Current Date

Search
Close this search box.
Search
Close this search box.

യഹ്‍യ സിൻവാർ: ഇസ്‍റായേലിൻെറെ പേടിസ്വപ്‍നമായ ഹമാസിൻറെ പോരാളി 

ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തത് പ്രകാരം 2006 ജൂൺ 26 നാണ് കഥ ആരംഭിക്കുന്നത്. ക്ലോക്കിൽ സമയം 4:35 എന്ന് കാണിച്ചിരിക്കുന്നു. ഇസ്രായേലി പട്ടാളക്കാരനായ ഗിലാദ് ശാലീത്തിന് സ്വല്പം ക്ഷീണം അനുഭവപ്പെടുന്നുണ്ട്. യുദ്ധ ടാങ്കുകൾ എല്ലാം സുരക്ഷിതമാണ്. പക്ഷേ ഹമാസ് പോരാളികൾ നുഴഞ്ഞുകയറാനും ഇസ്രായേൽ സൈനികരെ തട്ടിക്കൊണ്ടുപോവാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ഇൻറേർണൽ ഇൻറലിജെൻസ് ഷിൻ ബെറ്റ് (shin Bet) ന്റെ വ്യക്തമായ നിർദ്ദേശങ്ങളുണ്ട്. ഗാലിത്ത് പക്ഷേ മുന്നറിയിപ്പുകൾ കാര്യമായി എടുത്തില്ല, ചെറിയ ഒരു മയക്കത്തിലേക്ക് വഴുതി വീണതായിരുന്നു. 

അതിനിടയിൽ അദ്ദേഹത്തിൻറെ യുദ്ധ ടാങ്ക് ഹമാസ് പോരാളികളുടെ മിസൈൽ ആക്രമണത്തിന് വിധേയമായി. ഭയചകിതനായി ഉറക്കമുണരുമ്പോൾ അദ്ദേഹത്തിൻറെ കയ്യിൽ ആയുധമോ തലയിൽ ഹെൽമെറ്റോ വെടിയുണ്ടകളിൽ നിന്നും സംരക്ഷിക്കുന്ന ജാക്കറ്റോ ഒന്നും ഉണ്ടായിരുന്നില്ല. ആക്രമണ സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ട തൻറെ രണ്ട് സഹപ്രവർത്തകർ ചെയ്തതു പോലെ ടാങ്കിൽ നിന്നും ഇറങ്ങാൻ അദ്ധേഹം കൂട്ടാക്കിയില്ല. ഹമാസ് പോരാളികൾക്ക് മുന്നിൽ സ്വയം കീഴടങ്ങുന്നതിനു മുമ്പായി അദ്ദേഹം തന്റെ ജീവൻ രക്ഷപ്പെടുത്താനുള്ള പ്രാർത്ഥനകളിൽ മുഴുകി.

തൻറെ രണ്ട് സഹപ്രവർത്തകരുടെ വിധി പക്ഷേ അദ്ദേഹത്തിന്റെ കാര്യത്തിൽ സംഭവിച്ചില്ല. അന്ന് ശാലിത്ത് ജീവനോടെ രക്ഷപ്പെട്ടെങ്കിലും ദീർഘകാലം ഹമാസ് പോരാളികളുടെ തടവിൽ പാർപ്പിക്കപ്പെട്ടു. ‘എല്ലാവരുടെയും മകനായ’ ഈ സൈനികനെ മോചിപ്പിക്കാൻ ഇസ്രായേലിനു ഒരുപാട് കാര്യങ്ങളിൽ വഴങ്ങിക്കൊടുക്കേണ്ടി വന്നു. വഫാഉൽ അഹ്റാർ എന്ന് ഹമാസ് പരിചയപ്പെടുത്തിയ ഈ വലിയ ഇടപാടിൽ 1027ഫലസ്തീൻ തടവുകാരെ ഇസ്രായേലിനു മോചിപ്പിക്കേണ്ടിവന്നു. ഫത്തഹ്, ഹമാസ്, അൽ ജിഹാദ് അൽ ഇസ്‍ലാമി തുടങ്ങിയ പ്രതിരോധ പ്രസ്ഥാനങ്ങളിലെ നിരവധി അംഗങ്ങൾ ഇതു വഴി മോചിപ്പിക്കപ്പെട്ടു. ഇങ്ങനെ മോചിതരായവരുടെ കൂട്ടത്തിൽ ഒരു പ്രമുഖ വ്യക്തിയെ ഇസ്രായേൽ തടവറകളിൽ നിന്നും ഹമാസിന് വിജയകരമായി മോചിപ്പിച്ചെടുക്കുവാൻ സാധിച്ചു. അദ്ദേഹത്തെ മോചിപ്പിച്ചതിന്റെ പേരിൽ പിൽക്കാലത്ത് ഇസ്രായേൽ ഭരണകൂടത്തിന് വളരെയധികം ഖേദിക്കേണ്ടി വന്നു. യഹ്‍യ ഇബ്രാഹിം അസ്സിൻവാർ ആയിരുന്നു ആ പ്രമുഖ തടവുപുള്ളി !

തടവു ശിക്ഷയും മോചനവും 

ഗസ്സയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന വളരെ പൗരാണികമായ നഗരമാണ് അൽ മജ്ദൽ അസ്ഖലാൻ .1948-ൽ അധിനിവേശ ശക്തികളുടെ അധീനതയിൽ വന്ന ഈ നഗരത്തിന് അവർ അശ്കലോൻ എന്ന് നാമകരണം ചെയ്തു. ഈ നഗരത്തിലാണ് സിൻവാറിന്റെ കുടുംബ വേരുകൾ .1962 ൽ ഖാൻ യൂനിസിലെ ഒരു അഭയാർത്ഥി ക്യാമ്പിലാണ് അദ്ദേഹം ജനിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ ജന്മദേശം അറിയപ്പെടാതെ പോയി. അഭയാർത്ഥി ക്യാമ്പിലെ മറ്റു കുട്ടികളെപ്പോലെ ദാരിദ്ര്യവും പരുക്കൻ ജീവിതവും സിൻവാറിന്റെ ബാല്യകാലത്തെ നന്നായി സ്വാധീനിച്ചു. കുഞ്ഞുനാളിലേ, അഭയാർത്ഥി ക്യാമ്പിലെ കുടുംബങ്ങളോട് അധിനിവേശ ശക്തികൾ ചെയ്യുന്ന ക്രൂരതകൾ അദ്ദേഹം നേരിൽ കാണാറുണ്ടായിരുന്നു.

ഗസ്സയിലെ ജാമിഅ ഇസ്ലാമിയയിലാണ് അദ്ദേഹം പഠനം നടത്തിയത് . അറബി ഭാഷയിൽ ബാച്ചിലർ ഡിഗ്രി കരസ്ഥമാക്കി. യൂണിവേഴ്സിറ്റി പഠനകാലത്ത് ഇസ്ലാമിക് ബ്ലോക്ക് എന്ന സംഘടനയുടെ നേതൃസ്ഥാനം അലങ്കരിച്ചു. മുസ്ലിം ബ്രദർ ഹുഡിന്റെ വിദ്യാർത്ഥി വിംഗായിരുന്നു ആ കാലത്ത് ഈ സംഘടന. ഈ കാലഘട്ടം അദ്ദേഹത്തിൻറെ ജീവിതത്തിലെ പ്രധാനപ്പെട്ട കാലയളവായിരുന്നു. പിൽക്കാലത്ത് വഹിച്ച വലിയ പദവികൾ കൈകാര്യം ചെയ്യുന്നതിന് ഈ കാലയളവ് അദ്ദേഹത്തെ ഏറെ സഹായിച്ചു. പ്രസ്ഥാനത്തിൻറെ ആദ്യകാല സ്ഥാപകരിൽ ഒരാളല്ല എങ്കിലും വർഷങ്ങളോളം പ്രസ്ഥാനത്തിൻറെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഗതി നിർണയിച്ച മുഖ്യ കേഡർമാരിൽ ഒരാളായി അദ്ദേഹം പിൽക്കാലത്ത് മാറി.

അധിനിവേശ ശക്തികളുടെ എല്ലാവിധ ഉപകരണങ്ങളും തകർത്തു തരിപ്പണമാക്കാതെ ഒരിക്കലും അവരെ പരാജയപ്പെടുത്താൻ സാധിക്കുകയില്ല എന്ന് അദ്ദേഹം ആദ്യം തിരിച്ചറിഞ്ഞു. ഇവയിൽ ആദ്യം നശിപ്പിക്കേണ്ടത് ഫലസ്തീൻ ഫാബ്രികിലേക്ക് തുളച്ചു കയറുന്ന ഇസ്രായേൽ ഏജന്റുമാരുടെ ‘വിഷം കലർന്ന കഠാര’യാണ്. ഹമാസ് പ്രതിരോധ സംഘടനയുടെ സുരക്ഷാവശം ശക്തിപ്പെടുത്തുന്നതിനാവശ്യമായ ചില ആശയങ്ങൾ സിൻവാർ ഹമാസ് സ്ഥാപകൻ ശൈഖ് അഹമ്മദ് യാസീന് മുന്നിൽ വെച്ചു. 

അവയിൽ ഏറ്റവും സുപ്രധാനമായത് ആഭ്യന്തര സുരക്ഷാ സംവിധാനം കൈകാര്യം ചെയ്യുന്ന ‘മജ്ദ് ‘ എന്ന പേരിൽ ഒരു സെക്യൂരിറ്റി വകുപ്പിന്റെ സംസ്ഥാപനമായിരുന്നു. ഇതോടു കൂടി സിൻവാറിന് സെക്യൂരിറ്റി കേഡർമാരുടെ ഒരു ട്രൂപ്പിന് നേതൃത്വം വഹിക്കുവാനും ഇസ്രായേൽ അധിനിവേശ ശക്തികൾക്ക് വേണ്ടി പണിയെടുക്കുന്ന ഏതാനും ചില ഏജന്റുമാരെ വെളിച്ചത്ത് കൊണ്ട് വരാനും കഴിഞ്ഞു. കാലക്രമേണ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ആദ്യത്തെ സ്ഥാപനമായി ‘മജ്ദ്’ മാറി. ഇസ്രായേലി ഏജന്റുമാരെ കുറിച്ചുള്ള അന്വേഷണം നടത്തുന്നതിലൂടെ ഇസ്രായേലി സെക്യൂരിറ്റി ഏജൻസികളെയും ഇന്റലിജൻസ് ഓഫീസർമാരെയും പിന്തുടർന്ന് കണ്ടുപിടിക്കാൻ ‘ മജ്ദ്’ ന് സാധ്യമായി.

സിൻവാറിന്റെ ആഭ്യന്തര സുരക്ഷ നീക്കങ്ങൾ ഒരിക്കലും അധിനിവേശ ശക്തികളുടെ കണ്ണിൽ പെടാതിരുന്നില്ല. 1982 ൽ, അഥവാ മജ്‌ദ് സ്ഥാപിക്കപ്പെടുന്നത് മുമ്പ് ഇസ്രായേൽ സേന അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടർന്ന് ഇസ്രായേലിനെതിരെ സുരക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളിയായി എന്നാരോപിച്ച് ആറുമാസത്തെ തടവിന് അദ്ദേഹത്തെ ശിക്ഷിച്ചു. അൽ മുജാഹിദൂനൽ ഫലസ്തീനിയ്യൂൻ എന്നറിയപ്പെട്ട പ്രസ്ഥാനത്തിന് വേണ്ടി സെക്യൂരിറ്റി ഡിവൈസുകളും സൈനിക ഉപകരണങ്ങളും നിർമിച്ചു എന്ന് ആരോപിച്ചുകൊണ്ട് 1988- ജനുവരി 20 ന് അദ്ദേഹത്തെ നാല് തവണ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും കൂടാതെ 30 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്യുമെന്ന വിധി വന്നു. ഇതായിരുന്നു ഏറ്റവും കഠിനം. തുടർന്ന് അദ്ദേഹം 23 വർഷം ഇസ്രായേലിൽ ജയിലിൽ തടവു ശിക്ഷ അനുഭവിക്കുകയും, 2011- ലെ തടവുകാരുടെ കൈമാറ്റ ഇടപാടിന്റെ ഭാഗമായി മോചിതനാവുകയും ചെയ്തു. ഈ ഇടപാട് ഷാലിത് ഡീൽ (shalit deal )എന്നാണ് പിന്നീട് അറിയപ്പെട്ടത്.

ശത്രുവിന്റെ സാമീപ്യത്തിൽ

തടവിലായിരുന്ന ദീർഘമായ വർഷങ്ങളിൽ സിൻവാർ ഇസ്രായേൽ സമൂഹത്തെ നന്നായി പിന്തുടർന്ന് മനസ്സിലാക്കുകയും മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഹിബ്രു ഭാഷയിലുള്ള വിവരങ്ങൾ നിരന്തരം വായിക്കുകയും ശേഖരിച്ചു വെക്കുകയും ചെയ്തു. ഇസ്രായേലിന്റെ ആഭ്യന്തര കാര്യങ്ങളെ സംബന്ധിച്ച ഹിബ്രു ഭാഷയിലുള്ള നിരവധി പഠനങ്ങൾ അദ്ദേഹത്തിന് വായിക്കാൻ കഴിഞ്ഞു. അധിനിവേശ ശക്തികളോടുള്ള അദ്ദേഹത്തിന്റെ ശൈലിയിലും പെരുമാറ്റങ്ങളിലും ഇത് നന്നായി പ്രതിഫലിച്ചു.

ജയിൽ മോചിതനായതിനുശേഷം 2012 ൽ ഹമാസിന്റെ ഒരു ആഭ്യന്തര തെരഞ്ഞെടുപ്പിൽ അദ്ധേഹം മത്സരിക്കുകയും ഹമാസിന്റെ പൊളിറ്റ് ബ്യൂറോ മെമ്പർ ആയി വിജയിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. കൂടാതെ ഇസ്സുദ്ധീൻ ഖസാം ബ്രിഗേഡിന്റെ സൈനിക വകുപ്പിന്റെ ഉത്തരവാദിത്വവും സിൻവാർ  ഏറ്റെടുത്തു.

 ശക്തമായ ഈ നീക്കങ്ങളുടെ ഫലമായി അമേരിക്ക അദ്ദേഹത്തെയും ഹമാസ് നേതൃത്വത്തിലുള്ള മറ്റു രണ്ട് പ്രമുഖ വ്യക്തികളെയും അന്താരാഷ്ട്ര ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദം ചെലുത്തി. ഹമാസിന്റെ അൽ ഖസാം ബ്രിഗേഡിന്റെ കമാൻഡർ ഇൻ ചീഫ് മുഹമ്മദ് ദൈഫ്, ഹമാസിന്റെ പോളിറ്റ് ബ്യൂറോ അംഗം റൂഹീ മുശ്തഹീ എന്നിവരാണ് ആ രണ്ടുപേർ. ഗസ്സ മുനമ്പിൽ ‘മോസ്റ്റ് വാണ്ടഡ്’ കുറ്റവാളികളുടെ ലിസ്റ്റിൽ ഇസ്രായേൽ ഉൾപെടുത്തിയിട്ടും ശക്തമായ നിയന്ത്രങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടും ഇസ്മായിൽ ഹനിയ്യയുടെ പിൻഗാമിയായി സിൻവാർ ഗസ്സയിലെ പൊളിറ്റിക്കൽ ബ്യൂറോ മെമ്പർ ആയി തെരഞ്ഞെടുക്കപ്പെട്ടു. അധിനിവിഷ്ഠ പ്രദേശത്തിനകത്തും പുറത്തും ഹമാസിന്റെ സാന്നിധ്യം നിലനിർത്തുന്നതിൽ ഇത് ഒരു വഴിത്തിരിവായി മാറി.

2017 ൽ ഗാർഡിയൻ പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ സിൻവാറിന്റെ നേതൃത്വത്തിലേക്കുള്ള വരവ് ഹമാസിനകത്തുള്ള രാഷ്ട്രീയ- സൈനിക വിഭാഗങ്ങൾക്കിടയിലുള്ള ആഭ്യന്തര മത്സരങ്ങളെ അവസാനിപ്പിക്കുമെന്നും ഗസ്സ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ഹമാസ് രാഷ്ട്രീയം പുനർ നിർവചിക്കപ്പെടുമെന്നും പറയുന്നു. സിൻവാറിന്റെ തെരഞ്ഞെടുപ്പ് ഗസ്സ മുനമ്പിന്റെ മുൻഗണനകളെ കുറിച്ചുള്ള വ്യക്തമായ സൂചന നൽകുന്നുണ്ട്. ഫലസ്തീൻ അതോറിറ്റിയുടെ സൗഹൃദ നയങ്ങൾക്ക് വിഭിന്നമായി ഗസ്സയെ രാഷ്ട്രീയ സൈനിക പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രമായി മാറ്റുന്നതിനാണ് അദ്ദേഹം മുൻഗണന കൊടുക്കുന്നത് എന്ന് ഒരു ബ്രിട്ടീഷ് പത്രം ഇതിനോട് കൂട്ടിച്ചേർക്കുന്നു. 

എന്നാൽ ഗാർഡിയൻ പത്രത്തിൻറെ വിലയിരുത്തലിന് വിരുദ്ധമായ അഭിപ്രായമാണ് റേഡിയോ ഫ്രാൻസ് ഇൻറർനാഷണൽ എന്ന വെബ്സൈറ്റ് പ്രകടിപ്പിക്കുന്നത്. ഫലസ്തീൻ അനുരഞ്ജന ഫയൽ വീണ്ടും സജീവമാക്കുക എന്ന ലക്ഷ്യത്തോടുകൂടി 2017 ഒക്ടോബറിൽ കെയ്റോയിൽ വെച്ച് നടന്ന ചർച്ചകളുടെ യഥാർത്ഥ ശില്പി സിൻവാർ ആയിരുന്നു എന്നും ഹമാസിനകത്തുള്ള സിൻവാറിന്റെ സ്വാധീനം ഹമാസിനെ രാഷ്ട്രീയ മേഖലകളിൽ മാത്രം ഒതുക്കാതെ മറ്റു പല മേഖലകളിലേക്കും വഴി നടത്താനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് നൽകുന്നുണ്ട് എന്നും പ്രസ്ഥാനത്തിന്റെ മുൻ നേതൃത്വം ഇത്തരം സാഹസങ്ങൾക്ക് മുതിരാറുണ്ടായിരുന്നില്ല എന്നും പറഞ്ഞു വെക്കുന്നു. ഇതേസമയം ഫതഹ് പാർട്ടിയോടുള്ള സിൻവാറിന്റെ സമീപനങ്ങളിൽ മാറ്റങ്ങളുടെ ഫലം കണ്ടുതുടങ്ങി. ചില ഫത്ഹ് നേതാക്കൾ സിൻവാറിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നു. തന്റെ ജനതയോടും പലസ്തീൻ പ്രശ്നത്തോടും സത്യസന്ധമായി ഇടപെടുന്ന ഒരു നിഷേധിയായ ‘മുജാഹിദായി’ (ധീരയോദ്ധാവ്) അദ്ദേഹത്തെ അവർ പരിഗണിച്ചു. ഖുദ്സിനു നേരെയുള്ള ഇസ്രായേൽ അതികമങ്ങളെ ശക്തമായി ചെറുത്തുനിൽക്കാൻ സാധിച്ചതിനു ശേഷം 2021 ൽ ഇസ്രായേലിനെതിരെയുള്ള യുദ്ധത്തിൽ ധീരമായി പിടിച്ചുനിൽക്കാൻ കഴിഞ്ഞതിൽ ഫതഹ് പാർട്ടി നേതാവ് റഅഫത്ത് അൽയാൻ അഭിമാനം പ്രകടിപ്പിച്ചു.

സിൻവാറിന്റെ ശക്തമായ നിലപാടുകൾ അദ്ദേഹത്തിൻറെ പ്രസംഗത്തിലൂടെ വ്യക്തമായി പ്രകടമാണ്. തൻറെ പ്രസംഗങ്ങളിൽ അധിനിവേശ ശക്തികളെ അദ്ദേഹം ശക്തമായി കടന്നാക്രമിച്ചു. മേഖലയിൽ ഇസ്രായേൽ നിയമലംഘനങ്ങൾ തുടരുകയും ഖുദ്സിനെതിരെ നടക്കുന്ന സയണിസ്റ്റ് അതിക്രമങ്ങൾക്ക് നേരെ അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുകയും ചെയ്താൽ മേഖലയിൽ വലിയൊരു ‘മതയുദ്ധം’ (حرب دينية) തന്നെ നടത്തുമെന്ന് അദ്ദേഹം താക്കീത് ചെയ്യുകയുണ്ടായി. സിൻവാറിന്റെ നിലപാടിന്റെ തീവ്രത ഇതുകൊണ്ടൊന്നും തീർന്നില്ല. ഖുദ്സിനെ യഹൂദവൽക്കരിക്കാനുള്ള പദ്ധതികളുമായി ഇസ്രായേൽ മുന്നോട്ടുവരുന്നത് തുടർന്നാൽ ഇസ്റായേൽ രാജ്യത്തിൻറെ നാശത്തിലണത് കലാശിക്കുക എന്ന അദ്ദേഹത്തിൻറെ മുന്നറിയിപ്പ് ശ്രദ്ധേയമായിരുന്നു.

ഇസ്രായേലിന്റെ പേടിസ്വപ്നം

ഇസ്രായേൽ ഭരണകൂടം സിൻവാറിനെ അപകടകാരിയായ ശത്രുവായിട്ടാണ് പരിഗണിക്കുന്നത് എന്ന കാര്യം രഹസ്യമല്ല. ആർക്കും വഴങ്ങി കൊടുക്കാത്ത പ്രകൃതമുള്ളവനായും ഹമാസിലെ ഫാൽക്കൻ വിംഗിന്റെ നേതാവായിട്ടുമാണ് അവർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് . മറ്റു നേതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ അധിനിവേശ സർക്കാർ അദ്ദേഹത്തിൽ ഒരു കണിശക്കാരനായ പോരാളിയെ കാണുന്നു. ഹെർസ്ലിയ സെന്ററുമായി അഫ്‌ലിയേറ്റ് ചെയ്തിരിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്രായേലി പോളിസി ആൻഡ് സ്ട്രാറ്റജി സിൻവാറിന്റെ വ്യക്തിത്വത്തെക്കുറിച്ച് ഒരു പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതിൽ അവസാനമായി പറയുന്നത് ഇനി ഇസ്രായേലുമായുള്ള ‘കളിയുടെ നിയമങ്ങൾ’ മാറുന്നു എന്നാണ്. പലപ്പോഴും യുക്തിരഹിതമാണെന്നോ യാഥാർത്ഥ്യത്തിൽ നിന്നും വളരെ അകലെയാണെന്നോ ഒക്കെ തോന്നിപ്പിക്കുന്ന അദ്ദേഹത്തിൻറെ ചില പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ ഒരിക്കലും അദ്ദേഹത്തിൻറെ പെരുമാറ്റം വായിച്ചെടുക്കുവാൻ സാധിക്കുകയില്ല എന്നും പഠനത്തിൽ പറയുന്നു. അദ്ദേഹം വളരെ ബോധപൂർവ്വം തന്നെ കാര്യങ്ങളിൽ ഇടപെടുന്നു.

അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മനസ്സിലാക്കിയ തത്വങ്ങൾക്കനുസൃതമായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. നേരിട്ടുള്ള ആക്രമണങ്ങളെ ന്യായീകരിക്കുന്ന സംഘർഷങ്ങൾ ഒന്നും ഗാസയിൽ ഉണ്ടാകാതിരിന്നിട്ടും ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ 1973 ഒക്ടോബറിലെ യുദ്ധത്തെയാണ് ഈ പഠനം ഇതിനു ഉദാഹരണമായി പറയുന്നത്. അന്ന് വളരെ അടുത്തായി തന്നെ ഒരു വലിയ യുദ്ധം ഉണ്ടാകാനിടയുണ്ടെന്ന് ഇസ്രായേലീ നിരീക്ഷകർ പറഞ്ഞിട്ടുണ്ടായിരുന്നു. നിരീക്ഷണം നടത്തിയത് പോലെ തന്നെ യുദ്ധം പൊട്ടി പുറപ്പെട്ടു. 1973 ഒക്ടോബറിനു മുൻപ് ഒരു മറ്റൊരു യുദ്ധവും ഇസ്റായേൽ നേരിട്ടിട്ടില്ല എന്ന് തോന്നിപ്പിക്കുമാറ് അന്നത്തെ യുദ്ധത്തിൻറെ ഭീകരത അധിനിവേശ ശക്തികളെ പ്രകമ്പനം കൊള്ളിച്ചു. 

ഒരിക്കൽ കൂടി ഇതേ ചരിത്രം ആവർത്തിക്കുകയാണിപ്പോൾ. അൽ അഖ്സയിലേക്കുള്ള ഇസ്രായേലി അതിക്രങ്ങൾ പരിധി ലംഘിച്ചപ്പോൾ ‘തൂഫാനുൽ അഖ്സ ‘ എന്ന പേരിൽ ഒരു ഓപ്പറേഷൻ നടത്താൻ ഹമാസും  അതിൻറെ നേതൃത്വവും തീരുമാനിക്കുകയായിരുന്നു. മുമ്പില്ലാത്ത വിധം ഫലസ്തീൻ പൗരന്മാർക്ക് ഇസ്രായേൽ അധിനിവേശ സെറ്റിൽമെന്റുകളിലേക്ക് നുഴഞ്ഞു കയറാനും 1200 ഓളം ഇസ്രായേലികളെ വധിക്കാനും സാധിച്ച ഇടപെടലായിരുന്നു ഇത്. അതുകൂടാതെ മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി 150 തടവുകാരെയും അവർ പിടികൂടുകയുണ്ടായി.

ഹമാസിന്റെ സമീപകാലത്തുണ്ടായ പോരാട്ടങ്ങളെ ചെറുത്തുനിൽക്കാൻ ഇസ്രായേൽ പാടുപെടുകയാണ്. ഗസ്സയിലെ സിവിലിയന്മാരെ നിരന്തരം ബോംബറിഞ്ഞ് കൊന്ന് ഒരു കരയാക്രമണത്തിനു തുടക്കം കുറിച്ചിരിക്കുകയാണിപ്പോൾ. ഹമാസ് നേതാക്കളെ, വിശിഷ്യാ യഹ്‍യ സിൻവാറിനെ ടാർജെറ്റ് ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞ് പറഞ്ഞ് കൊണ്ടേയിരിക്കുന്നുണ്ട്. അദ്ധേഹമാകട്ടെ കാലങ്ങളായി കേട്ടു ശീലിച്ചാതാണ് ഇത്തരം ഭീഷണികൾ.

ഇതിനെല്ലാം പുറമേ ഇതുവരെ ഹമാസ് തടവിലാക്കിയ ഡസൻ കണക്കിന് തടവുകാരെ വീണ്ടെടുക്കണമെങ്കിൽ ഇസ്രായേൽ ശ്രദ്ധാപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഒരു ഇസ്രായേലി തടവുകാരന് പകരമായി എല്ലാ തടവുകാരെയും വിട്ടയക്കണമെന്നാണ് സിൻവാറിൻറെ ആവശ്യം. ഇത്തരം ശാഠ്യങ്ങൾ അദ്ധേഹത്തിന്റെ പ്രക്രൃതത്തെ കുറിച്ചും, അദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള ഹമാസിൻറെ രീതിശാസ്ത്രത്തെയും കുറിച്ച് നമുക്ക് പറഞ്ഞു തരുന്നുണ്ട്. കൂടാതെ വരും കാലത്ത് ഹമാസിനെ നേരിടുക എന്ന വലിയ ദൗത്യത്തിൻറെ കഷ്ടപ്പാടുകളെ കുറിച്ച് അത് ഇസ്‍റായേലിനെ ബോധ്യപ്പെടുത്തി കൊണ്ടേയിരിക്കുന്നുണ്ട്. 

വിവ: ഇക്ബാൽ ഏലംകുളം

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles