂണ്‍ 4ന്റെ സമകാലിക മലയാളത്തിലും ഹമീദ് ഖാദിയാനികള്‍ക്കു വേണ്ടി വല്ലാതെ വിലപിക്കുന്നുണ്ട്. ഇസ്ലാമിനും ഇസ്ലാമിക പ്രസ്ഥാനത്തിനും തുരങ്കം വെക്കുന്നവരെയെല്ലാം മഹത്വവല്‍കരിക്കാനും അവര്‍ക്കു വേണ്ടി വാദിക്കാനും ഹമീദ് എപ്പോഴും ഉത്സുകനാണ്.മൗദൂദിയോ ജമാഅത്തെ ഇസ്ലാമിയോ എതിര്‍ക്കുന്നതിനെ അദ്ദേഹം നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്നതും വിഷയം വേണ്ടും വിധം ഗ്രഹിച്ചിട്ടൊന്നുമല്ല. മറിച്ച് ജമാഅത്തെ ഇസ്ലാമിയോടുള്ള അന്ധമായ കടുത്ത വൈരമാണ് അദ്ദേഹത്തിന്റെ ഏക പ്രചോദനം. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയെയും ‘നിസ’ പ്രവര്‍ത്തകരെയും ഖാദിയാനികളുടെ കൂടെ ചേര്‍ത്തു പറയുന്നുണ്ട്. പിന്നീട് പറഞ്ഞ രണ്ട് കൂട്ടര്‍ ഖാദിയാനി പ്രവാചകനെ അംഗീകരിക്കുന്നവരോ ഖാദിയാനിസത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരോ ആണെന്ന പ്രതീതിയാണ് ഹമീദിന്റെ വാചകങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ചിലര്‍ക്കെങ്കിലും ഉണ്ടാവുക. കേരള മന്ത്രിസഭയിലെ ഏക മുസ്ലിം മന്ത്രി ” ജമാഅത്ത്-സിമി-ലീഗ്”പാതയിലൂടെ ഇടതുപക്ഷത്തേക്ക് നുഴഞ്ഞുകയറിയ വ്യക്തിയാണ് എന്ന പ്രസ്താവനയും നടത്തിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ വനിത വിഭാഗം പ്രതിനിധി മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ കോഴിക്കോട്ടെ കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നത് എന്തുകൊണ്ടോ ഹമീദ് അറിഞ്ഞിട്ടില്ല.

കമ്മ്യൂണിസ്റ്റാണെന്ന് മേനി നടിക്കുന്ന ഹമീദിന്റെ മുസ്ലിം വിരുദ്ധ നിലപാടുകളും ഇസ്ലാമിനോടുള്ള വിരോധവും കാരണം സംഘ്പരിവാര്‍ വിഭാഗം ഇദ്ദേഹത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസക്ഷിക്കണമെന്ന ജാഗ്രതയുള്ളവരാണ്. അങ്ങിനെ ഇസ്ലാം-മുസ്ലിം വിരുദ്ധ ദുശക്തികള്‍ക്ക് വേണ്ടി അനവരതം അത്യദ്ധ്വാനം ചെയ്യുന്ന ഈ ബുദ്ധി ജീവിയുടെ സാമാന്യ ബുദ്ധി എന്നോ കൈമോശം വന്നിട്ടുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിട്ടില്ല. അദ്ദേഹത്തെ കൊണ്ടു നടക്കുന്നവര്‍ക്ക് അദ്ദേഹം കഷ്ട നഷ്ടങ്ങളല്ലാതെ ഒന്നും നേടികൊടുക്കുന്നുമില്ല.

 

Related Articles