Your Voice

സ്ത്രീ പുരോഗമന വാദത്തിന് ഊഞ്ഞാല്‍ കെട്ടുന്നവരോട്…

സ്ത്രീ പുരോഗമന വാദത്തതിനും ‘വ്യക്തി’ സ്വാതന്ത്ര്യത്തിനുമൊക്കെ വനിതാമതില്‍ കെട്ടുകയും, ഫ്‌ളാഷ്‌മോബുകളൊരുക്കുകയും പിന്നെയുമെന്തൊക്കെയോ ചെയ്യുന്നവര്‍ ഇതും കൂടെ ഒന്ന് കാണണം.. !!

കഴിഞ്ഞ ദിവസം, എനിക്കുണ്ടായ വസ്ത്രസ്വാതന്ത്ര്യവുമായി ബന്ധപെട്ട അനുഭവം ഞാന്‍ എഴുതിയത് കുറെയധികം ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ കൊട്ടിഘോഷിക്കപ്പെട്ടപ്പോള്‍ എനിക്ക് നേരെ ഉണ്ടായ വര്‍ഗീയ ആക്രമണങ്ങളില്‍ ചിലത് മാത്രമാണിത്. എന്താണ് പോസ്റ്റിന്റെ പൂര്‍ണ്ണരൂപമെന്നു പോലുമറിയാത്ത, ഹിജാബ് എന്നാല്‍ ശിരോവസ്ത്രമാണെന്നറിയാത്ത, കുറെയേറെ ലിബറല്‍, വര്‍ഗീയ, സംഘ് വാദികളുടെ പ്രതികരണങ്ങള്‍ എന്നില്‍ വലിയ അത്ഭുതമൊന്നും തന്നെ ഉണ്ടാക്കിയിട്ടില്ല. അത് മുസ്ലിം സ്ത്രീയുടെ തട്ടത്തിലേക്കുള്ള ചൂഴ്ന്നു നോട്ടങ്ങള്‍ എന്തുകൊണ്ടാണെന്ന വ്യക്തമായ ധാരണയുള്ളത് കൊണ്ടാണ്.
എന്തുകൊണ്ടാണ് ഇത്രയേറെ എന്റെ എഴുത്ത് ഓണ്‍ലൈന്‍ പോര്‍ട്ടലുകളെല്ലാം ചേര്‍ന്ന് ‘വൈറല്‍ ‘ ആക്കിയത് എന്നത് അതിനു ചുവട്ടിലെ കമന്റ് ബോക്‌സ് തുറന്നാല്‍ മനസ്സിലാവും.

ജസീന്ത എന്ന ഭരണാധികാരിയെകുറിച്ചും, ലോകത്തിന് മുഴുവന്‍ മാതൃകയായി മുസ്ലിം ന്യൂനപക്ഷങ്ങളോട് അവര്‍ കാണിച്ച ഐക്യദാര്‍ഢ്യവും, സ്‌നേഹവും കരുതലും എത്ര ഭംഗിയുള്ള ചിത്രമാണ് തരുന്നതെന്നും, എന്തുകൊണ്ടാണ് ന്യൂസലാന്‍ഡ് പ്രശംസ അര്‍ഹിക്കുന്നു എന്നും എഴുതി അവസാനിപ്പിച്ചത് ഇങ്ങനെയാണ്

:’ജീവിതത്തില്‍ ആദ്യമായി സമ്പാദിച്ച ജോലി തലയിലെ തട്ടത്തിന്റെ പേരില്‍ ഉപേക്ഷിക്കേണ്ടി വന്ന എനിക്ക് എങ്ങിനെ ആ ജനതയെ കുറിച്ച് സ്തുതിപാടാതിരിക്കാനാവും..? രാജ്യത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ ഭീകരാക്രമണമുണ്ടായാല്‍ തട്ടത്തിലേക്കും, താടിയിലേക്കും തൊപ്പിയിലേക്കുമൊക്കെ തുറിച്ചു നോക്കുന്ന, ഉറക്കെ ശബ്ദിച്ചാല്‍ രാജ്യദ്രോഹികളാക്കി വിചാരണപോലും ചെയ്യാതെ ഇരുമ്പഴിക്കുള്ളിലാക്കുന്ന സക്കറിയ്യമാരുള്ള, രാജ്യത്തെ ഉന്നതസര്‍വ്വകലാശാലകളില്‍ നിന്നുപോലും നജീബുമാരെ കാണാതാവുന്ന, അഹ്ലാക്കുമാരും ജുനൈദുമാരുമുള്ള ഇവിടെ നിന്നും ആ ജനതയെ നോക്കികാണുമ്പോള്‍ കണ്ണുനനയാതെ അവരെക്കുറിച്ചുള്ള ഒരു വരിപോലും എങ്ങിനെയാണ് ഞാന്‍ വായിച്ചുമുഴുവനാക്കുക..?
ഇനിയുമെനിക്കെങ്ങിനെയാണ് അവരെ കുറിച്ച് പറയാതിരിക്കാനാവുക..?”

ഇതിന്റെ പേരില്‍ എന്താണ് തട്ടം കാരണം ജോലി ഉപേക്ഷിച്ചതെന്ന് ചോദിച്ചു ഒരുപാട്‌പേര്‍ വന്നപ്പോള്‍ അതിനുള്ള മറുപടിയായിട്ടാണ് ഞാന്‍ എന്റെ അനുഭവം പറഞ്ഞത്. പിന്നെ കുരുപൊട്ടിക്കുന്നവരോട്, ഒരിക്കല്‍ കൂടെ ഞാനുറക്കെ പറയുന്നു ‘വസ്ത്രം ഉപേക്ഷിക്കാന്‍ നിങ്ങള്‍ പറയുന്ന അതേ സ്വാതന്ത്ര്യം തന്നെയാണ് എന്റെ വസ്ത്രം തിരഞ്ഞെടുക്കാന്‍ ഞാന്‍ ആവശ്യപെടുന്നുള്ളൂ.. !’

ആ ആശുപത്രിയെയോ അധികൃതരെയോ ഞാന്‍ വെല്ലുവിളിക്കുകയോ അപകീര്‍തിപെടുത്തുകയോ ചെയ്തിട്ടില്ല.അവരുടെ പേര് പോലും ഉപയോഗിക്കാതിരുന്നത് അങ്ങനെയൊരു ഉദ്ദേശമില്ലാത്തതുകൊണ്ടാണ്. തട്ടം ക്യാമ്പസ്സില്‍ അനുവദിക്കുന്നതല്ല എന്നത് അവരുടെ രാഷ്ട്രീയം. അതിനെ ഞാന്‍ മാനിക്കുന്നു.എന്നാല്‍ തട്ടമിടാതെ ജോലിക്ക് എത്താന്‍ കഴിയില്ല എന്ന് പറഞ്ഞത് പൂര്‍ണ്ണമായും എന്റെ തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യമാണ്. അതെന്റെ സ്വത്വമാണ്.

നിങ്ങള്‍ പറയുന്ന ‘ആറാം നൂറ്റാണ്ടിന്റെ പ്രാകൃത അറബ് വേഷത്തിന്റെ’ അടിമയായി അറിയാതെ വന്നു വീണതൊന്നുമല്ല ഞാന്‍, ഉത്തമ ബോധ്യത്തോടെ ഞാന്‍ തിരഞ്ഞെടുത്ത എന്റെ തിരഞ്ഞെടുപ്പിന്റെ പേരാണ് എന്റെ ഹിജാബ് (headscarf). അത് ഇന്ത്യ എന്ന മതേതര ബഹുസ്വര രാജ്യം എനിക്കനുവദിക്കുന്ന എന്റെ തിരഞ്ഞെടുപ്പിന്റെ, രാഷ്ട്രീയത്തിന്റെ സ്വാതന്ത്ര്യം കൂടെയാണ്. പിന്നെ, തീവ്രവാദിയെന്നും, വര്‍ഗീയവാദിയെന്നും, ഇസ്ലാമിക അടിമത്വത്തിന്റെ ഇരയെന്നും, പാക്കിസ്ഥാനിലേക്കും സിറിയയിലേക്കും പൊയ്ക്കൂടേ എന്നും, പുരുഷന്റെ കാമവെറിയുടെ അടിമയെന്നും, പുറത്ത് ജോലി കിട്ടാനുള്ള ന്യൂജനറേഷന്‍ കുപ്രസിദ്ധി തട്ടിപ്പെന്നുമൊക്കെ പറഞ്ഞു വിഷം ചീറ്റുന്നവരോട് ഒന്നേയുള്ളു പറയാന്‍..

‘എന്റെ സ്‌കില്ലിലും, എന്റെ പ്രൊഫഷനോടുള്ള കംപാഷനിലും എനിക്ക് നല്ല വിശ്വാസമുണ്ട്. ഐഡന്റിറ്റി നോക്കിയല്ല എനിക്ക് ജോലി ലഭിക്കേണ്ടതും ഉപേക്ഷിക്കപ്പെടേണ്ടതും, മറിച്ചു അതെന്റെ കഴിവിലും ഞാന്‍ പഠിച്ചു നേടിയ സര്‍ട്ടിഫിക്കറ്റും കൊണ്ടാണ്.
അതിനി ജോലി ചെയ്യണോ, വീട്ടിലിരിക്കണോ എന്നൊക്ക ഞാന്‍ തീരുമാനിച്ചോളാം. പിന്നെ ഇന്‍ബോക്‌സില്‍ ജോലി വാഗ്ദാനം ചെയ്തവരോടൊക്കെ അത്തരം സിംപതിയോടെ ലഭിക്കുന്ന, ശുപാര്‍ശജോലികള്‍ എനിക്ക് വേണ്ടെന്ന് ഞാന്‍ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

ഇനി അമിതമായി എന്നിക്ക് സ്തുതി പാടുന്നവരോടും, ഇതെന്റെ തിരഞ്ഞെടുപ്പാണ് അതിന് മുഖമൂടിധരിപ്പിക്കാനും എനിക്ക് സ്വര്‍ഗത്തിലേക്ക് ടിക്കറ്റ് എടുക്കാന്‍ വന്നവരോടും, ഒന്ന് പറയാം, എന്റെ വിശ്വാസമെന്റെ ഹൃദയത്തിലാണ്. പിന്നെ എന്റെ നിലപാടുകള്‍ പൂര്‍ണമായും എന്റേതാണ്. അതില്‍ ആരും അമിതമായി കൈകടത്തേണ്ടതില്ല. അപ്പൊ ശെരി ന്നാ… ഇനിയും വിഷവുമായി ഈ വഴി വരുന്നവരെ നേരിടാന്‍ ഇവിടെ നിയമമുണ്ടെന്നു ഓര്‍മിപ്പിക്കുന്നു. ന്നാ പിന്നെ ങ്ങള്‍ക്കെന്റെ ”നല്ല നമസ്‌കാരം ”

Facebook Comments
Related Articles
Show More
Close
Close